ആര്യഭട്ടനും, നാഗാർജ്ജുനനും, ബ്രഹ്മഗുപ്തനുമൊക്കെ ഉൾക്കൊള്ളുന്ന അഭിമാനാർഹമായ ഒരു ശാസ്ത്രപാരമ്പര്യം ഭാരതത്തിനുണ്ട്. ഗണകചക്രചൂഢാമണിയും, ആര്യഭടീയവും, ഗോളസാരവും, ലീലാവതിയും, രസരത്നാകരവുമടക്കമുള്ള ഗ്രന്ഥരാശികൾ ആ ശാസ്ത്രപാരമ്പര്യത്തിൻറെ ഗരിമ വിളിച്ചോതി നിലകൊള്ളുന്നു. ശാസ്ത്രീയമായ യുക്തിചിന്തയേയും, പരീക്ഷണ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ഈ സംസ്കൃതിയിൽ സഹജമായിരുന്നു അതുകൊണ്ട് തന്നെയാണ് ശാസ്ത്രമേഖലയിൽ
ഇത്തരം വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ അധിനിവേശ പൂർവ-ഭാരതത്തിനു സാധിച്ചതും.
മധ്യകാല ചരിത്രം പരിശോധിച്ചാൽ ലോകത്തിലെ മിക്കവാറും പ്രദേശങ്ങളിൽ യുക്തിവിചാരവും ഗവേഷണ ബുദ്ധിയുമൊക്കെ മതവിരുദ്ധമായാണ് പരിഗണിയ്ക്കപ്പെട്ടിരുന്നത്. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളത്രയും ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കെണ്ടിയിരുന്ന 'വിശുദ്ധ സത്യ'ങ്ങളായി അവിടങ്ങളിലൊക്കെ ഗണിയ്ക്കപ്പെട്ടിരുന്നു. അവയെ ചോദ്യം ചെയ്യുകയോ, യുക്തിവിചാരത്തിനു വിധേയമാക്കുകയോ ചെയ്യുന്നവർ ക്രൂരമായ മതവിചാരണകൾക്ക് ഇരയാക്കപ്പെട്ടിരുന്നു.
എന്നാൽ ഭാരതത്തിലെ ആർഷസംസ്കൃതിയാവട്ടെ അതിൻറെ മഹിതമായ തത്വചിന്തയെപ്പോലും വിമർശനാത്മകമായി പഠിയ്ക്കുവാൻ, സംവാദങ്ങളിലൂടെ മനസ്സിലാക്കുവാൻ, സ്വാംശീകരിച്ച് അവരവരുടെ യുക്തിക്കനുസരിച്ച് അവതരിപ്പിക്കുവാൻ പ്രോത്സാഹിപ്പിച്ചു. ആശയങ്ങൾ അവ എത്രയധികം ഉന്നതമാണ് എങ്കിലും യുക്തിവിചാരത്തിനും, സംവാദത്തിനും അതീതമാണ് എന്ന് നമ്മുടെ പൂർവസൂരികൾ കരുതിയില്ല. ഈ നാട് തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് കൈമാറിയ മനോഹരമായ ഒരു സുഭാഷിതമുണ്ട്.
"യുക്തി യുക്തം ഉപാദേയം വചനം ബാലകാദപി
അന്യത് തൃണമിവ ത്യാജ്യം അപ്യുക്തം പത്മജന്മനാ"
അന്യത് തൃണമിവ ത്യാജ്യം അപ്യുക്തം പത്മജന്മനാ"
യുക്തിയുക്തമായ വാക്കുകൾ ഒരു കൊച്ചു കുഞ്ഞുപറഞ്ഞാൽ പോലും സ്വീകരിക്കണം, എന്നാൽ യുക്തിഹീനമായവ സാക്ഷാൽ ബ്രഹ്മാവ് പറഞ്ഞതെങ്കിലും സ്വീകരിക്കരുത്. ഭാരതത്തിൻറെ ശാസ്ത്രീയ വീക്ഷണം മനസ്സിലാക്കാൻ ഈ സുഭാഷിതം തന്നെ ധാരാളമാണ്. ധീരമായ ഈ നിലപാട് നമ്മുടെ സാംസ്കാരിക മനസ്സിനെ ശക്തമായി സ്വാധീനിച്ചതു കൊണ്ടാണ് പൌരാണിക കഥകളിലെ ചമത്കാരങ്ങളെ ആസ്വദിയ്ക്കുന്നതോടൊപ്പം ശാസ്ത്രീയ ചിന്തയെ അംഗീകരിക്കുവാനും നമുക്ക് സാധിച്ചത്. സർപ്പം സൂര്യനെ വിഴുങ്ങുന്നതല്ല മറിച്ച് ചന്ദ്രബിംബത്താൽ നമ്മുടെ ദൃഷ്ടി മറയ്ക്കപ്പെടുന്നതാണ് സൂര്യഗ്രഹണത്തിനു നിദാനം എന്ന ആര്യഭട്ടൻറെ സിദ്ധാന്തം മതവിരോധമായോ, ദൈവനിന്ദയായോ ഭാരതീയ മനസ്സിന് തോന്നാഞ്ഞതും അതുകൊണ്ട് തന്നെയാണ്.
മധ്യകാലയൂറോപ്പിൽ മതംശക്തിയാർജ്ജിച്ചപ്പോൾ യുക്തിചിന്തയും,ശാസ്ത്രവും എറ്റവും വലിയ വെല്ലുവിളി നേരിടുകയും, യുറോപ്പ് ഇരുണ്ടയുഗത്തിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തത് ചരിത്ര വസ്തുതയാണ്. എന്നാൽ ഭാരതത്തിലാകട്ടെ ആദ്ധ്യാത്മികതയും, ശാസ്ത്രവും എന്നും പരസ്പര പൂരകങ്ങളായാണ് വർത്തിച്ചത്. വേദാംഗം എന്നാ നിലയിലാണ് ജ്യോതിശാസ്ത്രം ഭാരതത്തിൽ വളർന്നത്. യാഗശാലകളുടെ നിർമ്മിതികളുമായി ബന്ധപ്പെട്ടു ഗണിതശാസ്ത്രവും, വിശേഷിച്ച് ജാമിതിയും, ആയുർവേദത്തൊടോപ്പം ശരീരശാസ്ത്രവും, രസതന്ത്രവും, വാസ്തുവിദ്യയോടൊപ്പം ധാതുക്രിയയും, പദാര്‍ത്ഥതവിജ്ഞാനവുമൊക്കെ ഇവിടെ പരിപോഷിപ്പിക്കപ്പെട്ടു. ആത്മീയനിരാസം നടത്തുന്ന യുക്തി ചിന്തയ്ക്കും, യുക്തിചിന്തയെ നിരാകരിക്കുന്ന മതവാദവും ഭാരതത്തിൻറെ രീതിയായിരുന്നില്ല.
ശാസ്ത്രം സമ്മാനിച്ച അറിവുകളിൽ പലതും ഒരുപക്ഷെ മനുഷ്യ സമൂഹത്തെ തന്നെ ഭസ്മീകരിക്കുമോ എന്ന് ഭയപ്പെടുന്ന ആധുനിക മനുഷ്യൻ തിരിഞ്ഞുനോക്കേണ്ടത് ഭാരതത്തിൻറെ പാരമ്പര്യത്തിലേയ്ക്കാണ്. ആദ്ധ്യാത്മികത മുന്നോട്ടു വയ്ക്കുന്ന ജീവിത വീക്ഷണവും, ശാസ്ത്രത്തിൻറെ അറിവുകളും സമന്വയിപ്പിച്ച ഈ നാടിൻറെ നിപുണതയെ തന്നെയാണ് നാം തിരിച്ചറിയേണ്ടതും തിരികെപ്പിടിക്കെണ്ടതും.
വന്ദേ മാതരം.
2016 ഫെബ്രുവരിയിൽ, മാതൃവാണി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം
2016 ഫെബ്രുവരിയിൽ, മാതൃവാണി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം