Friday, April 17, 2015

ക്ഷേത്രം ജനിക്കുന്നു

(2011 മെയ് 5, ബ്രഹ്മസ്ഥാന ക്ഷേത്രപ്രതിഷ്ഠ, കണ്ണൂർ)

 മനുഷ്യനെ ക്ഷയത്തില്‍ നിന്നും ഉദ്ധരിക്കുന്നതത്രേ ക്ഷേത്രങ്ങള്‍ അങ്ങിനെയുള്ള ക്ഷേത്രങ്ങള്‍ക്ക് ജീവന്‍ പകരലാണ് ക്ഷേത്രപ്രതിഷ്ഠ ഇന്നിതാ ഞാനും ഒരു പ്രതിഷ്ഠക്ക് സാക്ഷിയാകുന്നു . ഭാഗ്യവശാല്‍ മുന്‍പുംക്ഷേത്ര പ്രതിഷ്ഠകള്‍ കാണാന്‍ സാധിച്ചിട്ടുണ്ട് എന്നാല്‍ ഇത് അവയില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു .ഇവിടെ പ്രതിഷ്ഠ ഒരു മൂര്‍ത്തിക്കല്ല നാല് വ്യത്യസ്ത ദേവതകള്‍ക്ക് ഒരേ സമയം ഒരേ ശ്രീ കോവിലില്‍, ശിവനും ശക്തിയും ഗണേശനും മുരുകനും എല്ലാം ഒരു വിഗ്രഹത്തില്‍ (മുരുകരൂപം വിഗ്രഹത്തില്‍ കൊത്തിയിട്ടില്ല , പകരം നാഗ രൂപിയായ രാഹു വിന്റെ രൂപമാണ് ഉള്ളത് ഇത് സുബ്രഹ്മണ്യനെയും പ്രതിനിഥാനം ചെയ്യുന്നു  )ശിവ കുടുംബം !. നാല് എന്ന സംഖ്യ ഭാരതീയ സംസ്കാരത്തില്‍ വളരെ പ്രാധാന്യം ഉള്ളതാണ് നാന്മുഖനായ ബ്രമാവും ചതുര്‍വേദങ്ങളും,ചതുര്‍ ധാമങ്ങളും,ചാതുര്‍ വര്‍ണ്യവും, ചതുരാശ്രമങ്ങളും ഒക്കെ നാല് എന്ന സംഖ്യയുടെ മഹത്വംകാണിക്കുന്നു. ഇവിടെ ഉപാസകനായ തന്ത്രിയല്ല പ്രതിഷ്ടനിര്‍വഹിക്കുന്നത് ജനകോടികളുടെ ഉപാസനാ മൂര്‍ത്തിയായ ഒരു മഹാത്മാവാണ്. അദ്വൈതത്തിന്റെ അപാരതകള്‍ അനുഭവിച്ചറിഞ്ഞ, മഹാവാക്യങ്ങള്‍ അനുഭൂതിയായ ഒരു മഹാഗുരു: ശ്രീ മാതാ അമൃതാനന്ദമയി ദേവി . മറ്റേതു പ്രവര്‍ത്തികളും പോലെ സംസാരികളായ സാധാരണക്കാരെ ഈ ഭാവസാഗരം കടത്തുവാന്‍തന്നെയത്രേ  ജഗദ്ഗുരുവിന്റെ ഈ വരദാനവും.

             കോടിലിംഗപുരമെന്നു പുകള്‍പെറ്റ കൊടുങ്ങല്ലൂരിലാണ് അമ്മ ആദ്യമായി ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയത് . ഇന്നിതാ കണ്ണൻറെ ഊരായ കണ്ണൂരില്‍, കതിവന്നൂര്‍ വീരനും ,മാക്കപ്പോതിയും, ശ്രീമുത്തപ്പനും, മുച്ചിലോട്ടു ഭഗവതിയും ഉലഞ്ഞാടുന്ന ,തെയ്യത്തോറ്റങ്ങള്‍ ഉണര്‍ത്തു പാട്ട് പാടുന്ന, ദിവ്യഭൂവില്‍ അമ്മ പ്രതിഷ്ഠ നടത്താന്‍ പോകുന്നു .അതിനു സാക്ഷിയാകാന്‍ ഇവനും ഭാഗ്യമോ !

പ്രതിഷ്ഠാ മുഹൂര്‍ത്തത്തിനു വളരെ മുന്‍പുതന്നെ ഞങ്ങള്‍ ക്ഷേത്രത്തിൻറെ വടക്കേനടയിലായി നിലയുറപ്പിച്ചു.  ക്ഷേത്രപരിസ്സരം ഭക്തജനങ്ങളാല്‍ നിറഞ്ഞു, വിദേശികളും സ്വദേശികളും എല്ലാമുണ്ട് ആ കൂട്ടത്തില്‍. ഞെങ്ങി ഞെരുങ്ങി നില്‍ക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ പ്രഭാഷണം കേള്‍ക്കാമായിരുന്നു കുഷ്ഠരോഗിയെ മാറോടണച്ചു പുല്‍കിയ അമ്മയുടെ സ്നേഹ വാത്സല്യത്തെക്കുറിച്ചും,അവിടുത്തെ സന്ദേശങ്ങളെക്കുറിച്ചും  വളരെ ഹൃദയസ്പര്‍ശിയായി പ്രഭാഷകന്‍ പരാമര്‍ശ്ശിക്കുന്നുണ്ടായിരുന്നു .പ്രഭാഷണ ശേഷം പ്രതിഷ്ടക്ക് പ്രാരംഭമെന്നോണം പഞ്ചവാദ്യം മുഴങ്ങി .അമ്മയുടെ വരവിനെ പ്രതീക്ഷിച്ചു കൊണ്ട് ക്ഷേത്ര പരിസ്സരം മുഴുവന്‍ നിശബ്ദമായി മന്ദ്രജപങ്ങളില്‍ മുഴുകി, ഹൃദയ നിവാസ്സിനിയായ അമ്മയെ നേത്രങ്ങള്‍ തേടികൊണ്ടിരുന്നു , മേളം ഉച്ചസ്ഥായിയിലെത്തി അതാ അമ്മ വരികയായി .
'പൂര്‍ണബ്രഹ്മസ്വരൂപിണി' എന്നു ഓട്ടൂര്‍ പാടിപ്പുകള്‍ത്തിയ സമസ്ത ദേവതകളെയും തന്നില്‍ താനറിഞ്ഞ അമ്മ .ഇന്നിതാ ലോകകല്യാണാര്‍ത്ഥം ആഗതയായിരിക്കുന്നു തെൻറെ കേശഭാരം മുകളില്‍ കെട്ടിവച്ച് മഞ്ഞച്ചേലകൊണ്ട് മേല്‍വസ്ത്രം ധരിച്ചു കഴുത്തില്‍ സമൃദ്ധമായ പുഷപ്പഹാരമണിഞ്ഞു പ്രതിഷ്ടക്ക് തയാറായി അമ്മ എത്തിയപ്പോള്‍ മനസ്സില്‍ ഭക്തിയുടേയും ഭയത്തിൻറെയും ആനന്ദത്തിൻറെയുമൊക്കെ സമ്മിശ്ര വികാരങ്ങള്‍ ഒളിമിന്നി , "ശിവം ഭൂത്വാ ശിവം യജേത്" (ശിവനായ് തീര്‍ന്നു ശിവനെ പൂജിക്കുക ) എന്നുള്ളത് അന്വര്‍ത്ഥമാകുകയായിരുന്നു .അമ്മയുടെ മുഖം പ്രസന്ന ഗംഭീരമായിരുന്നു ശ്യാമ വര്‍ണമാര്‍ന്ന അവിടുത്തെ തിരു:മുഖം ഇപ്പോള്‍ കൂടുതല്‍ കമനീയമായ് തോന്നുന്നു .സന്യാസി ശ്രേഷ്ഠരാല്‍ ഭിരാവൃതയായി ഗംഭീര ഭാവത്തില്‍ നില്‍ക്കുന്ന അമ്മയെ കാണുമ്പോള്‍
ഉമാനാഥനായ പശുപതിയെ തന്നെയാണ് ഓര്‍മവരിക.
സൂര്യന്‍ തൻറെ തീവ്രതാപത്തെ തെല്ലോന്നോതുക്കി അമ്മക്ക് മംഗളമോതി, പതിവുപോലെ ശുഭ സൂചകമായി കൃഷ്ണപ്പരുന്തുകള്‍ നീലാകാശത്ത്‌ വട്ടമിട്ടു പറന്നു ,അമ്മ പ്രത്യേകമായി തയ്യാറാക്കിയ പടികള്‍ കയറി ക്ഷേത്രത്തിനു  മുകളില്‍ സജ്ജമാക്കിയ തട്ടിനു മുകളിലെത്തി. എല്ലാ ദിക്കുകളിലേക്കും പൂക്കള്‍ വര്‍ഷിച്ചു അനന്തരം അവിടുന്ന് അര്‍ത്ഥപത്മാസനത്തില്‍ ഉപവിഷ്ടയായി പൂജതുടങ്ങി. ധ്യാന നിമാഗ്നയായ അമ്മ ഓരോ കുംഭങ്ങളായി എടുത്തു പ്രതിഷ്ടിച്ചു അവയില്‍ ധാന്യങ്ങളും മറ്റും നിറച്ചു അതിനുശേഷം ഓരോ കലശങ്ങളായി അഭിഷേകം ചെയ്തു. താഴികക്കുടത്തിനു പൂജയും കര്‍പ്പൂര ആരതിയും ചെയ്തതിനു ശേഷം ശ്രീകോവിലില്‍ പ്രവേശിച്ച  അമ്മ നാല് വശവുമുള്ള വാതിലുകളിലൂടെ ഭക്തര്‍ക്ക്‌ നേരെ പുഷ്പവര്‍ഷം ചൊരിഞ്ഞു. പീഠപൂജക്ക്‌ ശേഷം നാല് നടകളും അടച്ചു ഭക്തര്‍ 'ഓം ശിവശക്ത്യൈക്യരൂപിണ്യ  നമ:'  എന്ന മന്ത്രം ജപിച്ചു കൊണ്ടേയിരുന്നു . സമയം ഏറെ നീങ്ങി "സമാനോ മന്ത്ര: സമിതി സമാനോ" എന്ന സുക്ത ഋക്കുകള്‍ പോലെ എല്ലാ ചുണ്ടുകളിലും ഒരേ മന്ത്രം എല്ലാ കണ്ണുകളും ഒരേ ലക്ഷ്യത്തില്‍ എന്തിന്, എല്ലാ ഹൃദയവും സ്പന്ദിക്കുന്നത് പോലും ഒരേ താളത്തില്‍ എന്നു തോന്നി പോകുന്നു 

മാതൃ ഗര്‍ഭത്തില്‍ ഉരുവം കൊള്ളുന്ന  കുട്ടിയെ പോലെ ഇവിടെ ഒരു ക്ഷേത്രം പിറന്നു വീഴുകയാണ്. ആത്മാംശം പകര്‍ന്നു നല്‍കുന്ന പിതാവും,ഉദരത്തില്‍ പേറുന്ന മാതാവും,ബ്രഹ്മത്വത്തിലെക്കുയർത്തുന്ന ഗുരുവും  ഇവിടെ ഒരാള്‍ തന്നെ. അതെ ശിലയെ പോലും ശിവനാക്കി മാറ്റുന്നവള്‍. മാനവനില്‍ മാധവത്വത്തെ ദര്‍ശിക്കുന്നവള്‍. മണി നാദവും മന്ത്രധ്വനികളും പഞ്ചവാദ്യവും ചേര്‍ന്ന് ഗംഭീരമായ പ്രണവ ശബ്ദമായി മാറി.  പ്രതിഷ്ഠ കഴിഞ്ഞു നാല് നടകളും ഒരുമിച്ചു തുറന്നു വിഗ്രഹത്തിൽ നീരാജ്ഞനം ഉഴിഞ്ഞ, അമ്മ കലശാഭിഷേകം നടത്തി.കര്‍പ്പൂരാരതി ചെയ്ത ശേഷം എല്ലാ നടയുടെയും മുന്‍പിലെത്തി തീര്‍ത്ഥം തളിച്ചു .
Amma doing abhisheka to the dietyAmma doing the Abhisheka to the Kalasha
ഇവിടെ ഒരു പ്രതിഷ്ടാ കര്‍മം പൂര്‍ത്തിയായിരിക്കുന്നു മാനവ രാശിക്ക് വേണ്ടി നിലനില്‍ക്കുന്ന ഒരു പുണ്യ സങ്കേതം. ജനങ്ങളെ ഭൗതികമായും,സാംസ്കാരികമായും, ആത്മീയമായും ഉയര്‍ത്താന്‍ സര്‍വ ഭേദബുദ്ധിയും വെടിഞ്ഞൊത്തു കൂടാനൊരു സങ്കേതം. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മത്തെ അറിയാന്‍ സാധിക്കാത്ത നമുക്ക് അതിനെ അറിയാന്‍ ഒരു സ്ഥാനം,  അതെ ഇതൊരു ക്ഷേത്രത്തിന്റെ പിറവി.. വിദഗ്ധനായ ഒരു ശില്പ്പിയെ പോലെ അമ്മ നാം ഓരോരുത്തരിലും ബ്രഹ്മസ്ഥാന  ക്ഷേത്രങ്ങള്‍ നിര്‍മിച്ചു  കൊണ്ടിരിക്കുന്നു,  ക്ഷയത്തില്‍ നിന്നും ക്ഷതത്തില്‍ നിന്നും പരനെ  കരകയറ്റുന്ന ബ്രഹ്മതത്വത്തിൻറെ വാസസ്ഥാനമായ ബ്രഹ്മസ്ഥാന ക്ഷേത്രങ്ങള്‍.

വിഷു: ഭാരതത്തിന്റെ തനത് പുതുവര്‍ഷം




ശ്വര്യപൂര്‍ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട് നാമെല്ലാം വിഷു കൊണ്ടാടുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. കണികണ്ടുണര്‍ന്നും, കൈനീട്ടം നല്‍കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാട് ഈ ആഘോഷത്തെ വരവേല്‍ക്കുന്നു. സൂര്യഭഗവാന്‍ തന്റെ ഉച്ചരാശിയായ മേഷരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി ആചരിച്ചു വരുന്നത്.വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു. പാരമ്പരാഗത കാലഗണന പ്രകാരം മേടം ഒന്നാം തീയതിയാണ് മേടവിഷു. സംഘകാല കൃതികളില്‍ പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഭാരതത്തിലെമ്പാടും ഈ ദിവസം വളരെ അധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. . 

കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്‍ക്കുന്നു. കൈനീട്ടവും, വിഷുക്കോടിയും, വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു. മഹാവിഷുവസംക്രാന്തിയായാണ് ഒഡീഷയിലെ ജനങ്ങള്‍ക്ക് ഈ ദിവസം. മഹാവിഷുവസംക്രാന്തിയോടനുബന്ധിച്ച് 21 വരെ ദിവസം നീണ്ടുനില്‍ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡിഷയില്‍ പലയിടത്തും ആചരിക്കപ്പെടുന്നു.  വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് പഞ്ചാബില്‍ വിഷു, ബൈശാഖി (വൈശാഖി) എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.

ഉത്തരപൂര്‍വഭാരതത്തില്‍ ബോഡോ ജനവിഭാഗങ്ങള്‍  നൃത്തവും ദേവതാരാധനയുമോക്കെയായി  'ബ്വിസാഗു' എന്ന പേരിലാണ്   വിഷു ആഘോഷിക്കുന്നത്. ആസ്സാമില്‍: ബിഹു എന്ന പേരിലാണ് വിഷു ആഘോഷിക്കപ്പെടുന്നത് അസമിന്റെ ദേശീയോത്സവവുംകൂടിയായ ബിഹു ആഘോഷങ്ങള്‍ ഒരു മാസക്കാലത്തോളം നീണ്ടുനില്‍ക്കും. ബംഗാളത്തിലെ  വര്‍ണശബളമായ 'വിഷു'  ആഘോഷങ്ങളെ ബംഗാളികള്‍  'പഹേലാ ബൈശാഖ്' എന്ന് വിളിക്കുന്നു. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും, വിവിധതരാം പലഹാരങ്ങള്‍ പങ്കുവച്ചും  'പഹേലാ ബൈശാഖ്' ആഘോഷിക്കുന്നു.

വിഷുവിനു തുല്യമായി   മറാത്തികളും കൊങ്കണികളും ഗുഡി പഡ് വ കൊണ്ടാടുന്നു. ഈ ആഘോഷത്തോടനുബന്ധിച്ച് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നു.  തമിഴ്‌നാട്ടില്‍ 'പുത്താണ്ട്' എന്നാ പേരിലാണ് വിഷുസംക്രമം ആഘോഷിക്കപ്പെടുന്നത്. ചക്കയും, മാങ്ങയും, വാഴപ്പഴവും, ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങ് തമിഴ് നാട്ടിലുമുണ്ട്. നേപ്പാള്‍, തായ്‌ലന്റ്, മ്യാന്മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ വിഷു സംക്രമത്തോടനുബന്ധിച്ച് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഇന്നും നടന്നു വരുന്നു.

ഭാരതത്തിന്റെ തെക്കേയറ്റത്ത് മലയാളി തന്റെ പുതുവര്‍ഷാരംഭമായ വിഷുദിനത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടുണരുമ്പോള്‍ വടക്കേയറ്റത്ത്, വര്‍ണംകൊണ്ടും, ഭാഷകൊണ്ടും, ജീവിത രീതികള്‍ കൊണ്ടും വ്യത്യസ്ഥനായ കശ്മീരിയും തന്റെ പുതു വര്‍ഷമായ 'നവരേഹ്' ദിനം ആരംഭിക്കുന്നത് സമാനമായ കണികാണലിലൂടെയാണ്.

ജ്യോതിശാസ്ത്രവസ്തുതകളെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും അവയെ കൃഷിയടക്കമുള്ള നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില നിപുനതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ പ്രപിതാമഹന്മാരെക്കുറിച്ച് വിഷു നമ്മോടു നിശബ്ദമായ് സംവദിക്കുന്നു. ഒരു രാഷ്ട്രം ഭാഷാപരമായും, ഭൂമിശാസ്ത്രപരമായും ഭിന്നിച്ചു നിന്നാലും അതിന്റെ ആത്മാവാകുന്ന സംസ്‌കൃതി അത്തരം ഭിന്നതകളെ ഒക്കെ മനോഹരമായി സംയോചിപ്പിക്കുന്നത് എങ്ങനെയെന്ന് വിഷു നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.  
ഭാരതം മുഴുവന്‍ അതിന്റെ തനതായ പുതുവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ സമൃദ്ധിയും, സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം..
വന്ദേ മാതരം,


(മാതൃവാണി മാസികയുടെ 2015 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

Tuesday, February 3, 2015

അയ്യപ്പപന്റെ ബൗദ്ധപാരമ്പര്യം: മിത്തുകളും യാഥാര്‍ത്ഥ്യവും


പുരാവൃത്തങ്ങളും(Myths) ചരിത്രവും എപ്പോഴും ഊടും പാവും പോലെ പരസ്പരം കൂടിക്കലര്‍ന്നാണ് കാണപ്പെടുന്നത്. മിത്തുകള്‍ ഉള്‍ക്കൊള്ളാത്ത ചരിത്രമോ, ചരിത്രാംശം ഉള്‍ക്കൊള്ളാത്ത മിത്തുകളോ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ചരിത്രത്തെ നിഷ്പക്ഷമായി സമീപിയ്ക്കാന്‍ ശ്രമിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മിത്തുകള്‍ ഒരു വിഘാതമായി വര്‍ത്തിയ്ക്കുകയില്ല മറിച്ച് പലപ്പോഴും അവ ചരിത്രത്തെക്കുറിച്ച് സ്പഷ്ടമായി സംവദിക്കുന്ന ഒരു സഹായിയായി തീര്‍ന്നെന്നും വരാം. എന്നാല്‍ ചരിത്രപഠനത്തിനു ശക്തമായ വെല്ലുവിളിയായി നിലകൊള്ളുന്നത് നിക്ഷിപ്ത താത്പര്യത്തോടെയുള്ള കപടചരിത്ര രചനയാണ്. ഒരു ജനതയുടെ പാരമ്പര്യവിശ്വാസങ്ങളെയും അവരുടെ ചരിത്രത്തെയും വികലമാക്കി അവതരിപ്പിച്ച് ആ ജനതയുടെ സ്വത്വബോധത്തെ ഇല്ലായ്മ ചെയ്യുവാന്‍ പര്യാപ്തമായ ആയുധമായാണ് ഇത്തരം വികലചരിത്രരചന ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ഭാരതത്തിന്റെ അഥവാ ഹിന്ദുത്വത്തിന്റെ സ്വത്വത്തെ നിഷേധിക്കുവാനുള്ള ശ്രമം വളരെ ഏറെ കാലങ്ങളായി തുടര്‍ന്നു പോരുന്നതാണ്. ആര്യന്‍ അധിനിവേശ സിദ്ധാന്തവും , ശൈവവൈഷ്ണവ, ബൗദ്ധഹിന്ദു സംഘട്ടനസിദ്ധാന്തങ്ങളും ഒക്കെ ഇത്തരത്തില്‍ ചരിത്രത്തെ വികലമാക്കപ്പെടുന്നതിനായി ബോധപൂര്‍വ്വം നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിഷബീജങ്ങളാണ്. ആരാധ്യപുരുഷന്മാരുടെയും, തീര്‍ത്ഥാടനകേന്ദ്രങ്ങളുടെയും ഒക്കെ ചരിത്രങ്ങള്‍ വികലമാക്കാനുള്ള ശ്രമം വളരെ സംഘടിതരീതിയില്‍ തന്നെ നടന്നു വരുന്നു.

 ശബരിമലയുടെയും, ശാസ്താവിന്റെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. പലപ്പോഴും ചരിത്രത്തിന്റെ മൊത്തകുത്തക അവകാശപ്പെടുന്ന പലരും, വിശേഷിച്ചും ഇടതുപക്ഷ ചരിത്രകാരന്മാര്‍ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളെ ബ്രാഹ്മണ അധിനിവേശം സംഭവിച്ച ബുദ്ധവിഹാരമായി ചിത്രീകരിക്കാന്‍  ശ്രമിക്കുന്നതായി കാണാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വാദത്തിനു എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ ? ശബരിമലയിലെ അയ്യപ്പസ്വാമി രൂപ പരിണാമം സിദ്ധിച്ച ശ്രീ ബുദ്ധനാണോ ? അല്ലായെങ്കില്‍ അയ്യപ്പ സങ്കല്‍പ്പത്തിന്റെ മൂലം എന്താണ് ? വളരെ ഗഹനമായ ഈ വിഷയത്തെ നാം സമഗ്രമായി തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു.

ശാസ്താവ് എന്ന പേര് തന്നെ ബുദ്ധ സൂചകമാണ് എന്നാണ് ഒരു വാദം. അമരകോശത്തില്‍ ബുദ്ധന്‍ എന്ന്  ശാസ്താവിന്  അര്‍ത്ഥം പറഞ്ഞിട്ടുണ്ട് എന്നതാണ് ഇതിനായി  പറയുന്ന ന്യായം. ബുദ്ധന്‍ എന്ന പദത്തിന്  'യോ ബുദ്ധവാന്‍  സദൈവ ജ്ഞാതാസ്തി സ ബുദ്ധോ ജഗദീശ്വരഃ'  എല്ലായ്‌പ്പോഴും എല്ലാത്തിനെയും അറിഞ്ഞു കൊണ്ടിരിക്കുന്നവന്‍ അതായത് ഈശ്വരന്‍ എന്നാണ് അര്‍ത്ഥം. ഈ പദമാകട്ടെ ഗൗതമ ബുദ്ധന്റെ കാലത്തിനും വളരെ പണ്ട് മുതലേ ഉപയോഗിച്ചു വരുന്നതുമാണ്. ബോധോദയം സിദ്ധിച്ചവന്‍ എന്ന അര്‍ത്ഥത്തിലാണ് സിദ്ധാര്‍ഥനു ബുദ്ധനെന്ന വിശേഷണം കൈവന്നത്. അതുകൊണ്ട് തന്നെ ശാസ്താവ് എന്നാല്‍ ഗൗതമ ബുദ്ധന്‍ ആണെന്ന് പറയാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ശാസ്താവ് എന്ന വാക്കിന്റെ അര്‍ത്ഥം ശാസനം ചെയ്യുന്നവന്‍ എന്നാണ്. ധര്‍മ്മശാസ്താവ് എന്നാല്‍ ധര്‍മ്മത്തെ ശാസനം ചെയ്യുന്നവന്‍ അഥവാ പരമാത്മാവ് എന്നര്‍ത്ഥം. സന്മാര്‍ഗ്ഗത്തെ ജനങ്ങള്‍ക്ക് ശാസനം ചെയ്തത് കൊണ്ട് ഗൗതമ ബുദ്ധനെ ശാസ്താവ് എന്നു വിശേഷിപ്പിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ശ്രീ ബുദ്ധനെ ശാസ്താവ് എന്ന് വിളിക്കുന്ന പതിവ് ബുദ്ധമതത്തില്‍ ഇല്ല. അത്തരമൊരു വിശേഷണം ബൗദ്ധസാഹിത്യങ്ങളിലോ, സമ്പ്രദായങ്ങളിലോ ഒന്നും തന്നെ കാണാന്‍ സാധിക്കുകയുമില്ല.

അതുപോലെ തന്നെ ശരണം വിളികള്‍ ബൗദ്ധസ്വാധീനത്തിനുള്ള തെളിവായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു. വേദത്തില്‍ എത്രയോ തവണ ശരണകീര്‍ത്തനം ചെയ്യുന്നുണ്ട് എന്ന വസ്തുത അവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു. പ്രസിദ്ധമായ ദുര്‍ഗ്ഗാ സൂക്തത്തിന്റെ ആരംഭം തന്നെ ദുര്‍ഗ്ഗാ ദേവിയോട് ശരണം തേടിക്കൊണ്ടാണ്. ഇന്ദ്രത്രിധാതു ശരണം (6.46.9), തിസ്രോ ദേവീഃ സ്വധയാ ബര്‍ഹിരേദമച്ഛിദ്രം പാന്തു ശരണം നിഷദ്യ (2.3.8.) എന്നൊക്കെ ഋഗ്വേദത്തില്‍ ശരണകീര്‍ത്തനം ചെയ്യുന്നുണ്ട്.  പൗരാണിക സ്‌തോത്രങ്ങളിലും ഒക്കെ ഇത്തരം ശരണം വിളികള്‍ നിറഞ്ഞു നില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഒരു പക്ഷെ ഇത്തരതതില്‍ വിവിധ വൈദിക ദേവതകളോടുള്ള ശരണം വിളികളായിരിക്കും പില്‍ക്കാലത്ത് 'ബുദ്ധം ശരണം ഗച്ഛാമി ധര്‍മ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി' എന്ന ശരണത്രയങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ ബൗദ്ധര്‍ക്ക് പ്രചോദനമായത്.

ശബരിമല തീര്‍ത്ഥാടനത്തിലെ ഒരു സവിശേഷത തീര്‍ത്ഥാടകന്‍ അനുഷ്ടിക്കുന്ന 41 ദിവസത്തെ വ്രതമാണ് ഈ വ്രതത്തെ  ബുദ്ധമതത്തിലെ അഷ്ടമാര്‍ഗ്ഗങ്ങളുമായി ചിലര്‍ ചേര്‍ത്ത് വായിക്കുന്നു. എന്നാല്‍ മദ്യമാംസവര്‍ജ്ജനവും, ശൗചാദി നിഷ്ഠകളും ഒക്കെ  നിഷ്‌കര്‍ഷിക്കുന്ന മണ്ഡല വ്രതം യോഗദര്‍ശനങ്ങളിലെ യമനിയമാദികളോടും വേദാന്തത്തിലെ ശമദമാദികളോടുമാണ് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ഇത്തരം വ്രതങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ടു മാത്രമല്ല മറ്റു പല അവസരങ്ങളിലും ഹിന്ദുക്കള്‍ ആചരിക്കാറുള്ളതും ആണ്. പള്ളിക്കെട്ട് എന്ന് ഇരുമുടിക്കെട്ടിനെ വിളിക്കാറുണ്ട്,ഇതിലെ  പള്ളി എന്ന വിശേഷണം  ബൗദ്ധ സൂചകമാണ് എന്നാണു മറ്റൊരു വാദം. എന്നാല്‍ പള്ളിവാള്, പള്ളിയറ, പള്ളിപ്പല്ലക്ക് എന്നിങ്ങനെ ബഹുമാന സൂചകമായ് മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയാണ് 'പള്ളി' എന്നത് സൗകര്യപൂര്‍വം മറക്കുന്നു. 

മറ്റൊരു രസകരമായ വാദം അയ്യപ്പന്‍ ഇരിക്കുന്നരീതിയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതിനാല്‍ ബുദ്ധന്‍ ആണെന്നാണ്. യോഗപട്ടാസനത്തില്‍  യോഗദക്ഷിണാമൂര്‍ത്തി, യോഗനരസിംഹമൂര്‍ത്തി മുതലായ വിഗ്രഹങ്ങളോട് സദൃശ്യമായാണ് അയ്യപ്പസ്വാമി  ഇരിക്കുന്നത്. എന്നാല്‍ ലോകത്തെവിടെയും ഇത്തരത്തില്‍ ബുദ്ധവിഗ്രഹം ഇല്ല. ബുദ്ധ വിഗ്രഹങ്ങള്‍ പൊതുവെ പത്മാസനത്തില്‍ ആണ് കാണപ്പെടുന്നത്. ഇങ്ങനെ ബൗദ്ധ സ്വാധീനം തെളിയിക്കാനായി പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ വാദങ്ങളും അടിസ്ഥാനരഹിതമാണ്  എന്ന് നിസ്സംശയം പറയാന്‍ സാധിക്കും എന്ന് മാത്രമല്ല ശബരിമലയിലെ ആചാര വിശേഷങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന പക്ഷം ആ ക്ഷേത്രസങ്കേതത്തിനോ, അവിടുത്തെ ദൈവതത്തിനോ യാതൊരു കാരണവശാലും ബൗദ്ധസംബന്ധം ഇല്ല എന്നും മനസ്സിലാക്കാം.


ഉദാഹരണത്തിന് അയ്യപ്പനെ വില്ലാളി വീരനായും, വീരമണികണ്ഠനായും, ശത്രുസംഹാര മൂര്‍ത്തിയായും ഒക്കെ വാഴ്ത്തുന്ന ശരണം വിളികളും.ശബരിമലയില്‍ നടന്നു വരുന്ന ഗുരുതി തര്‍പ്പണം, രജസികഭാവത്തിലുള്ള വെളിച്ചപ്പാട് മുതലായ ആചാരവിശേഷങ്ങളും  ഒക്കെ തന്നെ ബൗദ്ധദര്‍ശനങ്ങളുമായി യോജിക്കുന്നില്ല. മാത്രമല്ല മാലയിട്ടവര്‍ സര്‍വ്വരേയും അയ്യപ്പനായി കരുതുന്നു അവരെയും സര്‍വ്വരും അയ്യപ്പനായി കരുതുന്നു ഇത് അദൈ്വതവേദാന്തദര്‍ശനത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ബൗദ്ധ ദര്‍ശനത്തില്‍ ഈ ഭാവം കാണാന്‍ സാധിക്കുകയില്ല. ശബരിമല ബുദ്ധക്ഷേത്രമാണെന്ന്  ഹുയാന്‍സാങ്ങ് പറഞ്ഞിട്ടുണ്ടെന്ന വിചിത്ര വാദവും ചിലര്‍ മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ ഹുയാന്‍ സാങ്ങ് കേരളമോ പരിസര പ്രദേശങ്ങളോ സന്ദര്‍ശിക്കുകപോലും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. എറ്റവും ശ്രദ്ധേയമായ വസ്തുത ശബരിമലയിലോ പരിസര പ്രദേശങ്ങളിലോ ബുദ്ധമതസ്വാധീനം ഉണ്ടായിരുന്നു എന്നതിന,് 'ആയിരിക്കാം, പറയപ്പെടുന്നു' മുതലായ വാദകോലാഹലങ്ങളല്ലാതെ ചരിത്രപരമായ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ്. 

ബുദ്ധനല്ലെങ്കില്‍ അയ്യപ്പന്‍ പിന്നെയാരാണ് ?  പുരാവൃത്തങ്ങള്‍ക്കുപരി ചരിത്രത്തിന് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത് ? ശബരിമലയിലും  അയ്യപ്പനിലും കാണാന്‍ സാധിക്കുന്നത് വൈദികവും ദ്രാവിഡവുമായ ആരാധനാ രീതികളുടെ സമ്മേളനമാണ് എന്ന് അഭിപ്രായമുണ്ട്. ആചാരലോപം സംഭവിച്ച ക്ഷത്രിയരാണ് ദ്രാവിഡര്‍ എന്ന മനുവിന്റെ അഭിപ്രായത്തെ മാനിച്ചാല്‍  ദ്രാവിഡരെ വേദബാഹ്യരായ ഒരു ജനവിഭാഗമായി നിര്‍ണയിക്കാന്‍ സാധിക്കുകയില്ല. സനാതനസംസ്‌കൃതി രൂപപ്പെട്ടിരിക്കുന്നതു തന്നെ കാലദേശാതിവര്‍ത്തിയായ നിഗമവും, ദേശകാലാനുസരണം പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഗമവും ആയ ശ്രുതികളുടെ അടിസ്ഥാനത്തില്‍ ആണല്ലോ. അപ്രകാരം ചിന്തിക്കുമ്പോള്‍ ഈ നിഗമആഗമ സമന്വയം തന്നെയാണ് ശബരിമലയിലും സംഭവിച്ചിരിക്കുന്നത്. കുഴിക്കാട്ട്പച്ച മുതലായ ഗ്രന്ഥങ്ങളില്‍ ശാസ്താവിനു കല്‍പ്പിച്ചിരിക്കുന്ന ധ്യാന ശ്ലോകത്തില്‍ ശാസ്താവിനെ ആര്യകന്‍ എന്ന് സംബോധന ചെയ്തിരിക്കുന്നു. 'ആര്യ' ശബ്ദം ലോപിക്കുമ്പോള്‍ അയ്യ എന്നായി തീരുന്നു. ശ്രേഷ്ഠ എന്ന അര്‍ത്ഥത്തില്‍ സംസ്‌കൃതത്തില്‍ ഉപയോഗിക്കുന്ന ഈ 'ആര്യ' ശബ്ദം ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അതേ അര്‍ത്ഥത്തില്‍ 'അയ്യ' എന്ന് ഉപയോഗിക്കപ്പെടുന്നു. 


ശാസ്താവ് എന്ന ദേവതയുടെ ഉപാസന വളരെ പ്രാചീനമാണെന്ന് വേണം കരുതാന്‍. സാ.വ മൂന്നാം നൂറ്റാണ്ടില്‍*  ശാസ്താവിന്റെ ആരാധന ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ആര്‍ക്കോട് എന്ന സ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം നൂറ്റാണ്ടിലെ ശിലാലിഖിതത്തില്‍ അയ്യപ്പനെന്നും, ശാസ്താവ് എന്നും പരാമര്‍ശിച്ചു കാണുന്നുണ്ട്. 'ശ' എന്ന അക്ഷരം ഗ്രാമ്യ ഭാഷയില്‍ 'ച' എന്ന് ഉച്ചരിക്കാറുണ്ട്(ശ്രാദ്ധംചാത്തം, ശ്രീഭഗവതിചീപോതി ). സംഘകാല കൃതികളിലും മറ്റും അപ്രകാരം ശാസ്താവിനെ ചാത്തന്‍ എന്ന് വ്യവഹരിക്കുന്നതായി കാണാം. ഈ ശാസ്താ പ്രതിപാദ്യങ്ങളെല്ലാം ബുദ്ധനെ സംബന്ധിച്ചുള്ളതാണ് എന്ന് സ്ഥാപിക്കുകയാണ് ശബരിമല ശാസ്താവ് ബുദ്ധനാണ് എന്ന് ശഠിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത .7ാം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന  ശൈവ കവി അപ്പര്‍ തന്റെ കൃതികളായ തേവാരങ്ങളിലൊന്നില്‍ ശാസ്താവിനെ ഹരിഹരസുതന്‍  ആയി വാഴ്ത്തുന്നുണ്ട്. അതുപോലെ തന്നെ തിരുജ്ഞാനസംബന്ധര്‍ തന്റെ കൃതികളിലൊന്നില്‍  ബ്രഹ്മചാരിയായ ദേവനായും, യുദ്ധനിപുണനായും, ശിവഭൂതങ്ങളുടെ നാഥനായും അയ്യപ്പനെ വാഴ്ത്തുന്നുണ്ട്. ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന കേരളദേശത്തിന്റെ രക്ഷയ്ക്കായി ശബരിമലയിലും, പൊന്നമ്പലമേട്ടിലും അടക്കം ശാസ്താക്ഷേത്രങ്ങള്‍ പരശുരാമന്‍ പ്രതിഷ്ഠിച്ചു എന്ന പരമ്പരാഗത ഐതീഹ്യത്തെയും അനുസ്മരിക്കാതെ തരമില്ല. 


അയ്യപ്പന്‍, ശാസ്താവ്, അയ്യനാര്‍, മണികണ്ഠന്‍, ചാത്തന്‍ എന്നിങ്ങനെ വ്യത്യസ്ഥ പേരുകളിലും വേട്ടശാസ്താവ്, വീരശാസ്താവ്, വിദ്യാശാസ്താവ്, ബാലശാസ്താവ്, ബ്രഹ്മചാരി, പ്രഭാ സത്യക സമേത ശാസ്താവ്, പൂര്‍ണപുഷകലസമേതശാസ്താവ്, വൈദ്യശാസ്താവ് എന്നിങ്ങനെ വ്യത്യസ്ഥ ഭാവങ്ങളിലും ശാസ്താവ് കല്‍പ്പിക്കപ്പെടുന്നു. ഇതില്‍ പ്രഭ എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടെ ഇരിക്കുന്ന ഭാവമാണ് കേരളത്തിലെ തന്ത്ര വിതാനങ്ങളില്‍ സാധാരണയായ് കണ്ടു വരുന്നത്.എന്നാല്‍ ശബരിമലയ്ക്കു പില്‍ക്കാലത്തു വന്നു ചേര്‍ന്ന പ്രസിദ്ധി യോഗിഭാവത്തില്‍ യോഗപട്ടാസനം ധരിച്ചു ചിന്മുദ്രയേന്തിയ  ഭാവത്തിനു കൂടുതല്‍ പ്രചാരം നേടിക്കൊടുത്തു.

ശബരിമലയിലെ ശാസ്താവ് അദൈ്വതത്ത്വം ഉപദേശിക്കുന്ന ഭാവത്തില്‍ ആണ് പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിന്മുദ്ര എന്ന് പുകള്‍പെറ്റ ജ്ഞാനമുദ്ര  അദൈ്വത ദര്‍ശനത്തെയും,  യോഗപട്ടാസനം കഠിനതപസ്സിനെയും പ്രതിനിധാനം ചെയ്യുന്നു. 'കരകലിത ചിന്മുദ്രമാനന്ദമൂര്‍ത്തിം'  എന്ന് ആദിഗുരുവായ ദക്ഷിണാ മൂര്‍ത്തി ചിന്മുദ്രയിലൂടെ വേദാന്ത തത്വം ഉപദേശിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ഗീതോപദേശം ചെയ്യുമ്പോള്‍ ഭഗവാന്‍ ശ്രീ കൃഷ്ണനും ജ്ഞാനമുദ്രയെ ധരിച്ചിരിക്കുന്നതായി വര്‍ണിക്കപ്പെട്ടിരിക്കുന്നു( 'ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമ:'). 'തത്ത്വമസി' എന്ന മഹാവക്യ ഉപദേശം തന്നെയാണ് ശബരിമലയിലെ ശാസ്താവിന്റെ തത്വവും ഒരു പക്ഷെ ഇതിനാലായിരിക്കാം ശരണ മന്ത്രങ്ങളില്‍ 'ഗുരുവിന്‍ഗുരുവായും', ഭവസാഗരത്തെ താരം ചെയ്യിക്കുന്ന താരകബ്രഹ്മമായും ഒക്കെ  അയ്യപ്പന്‍ വര്‍ണിക്കപ്പെടുന്നതും, സകല ഭൂതങ്ങളിലും തന്നിലും അയ്യപ്പനെ ദര്‍ശിക്കുന്ന അദ്വൈത ഭാവം അയ്യപ്പ ഭക്തര്‍ കാത്തു സൂക്ഷിക്കുന്നതും.

അയ്യപ്പന്‍ ഗുരുസ്വരൂപനായ പരമാത്മാവ് തന്നെയാകുന്നു. പുരാവൃത്തങ്ങളിലെ ഹരിഹരസുതനും, ചരിത്രത്തിലെ പന്തളദാസനും, സ്തുതികളിലെ വീരനായകന്മാരും ഒക്കെ ധര്‍മ്മശാസനാര്‍ത്ഥം അവിടുന്ന് സ്വീകരിച്ച അവതാരങ്ങളും!. അഥവാ അധര്‍മ്മം നടമാടുന്ന കാലങ്ങളിലൊക്കെ ധര്‍മ്മരക്ഷക്കായി എത്തിയവരിലൊക്കെ സ്വന്തം ഇഷ്ടദേവനെ ദര്‍ശിക്കുന്ന ആര്‍ഷഭൂമിയുടെ മഹിത പാരമ്പര്യത്തിന്റെ പ്രകാശനമാകാം ഈ അയ്യപ്പ കഥകളിലൊക്കെ നാം കാണുന്നത്.    

അയ്യപനെ ബുദ്ധനായും, ശബരിമലയെ ബ്രാഹ്മണ അധിനിവേശം ചെയ്യപ്പെട്ട ബുദ്ധക്ഷേത്രമായും ഒക്കെ ചിത്രീകരിക്കേണ്ടത്  പലരുടെയും ആവശ്യമാണ്. ചരിത്രവഴികളില്‍ തങ്ങള്‍ ചെയ്ത ധ്വംസനങ്ങളെയും, ക്രൂരമായ നരഹത്യകളെയും സാമാന്യവല്‍കരിക്കാന്‍ വളരെ കൃത്യമായ ആസൂത്രണത്തോടെ ചെയ്യുന്നതാണ് ഈ വികല ചരിത്ര രചന. ഭാരതത്തില്‍  ബുദ്ധജൈന ക്ഷേത്രങ്ങള്‍ ഹിന്ദുക്കളാല്‍ ആക്രമിക്കപ്പെട്ടു എന്നും മറ്റുമുള്ള ഇടതുപക്ഷ വാദങ്ങള്‍ സത്യത്തിനു നിരക്കാത്തതും ദുരുപദിഷ്ടങ്ങളുമാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പുരാതനഭാരതചരിത്രത്തില്‍ അഗാധപണ്ഡിതനായിരുന്ന സീതാറാം ഗോയലും ഇടതുപക്ഷ ചരിത്രകാരന്മാരുടെ കിരീടം വയ്ക്കാത്ത രാജ്ഞിയായ റോമിലാ ഥാപ്പറും പ്രസ്തുത വിഷയത്തില്‍ നടത്തിയ കത്തിടപാടുകള്‍** കപട ചരിത്ര രചനയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നു. 

ഭാവിയില്‍ ഒരു പടികൂടി കടന്നു വാവരുടെ പേരിലുള്ള മുസ്ലീം ആരാധനാ കേന്ദ്രമായിരുന്നു ശബരിമലയെന്നും പിന്നീട് വന്ന ബ്രാഹ്മണര്‍ വാവരെ തരം താഴ്ത്തി ശബരിമലയെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു എന്നും ഒരു വാദം ഈ ഇടതുപക്ഷ ചരിത്രകാരന്മാര്‍ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനില്ല.  1980കള്‍ വരെ രാമജന്മഭൂമിയെന്നു എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അടക്കം വാഴ്ത്തിയിരുന്ന അയോദ്ധ്യ കേവലം ബാബറി മസ്ജിദ് മാത്രമാണെന്നു പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ അവര്‍ക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ല തന്നെ.

ഒരു സമൂഹത്തെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നത് തങ്ങളുടെ സംസ്‌കാരത്തെയും, പൂര്‍വികരെയും കുറിച്ചുള്ള അഭിമാനമാണ്, സ്വത്വബോധമാണ.്  സഹിഷ്ണുതയും സഹവര്‍ത്തിത്വവും ജീവിത വ്രതമാക്കി ഇവിടെ ജീവിച്ചിരുന്ന നമ്മുടെ പൂര്‍വികര്‍, തങ്ങളെ പോലെ മതത്തിന്റെ പേരില്‍ വെട്ടിപ്പിടിച്ചും, വേട്ടയാടിയും നടന്നിരുന്നവരായിരുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം അതുകൊണ്ട് തന്നെ ബൗദ്ധികമായ അധിനിവേശമായി വേണം നാം മനസ്സിലാക്കാന്‍.

(കേസരി വാരികയിൽ 2015 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം )

സൂചകങ്ങൾ

*സാ.വ  സാധാരണ വര്‍ഷം ((CE-Common Era) 
**വോയിസ് ഓഫ് ധര്‍മ്മ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഹിന്ദുക്ഷേത്രങ്ങള്‍: അവയ്ക്ക് എന്ത് സംഭവിച്ചു ?' (ഭാഗം 2) എന്ന ഗ്രന്ഥത്തില്‍ ഈ കത്തിടപാടുകള്‍ ലഭ്യമാണ്)
ഈ ഗ്രന്ഥം ഇന്റര്‍നെറ്റിലും ലഭ്യമാണ് 
http://voiceofdharma.org/books/htemples2


Sunday, January 25, 2015

റിപ്പബ്ലിക്ദിന ചിന്തകള്‍

ജനുവരി 26നു ഭാരതം അതിന്റെ 65ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്.  ഏതൊരു രാഷ്ട്രവും എറ്റവും വിലമതിക്കുന്നത് അതിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയുമായിരിക്കും. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യമായ ഭരണഘടനയും , പരമാധികാരവും നിലവില്‍ വന്ന റിപ്പബ്ലിക് ദിനം ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ദിവസമാണ്. ആയിരത്താണ്ടുകളുടെ അടിമത്തത്തില്‍ നിന്നും രാഷ്ട്രത്തെ മോചിപ്പിക്കാന്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ചവരുടെയും, സ്വാതന്ത്ര്യാനന്തരം ശിഥിലമായി പോകുമായിരുന്ന ചെറുരാജ്യങ്ങളെ വീണ്ടും കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെന്ന എറ്റവും വലിയ ജനാധിപത്യ സൃഷ്ടിക്കു നേതൃത്വം വഹിച്ചവരെയും രാജ്യം ഈ അവസരത്തില്‍ ആദരവോടെ സ്മരിക്കുന്നു.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യമാകുമ്പോള്‍ നിരവധി നാട്ടു രാജ്യങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്ന ഭാഗങ്ങളെ മുഴുവന്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനെ പോലെയുള്ളവര്‍ അക്ഷീണം യത്‌നിക്കേണ്ടി വന്നു. ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍  ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്യേണ്ടാതായിട്ടുണ്ടായിരുന്നു.  ഭാഷ,  ഭക്ഷണരീതി, വേഷം, വിശ്വാസങ്ങള്‍, ജാതി, ആചാരങ്ങള്‍ എന്നിങ്ങനെ സാംസ്‌കാരികപരമായ വൈജാത്യങ്ങളും, ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രശ്‌നങ്ങളും 'ഇന്ത്യ' എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വിഖാതമായിത്തീരുമെന്ന ഭീതി ഒരുവശത്തും, അധികാരമോഹികളായ ഭരണാധികാരികളില്‍ നിന്നും, നാട്ടുരാജാക്കന്മാരില്‍ നിന്നും നേരിടേണ്ടി വന്ന ശക്തമായ പ്രതിരോധങ്ങളും പ്രതിബന്ധങ്ങളും മറ്റൊരു വശത്തും . എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാനും സുശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കുവാനും സാധിക്കും എന്ന ഉറച്ച വിശ്വാസം നമ്മുടെ നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നു. കാരണം ഈ വൈജാത്യങ്ങള്‍ക്കെല്ലാം ഉപരിയായി  ജനങ്ങളുടെ മനസ്സില്‍ ഭാരതം എന്ന സ്വത്വബോധം ശക്തമായി കുടികൊണ്ടിരുന്നു.
ഭാരതം എന്ന സ്വത്വം
ഭാരതീയന്റെ സംസ്‌കാരികവും സാമൂഹികവുമായ  മേഖലകളിലെല്ലാം ഈ ദേശീയബോധം സഹജമായ് തന്നെ ഉണ്ടായിരുന്നു. ഭരണാധികാരിയെ കേന്ദ്രമാക്കിയുള്ള ദേശീയവീക്ഷണം ആയിരുന്നില്ല മറിച്ച് സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയവീക്ഷണം ആയിരുന്നു ഭാരതത്തിന്റേത്. അതുകൊണ്ട് തന്നെയാണ് നിരവധി നാട്ടുരാജ്യങ്ങളും, രാജാക്കന്മാരും ഉണ്ടായിരുന്നെങ്കിലും കാശ്മീരം മുതല്‍ കന്യാകുമാരിവരെ ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഭാരതം എന്നആശയം നിലനിന്നുരുന്നത്. കാശ്മീരത്തിലെയും , കാശിയിലെയും, കന്യാകുമാരിയിലെയും ആരാധനകള്‍    ''ജംബൂ ദ്വീപേ ഭാരതവര്‍ഷേ ഭരതഖണ്ഡേ'' എന്ന മഹാസങ്കല്‍പ്പത്തോടെയാണ് അനാദി കാലം മുതല്‍ക്കേ ആരംഭിച്ചിരുന്നത്. വൈദേശികഭരണത്തോടുള്ള പ്രതിരോധാത്മകമായ വികാരമാണ് ഭാരതദേശീയതയായ് ഉരുത്തിരിഞ്ഞു വന്നത് എന്ന്! പലരും ധരിച്ചു വശായിരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഭാരതീയരുടെ ദേശീയബോധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.  ബാല്യത്തില്‍ സിംഹങ്ങളോടോത്ത് കളിച്ചു വളര്‍ന്ന ഭാരതകുമാരന്റെ പേരില്‍ നിന്നുമാണ് ആര്യാവര്‍ത്തം ഭാരതം എന്ന ഖ്യാതി നേടിയത്. ഗംഗയോടും കൈലാസത്തോടും, രാമേശ്വരത്തോടുമൊക്കെ ഓരോ ഭാരതീയന്റെയും ജീവിതം ഇഴപിരിയാനാവത്ത വിധം നിബന്ധിക്കപ്പെട്ടിരിക്കുന്നു. ജ്യോതിര്‍ലിംഗങ്ങളും, ശക്തിപീഠങ്ങളും, തിരുപ്പതികളും, ശങ്കരമഠങ്ങളും ഒക്കെ ദേശീയബോധത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. ദക്ഷിണെന്ത്യയിലുള്ളവര്‍ കാശിയിലും, ഉത്തരഭാരതത്തിലുള്ളവര്‍ രാമേശ്വരത്തും തീര്‍ത്ഥാടനം ചെയ്യുന്നു. രബീന്ദ്രനാഥടാഗോര്‍ ''വിന്ധ്യ ഹിമാചല യമുനാ ഗംഗാ'' എന്നു എഴുതുന്നതിനും ആയിരത്താണ്ടുകള്‍ മുന്‍പേ  ''ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു'' എന്ന്! ഭാരതത്തിലെ സപ്തനദികളേയും അഭിഷേകതീര്‍ത്ഥത്തിലേയ്ക്ക് ആവാഹിച്ചിരുന്ന പാരമ്പര്യം ഇവിടെ നിലവിലുണ്ടായിരുന്നു. തങ്ങളുടെ ഭരണാധികാരികളോടും നാട്ടുരാജ്യങ്ങളോടും പൂര്‍ണമായും കൂറുപുലര്‍ത്തുമ്പോള്‍ തന്നെ താന്‍ വിശാലമായ ഭാരതവര്‍ഷത്തിന്റെ ഭാഗമാണെന്ന് ഓരോഭാരതീയനും തിരിച്ചറിഞ്ഞിരുന്നു. അയോദ്ധ്യയിലെ ശ്രീരാമന്റെയും, ദ്വാരകയിലെ ശ്രീകൃഷ്ണന്റെയും പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാനും അവരുടെ ജീവിതത്തെക്കുറിച്ച് പുരാവൃത്തങ്ങള്‍ ചമയ്ക്കാനും ഭാരതത്തിലെ ഇതരപ്രദേശങ്ങളിലെ വനവാസികള്‍ അടക്കമുള്ളവര്‍ക്ക് പോലും സാധിയ്ക്കുന്നത് ഈ പൊതു സ്വത്വത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. വിവിധ നിറങ്ങളിലും മണങ്ങളിലുമുള്ള സുമങ്ങള്‍ കോര്‍ത്ത ഒരു മനോഹരമാല്യം പോലെ കാലദേശാനുസരണം കൈവന്നവൈജാത്യങ്ങളെയെല്ലാം ഭാരതം എന്ന സ്വത്വം ചേര്‍ത്തു കോര്‍ത്തു നിര്‍ത്തി.
ദേശീയതയും ആശങ്കകളും
ദേശീയത തീവ്രമാകുമ്പോള്‍ അത് ഹിംസാത്മകവും സങ്കുചിതവുമായി രൂപാന്തരം പ്രാപിക്കുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ടാകാം.  ജര്‍മ്മനിയിലും മറ്റും നടന്ന ഭയാനകമായ ക്രൂരതകള്‍ ഒരു പക്ഷെ ഈ സംശയത്തിനു ബലം പകരുന്നുമുണ്ടാകാം. എന്നാല്‍ ഭാരതീയ പരിപ്രേക്ഷ്യത്തില്‍ അത്തരം ഒരു സംശയം ആസ്ഥാനത്താണ്. കാരണം ഭാരതത്തിന്റെ സ്വത്വം നിലനില്‍ക്കുന്നത് വൈദികമായ അതിന്റെ ആത്മീയസംസ്‌കൃതിയിലാണ്. ആ സംസ്‌കൃതിയാവട്ടെ വിശ്വമാനവികതയില്‍ അധിഷ്ടിതവുമാണ്. ''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു''എന്നു ലോകത്തിലെ സര്‍വചരങ്ങള്‍ക്കും സുഖമാശംസിക്കുന്ന ഒരു സംസ്‌കൃതിയ്ക്ക് ഒരിക്കലും ഹിംസാത്മകമാകാന്‍ സാധിക്കുകയില്ല.  ''കൃന്വന്തോ കൃണ്വന്തോ വിശ്വമാര്യം'', ''ആനോ ഭദ്രാ ക്രതവോ യന്തു വിശ്വത:'' എന്നിങ്ങനെ ഏവരെയും ശ്രേഷ്ടരാക്കുവാനും, എല്ലാ നന്മകളേയും ഉള്‍ക്കൊള്ളുവാനും മനുഷ്യ സമൂഹത്തോട് ആഹ്വാനം ചെയ്ത ചിന്താധാരയ്ക്ക് സങ്കുചിതത്വത്തിനെ പുല്‍കുവാന്‍ സാധിയ്ക്കുകയില്ല അതുകൊണ്ട് തന്നെ ഭാരതദേശീയതയുടെ വീണ്ടെടുപ്പ് സാര്‍വ്വജനീയ സ്‌നേഹത്തില്‍ അധിഷ്ടിതമായ വിശ്വമാനവിക സംസ്‌കൃതിയുടെ വീണ്ടെടുപ്പ് തന്നെയാകുന്നു അതാവട്ടെ   സമസ്തലോകത്തിനും പ്രതീക്ഷനല്‍കുന്നതുമാണ്.
ഭൂമുഖത്തുനിന്നും മറ്റു പുരാതനസംസ്‌കൃതികളൊക്കെ തുടച്ചു മാറ്റപ്പെട്ടപ്പോഴും വിശ്വശാന്തിയുടെ കേടാവിളക്കുമേന്തി നമ്മുടെ സംസ്‌കൃതി നിലനിന്നതിനു പിന്നില്‍ ഒട്ടനേകം പേരുടെ ത്യാഗമുണ്ട്. സംസ്‌കൃതിയെ തച്ചുതകര്‍ക്കാന്‍ വന്നവരോട് ശക്തമായ ചെറുത്തു നില്‍പ്പു നടത്തിയ അനേകായിരം ധീരന്മാര്‍, ഗ്രാമങ്ങളും നഗരങ്ങളും തോറും സഞ്ചരിച്ച് ധര്‍മ്മപ്രചരണം ചെയ്ത മഹാത്മാക്കള്‍, തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് സംസ്‌കാരം പകര്‍ന്നു നല്‍കിയ അമ്മമാര്‍, പട്ടിണിയിലും പ്രലോഭനങ്ങളിലും ധര്‍മ്മം കൈവെടിയാതെ ജീവിച്ച അനേകര്‍ അങ്ങനെ ഒരുപാട് പേര്‍ അവരുടെ കണ്ണുനീരും രക്തവും വിയര്‍പ്പും കൊണ്ട്  ഈ മഹിതസംസ്‌കൃതിയുടെ അതിജീവനത്തിന്റെ കവിത രചിച്ചിരിക്കുന്നു. നിത്യനിദ്രയിലാണ്ടാവരെ ഈ കവിത കുലുക്കിയുണര്‍ത്തുന്നു, അതിന്റെ നാദധാരയ്ക്ക് അനുസൃതമായി ഈ രാഷ്ട്രവും അവളുടെ പുത്രന്മാരും മഹിതമായ തങ്ങളുടെ കര്‍ത്തവ്യത്തിലേയ്ക്ക് വീണ്ടും ചുവടുവയ്ക്കുന്നു.  അതെ ഭാരതത്തില്‍ അര്‍പ്പിതമായിരിക്കുന്ന ഈശ്വരീയമായ കര്‍ത്തവ്യം, അനാദിയിലാരംഭിച്ചു അമ്മയില്‍ എത്തി നില്‍ക്കുന്ന ഗുരുപരമ്പരയുടെ സന്ദേശം 'ശ്രേഷ്ഠരായ് തീരുക, ലോകത്തെ ശ്രേഷ്ഠമാക്കി മാറ്റുക', റിപ്പബ്ലിക്ദിനത്തില്‍ ആകാശനീലിമയിലേയ്ക്ക്  ഭാരതഭൂമിയുടെ പതാകപറന്നുയരുമ്പോള്‍ നമ്മുടെ മനസ്സുകളില്‍ ഋഷിപരമ്പരകളുടെ ആ ആഹ്വാനം മുഴങ്ങികേള്‍ക്കുന്നു 'കൃണ്വന്തോ വിശ്വമാര്യം' ലോകത്തെ ശ്രേഷ്ഠമാക്കി തീര്‍ക്കുക.
വന്ദേ മാതരം

(മാതൃവാണി മാസികയിൽ 2015 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം )

Tuesday, January 13, 2015

വന്ദേവിവേകാനന്ദം


"എത്ര മനീഷികൾ നടന്നത്രയും പരിശുദ്ധമായ ഭൂവിതിൻ 
'വിയത്പ്രസൂ' എന്നൊരാ കീർത്തീ നീ വീണ്ടുമുയർത്തി,
ആന്ധ്യമേറ്റുമയങ്ങിടും മനുജനേ ആശ്രയം തന്നാത്മതത്വ-
മെന്നാർഷചിന്തയോതിയുണർത്തി

വിശ്വമാകെ പ്രകാശം പോഴിച്ചിടും വിവേകാനന്ദ സൂര്യൻറെ 
പൊന്നിൻ കിരണങ്ങൾ ദീപ്തമാക്കുന്നു ഈ ബാഷ്പബിന്ദുക്കളേ...
അൽപനേരമെന്നാകിലും പുൽനാമ്പുകൾ
ഏന്തിടട്ടേ സൂര്യബിംബങ്ങളേ മുദാ.. "