Tuesday, April 24, 2012

തൈപ്പൂയത്തിന്റെ തിരു മുറിവുകള്‍

    
തൈപ്പൂയവും പത്താമുദയവും ഒക്കെ കേരളത്തിലെ പല മുരുക ക്ഷേത്രങ്ങളിലെയും ഉത്സവ കാലമാണ് , മുരുക ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ പീലിക്കാവടിയും മയിലാട്ടവും ഒക്കെ മറ്റു ഉത്സവങ്ങളെക്കാള്‍ വര്‍ണാഭമാക്കുന്നു. എന്നാല്‍ ദേവ സൈന്യാധിപനും, മയില്‍ വാഹനനും ഒക്കെയായ ശിവ തനയന്റെ ഉത്സവം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് വെല്‍ക്കാവടി ശൂലക്കാവടി മുതലായ ആചാരങ്ങളുടെ പേരിലാണ് .
കവിളുകളിലും നാക്കിലും മുതുകിലും ഒക്കെ ശൂലവും വേലും കുത്തിയിറക്കി കാവടിയെന്തി വരുന്ന മുരുക ഭക്തന്മാര്‍  ഉത്സവ ഘോഷയാത്രകളിലെ ഒരു പ്രധാന  കാഴ്ചയാണ്. 

    കവിളുകളിലൂടെ ശൂലം കുത്തിയും, കൊളുത്തുകളില്‍ സ്വയം തൂങ്ങിയും ഭക്തി പ്രകടിപ്പിക്കുന്നവരെ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാന്‍ സാധിക്കും.അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുസ്രിതമായ് രൂപ ഭാവങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാവും എന്നു മാത്രം. മുള്ളുകള്‍ പിടിപ്പിച്ച ചാട്ടവാറു കൊണ്ട് സ്വശരീരം അടിച്ചു മുറിവേല്‍പ്പിക്കുന്ന ഒപ്പസ് ഡേയി (Opus Dei) കത്തോലിക്കരും, ആശൂറ(Ashura) ദിനത്തില്‍ സ്വയം പീഡനം എല്ക്കുന്നവരും, തൈ പൂയത്തിനു ശരീരം മുഴുവന്‍ കുത്തിയിറക്കപ്പെട്ട ലോഹ ശൂലങ്ങള്‍ ധരിച്ച് കാവടിയാടുന്നവരും ഒക്കെ ശരീര പീഡനം പാപ വിമോചനത്തിനു എന്ന സങ്കല്‍പം പേറുന്നവരാണ് അതി പ്രാചീന കാലം തൊട്ടേ ഇത്തരം കര്‍മങ്ങള്‍ ലോകത്തില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭക്തിയുടെ പേരില്‍ തുടര്‍ന്ന് വരുന്ന ഇത്തരം ക്രിയകള്‍ ഭക്തിയാണോ എന്നു പുനര്‍വിചിന്തനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Therese Neumann 
    ഭക്തിയില്‍ സ്വയം പീഡനത്തിനു സ്ഥാനമൊന്നും ഇല്ല, പലപ്പോഴും പരമ ഭക്തരായ പല മഹാത്മാക്കളും ശരീര ധര്‍മങ്ങളെ ഭക്തിയുടെയോ, ധ്യാനതിന്റെയോ തീവ്രതയില്‍ മറന്നതായ് നമുക്ക് കാണാന്‍ സാധിക്കും,പരമ ശിവനെ ഓര്‍ത്ത് ശ്രീ പാര്‍വതി ഊണും ഉറക്കവും ഉപേക്ഷിച്ച് തപസ്സു ചെയ്ത കഥ പുരാണ പ്രസിദ്ധമാണല്ലോ ., മീരാ ബായി, നിമായി, രാമകൃഷ്ണ പരമഹംസര്‍ , മിലരപേ മുതലായവരുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിച്ചിട്ടുണ്ട് എന്നാല്‍ അവ നൈസര്‍ഗീകമായ് സംഭവിക്കുന്നതാണ്, അതിനെ ഇത്തരം സ്വയം പീഡന വുമായ് ചേര്‍ത്ത് വായിക്കാന്‍ കഴിയില്ല. യേശു ക്രിസ്തുവിനെ ഓര്‍ക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകള്‍ രൂപപ്പെടുമായിരുന്ന തെരീസ (Therese Neumann) യും സ്വയം പീഡനത്തിലൂടെ കുരിശില്‍ ഏറുന്ന ആള്‍ക്കാരും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ഒന്ന് നൈസര്‍ഗീകമാണെങ്കില്‍, മറ്റേതു കൃത്രിമമായ അനുകരണം മാത്രമാണ്,  ശരീര ധര്‍മങ്ങളെ താത്കാലീക മായ പിടിച്ചു നിര്‍ത്തുന്ന വ്രതങ്ങളെയും സ്വയം പീഡനത്തിന്റെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല, കാരണം അവ മാനസികവും ശാരീരികവുമായ ശുദ്ധീകരണത്തിനും മറ്റും അനുസരിക്കുന്നതാണ്, എന്നാല്‍ ശാസ്ത്ര വിധികള്‍ക്ക് അനുസ്രിത്മല്ലാത്ത്ത പക്ഷം അവയും അനുചിതങ്ങള്‍ തന്നെയാകുന്നു 

     ഭക്തിയുടെ പരമാചാര്യനായ് ആദരിക്കപ്പെടുന്നത് നാരദ മഹര്‍ഷിയാണല്ലോ, നാരദഭക്തി സൂത്രത്തില്‍ ഭക്തി നിര്‍വചിക്കപ്പെടുന്നത്
സാ ത്വസ്മിന്‍ പരമ പ്രേമ രൂപാ.. (അവിടുത്തോടുള്ള പരമ പ്രേമ സ്വരൂപത്തോട് കൂടിയത് )

എന്നാണ്.ഈശ്വരനുമായുള്ള പരമമായ പ്രേമം, അല്ലെങ്കില്‍ അവനവന്റെ നിജ സ്വരൂപത്തെക്കുരിച്ച്ചുള്ള അനുസന്ധാനം എന്നൊക്കെ ഭക്തി മഹാത്മാക്കളാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു.അതിനാല്‍ ഇത്തരം സ്വയം പീഡന പ്രാര്‍ഥനകള്‍- ആചാരങ്ങള്‍ ഒന്നും ഭക്തിയല്ല. ഗീതയിലെ ശ്രദ്ധാത്രയവിഭാഗയോഗത്തില്‍ ഭഗവാന്‍ താമസികമായ തപസായി ഇത്തരം കര്‍മങ്ങളെ വിശേഷിപ്പിക്കുന്നു. സ്വ ശരീര പീഡനത്തിന്റെ മാര്‍ഗങ്ങളെ ഭക്തിയെന്നു വിവക്ഷിക്കുവാന്‍ ഒരിക്കലും സാധിക്കുക ഇല്ല എന്നു മാത്രമല്ല അവ ഒക്കെ താമസികമായ കര്‍മങ്ങളാണെന്നും ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ വ്യക്തമാക്കുന്നു.. 
 
കര്‍ഷയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃശരീരസ്ഥം താന്വിദ്ധ്യാസുരനിശ്ചയാന്‍ (ഭഗവത് ഗീത 17.6)

തങ്ങളുടെ ഇന്ദ്രിയങ്ങളെയും, ശരീരത്തില്‍ വര്‍ത്തിക്കുന്ന എന്നെയും പീഡിപ്പിക്കുന്ന അവിവേകികളായ അവര്‍ ആസുരനിശ്ചയം ചെയ്തവരാണെന്നറിഞ്ഞാലും.

മൂഢഗ്രാഹേണാത്മനോ യത്പീഡയാ ക്രിയതേ തപഃ
പരസ്യോത്സാദനാര്‍ഥം വാ തത്താമസമുദാഹൃതം
( ഭഗവത്ഗീത17.19)

അബദ്ധധാരണകളോടുകൂടി ചെയ്യപ്പെടുന്നതും സ്വയം പീഡയനുഭവിച്ചോ, അന്യനെ നശിപ്പിക്കുവാനുദ്ദേശിച്ചോ ഉള്ള തപസ്സ് താമസികമെന്നു പറയപ്പെടുന്നു.


ഇങ്ങനെ സ്വശരീരത്തെ പീഡിപ്പിച്ചു കൊണ്ട് ചെയ്യുന്ന കര്മങ്ങളെ ആസുരികം എന്നും  താമസം എന്നും ഭഗവാന്‍ പറഞ്ഞിരിക്കുന്നു, അതുകൊണ്ട് തന്നെ  ഇത്   അഹിതമായ കര്‍മം ആണ്.
ശൂലക്കാവടികളും ഗരുഡന്‍ തൂക്കങ്ങളും ഉപേക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ സ്വയം പീഡന രീതികളെ ഒഴിവാക്കി നവീകരിക്കുകയോ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്‌.

No comments:

Post a Comment