മറ്റൊരു ഓണകാലത്തെ വരവേൽക്കാൻ നാം തയാറാവുകയാണ്. പ്രജാക്ഷേമതത്പരനും, അതുലിത ബലശാലിയുമായ മഹാബലിയുമായി ബന്ധപ്പെട്ടതാണല്ലോ ഓണത്തിൻറെ പുരാവൃത്തം. കള്ളവും ചതിയുമില്ലാത്ത മനുഷ്യരെയെല്ലാം ഒരുപോലെ കാണുന്ന 'മാവേലിനാട്' മലയാളിയുടെ മനസ്സിൽ ഓണനിലാവ് പൊഴിച്ച് നിലകൊള്ളുന്നു. എള്ളോളം പൊളിവചനങ്ങൾ തീണ്ടാത്ത; കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മഹാബലിയുടെ ഭരണത്തിനു യുഗങ്ങൾ മൂന്ന് പഴക്കമുണ്ട്. കൃതയുഗത്തിലായിരുന്നു മഹാബലിയുടെ ഭരണം. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടായിരുന്നു മഹാബലിപിറന്നത്. അസുര ചക്രവർത്തിയായിരുന്ന മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി ചെല്ലുകയും, ഇന്ദ്രാദി ദേവന്മാർ ദേവലോകം നഷ്ടപ്പെട്ട് മഹാബലിയെഭയന്ന് കഴിയേണ്ടി വരികയും ചെയ്തുവത്രേ. ദേവന്മാരുടെ ദുസ്ഥിതി കണ്ട ദൈവമാതാവായ അദിതി ഭഗവാൻ വിഷ്ണുവിനെ തപസ്സു ചെയ്തു. തൻറെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും, അദിതിയമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാൻ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് കഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്.
വാമനമൂർത്തിയ്ക്ക് മഹാബലി മൂന് നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്നവിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി വാമനൻ അനുഗ്രഹിച്ചതും ശ്രീമദ് മഹാഭാഗവദാദി പുരാണങ്ങളിൽ കാണാം.
മഹാഭക്തനും പ്രതാപശാലിയുമായിരുന്ന മഹാബലിയുടെ ഭരണകാലത്തെ യുഗങ്ങൾക്കു ശേഷവും ജനങ്ങൾ ആദരവോടെ കാണുന്നു. വർഷത്തിൽ ഒരു ദിവസം മഹാബലി തമ്പുരാൻ സുതല ലോകത്തിൽ നിന്നും ഭൂതലത്തിലെത്തുന്നുവെന്ന സങ്കൽപ്പം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിൽ വാമന ജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണനാളിനോടനുബന്ധിച്ചാണെങ് കിൽ, ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് 'ബലിപ്രദിപദ' എന്ന ആഘോഷത്തിലാണ് മഹാബലിതമ്പുരാനെ സ്വീകരിക്കുന്നത്.
ബലിയെപ്പോലെ ധർമ്മിഷ്ഠരും പ്രജാക്ഷേമതത്പരരുമായ രാജാക്കന് മാരുടെ കഥകൾ എന്നും ഭാരതത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു. അത്തരത്തിലുള്ള രാജാക്കന്മാരുടെ ഭരണകാലത്തെ യുഗങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾ വാമൊഴിയായും, വരമൊഴിയായും വാഴ്ത്തിപ്പാടികൊണ്ടേയിരുന്നു. പൃഥു, ഭരതൻ, ജനകൻ, എന്നിങ്ങനെ എണ്ണമറ്റ ചക്രവർത്തിമാരുടെ ഭരണനിപുണതയെക്കുറിച്ചുള്ള ഗാഥകൾ ഭാരതം ഹൃദയത്തിലേറ്റു വാങ്ങിയിട്ടുണ്ടെങ്കിലും മഹാബലി , ശ്രീരാമൻ, യുധിഷ്ഠിരൻ എന്നിവരുടെ ഭരണകാലങ്ങളെയാണ് ഭാരത ജനതയുടെ ഹൃദയങ്ങളിൽ ഏറ്റവും ശക്തമായി നിലകൊള്ളുന്നത്.
ശ്രീ രാമന്റെ മാതൃകാപരമായ ഭരണകാലം 'രാമരാജ്യം' എന്നൊരു സങ്കൽപ്പത്തിന് തന്നെ കാരണമായി. പ്രജാക്ഷേമത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ് രാമരാജ്യം. ശ്രീ രാമചന്ദ്രൻറെ ഭരണകാലത്ത് രോഗങ്ങളോ മറ്റു ദുരിതങ്ങളോ പ്രജകൾക്ക് നേരിടേണ്ടി വന്നിരുന്നില്ല, സ്ത്രീകൾ വൈധവ്യ ദോഷം അനുഭവിച്ചില്ല, രാമരാജ്യത്തിൽ ആരും കൊള്ളരുതാത്തവരായി ഗണിയ്ക്കപ്പെട്ടിരുന്നില്ല, കള്ളന്മാരും കൊള്ളക്കാരും ഉണ്ടായിരുന്നില്ല, എന്നൊക്കെ വാല്മീകി രാമായണത്തിൽ വർണിയ്ക്കുന്നുണ്ട് . അയോദ്ധ്യാകാണ്ഡത്തിൽ ഉത്തമമായ രാജ്യപാലനത്തെക്കുറിച്ചുള്ള ശ്രീ രാമൻറെ കാഴ്ചപ്പാടുകൾ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. കാട്ടിൽ തന്നെ കാണാൻ എത്തുന്ന ഭാരതനോടായി രാജ്യത്തിൻറെ സുഗമമായ പാലനത്തിനാവശ്യമായ കാര്യങ്ങൾ ശ്രീ രാമൻ സംവദിയ്ക്കുന്നുണ്ട്. സ്ത്രീ സുരക്ഷ, പ്രജാപരിപാലനം, സൈന്യങ്ങളെ സജ്ജമാക്കുന്നത്, ആന മുതലായ മൃഗങ്ങളുടെ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം, വിഷയങ്ങളെ മന്ത്രിമാരുടെ സംഘങ്ങളെക്കോണ്ട് അവലോകനം ചെയ്യിപ്പിക്കുന്നത് എന്ന് വേണ്ട രാഷ്ട്ര തന്ത്രത്തിന്റെ ഓരോ താളവും അവിടെ ശ്രീരാമൻ സംക്ഷിപ്തമായി ഉപദേശിയ്ക്കുന്നു. ഇത്തരം ഉയർന്ന മൂല്യങ്ങൾ അയോദ്ധ്യയെ രാമരാജ്യവും ധർമ്മരാ ജ്യവുമൊക്കെയായി ഉയർത്തി. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും രാമരാജ്യത്തെ ഭാരതത്തിൻറെ ആദർശമായി ഇന്നും ജനങ്ങൾ നെഞ്ചേറ്റുന്നു. രാമരാജ്യമെന്ന ആദർശ രാഷ്ട്ര സങ്കല്പം നംമടുത്തെ സ്വാതന്ത്ര്യ സമരത്തിൽപ്പോലും വലിയ സ്വാധീനം ചെലുത്തി.
ദ്വാപരയുഗത്തിലാകട്ടെ ധർമ്മപുത്രർ എന്ന് പ്രസിദ്ധനായ യുധിഷ്ഠിരന്റെ ഭരണകാലമായിരുന്നു ഏറ്റവും പ്രസിദ്ധമായത്.
മഹാഭാരതയുദ്ധാനന്തരം രാജ്യഭാരം ഏറ്റെടുത്ത യുധിഷ്ഠിരന്റെ ഭരണകാലത്ത് രാജ്യം ധർമ്മരാജ്യമായി മാറി. മുപ്പത്തിയാറ് സംവത്സരങ് ങളാണ് യുധിഷ്ഠിരൻ രാജ്യം ഭരിച്ചത്. ധർമ്മം അതിന്റെ പൂർണതേജസ്സോടെ യുധിഷ്ഠിര ഭരണത്തിൽ പരിലസിച്ചിരുന്നു.
ഒരു പ്രാവിന് വേണ്ടി സ്വന്തം ജീവൻ ത്യജിയ്ക്കാൻ തയാറായ ശിബി, മുക്തി പോലും ത്യജിച്ച് മറ്റുള്ളവരുടെ ദുഃഖം അകറ്റാൻ ആഗ്രഹിച്ച രന്തിദേവൻ, സത്യത്തിനു വേണ്ടി സർവവും ത്യജിയ്ക്കാൻ തയാറായ ഹരിശ്ചന്ദ്രൻ, പ്രജകളിൽ ഉത്തമനായ ഒരുവനെ രാജാവാക്കി വാഴിച്ച ഭരതൻ, ഭൂമിയിൽ നിന്നും വിഭവങ്ങൾ കറന്നെടുത്ത പൃഥു, രാജർഷിയായ ജനകൻ അങ്ങനെ നിരവധി മഹത്തുക്കളായ രാജാക്കന്മാരുടെ കഥകൾ ഈ മണ്ണിലുറങ്ങുന്നു. ആ കഥകളൊക്കെയും പോയകാലത്തിന്റെ ദീപ്ത സ്തംഭങ്ങൾ എന്നതിലുപരി വ്യക്തിയുടെയും, സമൂഹത്തിന്റെയും ധാർമികജീവിതത്തിനുള്ള ശക്തമായ പ്രചോദനങ്ങളായി, ചൂണ്ടുപലകകളായി വർത്തിക്കുന്നു. ധർമ്മബോധവും സത്യനിഷ്ഠയും ജീവിതവ്രതമാക്കിയ ധന്യാത്മാക്കളുടെ സ്മരണകൾ നമുക്കും, നമ്മുടെ ഭരണാധികാരികൾക്കും ദിശാബോധമരുളട്ടെ.
വന്ദേ മാതരം.
മാതൃവാണി 2016 സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ച ലേഖനം