Tuesday, February 3, 2015

അയ്യപ്പപന്റെ ബൗദ്ധപാരമ്പര്യം: മിത്തുകളും യാഥാര്‍ത്ഥ്യവും


പുരാവൃത്തങ്ങളും(Myths) ചരിത്രവും എപ്പോഴും ഊടും പാവും പോലെ പരസ്പരം കൂടിക്കലര്‍ന്നാണ് കാണപ്പെടുന്നത്. മിത്തുകള്‍ ഉള്‍ക്കൊള്ളാത്ത ചരിത്രമോ, ചരിത്രാംശം ഉള്‍ക്കൊള്ളാത്ത മിത്തുകളോ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ചരിത്രത്തെ നിഷ്പക്ഷമായി സമീപിയ്ക്കാന്‍ ശ്രമിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മിത്തുകള്‍ ഒരു വിഘാതമായി വര്‍ത്തിയ്ക്കുകയില്ല മറിച്ച് പലപ്പോഴും അവ ചരിത്രത്തെക്കുറിച്ച് സ്പഷ്ടമായി സംവദിക്കുന്ന ഒരു സഹായിയായി തീര്‍ന്നെന്നും വരാം. എന്നാല്‍ ചരിത്രപഠനത്തിനു ശക്തമായ വെല്ലുവിളിയായി നിലകൊള്ളുന്നത് നിക്ഷിപ്ത താത്പര്യത്തോടെയുള്ള കപടചരിത്ര രചനയാണ്. ഒരു ജനതയുടെ പാരമ്പര്യവിശ്വാസങ്ങളെയും അവരുടെ ചരിത്രത്തെയും വികലമാക്കി അവതരിപ്പിച്ച് ആ ജനതയുടെ സ്വത്വബോധത്തെ ഇല്ലായ്മ ചെയ്യുവാന്‍ പര്യാപ്തമായ ആയുധമായാണ് ഇത്തരം വികലചരിത്രരചന ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ഭാരതത്തിന്റെ അഥവാ ഹിന്ദുത്വത്തിന്റെ സ്വത്വത്തെ നിഷേധിക്കുവാനുള്ള ശ്രമം വളരെ ഏറെ കാലങ്ങളായി തുടര്‍ന്നു പോരുന്നതാണ്. ആര്യന്‍ അധിനിവേശ സിദ്ധാന്തവും , ശൈവവൈഷ്ണവ, ബൗദ്ധഹിന്ദു സംഘട്ടനസിദ്ധാന്തങ്ങളും ഒക്കെ ഇത്തരത്തില്‍ ചരിത്രത്തെ വികലമാക്കപ്പെടുന്നതിനായി ബോധപൂര്‍വ്വം നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിഷബീജങ്ങളാണ്. ആരാധ്യപുരുഷന്മാരുടെയും, തീര്‍ത്ഥാടനകേന്ദ്രങ്ങളുടെയും ഒക്കെ ചരിത്രങ്ങള്‍ വികലമാക്കാനുള്ള ശ്രമം വളരെ സംഘടിതരീതിയില്‍ തന്നെ നടന്നു വരുന്നു.

 ശബരിമലയുടെയും, ശാസ്താവിന്റെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. പലപ്പോഴും ചരിത്രത്തിന്റെ മൊത്തകുത്തക അവകാശപ്പെടുന്ന പലരും, വിശേഷിച്ചും ഇടതുപക്ഷ ചരിത്രകാരന്മാര്‍ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളെ ബ്രാഹ്മണ അധിനിവേശം സംഭവിച്ച ബുദ്ധവിഹാരമായി ചിത്രീകരിക്കാന്‍  ശ്രമിക്കുന്നതായി കാണാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വാദത്തിനു എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ ? ശബരിമലയിലെ അയ്യപ്പസ്വാമി രൂപ പരിണാമം സിദ്ധിച്ച ശ്രീ ബുദ്ധനാണോ ? അല്ലായെങ്കില്‍ അയ്യപ്പ സങ്കല്‍പ്പത്തിന്റെ മൂലം എന്താണ് ? വളരെ ഗഹനമായ ഈ വിഷയത്തെ നാം സമഗ്രമായി തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു.

ശാസ്താവ് എന്ന പേര് തന്നെ ബുദ്ധ സൂചകമാണ് എന്നാണ് ഒരു വാദം. അമരകോശത്തില്‍ ബുദ്ധന്‍ എന്ന്  ശാസ്താവിന്  അര്‍ത്ഥം പറഞ്ഞിട്ടുണ്ട് എന്നതാണ് ഇതിനായി  പറയുന്ന ന്യായം. ബുദ്ധന്‍ എന്ന പദത്തിന്  'യോ ബുദ്ധവാന്‍  സദൈവ ജ്ഞാതാസ്തി സ ബുദ്ധോ ജഗദീശ്വരഃ'  എല്ലായ്‌പ്പോഴും എല്ലാത്തിനെയും അറിഞ്ഞു കൊണ്ടിരിക്കുന്നവന്‍ അതായത് ഈശ്വരന്‍ എന്നാണ് അര്‍ത്ഥം. ഈ പദമാകട്ടെ ഗൗതമ ബുദ്ധന്റെ കാലത്തിനും വളരെ പണ്ട് മുതലേ ഉപയോഗിച്ചു വരുന്നതുമാണ്. ബോധോദയം സിദ്ധിച്ചവന്‍ എന്ന അര്‍ത്ഥത്തിലാണ് സിദ്ധാര്‍ഥനു ബുദ്ധനെന്ന വിശേഷണം കൈവന്നത്. അതുകൊണ്ട് തന്നെ ശാസ്താവ് എന്നാല്‍ ഗൗതമ ബുദ്ധന്‍ ആണെന്ന് പറയാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ശാസ്താവ് എന്ന വാക്കിന്റെ അര്‍ത്ഥം ശാസനം ചെയ്യുന്നവന്‍ എന്നാണ്. ധര്‍മ്മശാസ്താവ് എന്നാല്‍ ധര്‍മ്മത്തെ ശാസനം ചെയ്യുന്നവന്‍ അഥവാ പരമാത്മാവ് എന്നര്‍ത്ഥം. സന്മാര്‍ഗ്ഗത്തെ ജനങ്ങള്‍ക്ക് ശാസനം ചെയ്തത് കൊണ്ട് ഗൗതമ ബുദ്ധനെ ശാസ്താവ് എന്നു വിശേഷിപ്പിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ശ്രീ ബുദ്ധനെ ശാസ്താവ് എന്ന് വിളിക്കുന്ന പതിവ് ബുദ്ധമതത്തില്‍ ഇല്ല. അത്തരമൊരു വിശേഷണം ബൗദ്ധസാഹിത്യങ്ങളിലോ, സമ്പ്രദായങ്ങളിലോ ഒന്നും തന്നെ കാണാന്‍ സാധിക്കുകയുമില്ല.

അതുപോലെ തന്നെ ശരണം വിളികള്‍ ബൗദ്ധസ്വാധീനത്തിനുള്ള തെളിവായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു. വേദത്തില്‍ എത്രയോ തവണ ശരണകീര്‍ത്തനം ചെയ്യുന്നുണ്ട് എന്ന വസ്തുത അവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു. പ്രസിദ്ധമായ ദുര്‍ഗ്ഗാ സൂക്തത്തിന്റെ ആരംഭം തന്നെ ദുര്‍ഗ്ഗാ ദേവിയോട് ശരണം തേടിക്കൊണ്ടാണ്. ഇന്ദ്രത്രിധാതു ശരണം (6.46.9), തിസ്രോ ദേവീഃ സ്വധയാ ബര്‍ഹിരേദമച്ഛിദ്രം പാന്തു ശരണം നിഷദ്യ (2.3.8.) എന്നൊക്കെ ഋഗ്വേദത്തില്‍ ശരണകീര്‍ത്തനം ചെയ്യുന്നുണ്ട്.  പൗരാണിക സ്‌തോത്രങ്ങളിലും ഒക്കെ ഇത്തരം ശരണം വിളികള്‍ നിറഞ്ഞു നില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഒരു പക്ഷെ ഇത്തരതതില്‍ വിവിധ വൈദിക ദേവതകളോടുള്ള ശരണം വിളികളായിരിക്കും പില്‍ക്കാലത്ത് 'ബുദ്ധം ശരണം ഗച്ഛാമി ധര്‍മ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി' എന്ന ശരണത്രയങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ ബൗദ്ധര്‍ക്ക് പ്രചോദനമായത്.

ശബരിമല തീര്‍ത്ഥാടനത്തിലെ ഒരു സവിശേഷത തീര്‍ത്ഥാടകന്‍ അനുഷ്ടിക്കുന്ന 41 ദിവസത്തെ വ്രതമാണ് ഈ വ്രതത്തെ  ബുദ്ധമതത്തിലെ അഷ്ടമാര്‍ഗ്ഗങ്ങളുമായി ചിലര്‍ ചേര്‍ത്ത് വായിക്കുന്നു. എന്നാല്‍ മദ്യമാംസവര്‍ജ്ജനവും, ശൗചാദി നിഷ്ഠകളും ഒക്കെ  നിഷ്‌കര്‍ഷിക്കുന്ന മണ്ഡല വ്രതം യോഗദര്‍ശനങ്ങളിലെ യമനിയമാദികളോടും വേദാന്തത്തിലെ ശമദമാദികളോടുമാണ് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ഇത്തരം വ്രതങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ടു മാത്രമല്ല മറ്റു പല അവസരങ്ങളിലും ഹിന്ദുക്കള്‍ ആചരിക്കാറുള്ളതും ആണ്. പള്ളിക്കെട്ട് എന്ന് ഇരുമുടിക്കെട്ടിനെ വിളിക്കാറുണ്ട്,ഇതിലെ  പള്ളി എന്ന വിശേഷണം  ബൗദ്ധ സൂചകമാണ് എന്നാണു മറ്റൊരു വാദം. എന്നാല്‍ പള്ളിവാള്, പള്ളിയറ, പള്ളിപ്പല്ലക്ക് എന്നിങ്ങനെ ബഹുമാന സൂചകമായ് മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയാണ് 'പള്ളി' എന്നത് സൗകര്യപൂര്‍വം മറക്കുന്നു. 

മറ്റൊരു രസകരമായ വാദം അയ്യപ്പന്‍ ഇരിക്കുന്നരീതിയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതിനാല്‍ ബുദ്ധന്‍ ആണെന്നാണ്. യോഗപട്ടാസനത്തില്‍  യോഗദക്ഷിണാമൂര്‍ത്തി, യോഗനരസിംഹമൂര്‍ത്തി മുതലായ വിഗ്രഹങ്ങളോട് സദൃശ്യമായാണ് അയ്യപ്പസ്വാമി  ഇരിക്കുന്നത്. എന്നാല്‍ ലോകത്തെവിടെയും ഇത്തരത്തില്‍ ബുദ്ധവിഗ്രഹം ഇല്ല. ബുദ്ധ വിഗ്രഹങ്ങള്‍ പൊതുവെ പത്മാസനത്തില്‍ ആണ് കാണപ്പെടുന്നത്. ഇങ്ങനെ ബൗദ്ധ സ്വാധീനം തെളിയിക്കാനായി പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ വാദങ്ങളും അടിസ്ഥാനരഹിതമാണ്  എന്ന് നിസ്സംശയം പറയാന്‍ സാധിക്കും എന്ന് മാത്രമല്ല ശബരിമലയിലെ ആചാര വിശേഷങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന പക്ഷം ആ ക്ഷേത്രസങ്കേതത്തിനോ, അവിടുത്തെ ദൈവതത്തിനോ യാതൊരു കാരണവശാലും ബൗദ്ധസംബന്ധം ഇല്ല എന്നും മനസ്സിലാക്കാം.


ഉദാഹരണത്തിന് അയ്യപ്പനെ വില്ലാളി വീരനായും, വീരമണികണ്ഠനായും, ശത്രുസംഹാര മൂര്‍ത്തിയായും ഒക്കെ വാഴ്ത്തുന്ന ശരണം വിളികളും.ശബരിമലയില്‍ നടന്നു വരുന്ന ഗുരുതി തര്‍പ്പണം, രജസികഭാവത്തിലുള്ള വെളിച്ചപ്പാട് മുതലായ ആചാരവിശേഷങ്ങളും  ഒക്കെ തന്നെ ബൗദ്ധദര്‍ശനങ്ങളുമായി യോജിക്കുന്നില്ല. മാത്രമല്ല മാലയിട്ടവര്‍ സര്‍വ്വരേയും അയ്യപ്പനായി കരുതുന്നു അവരെയും സര്‍വ്വരും അയ്യപ്പനായി കരുതുന്നു ഇത് അദൈ്വതവേദാന്തദര്‍ശനത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ബൗദ്ധ ദര്‍ശനത്തില്‍ ഈ ഭാവം കാണാന്‍ സാധിക്കുകയില്ല. ശബരിമല ബുദ്ധക്ഷേത്രമാണെന്ന്  ഹുയാന്‍സാങ്ങ് പറഞ്ഞിട്ടുണ്ടെന്ന വിചിത്ര വാദവും ചിലര്‍ മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ ഹുയാന്‍ സാങ്ങ് കേരളമോ പരിസര പ്രദേശങ്ങളോ സന്ദര്‍ശിക്കുകപോലും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. എറ്റവും ശ്രദ്ധേയമായ വസ്തുത ശബരിമലയിലോ പരിസര പ്രദേശങ്ങളിലോ ബുദ്ധമതസ്വാധീനം ഉണ്ടായിരുന്നു എന്നതിന,് 'ആയിരിക്കാം, പറയപ്പെടുന്നു' മുതലായ വാദകോലാഹലങ്ങളല്ലാതെ ചരിത്രപരമായ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ്. 

ബുദ്ധനല്ലെങ്കില്‍ അയ്യപ്പന്‍ പിന്നെയാരാണ് ?  പുരാവൃത്തങ്ങള്‍ക്കുപരി ചരിത്രത്തിന് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത് ? ശബരിമലയിലും  അയ്യപ്പനിലും കാണാന്‍ സാധിക്കുന്നത് വൈദികവും ദ്രാവിഡവുമായ ആരാധനാ രീതികളുടെ സമ്മേളനമാണ് എന്ന് അഭിപ്രായമുണ്ട്. ആചാരലോപം സംഭവിച്ച ക്ഷത്രിയരാണ് ദ്രാവിഡര്‍ എന്ന മനുവിന്റെ അഭിപ്രായത്തെ മാനിച്ചാല്‍  ദ്രാവിഡരെ വേദബാഹ്യരായ ഒരു ജനവിഭാഗമായി നിര്‍ണയിക്കാന്‍ സാധിക്കുകയില്ല. സനാതനസംസ്‌കൃതി രൂപപ്പെട്ടിരിക്കുന്നതു തന്നെ കാലദേശാതിവര്‍ത്തിയായ നിഗമവും, ദേശകാലാനുസരണം പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഗമവും ആയ ശ്രുതികളുടെ അടിസ്ഥാനത്തില്‍ ആണല്ലോ. അപ്രകാരം ചിന്തിക്കുമ്പോള്‍ ഈ നിഗമആഗമ സമന്വയം തന്നെയാണ് ശബരിമലയിലും സംഭവിച്ചിരിക്കുന്നത്. കുഴിക്കാട്ട്പച്ച മുതലായ ഗ്രന്ഥങ്ങളില്‍ ശാസ്താവിനു കല്‍പ്പിച്ചിരിക്കുന്ന ധ്യാന ശ്ലോകത്തില്‍ ശാസ്താവിനെ ആര്യകന്‍ എന്ന് സംബോധന ചെയ്തിരിക്കുന്നു. 'ആര്യ' ശബ്ദം ലോപിക്കുമ്പോള്‍ അയ്യ എന്നായി തീരുന്നു. ശ്രേഷ്ഠ എന്ന അര്‍ത്ഥത്തില്‍ സംസ്‌കൃതത്തില്‍ ഉപയോഗിക്കുന്ന ഈ 'ആര്യ' ശബ്ദം ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അതേ അര്‍ത്ഥത്തില്‍ 'അയ്യ' എന്ന് ഉപയോഗിക്കപ്പെടുന്നു. 


ശാസ്താവ് എന്ന ദേവതയുടെ ഉപാസന വളരെ പ്രാചീനമാണെന്ന് വേണം കരുതാന്‍. സാ.വ മൂന്നാം നൂറ്റാണ്ടില്‍*  ശാസ്താവിന്റെ ആരാധന ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ആര്‍ക്കോട് എന്ന സ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം നൂറ്റാണ്ടിലെ ശിലാലിഖിതത്തില്‍ അയ്യപ്പനെന്നും, ശാസ്താവ് എന്നും പരാമര്‍ശിച്ചു കാണുന്നുണ്ട്. 'ശ' എന്ന അക്ഷരം ഗ്രാമ്യ ഭാഷയില്‍ 'ച' എന്ന് ഉച്ചരിക്കാറുണ്ട്(ശ്രാദ്ധംചാത്തം, ശ്രീഭഗവതിചീപോതി ). സംഘകാല കൃതികളിലും മറ്റും അപ്രകാരം ശാസ്താവിനെ ചാത്തന്‍ എന്ന് വ്യവഹരിക്കുന്നതായി കാണാം. ഈ ശാസ്താ പ്രതിപാദ്യങ്ങളെല്ലാം ബുദ്ധനെ സംബന്ധിച്ചുള്ളതാണ് എന്ന് സ്ഥാപിക്കുകയാണ് ശബരിമല ശാസ്താവ് ബുദ്ധനാണ് എന്ന് ശഠിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത .7ാം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന  ശൈവ കവി അപ്പര്‍ തന്റെ കൃതികളായ തേവാരങ്ങളിലൊന്നില്‍ ശാസ്താവിനെ ഹരിഹരസുതന്‍  ആയി വാഴ്ത്തുന്നുണ്ട്. അതുപോലെ തന്നെ തിരുജ്ഞാനസംബന്ധര്‍ തന്റെ കൃതികളിലൊന്നില്‍  ബ്രഹ്മചാരിയായ ദേവനായും, യുദ്ധനിപുണനായും, ശിവഭൂതങ്ങളുടെ നാഥനായും അയ്യപ്പനെ വാഴ്ത്തുന്നുണ്ട്. ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന കേരളദേശത്തിന്റെ രക്ഷയ്ക്കായി ശബരിമലയിലും, പൊന്നമ്പലമേട്ടിലും അടക്കം ശാസ്താക്ഷേത്രങ്ങള്‍ പരശുരാമന്‍ പ്രതിഷ്ഠിച്ചു എന്ന പരമ്പരാഗത ഐതീഹ്യത്തെയും അനുസ്മരിക്കാതെ തരമില്ല. 


അയ്യപ്പന്‍, ശാസ്താവ്, അയ്യനാര്‍, മണികണ്ഠന്‍, ചാത്തന്‍ എന്നിങ്ങനെ വ്യത്യസ്ഥ പേരുകളിലും വേട്ടശാസ്താവ്, വീരശാസ്താവ്, വിദ്യാശാസ്താവ്, ബാലശാസ്താവ്, ബ്രഹ്മചാരി, പ്രഭാ സത്യക സമേത ശാസ്താവ്, പൂര്‍ണപുഷകലസമേതശാസ്താവ്, വൈദ്യശാസ്താവ് എന്നിങ്ങനെ വ്യത്യസ്ഥ ഭാവങ്ങളിലും ശാസ്താവ് കല്‍പ്പിക്കപ്പെടുന്നു. ഇതില്‍ പ്രഭ എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടെ ഇരിക്കുന്ന ഭാവമാണ് കേരളത്തിലെ തന്ത്ര വിതാനങ്ങളില്‍ സാധാരണയായ് കണ്ടു വരുന്നത്.എന്നാല്‍ ശബരിമലയ്ക്കു പില്‍ക്കാലത്തു വന്നു ചേര്‍ന്ന പ്രസിദ്ധി യോഗിഭാവത്തില്‍ യോഗപട്ടാസനം ധരിച്ചു ചിന്മുദ്രയേന്തിയ  ഭാവത്തിനു കൂടുതല്‍ പ്രചാരം നേടിക്കൊടുത്തു.

ശബരിമലയിലെ ശാസ്താവ് അദൈ്വതത്ത്വം ഉപദേശിക്കുന്ന ഭാവത്തില്‍ ആണ് പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിന്മുദ്ര എന്ന് പുകള്‍പെറ്റ ജ്ഞാനമുദ്ര  അദൈ്വത ദര്‍ശനത്തെയും,  യോഗപട്ടാസനം കഠിനതപസ്സിനെയും പ്രതിനിധാനം ചെയ്യുന്നു. 'കരകലിത ചിന്മുദ്രമാനന്ദമൂര്‍ത്തിം'  എന്ന് ആദിഗുരുവായ ദക്ഷിണാ മൂര്‍ത്തി ചിന്മുദ്രയിലൂടെ വേദാന്ത തത്വം ഉപദേശിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ഗീതോപദേശം ചെയ്യുമ്പോള്‍ ഭഗവാന്‍ ശ്രീ കൃഷ്ണനും ജ്ഞാനമുദ്രയെ ധരിച്ചിരിക്കുന്നതായി വര്‍ണിക്കപ്പെട്ടിരിക്കുന്നു( 'ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമ:'). 'തത്ത്വമസി' എന്ന മഹാവക്യ ഉപദേശം തന്നെയാണ് ശബരിമലയിലെ ശാസ്താവിന്റെ തത്വവും ഒരു പക്ഷെ ഇതിനാലായിരിക്കാം ശരണ മന്ത്രങ്ങളില്‍ 'ഗുരുവിന്‍ഗുരുവായും', ഭവസാഗരത്തെ താരം ചെയ്യിക്കുന്ന താരകബ്രഹ്മമായും ഒക്കെ  അയ്യപ്പന്‍ വര്‍ണിക്കപ്പെടുന്നതും, സകല ഭൂതങ്ങളിലും തന്നിലും അയ്യപ്പനെ ദര്‍ശിക്കുന്ന അദ്വൈത ഭാവം അയ്യപ്പ ഭക്തര്‍ കാത്തു സൂക്ഷിക്കുന്നതും.

അയ്യപ്പന്‍ ഗുരുസ്വരൂപനായ പരമാത്മാവ് തന്നെയാകുന്നു. പുരാവൃത്തങ്ങളിലെ ഹരിഹരസുതനും, ചരിത്രത്തിലെ പന്തളദാസനും, സ്തുതികളിലെ വീരനായകന്മാരും ഒക്കെ ധര്‍മ്മശാസനാര്‍ത്ഥം അവിടുന്ന് സ്വീകരിച്ച അവതാരങ്ങളും!. അഥവാ അധര്‍മ്മം നടമാടുന്ന കാലങ്ങളിലൊക്കെ ധര്‍മ്മരക്ഷക്കായി എത്തിയവരിലൊക്കെ സ്വന്തം ഇഷ്ടദേവനെ ദര്‍ശിക്കുന്ന ആര്‍ഷഭൂമിയുടെ മഹിത പാരമ്പര്യത്തിന്റെ പ്രകാശനമാകാം ഈ അയ്യപ്പ കഥകളിലൊക്കെ നാം കാണുന്നത്.    

അയ്യപനെ ബുദ്ധനായും, ശബരിമലയെ ബ്രാഹ്മണ അധിനിവേശം ചെയ്യപ്പെട്ട ബുദ്ധക്ഷേത്രമായും ഒക്കെ ചിത്രീകരിക്കേണ്ടത്  പലരുടെയും ആവശ്യമാണ്. ചരിത്രവഴികളില്‍ തങ്ങള്‍ ചെയ്ത ധ്വംസനങ്ങളെയും, ക്രൂരമായ നരഹത്യകളെയും സാമാന്യവല്‍കരിക്കാന്‍ വളരെ കൃത്യമായ ആസൂത്രണത്തോടെ ചെയ്യുന്നതാണ് ഈ വികല ചരിത്ര രചന. ഭാരതത്തില്‍  ബുദ്ധജൈന ക്ഷേത്രങ്ങള്‍ ഹിന്ദുക്കളാല്‍ ആക്രമിക്കപ്പെട്ടു എന്നും മറ്റുമുള്ള ഇടതുപക്ഷ വാദങ്ങള്‍ സത്യത്തിനു നിരക്കാത്തതും ദുരുപദിഷ്ടങ്ങളുമാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പുരാതനഭാരതചരിത്രത്തില്‍ അഗാധപണ്ഡിതനായിരുന്ന സീതാറാം ഗോയലും ഇടതുപക്ഷ ചരിത്രകാരന്മാരുടെ കിരീടം വയ്ക്കാത്ത രാജ്ഞിയായ റോമിലാ ഥാപ്പറും പ്രസ്തുത വിഷയത്തില്‍ നടത്തിയ കത്തിടപാടുകള്‍** കപട ചരിത്ര രചനയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നു. 

ഭാവിയില്‍ ഒരു പടികൂടി കടന്നു വാവരുടെ പേരിലുള്ള മുസ്ലീം ആരാധനാ കേന്ദ്രമായിരുന്നു ശബരിമലയെന്നും പിന്നീട് വന്ന ബ്രാഹ്മണര്‍ വാവരെ തരം താഴ്ത്തി ശബരിമലയെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു എന്നും ഒരു വാദം ഈ ഇടതുപക്ഷ ചരിത്രകാരന്മാര്‍ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനില്ല.  1980കള്‍ വരെ രാമജന്മഭൂമിയെന്നു എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അടക്കം വാഴ്ത്തിയിരുന്ന അയോദ്ധ്യ കേവലം ബാബറി മസ്ജിദ് മാത്രമാണെന്നു പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ അവര്‍ക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ല തന്നെ.

ഒരു സമൂഹത്തെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നത് തങ്ങളുടെ സംസ്‌കാരത്തെയും, പൂര്‍വികരെയും കുറിച്ചുള്ള അഭിമാനമാണ്, സ്വത്വബോധമാണ.്  സഹിഷ്ണുതയും സഹവര്‍ത്തിത്വവും ജീവിത വ്രതമാക്കി ഇവിടെ ജീവിച്ചിരുന്ന നമ്മുടെ പൂര്‍വികര്‍, തങ്ങളെ പോലെ മതത്തിന്റെ പേരില്‍ വെട്ടിപ്പിടിച്ചും, വേട്ടയാടിയും നടന്നിരുന്നവരായിരുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം അതുകൊണ്ട് തന്നെ ബൗദ്ധികമായ അധിനിവേശമായി വേണം നാം മനസ്സിലാക്കാന്‍.

(കേസരി വാരികയിൽ 2015 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം )

സൂചകങ്ങൾ

*സാ.വ  സാധാരണ വര്‍ഷം ((CE-Common Era) 
**വോയിസ് ഓഫ് ധര്‍മ്മ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഹിന്ദുക്ഷേത്രങ്ങള്‍: അവയ്ക്ക് എന്ത് സംഭവിച്ചു ?' (ഭാഗം 2) എന്ന ഗ്രന്ഥത്തില്‍ ഈ കത്തിടപാടുകള്‍ ലഭ്യമാണ്)
ഈ ഗ്രന്ഥം ഇന്റര്‍നെറ്റിലും ലഭ്യമാണ് 
http://voiceofdharma.org/books/htemples2


3 comments:

  1. ശാസ്താവിന് ആര്യതാതൻ എന്നൊരു പര്യായം ഉണ്ട്. ഇതിന്റെ ദ്രാവിഡ പരിഭാഷയാണ് അയ്യപ്പൻ എന്ന പദം. ആര്യൻ = അയ്യൻ (ശ്രേഷ്ഠൻ) , താതൻ = അപ്പൻ (നാഥൻ) ... ആര്യതാതൻ = അയ്യപ്പൻ

    ReplyDelete
  2. നല്ല ഉദ്യമം...അഭിനന്ദിക്കുന്നു.. ഇതിപ്പോ ഈ 2018ഇലും ശാസ്താവിനെ ബുദ്ധനാക്കാൻ പലരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്...

    ReplyDelete
    Replies
    1. ദയവുചെയ്ത് നിങ്ങളുടെ ഫോൺ നമ്പർ തരിക

      Delete