ഗെയിൽ ട്രേഡ്വേല്ലിന്റെ വിശുദ്ധ നരകം എന്ന പുസ്തകത്തെ പലരും ഷെയർ ചെയ്ത് ആഘോഷിക്കുന്നത് കണ്ടു. മാതാ അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തുന്ന ഏതു വാർത്തയും അതിന്റെ വിശ്വാസ്യതയോ, സത്യാവസ്ഥയൊ നോക്കാതെ കൊണ്ടാടുന്നവർക്ക് ഇതും ഉപയോഗപ്പെടുമായിരിക്കും.
എറ്റവും പ്രധാനമായി അമൃതാനന്ദമയി എന്ന വ്യക്തി അപ്രാപ്യമായ ഏതോ ഭൂതകാലത്തിൽ ജീവിച്ചു പോയ ഒരാളല്ല. ഇന്നും ജനങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന ഒരാളാണ്. അമ്മയുടെ ഭക്തർ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ആരൊക്കെയോ പറഞ്ഞുകേട്ട കഥകൾ വച്ചല്ല. മറിച്ച് വ്യക്തിപരമായി അമ്മയുമായുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ യുക്തിയും, ബുദ്ധിയും ഒക്കെ വച്ച് മനസ്സിലാക്കി തന്നെയാണ് അവർ അമ്മയോടും, അവിടുത്തെ പ്രസ്ഥാനത്തോടും ചേർന്ന് പ്രവർത്തിക്കുന്നത്. ദിവസത്തിൽ 22 മണിക്കൂറും ജനമധ്യത്തിൽ ചിലവഴിക്കുന്ന അമ്മയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചാൽ അമ്മയെ നേരിട്ടറിയുന്നവർക്ക് അവ കണ്ണടച്ച് വിശ്വസിക്കാൻ സാധിക്കില്ല.
മാധ്യമങ്ങളിലൂടെ മാത്രം അമ്മയെ അറിയുന്നവരാണ് ഇത്തരം ആരോപണങ്ങളിൽ അന്ധമായ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വളരെ സുതാര്യമാണ് ആശ്രമവും അവിടുത്തെ രീതികളും. ഗെയിൽ തന്റെ ബുക്കിൽ പറഞ്ഞത് പോലെ ആദ്യകാലങ്ങളിൽ സമർപ്പണവും ആദ്ധ്യാത്മികമായ കാഴ്ചപ്പാടും ഗെയിലിനു ഉണ്ടായിരുന്നു. എന്നാൽ ക്രമേണ അവരുടെ ചിന്തകൾ താളം തെറ്റാൻ തുടങ്ങി. ഗുരുവിന്റെ സാമീപ്യം ഉണ്ടായിരുന്നിട്ടു കൂടി ആത്മീയമായ പാതയിൽ നിന്നും അവർ വ്യതിചലിക്കാൻ തുടങ്ങി. അതിന്റെ പ്രത്യാഘാതം അവരുടെ സ്വഭാവത്തിൽ പ്രകടമായി. പരുഷമായ പെരുമാറ്റം, ക്രൂരമായ സംസാരം, തുടങ്ങി ശാരീരികവും മാനസികവുമായ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഗെയിലിന്റെ ശീലമായിരുന്നു. ഇത്തരം ക്രൂരതകൾ അനുഭവിച്ചവർ നിരവധിയാണ്. അമ്മയിൽ നിന്നും മറ്റുള്ളവരെ പരമാവധി അകറ്റാൻ അവർ ശ്രമിച്ചു ഇത് പല ഭക്തർക്കും നേരിട്ട് അനുഭവമുള്ള കാര്യമാണ്.
90 കളുടെ മധ്യത്തോടെ ആശ്രമത്തിൽ വച്ച് ഒരു അമേരിക്കൻ ഭക്തനുമായ് അവർ അടുപ്പം സ്ഥാപിച്ചു. അവർ അയാളോട് വിവാഹാഭ്യർത്ഥന നടത്തുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറി. അമ്മ ഇതൊക്കെ അറിഞ്ഞുവെങ്കിലും അവരുടെ തെറ്റുകൾ ക്ഷമിക്കുകയും തിരുത്താൻ അവസരം നല്കുകയും ചെയ്തു. പക്ഷെ അവർക്ക് തിരുത്തുവാൻ സാധിച്ചില്ല. വിവാഹം കഴിക്കാൻ ഉദ്ദേശിച്ച് 1999ഓടെ സന്യാസവും, ആശ്രമ ജീവിതവും ഗെയിൽ ഉപേക്ഷിച്ചു.
ആശ്രമം വിട്ട അവർ വിദേശിയായ ഒരു ഭക്തനോട് വിവാഹാഭ്യർത്ഥന നടത്തുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തു തുടർന്ന് ഒരു വർഷത്തോളം അമ്മയുടെ ഒരു ഭക്തയുടെ ഗൃഹത്തിൽ സൗജന്യമായ് അവർ താമസിച്ചു. ആകാലയളവിൽ ഒന്നും അവർ ഇപ്പോൾ ആരോപിക്കുന്ന ഒരാരോപണവും ഉന്നയിച്ചിട്ടില്ല. പിന്നീട് അവർ മറ്റൊരാളെ വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തു.
ആശ്രമത്തിൽ ആരെയും നിർബന്ധിച്ച് പിടിച്ചു വയ്ക്കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം ആണ് ഓരോരുത്തരും വന്നിരിക്കുന്നത്. ആശ്രമജീവിതം ഇഷ്ടമല്ലെങ്കിൽ ആർക്കും എപ്പോൾ വേണമെങ്കിലും പോകാം. ഇത് ആശ്രമവുമായ് ബന്ധമുള്ള എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. ആശ്രമത്തിൽ നീണ്ട 20 വർഷം ജീവിക്കുകയും, തന്റെ തന്നെ ദൗർബല്യങ്ങൾ മൂലം ആശ്രമത്തിൽ നിന്നും പോയി വീണ്ടുമൊരു 14 വർഷം കഴിഞ്ഞു ഈ നീണ്ട 34 വർഷത്തിൽ ഒരിക്കൽ പോലും ഉന്നയിക്കാത്ത കുറെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഉള്ള യുക്തിരാഹിത്യം ആർക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ.
ആശ്രമത്തെയും അമ്മയെയും കരിവാരി തേക്കുക എന്നത് പ്രധാന അജണ്ടയാക്കിയ ചില പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചട്ടുകമായി പ്രവർത്തിക്കുന്നതിലൂടെ നേടിയെടുക്കാവുന്ന വൻ സാമ്പത്തിക ലക്ഷ്യങ്ങൾ ഗെയിലിനു ഉണ്ടാകാം,ഇപ്പോൾ 'കാലിക പ്രസക്തിയുള്ള' ലൈംഗിക ആരോപണം 34 വര്ഷങ്ങള്ക്ക് ശേഷം ഗെയിലിന്റെ കഥയിൽ കടന്നു വരുന്നതിന്റെ യുക്തി മറ്റൊന്നാവാൻ തരമില്ല.ആർക്കെതിരെയും യാതൊരു തെളിവും ആവശ്യമില്ലാതെ ഉന്നയിക്കാൻ കഴിയുന്നതും എറ്റവും ശക്തമായതുമായ ആരോപണമാണ് ലൈംഗീക ആരോപണം. ബുക്കിന്റെ നിർമിതിയിലും പ്രചരണത്തിലും പുലർത്തിയ കൃത് യമായ ആസൂത്രണം ഇതിനു പിന്നിലെ സംഘടിത ശ്രമങ്ങളെ തുറന്നു കാട്ടാൻ പര്യാപ്തമാണ്. അമ്മയുടെ കേരള പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ മൗദൂദിയൻ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ഒരു മലയാള പത്രത്തിലൂടെ ഈ വാര്ത്ത പുറത്ത് വന്നതും ഇതിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്നു.
രമണ മഹർഷിയെക്കുറിച്ചു ഇല്ലാ കഥകൾ പാടി നടന്ന വിദേശ ശിഷ്യരേക്കുറിച്ചും, വിവേകാനന്ദ സ്വാമിയേക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സ്വദേശികളെക്കുറിച്ചും ഒക്കെ നാം കേട്ടിട്ടുണ്ട്. അവരെയോ യഥാർത്ഥഭക്തരെയൊ ഇതൊന്നും ബാധിക്കുന്നില്ല. അമ്മ എപ്പോഴത്തെയും പോലെ തന്റെയരികിൽ ദുഃഖ ഭാരവും പേറി വരുന്നവരെ ആശ്വസിപ്പിക്കുന്നു. ദർശനം നല്കുന്നു. കഴിഞ്ഞ വർഷം വന്നവരിലും എത്രയോ അധികം ആളുകളാണ് ഇന്നലെ കോഴിക്കോട് അമ്മയെ ദർശിക്കാൻ വന്നത്. അമ്മയെക്കുറിച്ചും ആശ്രമത്തെക് കുറിച്ചും അറിയാൻ ആര്ക്കും ഒരു പ്രയാസവുമില്ല. തുറന്ന പുസ്തകം പോലെ അമ്മ നമുക്കിടയിൽ ജീവിക്കുന്നു..