Wednesday, November 9, 2011

കെട്ടും, കറുപ്പുമില്ലാതൊരു ശബരിമല യാത്ര                                             

അച്ഛന്റെയും അച്ഛമ്മയുടെയും കേട്ട് നിറയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയ എന്നെ അപ്രതീക്ഷിതമായ് മലയ്ക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചതും, ഗുരുവായൂരപ്പന്‍റെ  മുന്‍പില്‍ വച്ച് മാലയണിഞ്ഞതും അച്ഛന്റെ കയ്യും പിടിച്ചു ഒരു പാട് വലിയ കയറ്റം കേറി അയ്യപ്പനെ കണ്ടതും മലയിറങ്ങി തിരിച്ചു വന്നപ്പോള്‍ കഠിനമായ പനിയും ശര്‍ദ്ദിലും പിടിച്ചതും ഒക്കെയാണ് മനസ്സിന്റെ പിന്നാമ്പുറങ്ങളില്‍ എവിടേയോ മാഞ്ഞ കന്നിയാത്രയെക്കുറിച്ചു ഓര്‍മ്മകള്‍.  പിന്നെ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ശബരിമല യാത്ര തുടങ്ങി ഇന്നിതാ പതിമൂന്നാം തവണ മല കയറുന്നു.ഇത്തവണത്തെ ശബരിമല യാത്രക്ക് പ്രത്യേകതകള്‍ ഏറെയാണ്‌ , മാലയോ ഇരുമുടിയോ കറുത്ത വസ്ത്രമോ,മറ്റു വൃതചിഹ്നങ്ങളോ ഇല്ല, ലക്‌ഷ്യം ശബരിമല ശുചീകരണം ആണ്..

ഞായറാഴ്ചയുടെയും ബലിപ്പെരുന്നാളിന്‍റെയും ഒക്കെ അവധി ഉള്ളതുകൊണ്ട് മിക്കവാറും വിദ്യാര്‍ത്ഥികളും വീടുകളിലേക്ക് പോകും എന്നാണ് പ്രതീക്ഷിച്ചത്, എന്നാല്‍ വാഹനങ്ങള്‍ പുറപ്പെടേണ്ട സമയമായപ്പോള്‍ പ്രതീക്ഷകള്‍ ഒക്കെ അസ്ഥാനത്തായിരുന്നു എന്നു മനസ്സിലായി. ബസ്സുകള്‍ എല്ലാം നിറഞ്ഞു കവിഞ്ഞു, ശരണം വിളികളോടെ ഞങ്ങള്‍ യാത്ര തിരിച്ചു. അയ്യപ്പ ഭജനകളും ഭക്തി ഗീതങ്ങളും കൊണ്ട് മറ്റൊരു ശരണ പമ്പയായ് ഞങ്ങളുടെ വാഹന വ്യൂഹം മാറി. വിനോദയാത്രകളില്‍ മദ്യത്തിന്റെ ലഹരിയില്‍ തന്നെത്തന്നെ മറന്നു നൃത്തം ആടുന്ന യുവാക്കള്‍ കേരളത്തിനു സുപരിചിതം ആയിരിക്കും, എന്നാല്‍ മലയാളിക്ക് അപരിചിതമായ യുവത്വത്തിന്റെ മറ്റൊരു ഭാവം ആണ് ശബരിമലയിലേക്കുള്ള യാത്രയില്‍ പ്രകടമായത്,അപ്രതീക്ഷിതമായ് കിട്ടിയ മൂന്നു ദിവസത്തെ ഒഴിവു ദിനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനു വേണ്ടി നീക്കിവയ്ക്കാന്‍ ഒരു പറ്റം യുവാക്കള്‍ മുന്നോട്ടു വരിക എന്നത് വര്‍ത്തമാന കാല ഘട്ടത്തില്‍ തികച്ചും ആശാവഹമായ ഒരു സംഗതി തന്നെയാണ്.

കാടിന്റെ നടുവിലൂടെ ബസ് മുന്നോട്ടു നീങ്ങി കുട്ടികളോട് കൂടിയ ആനക്കൂട്ടവും, കൊമ്പില്‍ കുത്തിയെടുത്ത ചെളിയും തലയെടുപ്പും ഒക്കെയായി ഒറ്റയാനുമെല്ലാം വഴിയരികില്‍ വിസ്മയക്കാഴ്ചയായി.  ഒരു പക്ഷെ ശബരിമല സീസന്‍ അല്ലാത്തത് കൊണ്ട് യാതൊരു ശല്യവും ഇല്ലാതെ അവക്ക് വിഹരിക്കാന്‍ കിട്ടിയ സമയം ആയിരിക്കും ഇത്.
പമ്പയിലെ തണുത്ത വെള്ളത്തിലെ കുളി നല്‍കിയ ഉന്മേഷം മലകയറ്റം സുഗമമാക്കി, സന്നിധാനതെതുംപോള്‍ സമയം പുലര്‍ച്ചെ അഞ്ചു മണി.

കാനന വാസനായ അയ്യപ്പന്‍ ഇന്ന് കൊണ്ക്രീട്റ്റ് കാനനത്തിലെ ഈ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പു മുട്ടുന്നുവോ എന്നു സംശയിക്കത്തക്കതാണ് സന്നിധാനത്തിന്റെ ഇന്നത്തെ സ്ഥിതി, ഓരോ വര്‍ഷവും ഭക്തര്‍ ശബരിമലയില്‍ തള്ളുന്നത് കിലോക്കണക്കിന് മാലിന്യം ആണ്, ദേവസ്വം-വനം വകുപ്പുകളുടെ അനാസ്ഥയും കൂടിയാകുമ്പോള്‍ സംഗതികള്‍ പൂര്‍ണമായി, പമ്പാ നദിയും ശബരിമലയും ജീവിക്കുന്ന രക്ത സാക്ഷികളായി മാറിക്കൊണ്ടിരിക്കുന്നു, സ്വര്‍ണപ്പടികളും സ്വര്‍ണ ശ്രീകോവിലും ഉണ്ടെങ്കിലും ഇന്നും ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പരിമിതമാണ്,മല മൂത്ര വിസര്‍ജ്ജനത്തിനു മതിയായ സൌകര്യങ്ങള്‍ ഇല്ലാതാകുമ്പോള്‍
മല മുഴുവന്‍ മനുഷ്യ മലം കൊണ്ട് നിറയുന്നു, പമ്പയിലെ ജലം കൂടുതല്‍ കൊഴുപ്പുള്ളതായ് തീരുന്നു , പരമ പവിത്രയായ പമ്പാമാതാവിനെ അക്ഷരാര്‍ത്ഥത്തില്‍  ഒരു 'തീട്ടക്കുഴി'യാക്കി മാറ്റുന്നു,

 
       
 ശബരിമല പാക്കേജുകള്‍ വഴി  മറിഞ്ഞ കോടികള്‍ എവിടെ പോയെന്നതും അത്ഭുതാവഹം ആണ് ,ശബരിമല ശുചീകരണം എന്നാല്‍ സര്‍ക്കാരിനും ദേവസ്വം ബോഡിനും ഇക്കാലമത്രയും പമ്പാ വെള്ളത്തിലെ ക്ലോറിന്‍ കലക്കലും, "മരം ഒരു മരം", "അയ്യപ്പന്‍റെ പൂങ്കാവനം സംരക്ഷിക്കുക" എന്നിങ്ങനെയുള്ള ബോര്‍ഡുകളുടെ സ്ഥാപിക്കലും ആയിരുന്നു.ഭക്തര്‍ക്ക് ശരിയായ ബോധവത്കരണവും, അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യതയും നല്‍കാന്‍ ഇനിയും ശ്രമിച്ചില്ലാ  എങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒരു ചോദ്യ ചിഹ്നമായ് തന്നെ അവശേഷിക്കും.രാവിലെ പ്രാതലിനു ശേഷം ഞങ്ങളുടെ ദൌത്യം ആരംഭിച്ചു,സന്നിധാനത്തിനു പരിസരത്തുള്ള കൊപ്രക്കളം ആണ് ഞങ്ങള്‍ക്ക് സേവനം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലം, ദുര്‍ഗന്ധം വമിക്കുന്ന ചാലുകള്‍ക്കും അട്ട ശല്യം ഉള്ള നീര്‍ക്കുഴികള്‍ക്കും മീതെ ഞങ്ങള്‍ നിരന്നു നിന്ന് പ്ലാസ്റ്റിക്കുകളും കുപ്പിച്ചില്ലുകളും പെറുക്കി മാറ്റി, വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കാന്‍ വളരെയേറെ പണിപ്പെടേണ്ടി വന്നു, കക്കൂസുകളുടെ പൊട്ടിയ പൈപ്പുകളും അതിലൂടെ ഒഴുകി എത്തിയ മനുഷ്യ മലത്തിന്റെ ഗന്ധവും ഞങ്ങളുടെ സേവാ സ്ഥലങ്ങളില്‍ പലയിടത്തും സാധാരണം ആയിരുന്നു. പ്ലാസ്റ്റിക്ക് ചാക്കുകളും, പനിനീര്‍ കുപ്പികളും, മഞ്ഞള്പ്പോടിയുടെയും മറ്റും കവറുകള്‍ തന്നെയായിരുന്നു സന്നിധാനത്തെ മാലിന്യങ്ങളുടെ സിംഹ ഭാഗവും.
രണ്ടു ദിവസത്തെ സേവനത്തിനു ശേഷം മലയിറങ്ങുന്നതിനു മുന്‍പായി ശ്രീകോവിലിനു മുന്‍പില്‍ തൊഴുതു നിന്നു, ഭഗവാന്‍ യോഗ നിദ്രയില്‍ ആയതിനാല്‍  ശ്രീ കോവിലിനു മുന്‍പില്‍ ശരണം വിളികള്‍ ഇല്ല, നട അടഞ്ഞു കിടക്കുന്നുവെങ്കിലും ഒരു നിലവിളക്ക് സോപാനത്തില്‍ കൊളുത്തി വച്ചിരിക്കുന്നു..കണ്ണടച്ചു മനസ്സില്‍ അവിടുത്തെ തേജോമയ രൂപം ഓര്‍ത്തു പണ്ടെങ്ങോ പാടിപ്പതിഞ്ഞ വരികള്‍ മന്ത്രിച്ചു 

"കാമ ക്രോധാദി ഹിംസ്ര ജന്തുക്കളാല്‍
ഘോരമെങ്കള്‍ തന്‍ മാനസ കാനനം
വില്ലെടുത്തശ്വ വീര്യാധിരൂഢനായ്
പള്ളി വേട്ട തുടര്‍ന്ന് കൊള്‍കിന്നു നീ "

അവിടുത്തെ വിഗ്രഹം കണ്ടില്ല എങ്കിലും നട തുറന്നിട്ടില്ല എങ്കിലും ഇത് വരെ തോന്നാതെ സംതൃപ്തി, ഒരു നിറവ്‌..

വയസ്സായ അമ്മമാരും, വിദ്യാര്‍ഥികളും, ബ്രഹ്മചാരിമാരും, ആശ്രമാന്തേവാസികളും, ഭക്തരും ഒക്കെ കൂടി മൂവായിരത്തിലധികം സേവാ പ്രവര്‍ത്തകര്‍ സന്നിധാനത്തും, സ്ത്രീകളും ബ്രഹ്മചാരിണിമാരും,വിദ്യാര്‍ഥികളും അടങ്ങുന്ന സംഘം പമ്പയിലും മൂന്നാല് ദിവസങ്ങള്‍ കൈ മേയ് മറന്നു അധ്വാനിച്ചു, കൂടാതെ സായിബാബാ ഭക്തരും ,അയ്യപ്പ സേവാ സംഘവും, മറ്റു സന്നദ്ധ സേവാ പ്രവര്‍ത്തകരും അടങ്ങുന്ന ആയിരത്തോളം പ്രവര്‍ത്തകരും ഏകതാനതയോടെ പ്രവര്‍ത്തിച്ചു, മലയിറങ്ങുമ്പോള്‍ പലരുടെയും കാലുകളില്‍ അട്ടകടിച്ച പാടുകളില്‍ നിന്നും രക്തം വമിക്കുന്നുണ്ടായിരുന്നു, ഇപ്പോള്‍ ശബരിമലയും പമ്പയും വൃത്തിയുള്ളതാണ് അത് അങ്ങിനെ തന്നെ നിലനിര്‍ത്താന്‍ ദേവസ്വം ബോര്‍ഡിനു ഇച്ഛാ ശക്തി ഉണ്ടാവട്ടെ എന്നും .. ഇനിയും ഈ പുണ്യ ഭൂവില്‍ നിഷ്ക്കരുണം മാലിന്യങ്ങള്‍ തള്ളാന്‍ ഭക്തര്‍ക്ക് തോന്നാതിരിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു,

മലയിറങ്ങി മടക്കയാത്ര തുടങ്ങുമ്പോള്‍ കയ്യിലിരുന്ന അമ്മയുടെ ബുക്ക് പകുത്തു നോക്കിയപ്പോള്‍ അവിടുത്തെ  വാക്കുകള്‍ ഹൃദയത്തിനെ ആര്‍ദ്രമാക്കി "നിസ്വാര്തമായ് സേവനം ചെയ്യൂ അതാണെന്‍റെ പൂജ " അയ്യപ്പ സന്നിധിയില്‍ സേവനം ചെയ്യാന്‍ കിട്ടിയ ഈ മഹാഭാഗ്യത്തിന് അമ്മയോട് ഒരായിരം നന്ദി പറഞ്ഞു..ബസ്സ് നീങ്ങിത്തുടങ്ങി പുറത്ത് മഴ തകര്‍ത്ത് പെയ്യുകയാണ്,
അയ്യപ്പ സ്വാമിയുടെ അനുഗ്രഹ വര്‍ഷം എന്ന പോലെ....