Tuesday, April 5, 2016

ചേർത്തു നിർത്തുന്ന ദേശസ്നേഹം


ദേശസ്നേഹവും ദേശീയബോധവുമൊക്കെ ആവശ്യമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ഒരു ഭൂപ്രദേശത്തോട്, ഒരു ഭരണസംവിധാനത്തോട്, ഒരു താമസസ്ഥലത്തോട്, എന്തിനാണ് അത്തരമൊരു വികാരത്തിൻറെ ആവശ്യം എന്ന് ചിലരെങ്കിലും സംശയിക്കുന്നു. ഉത്തരം ലളിതമാണ് രാഷ്ട്രം കേവലമൊരു ഭൂപ്രദേശമോ, ഭരണ സംവിധാനമോ, താമസസ്ഥലമോ അല്ല. തന്നിൽ ജീവിക്കുന്ന ഓരോരുവനെയും രാഷ്ട്രം പ്രതിനിധാനം ചെയ്യുന്നു. അവളിൽ പിറന്നു വീണ് ആ മടിത്തട്ടിൽ ജീവിച്ച്  ഒടുവിൽ അതേ മണ്ണിലലിഞ്ഞു ചേർന്ന തലമുറകളുടെ, അവർ നെഞ്ചോട്‌ ചേർത്ത സ്വപ്നങ്ങളുടെ, അനുഭവിച്ച ത്യാഗങ്ങളുടെ പ്രകടരൂപമാണ് രാഷ്ട്രം. തന്നിൽ ഉയിർകൊള്ളുകയും ഉടലാർന്നു വികസിക്കുകയും ചെയ്ത സാംസ്കാരികത്തനിമകളുടെയൊ
ക്കെ പ്രതിരൂപമാണ് രാഷ്ട്രം.

ജനങ്ങൾക്ക്‌ വേണ്ടിയുള്ള ഒരു സംവിധാനം, സ്ഥാപനം എന്നതിലോക്കെയുപരി ആ ജനങ്ങളുടെ മുഴുവൻ  സമഷ്ടിവ്യക്തിത്വമാണ് രാഷ്ട്രം. അതുകൊണ്ട് തന്നെയാണ് സ്വന്തം ജീവനേക്കാളും ആ രാഷ്ട്രവ്യക്തിത്വത്തിൻറെ അഭിമാനത്തിനു പ്രാധാന്യം കൊടുക്കാൻ പൗരന്മാർക്ക് സാധിയ്ക്കുന്നത്. സ്വരാഷ്ട്രത്തോടുള്ള സ്നേഹം മറ്റുള്ള രാജ്യങ്ങൾ നശിക്കണം എന്ന സങ്കുചിതത്വം അല്ല. മറിച്ച് തന്നോടൊപ്പം തൻറെ സഹജീവികളും ഉയരുകയും വളരുകയും വേണം എന്ന വിശാലതയാണ്, കരുതലാണ് രാഷ്ട്ര സ്നേഹത്തിൻറെ ആധാരം. ഉന്നതമായ ജീവിതസാഹചര്യങ്ങളെ കൈവെടിഞ്ഞ്  സ്വാതന്ത്ര്യ സമരാഗ്നിയിൽ സ്വയം ആഹുതി ചെയ്യാൻ നിരവധി മഹാന്മാരെ പ്രേരിപ്പിച്ചത് ഈ രാഷ്ട്ര സ്നേഹമാണ്. രാഷ്ട്രത്തിൻറെ സുരക്ഷിതത്വത്തിൽ നാം സ്വസ്ഥമായി ഉറങ്ങുമ്പോൾ സ്വന്തം ജീവനും ജീവിതവും മറന്നുകൊണ്ട്, കൊടുംകാടുകളിലും, മഞ്ഞുമലകളിലും, ആഴക്കടലുകളിലും ഇമചിമ്മാതെ കാവൽ നിൽക്കാൻ നമ്മുടെ സൈനീകരെ സജ്ജമാക്കുന്നതും ഇതേ രാഷ്ട്രസ്നേഹത്തിൻറെ ശക്തിയാണ്. പൗരൻമാരുടെ ഹൃദയത്തിലെ ആ ദേശീയ ബോധത്തിലാണ് രാഷ്ട്രം തൻറെ പരമാധികാരത്തെയും, സ്വാതന്ത്ര്യത്തെയും പ്രതിഷ്ടിച്ചിരിക്കുന്നത്.

രാഷ്ട്രത്തോടും അതിലെ ജനങ്ങളോടുമുള്ള കർത്തവ്യത്തെക്കുറിച്ചുള്ള അവബോധം ദേശീയ വീക്ഷണത്തിൽ അന്തർലീനമായിരിയ്ക്കുന്നു. ആ ദേശീയവീക്ഷണമാണ് ഒരു വ്യക്തിയെ പൗരൻ എന്ന തലത്തിലേയ്ക്ക് ഉയർത്തുന്നത്. രാഷ്ട്രത്തെ ഭരിയ്ക്കുന്നവരേപ്പോലെ തന്നെ രാഷ്ട്രത്തെ പുരോഗതിയിൽ ക്രിയാത്മകമായ പങ്ക് വഹിയ്ക്കേണ്ട ഉത്തരവാദിത്വം കർത്തവ്യബോധമുള്ള ഓരോ പൗരനുമുണ്ട്. പൗരന്മാരുടെ അഭാവത്തിൽ രാഷ്ട്രം കേവലം കുറേ ജനക്കൂട്ടങ്ങൾ മാത്രമായി അധപ്പതിയ്ക്കും. അതുകൊണ്ട് തന്നെ ദേശീയ വീക്ഷണത്തിൻറെ പകർന്നു കൊടുക്കലും അതുവഴിയുള്ള പൗരസൃഷ്ടിയും ഒരു രാഷ്ട്രത്തിൻറെ അസ്തിത്വത്തിനെ സംബന്ധിച്ചു തന്നെ അനിവാര്യമാണ്.

ദേശീയചിഹ്നങ്ങളെ ആദരിയ്ക്കുന്നത് മുതൽ പോതുനിരത്ത് വൃത്തിയായി സൂക്ഷിയ്ക്കുന്നത് വരെ സകലതും രാഷ്ട്രസേവനം തന്നെയെന്ന ബോധ്യത്തിലേയ്ക്ക് ദേശസ്നേഹം കൈപിടിച്ചു നടത്തുന്നു. ഐക്യത്തിൻറെയും സാഹോദര്യത്തിന്റെയും അദൃശ്യമായ ഒരു കണ്ണിയായി ദേശസ്നേഹം നമ്മെ ചേർത്തു നിർത്തുന്നു. ഒന്നിച്ചു നടക്കാനും, ഒന്നിച്ചു മുന്നേറാനും ദേശസ്നേഹം നമ്മെ പ്രേചോദിപ്പിക്കുന്നു. 

വന്ദേമാതരം.
മാതൃവാണി, 2016 ഏപ്രിൽ ലക്കം പ്രസിദ്ധീകരിച്ചത്