സ്വാമി സന്ദീപാനന്ദ ഗിരി എന്ന വ്യക്തിയെ തേജോവധം ചെയ്യലല്ല എന്റെ ഉദ്ദേശം. എന്നാൽ അദ്ദേഹത്തിന്റെ വിവരമില്ലായ്മയെക്കുറിച്ച് പറയാതിരിക്കാൻ സമീപ കാല സംഭവങ്ങൾ അനുവദിക്കുന്നുമില്ല.
ആത്മീയതയെ ശക്തമായ് എതിർത്ത, കടുത്ത ഭൗതിക വാദത്തിന്റെ ഒരു സമീപ ഭൂതകാലം നമുക്കുണ്ടായിരുന്നു - ഒരു ക്ഷേത്രം തകർന്നാൽ അത്രയും അന്ധവിശ്വാസം തകർന്നു എന്ന് പറഞ്ഞു നടന്നിരുന്ന ഒരു കാലഘട്ടം. വീണ്ടും ആത്മീയതയിലേക്കും സംസ്കാരത്തിലേക്കും മഹാത്മാക്കളുടെ പ്രവർത്തന ഫലമായി കേരള സമൂഹം തിരിച്ചു വന്നു. ഈ തിരിച്ചു വരവ് സനാതന ധർമത്തെയും, സംസ്കാരത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്ക് തിരിച്ചടിയായി. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ ആശ്രമങ്ങളെയും, ആചാര്യ സ്ഥാനങ്ങളേയും അപകീർത്തിപ്പെടുത്തുകയോ, നശിപ്പിക്കുകയോ ചെയ്യുക എന്നത് അവർ ലക്ഷ്യമാക്കി ഏറ്റെടുത്തു.
'ബടക്കാക്കി തനിക്കാക്കുക' എന്നത്തിന്റെ കേരളീയ പതിപ്പ് ശിവഗിരിയിൽ നാം കണ്ടു.ശിവ ഗിരിയിലെ ദൗർഭാഗ്യകരമായ സംഭവങ്ങളേക്കുറിച്ച് ഒരു പോലീസ് സുഹൃത്ത് പറഞ്ഞത് ലാത്തിച്ചാർജ്ജ് നടന്നപ്പോൾ ചില "സാമിമാർ" ഓടിയത് പടച്ചോനേ തല്ലല്ലേ എന്ന് പറഞ്ഞു കൊണ്ടായിരുന്നു എന്നാണു. കാഷായ വേഷത്തെ ഹിന്ദു വിരുദ്ധർ എപ്രകാരം ഉപയോഗിക്കുന്നു എന്നതിനുള്ള ഉത്തമോദാഹരണമായിരുന്നു ശിവഗിരി സംഭവം. സീതാപഹരണത്തിനു രാവണൻ സന്യാസ വേഷം ധരിച്ച കഥ പുരാണ പ്രസിദ്ധമാണല്ലോ.
സന്ദീപാനന്ദ ഗിരിക്ക് തന്റെ വാഗ്വിലാസം കൊണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ വലിയൊരു വിഭാഗം കാഴ്ചക്കാരെ തന്റെ പ്രസംഗ വേദികളിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ജോലിയിൽ നിന്ന് വിരമിച്ചു വെറുതെ വീട്ടിലിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് സന്ദീപിന്റെ ഗീതാ ജ്ഞാന യജ്ഞങ്ങൾ വലിയൊരു സാന്ത്വനമായിരുന്നു. എന്നാൽ സമൂഹത്തിലെ മറ്റുള്ളവരെ ആകർഷിക്കുന്നതിൽ സന്ദീപ് ദയനീയമായ് പരാജയപ്പെട്ടു. അത് കൊണ്ടാണ് സന്ദീപിന്റെ പരിപാടികൾ നഗരകേന്ദ്രീകൃതമായ് മാരിയതും.
സന്ദീപാനന്ദ ചട്ടുകമാവുന്നു.
ഹിന്ദുത്വം കേവലം ബുദ്ധാനന്തര "ബ്രാഹ്മണ മതത്തിന്റെ" സൃഷ്ടി മാത്രമാണെന്നും. ഹിന്ദുവിന്റെ ഇതിഹാസങ്ങൾ ചരിത്രാംശം തീണ്ടാത്ത കെട്ടുകഥകളും അവന്റെ വീരനായകൻമാർ സങ്കൽപ്പങ്ങളും മാത്രമാണെന്നും പ്രചരിപ്പിക്കുന്നത് വഴി വിവിധ ജാതികളിലും ഉപജാതികളിലും പെട്ട ഹിന്ദുക്കളെ തമ്മിൽ ഒന്നിപ്പിയ്ക്കുന്ന എല്ലാ ബിംബങ്ങളും തച്ചുടക്കുകയും ശിഥിലമാകുന്ന ഹിന്ദു സംസ്കൃതിയെ നശിപ്പിച്ച് താന്താങ്ങളുടെ വിശ്വാസ-പ്രത്യയ ശാസ്ത്രങ്ങളെ ഇവിടെ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ് ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ചില ഛിദ്ര ശക്തികൾ വലിയതോതിൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ഇത്തരം ഗൂഡ ശ്രമങ്ങളുടെ ഭാഗമാണ് സന്യാസ വേഷം ധരിച്ച ചിലരുടെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും.
മഹാഭാരതം കെട്ടുകഥ - അമൃതാനന്ദമയി ആൾദൈവം
മാഹാഭാരതം കെട്ടുകഥയാണെന്ന വാദം ഉയർത്തിക്കൊണ്ടാണ് സന്ദീപാനന്ദ ഹിന്ദു വിരുദ്ധരുടെ കയ്യടി വാങ്ങിയത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വാദങ്ങളും ലേഖനങ്ങളും വഴി സന്ദീപാനന്ദയുടെ സംസ്കൃത-ശാസ്ത്ര അജ്ഞാനത്തെക്കുറിച്ച് ലോകത്തിനു മനസ്സിലാക്കാൻ സാധിച്ചു. അയോദ്ധ്യ- എന്നാൽ യോദ്ധ്യമാല്ലാത്തത് അഥവാ എതിരിടാൻ ആവാത്തത് എന്നാണു എന്നാൽ സന്ദീപാനന്ദ അതിനു കൊടുത്ത വ്യാഖ്യാനം യുദ്ധം ഇല്ലാത്ത സ്ഥലം ആണ് എന്നാണു. മാത്രമല്ല "ഇപ്പോൾ അവിടെ നടക്കുന്നത് എന്താണെന്ന് നോക്കൂ" എന്നൊരു കമന്റും കൂടി. ഇതുവഴി സന്ദീപാനന്ദ തൃപ്തിപ്പെടുത്തുന്നത് ആരെയാണെന്ന് വ്യക്തമാണ്.
അതുപോലെ ഭാഗവതത്തിലെ ഒരു ശ്ളോകം സന്ദീപ് ഉദ്ധരിച്ച് മഹാഭാരതം കേട്ടുകഥയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു. ശ്ലോകം ഇതാണ്
"കഥാ ഇമാസ്‌തേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം
വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ!
വചോവിഭൂതീര്‍ന്ന തു പാരമാര്‍ഥ്യം"
അതിനു അർത്ഥമായി സന്ദീപാനന്ദ വിവരിച്ചത് "ഇതു കഥയാണ്. വിജ്ഞാനവൈരാഗ്യങ്ങള്‍ ലക്ഷ്യമാക്കി ഇതുപറയുന്നു." എന്നാൽ ഈ വരികൾ കുറെ രാജാക്കന്മാരുടെ കഥ ഉപദേശിച്ച ശേഷം ഭൂമിദേവി പറഞ്ഞ വാക്കുകളാണ്. ഈ കഥകൾ ഒക്കെ വിജ്ഞാന വൈരാഗ്യങ്ങൾ ഉണ്ടാവാൻ പറഞ്ഞുവന്നു എന്നല്ലാതെ ഈ കഥകൾ പാരമാർത്ഥികമായ് എടുക്കെണ്ടതല്ല എന്നർത്ഥം വരുന്ന വാക്കുകളാണ് സന്ദീപാനന്ദ വികലമായ് വ്യാഖ്യാനിച്ചത്. ഒന്നുകില്ലെങ്കിൽ പ്രാഥമിക സംസ്കൃത-പുരാണ ജ്ഞാനം പോലും സന്ദീപാനന്ദക്കില്ല അല്ലെങ്കിൽ അദ്ദേഹം അറിഞ്ഞുകൊണ്ട് ആർക്കൊക്കയോ വേണ്ടി വേണ്ടി കുഴലൂത്ത് നടത്തുകയാണ്.
ഹിന്ദു സംഘടനകൾ, ക്ഷേത്രങ്ങൾ മുതലായവയെ ഒക്കെ തള്ളിപ്പറഞ്ഞ സന്ദീപാനന്ദ പിന്നീട് വിമർശിക്കാൻ തുടങ്ങിയത് മാതാ അമൃതാനന്ദമയിയെ ആയിരുന്നു. ജമാഅത്ത ഇസ്ലാമിയുടെ മാധ്യമവും, കമ്മൂണിസ്റ്റ് പാർട്ടിയുടെ കൈരളിയും സന്ദീപാനന്ദക്ക് വേദികൾ കൊടുത്തു. കഴിഞ്ഞ ദിവസം കൈരളി ഇദ്ദേഹത്തിൻറെ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. ആ അഭിമുഖത്തിലെ പ്രധാന വിഷയം വിശ്വാസ നഷ്ടം സംഭവിച്ച അമ്മയുടെ ഭക്തർക്ക് എങ്ങനെ ആശ്വാസം നല്കാം എന്നതായിരുന്നു. ഗെയിൽ വിഷയം മലയാള മാദ്ധ്യമങ്ങളിൽ വാർത്തയായത് കോഴിക്കോട് അമ്മയുടെ ദർശനപരിപാടികൾ തുടങ്ങുന്ന ദിവസമായിരുന്നു. തുടർന്നങ്ങൊട്ട് 2 ദിവസവും അഭൂതപൂർവമായ ഭക്തജനതിരക്കാണ് അവിടെ ഉണ്ടായത്. കോഴിക്കോടിനു ശേഷം മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം പാലക്കാട്, തിരുവനന്തപുരം മുതലായ സ്ഥലങ്ങളിൽ ദർശനപരിപാടികൾ നടത്തിയതിനു ശേഷം അമ്മ വള്ളിക്കാവിൽ തിരിച്ചെത്തി. ഇവിടെയൊന്നും ഈ സംഭവങ്ങളൊന്നും ഭക്തരെ ഒട്ടും ചഞ്ചലചിത്തരാക്കിയില്ല മറിച്ച്, ഒരുവന്റെ മഹത്വം മനസ്സിലാക്കാൻ അവനെ എതിർക്കുന്നവൻറെ പശ്ചാത്തലം നോക്കിയാൽ മതി എന്ന് പറഞ്ഞത് പോലെ അമ്മയും അമ്മയുടെ പ്രസ്ഥാനത്തോടും സനാതനധർമ വിരോധികൾ വച്ചു പുലർത്തുന്ന വിരോദ്ധത്തിന്റെ തോതളക്കാനുള്ള അവസരമായി അത് മാറി. എന്നാൽ അഭിമുഖത്തിലൂടെ അമ്മയുടെ ഭക്തരിൽ വലിയൊരു വിശ്വാസ നഷ്ടം സംഭവിച്ചു എന്ന തോന്നലുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു സന്ദീപാനന്ദയും കൈരളിയും.
സമ്പ്രദായ നഷ്ടം?
സന്ദീപാനന്ദ അമൃതാനന്ദമയി മഠത്തിനെതിരെ നടത്തുന്ന എറ്റവും പ്രധാന ആരോപണം സമ്പ്രദായങ്ങളെ ഉപേക്ഷിച്ച് സമാന്തരമായ രീതികൾ സൃഷ്ടിച്ച് ഹിന്ദു മതത്തിനെ തകർക്കുന്നു എന്നാണു.
ബ്രഹ്മസ്ഥാന ക്ഷേത്രങ്ങൾ സാമ്പ്രദായിക ക്ഷേത്രങ്ങൾക്ക് ഭീഷണിയാണ് എന്നാണു സന്ദീപാനന്ദ പറയുന്നത്. സനാതനമായ മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് നവീനമായ രീതികളെ സ്വീകരിച്ചു കൊണ്ട് വികസിക്കുന്ന ഈ സംസ്കൃതിയെക്കുറിച്ചുള്ള സാമാന്യ ബോധത്തിന്റെ കുറവാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ.
മറ്റൊരാരോപണം അമ്മയുടെ ആശ്രമത്തിൽ എല്ലാ ബ്രഹ്മചാരി സന്യാസി മാരുടെ പേരിലും അമൃത എന്നാ വാക്കുണ്ട് എന്നാണ്,ബാലിശമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ സംപൂജ്യ സ്വാമി സന്ദീപാനന്ദ ഗിരിക്ക് മാത്രമേ കഴിയൂ എന്ന് ഒർമിപ്പികട്ടെ. ഗുരു സന്നിധിയിൽ സേവയും, ഉപദേശ ശ്രവണവും ഒന്നും ചെയ്യാതെ സന്യാസ ദീക്ഷ വാങ്ങി നേരെ "ലോകസംഗ്രഹത്തിന്" ഇറങ്ങിപ്പുറപ്പെട്ട സന്ദീപാനന്ദ തന്നെ സമ്പ്രദായങ്ങളേയും പറ്റി പ്രസംഗിക്കുന്നത് കാണുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്. കാഷായ വസ്ത്രത്തിന്റെ നിറവും, രൂപവും പോലും പുതിയ മോഡൽ വേണമെന്ന് ശഠിക്കുന്ന ഉദര നിമിത്ത സന്യാസത്തിട്നെ വക്താവാണ് അമൃതാനന്ദമയി മഠത്തിന്റെ സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്നത് എന്ന് കാണുമ്പോൾ മഹാഭാരതത്തിലെ മാസാഹസം* എന്ന പക്ഷിയുടെ വിഖ്യാതമായ ഉദാഹരണമാണ് ഓർമ വരുന്നത്. ആർക്കാണ് സമ്പ്രദായ ലോപം സംഭവിച്ചിരിക്കുന്നത് എന്ന് ഒന്നിരുത്തി ചിന്തിച്ചാൽ മനസ്സിലാകും. മഹാഭാരതവും, ഭാഗവതവും ഒന്നും ഒരിക്കൽ പോലും പൂർണമായി വായിച്ചു നോക്കിയിട്ടില്ലെങ്കിലും ഗെയിൽ ട്രെഡ്വെല്ലിന്റെ പുസ്തകം വായിക്കാൻ സ്വാമി സമയം കണ്ടെത്തി എന്നത് സ്തുത്യർഹമാണ്. മഹാഭാരതം നടന്നിട്ടില്ല എന്ന് വാദിക്കുന്ന അങ്ങേക്ക് ഗെയിൽ ട്രെഡ്വെല്ലിന്റെ തെളിവില്ലാ കഥകൾ മുഴുവൻ നടന്നത് തന്നെ എന്ന് പറയുന്നത് എന്തായാലും പ്രതീക്ഷാവഹമാണ്.
"ഞാനും അനന്തന്റെ വംശത്തിൽ പെട്ടതാണ്" എന്നഹങ്കരിക്കുന്ന പുളവനെപ്പോലെ സ്വാമി വിവേകാനന്ദൻറെയും, ചിന്മയാനന്ദ സ്വാമികളുടെയും ഒക്കെ പേരുകൾ ഇടക്കിടക്ക് എടുത്തുദ്ധരിക്കാനും സന്ദീപാനന്ദ മറക്കുന്നില്ല. പറയുന്ന ഓരോ വാചകവും വിഡ്ഢിത്തം ആയിരിക്കണം എന്ന നിർബന്ധബുദ്ധി സന്ദീപാനന്ദക്കുണ്ടോ എന്നറിയില്ല അമൃതാനന്ദമയി മഠം ഭാരതീയ ആത്മീയതയ്ക്ക് എന്ത് സംഭാവനയാണ് നല്കിയതെന്ന ചോദ്യമാണ് പിന്നീട് സന്ദീപ് ഉയർത്തുന്നത്. എടുത്തെടുത്ത് പറയാൻ മുതിരുന്നില്ല ജീവകാരുണ്യ, ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ അമൃതാനന്ദമയി മഠം ചെയ്ത സേവനങ്ങൾ നിസ്തുലങ്ങൾ ആണെന്നും മഠത്തിനെതിരെയുള്ള കുപ്രചരണങ്ങൾ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ചിന്മയാമിഷന്‍ സംസ്ഥാനാ ധിപതി സ്വാമി വിവിക്താനന്ദ, ശിവഗിരിമഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ, മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി എന്നിവര്‍ സംയുക്തമായ് ആവശ്യപ്പെട്ട സംഭവം തന്നെ സന്ദീപാനന്ദയുടെ ഈ സംശയം ദുരീകരിക്കുന്നതാണ്. ഇനി മേൽ പറഞ്ഞ മഠങ്ങൾ പ്രചരിപ്പിക്കുന്നതല്ല ആത്മീയത, മറിച്ച് സ്റ്റാർ ഹോട്ടലുകളിലെ താമസവും, കാശ് വാങ്ങി ആള്ക്കാരെ ടൂറു കൊണ്ടുപോകലും, കാശ് കൊടുത്തു സ്വന്തം പ്രഭാഷണം ചാനലുകളിൽ കാണിക്കലും ഒക്കെയാണ് ആത്മീയത എന്ന് സന്ദീപാനന്ദ കരുതുന്നുവെങ്കിൽ ആ ആത്മീയത അങ്ങയുടെ കയ്യിൽ തന്നെയിരിക്കട്ടെ എന്ന് വിനീതമായി ഒർമിപിക്കുന്നു.
ഹരി ഓം