Friday, June 17, 2016

വയം രാഷ്ട്രേ ജാഗ്യയാമഃ

ധർമ്മസംരക്ഷണാർത്ഥം വിജയനഗരസാമ്രാജ്യം സ്ഥാപിക്കുവാൻ
ഹരിഹര-ബുക്കമാർക്
ക് പ്രചോദനം നൽകുന്ന വിദ്യാരണ്യ സ്വാമി

വന്ദേ മാതരമെന്നു തുടങ്ങുന്ന മനോഹരമായ ദേശീയ ഗീതം നമുക്ക് ലഭിച്ചത്  ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിലൂടെയാണ്. അധിനിവേശശക്തികളുമായി നിരന്തരം പോരാടിയ സന്ന്യാസി സമൂഹത്തിൻറെ ചരിത്രത്തെ ഉപജീവിച്ചുകൊണ്ടാണ് ആ നോവൽ രചിയ്ക്കപ്പെട്ടത്. ആനന്ദ മഠത്തിൽ മാത്രമല്ല  ചരിത്രം പരിശോധിച്ചാൽ  സർവസംഗപരിത്യാഗികളും, സ്വന്തം ജീവിതത്തിൽ പോലും മമതയില്ലാത്തവരുമായ സന്യാസിവര്യന്മാരും  ഈ രാഷ്ട്രത്തിനും,  അതിന്റെ സംസ്കൃതിയ്ക്കും വേണ്ടി നിരന്തരം പ്രയത്നിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. 

ഭാരതസ്വാതന്ത്ര്യ സമരത്തിലെ മുന്നിരപ്പോരാളികളെയൊക്കെ വിവേകാനന്ദസ്വാമിയുടെ ദർശനങ്ങൾ ശക്തമായി സ്വാധീനിച്ചിരുന്നു. നേതാജിയപ്പോലുള്ളവർ വിവേകാനന്ദ സ്വാമിയെ ആത്മീയ ഗുരുവായിട്ടായിരുന്നു കരുതിയിരുന്നത്. ഇനിയും പുറകോട്ടു പോയാൽ  സമർത്ഥ രാംദാസ് പകർന്നു നല്കിയ പ്രചോദനവും പ്രേരണയുമാണ്, മറാത്ത സാമ്രാജ്യം സ്ഥാപിച്ച് ധർമ്മരക്ഷചെയ്യുവാൻ  ശിവജി മഹാരാജിനെ പ്രാപ്തനാക്കിയത്.  മഹത്തായ വിജയനഗര സാമ്രാജ്യത്തിനു പിന്നിലും വിദ്യാരണ സ്വാമികളുടെ ശക്തമായ പ്രചോദനം നമുക്ക് കാണാം. അഥർവ്വവേദത്തിൽ ഇങ്ങനെയൊരു പ്രസ്ഥാവം കാണാം.

"ഭദ്രമിച്ഛന്ത ഋഷയഃ സ്വര്‍വിദ സ്തപോദീക്ഷാം ഉപനിഷേദുരഗ്രേ തതോ രാഷ്ട്രം ബലമോജശ്ച ജാതം തസ്‌മൈ ദേവാ ഉപസം നമന്തു !’"

ലോകനന്മ മാത്രം ഇച്ഛിയ്ക്കുന്ന ഋഷിമാർ രാഷ്ട്ര ക്ഷേമം ഇച്ഛിച്ചു കൊണ്ട് അനാദികാലം മുതല്‍ തപസ്സ് അനുഷ്ഠിച്ചുവെന്നർത്ഥം.

എന്തുകൊണ്ടായിരിക്കും രാഷ്ട്രരക്ഷണത്തിനും, പോഷണത്തിനും ഋഷിമാർ ഇത്രയുമധികം പ്രാധാന്യം കൊടുത്തത് ?  രാഷ്ട്രം സുശക്തമായി നിലനിന്നാൽ മാത്രമേ സംസ്കൃതി സംരക്ഷിയ്ക്കപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. അത്തരത്തിൽ രാഷ്ട്രത്തെ സംരക്ഷിക്കുവാനായി അനേകർ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ക്രൂരമായ അധിനിവേശങ്ങളും, ദുരിതപൂർണമായ അടിമത്തവുമൊക്കെ മറികടന്ന്, ഇന്നും ഈ സംസ്കൃതിയ്ക്ക് സചേതനമായി നിലനിൽക്കാൻ സാധിച്ചത്. 

ദേവന്മാരാൽ പോലും സ്തുതിയ്ക്കപ്പെടുന്ന പുണ്യഭൂമിയെന്നു പുകൾപെറ്റ ഭാരതത്തിന് ധർമ്മം രാഷ്ട്രത്തിൻറെ ജീവശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ നമ്മെ സംബന്ധിച്ചിടത്തോളം രാഷ്ട്ര സംരക്ഷണം ധർമ്മ സംരക്ഷണം തന്നെയാണ് 

യജുർവേദത്തിൽ  മനോഹരമായ ഒരു മന്ത്രഭാഗമുണ്ട്, 

"വയം രാഷ്ട്രേ ജാഗ്യയാമ പുരോഹിതഃ"

അർത്ഥം: ഞങ്ങള്‍ രാഷ്ട്രത്തെ ഉണര്‍ന്നിരുന്ന് നയിക്കുന്നവരാകുന്നു

വിശ്വശാന്തിയുടെ സന്ദേശം മുഴക്കുവാൻ, പ്രകൃതിയും നിഖില ചരാചരങ്ങളും ഈശ്വരൻറെ പ്രകടരൂപമാണെന്നു ഒർമിപ്പിക്കുവാൻ,  ഋഷിപ്രോക്തമായ ആർഷ  സത്യങ്ങളാൽ മനുഷ്യനെ ശ്രേയസ്സിലെയ്ക്കും പ്രേയസ്സിലെയ്ക്കും നയിക്കാൻ ഈ ഉദാത്ത സംസ്കൃതിയും, ഈ രാഷ്ട്രവും ശക്തമായി ഭൂമിയിൽ  നിലകൊള്ളുക തന്നെ വേണം. അതിനായി നമുക്ക് ഉണര്‍ന്നിരുന്ന്  രാഷ്ട്രത്തെ മുന്നോട്ട് നയിക്കാം.

വന്ദേ മാതരം

(2016 മെയ് ലക്കത്തിൽ മാതൃവാണി പ്രസിദ്ധീകരിച്ച ലേഖനം)

No comments:

Post a Comment