"മനുഷ്യനും ഈശ്വരനും പ്രകൃതിയും ഒന്നെന്നു പഠിപ്പിച്ച നമ്മുടെ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പ്രാണവായുപോലെഉള്‍ക്കൊണ്ടാല്‍ നമ്മുടെ സുന്ദരകേരളം ഭൂമിയിലെ സ്വര്‍ഗമായിത്തന്നെ നിലനില്‍ക്കും."- അമ്മ
കഠിനമായ ഒരു ചൂട്കാലത്തിലൂടെയാണ് ഈ വർഷം നാം കടന്നു പോയത്. കഴിയാവുന്ന രീതികളിലോക്കെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനു മുകളിൽ കാലാവസ്ഥാവ്യതിയാനം ഡെമോക്ലസ്സിന്റെ വാളു പോലെ തൂങ്ങിയാടുകയാണ്. കിണറുകൾ വറ്റുന്നതും, പുഴകൾ വരളുന്നതും, വെള്ളത്തിനു വേണ്ടി പരക്കം പായുന്നതുമൊക്കെ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറുകയാണ്. ഐക്യരാഷ്ട്രസഭ മുതൽ അയൽക്കൂട്ടങ്ങൾ വരെ പ്രകൃതിസംരക്ഷണവും, കാലാവസ്ഥാവ്യതിയാനവുമൊക്കെ ചർച്ച ചെയ്യുന്നു. എന്നാൽ 'പ്രകൃതിസംരക്ഷണം' ഒരു പ്രവർത്തനം എന്നതിലുപരി ഒരു മനോഭാവമാണ് എന്ന വലിയ സത്യം പലപ്പോഴും നാം വിസ്മരിയ്ക്കുന്നു.
ഉണർന്നെഴുന്നേൽക്കുമ്പോൾ "പാദസ്പർശം ക്ഷമസ്വമേ" എന്ന പ്രാർത്ഥനയോടെ ഭൂമിയെ തൊട്ടു തലയിൽ വയ്ക്കാൻ നമ്മെ പഠിപ്പിച്ച നമ്മുടെ പൂർവികർ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ മർമ്മം മനസ്സിലാക്കിയവരായിരുന് നു. മനുഷ്യൻറെ ഉപഭോഗത്തിനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടതാണ് പ്രകൃതിയും, മറ്റു ജീവജാലങ്ങളും എന്ന കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നില്ല, അവരെ സംബന്ധിച്ച് ഈ പ്രകൃതിയിലെ ഓരോന്നും ആരാധിയ്ക്കപ്പ്ടുകയും, ആദരിക്കപ്പെടുകയും ചെയ്യേണ്ടുന്ന ഈശ്വരൻറെ പ്രകടരൂപങ്ങളായിരുന്നു.
ഗിരിനിരകളവർക്ക് ദേവതകളുടെ ആവാസസ്ഥാനങ്ങളായിരുന്നു, നദികൾ ദേവിമാരും, ഭൂമി അമ്മയുമായിരുന്നു, സർപ്പങ്ങൾ ഈ ഭൂമിയുടെ അധിപതികളാണെന്ന ഉദാത്ത സങ്കൽപ്പത്തിൽ മണ്ണിൻറെ നനവും, മരത്തിൻറെ തണലും നിറഞ്ഞ കാവുകൾ അവർ കാത്തു സൂക്ഷിച്ചു. നദികളെ മലിനപ്പെടുത്തുന്നതും, കാടുകളെ നശിപ്പികുന്നതുമൊക്കെ ഘോരപാപങ്ങളായി അവർ കരുതിപോന്നു.
'ദശപുത്ര സമോ ദ്രുമ' - പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു മരം എന്ന സുഭാഷിതം നമ്മുടെ സംസ്കൃതിയുടെ പാരിസ്ഥിതിക അവബോധം നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്. ഓഷധികളെയും വൃക്ഷങ്ങളെയും സ്തുതിയ്ക്കുന്ന വൈദിക സൂക്തങ്ങൾ മുതൽ വനവാസി ജീവിതങ്ങളിലെ ഗോത്രഗീതികൾ വരെ നമ്മുടെ മുൻപിൽ ഈ അവബോധത്തെ തന്നെയാണ് അനാവരണം ചെയ്യുന്നത്.
നാം തിരിഞ്ഞു നോക്കേണ്ടതും തിരികെയെടുക്കെണ്ടതും പ്രകൃതിയെ അമ്മയായും ദേവിയായും കരുതി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്ത നമ്മുടെ പൈതൃകത്തെയാണ്. പഴമയുടെ പ്രതാപം പറഞ്ഞ് ഊറ്റംകൊള്ളാനോ, പുതിയവയെയൊക്കെയും നിഷേധിക്കുവാനോ അല്ല മറിച്ച് ആത്മാർത്ഥതയില്ലാത്ത പ്രകൃതിസംരക്ഷണ മുദ്രാവാക്യങ്ങളേക്കാൽ ശക്തി "കാട് തെളിച്ചാൽ തേവരു കൊപിക്കുമെന്ന" അമ്മൂമ്മത്താക്കീതിനുണ്ടായിരുന് നു എന്ന് തിരിച്ചറിയുക തന്നെ വേണം.
വന്ദേ മാതരം.
(മാതൃവാണി, 2016 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)
(മാതൃവാണി, 2016 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)
Let the Divine Mother give us the strength to revive those olden but golden values in our life to preserve the heritage of our Sanatana Darma
ReplyDelete