Thursday, August 23, 2012

മാതൃഭൂമിയും, സക്കറിയയും അറിയാന്‍.....

പ്രിയപ്പെട്ട സര്‍ ,

ആഗസ്റ്റ്‌ 19 നു പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന സക്കറിയയുടെ  ലേഘനം വായിച്ചു, ലേഖകന്‍റെയും മാധ്യമത്തിന്‍റെയും  മനുഷ്യസ്നേഹത്തിനും ദീനാനുകമ്പക്കും മുന്നില്‍ ആദ്യം തന്നെ സാദര പ്രണാമങ്ങള്‍ അര്‍പ്പിക്കട്ടെ, എന്നാല്‍ ആ ലേഖനത്തില്‍ കടന്നു കൂടിയ ചില പിശകുകളെ ചൂണ്ടിക്കാണിക്കാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു..ഒന്നാമതായി വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത കുറേ ആരോപണങ്ങള്‍ ആണ് ആ ലേഘനത്തില്‍ ഭൂരിഭാഗവും,
"സത്നാം അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ പ്രവേശനമഭ്യർത്ഥിച്ചപ്പോള്‍ കാരണമായ് പറഞ്ഞത് താന്‍ ബ്രഹ്മജ്ഞാനം അന്വേഷിക്കുകയാണ് എന്നാണ് "
സക്കറിയ സാറിനു  ഈ വിവരം എവിടുന്നു കിട്ടി ? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാവുന്ന ഒരിടമാണ് ആശ്രമം, അല്ലാതെ പാറാവുകാരുടെ മുന്നില്‍ കാര്യ കാരണങ്ങള്‍ ബോധിപ്പിച്ചു അനുവാദം വാങ്ങിയിട്ടു വേണ്ട  ആര്‍ക്കും ആശ്രമത്തിലേക്കു കടന്നു ചെല്ലാന്‍ എന്നത്  ആശ്രമത്തില്‍ ഒരിക്കലെങ്കിലും പോയവര്‍ക്കറിയാം, പിന്നെ ഈ 'ബ്രഹ്മജ്ഞാന' ത്തിന്‍റെ കഥ സക്കറിയാ സാറിനു  എവിടെ നിന്നും കിട്ടി എന്നറിയില്ല.


അടുത്ത ഖണ്ഡികയില്‍ സക്കറിയ  മറ്റൊരു സംഭവമാണ് പങ്കുവെക്കുന്നത്.
"ആശ്രമത്തിലെ ഈ സംഭവം നടക്കുന്നത് പകര്‍ത്തിയ വീഡിയോ, സത്നാമിനെ അന്തേവാസികള്‍ കൈകാര്യം ചെയ്യുന്നത് വ്യക്തമായി കാണിക്കുന്നുണ്ടത്രേ"
ഈ വരികള്‍ സൂക്ഷ്മമായ്‌ വായിക്കുമ്പോള്‍ ഒരു കള്ളം എങ്ങനെ പറയണം എന്നതിന്‍റെ സക്കറിയാ രീതി എന്തെന്ന് വ്യക്തമാകും, ഇവിടെ മര്‍ദ്ദിക്കുക എന്ന വാക്ക് ഉപയോഗിക്കാതെ കൈകാര്യം ചെയ്യുക എന്ന വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്, കൈകാര്യത്ത്തിനു പ്രഥമ ദൃഷ്ട്യാ മര്‍ദ്ദനം എന്ന് അര്‍ത്ഥം കാണുകയും ചെയ്യും എന്നാല്‍ നിയമ പരമായ് വ്യാജ പ്രചാരണത്തിനെതിരെ നടപടി ഉണ്ടാകുമ്പോള്‍ ആവശ്യാനുസരണം കൈകാര്യത്തിന്‍റെ അര്‍ത്ഥത്തെ കൈകാര്യം ചെയ്യുകയും ചെയ്യാം. എന്നിട്ടും ധൈര്യം വരാഞ്ഞിട്ടായിരിക്കാം  കാണിക്കുന്നു എന്ന് വ്യക്തമായ് പറയാതെ "കാണിക്കുന്നുണ്ടത്രേ" എന്ന ഊഹം ആണ് സക്കറിയ പങ്കു വക്കുന്നത്, ചില മഞ്ഞ പത്രങ്ങള്‍ ആടിനെ പട്ടിയാക്കാന്‍ അവലംബിക്കുന്ന പ്രസിദ്ധമായ "ത്രെ" ശൈലി  സക്കറിയയും തന്‍റെ ലേഖനത്തില്‍ വളരെ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സത്യത്തില്‍ ആ  വീഡിയോകളില്‍ ഒക്കെ വ്യക്തമായ് കാണാം മാതാ അമൃതാനന്ദമയിയുടെ നേരെ പാഞ്ഞടുക്കുന്ന സത്നാമിനെ അവിടെ ഉണ്ടായിരുന്നവര്‍ തടയുക മാത്രമാണ് ഉണ്ടായത്, മഠത്തില്‍ ഡൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസാണ് സത്നാമിനെ കീഴടക്കിയതും ജീപ്പില്‍ കയറ്റി കരുനാഗപ്പള്ളിക്ക് കൊണ്ട് പോയതും, പോലീസ് ജീപ്പില്‍ കയറ്റുന്ന ദൃശ്യവും ചാനലുകള്‍ പുറത്ത് വിട്ടിരുന്നു, അതില്‍ സത്നാം പൂര്‍ണ ആരോഗ്യവാനായ് തന്നെയാണ് കാണുന്നതും അതുകൊണ്ട്, യഥാർത്ഥത്തിൽ സക്കറിയാ സര്‍ ആ വീഡിയോ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ് ഇല്ലെങ്കില്‍ ഇത്തരം ഒരു വ്യാജപ്രചാരണം നടത്താന്‍ എന്തെങ്കിലും ഒളി അജണ്ട സക്കറിയാ സാറിനു ണ്ടോ ? അറിയില്ല,

എന്തായാലും തുടര്‍ന്നുള്ള വരികളിലും സക്കറിയാ സാര്‍ ഇതുപോലുള്ള ഗമണ്ടന്‍ നുണകള്‍ നിരത്തുന്നത് കാണാം,
"കസ്റ്റടിയിലെടുക്കും മുന്‍പ് സത്നാമിനെ ആശ്രമഭാരവാഹികള്‍  തടഞ്ഞു വച്ചിരിക്കുകയായിരുന്നു "
സക്കറിയാ സാറിന്‍റെ ഈ അനുമാനം വളരെ വിചിത്രമായ് മാത്രമേ കാണാന്‍ സാധിക്കൂ. സത്നാം പ്രശ്നം ഉണ്ടാക്ക്കിയ സമയത്ത് തന്നെ ആശ്രമത്തില്‍  ഡൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ തന്നെ സത്നാമിനെ പിടിക്കുകയായിരുന്നു. പിന്നെ മഠം അധികൃതര്‍ തടഞ്ഞു വച്ചു എന്നൊക്കെ പറയുന്നത് സാമാന്യ ബുദ്ധിക്കു പോലും നിരക്കുന്നതല്ല.

പിന്നെ മൂവായിരത്തിലധികം ആളുകള്‍ ഉള്ള ഒരു വേദിയില്‍  ഭജന പാടുന്നവരുടെ മുകളിലൂടെ തികഞ്ഞ അഭ്യാസിയെപ്പോലെ ഒരു യുവാവ് ദര്‍ശന വേദിയുടെ മുന്‍പിലെ റാമ്പിലേക്ക്(ramp) കുതിക്കുകയും അവിടെ നിന്ന് ഉറക്കെ ഭീകരമായ വിധം ബിസ്മില്ലാ എന്ന മന്ത്രം ആക്രോശിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു അമ്മയുടെ മുന്‍പില്‍ നിന്നിരുന്ന ഭക്തരും മറ്റും അയാള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ അവിടെ ഡൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെത്തി സത്നാമിനെ അറ്റസ്റ്റ് ചെയ്തു നീക്കുകയും ചെയ്യ്തു. ഇത്രയേറെ പ്രശ്നങ്ങളും പ്രകോപനവും ഉണ്ടായിട്ടും ഭക്തരും അന്തേവാസികളും ഒക്കെ  തികഞ്ഞ സംയമനത്തോടെ ഇരുന്നു എന്നതാണ് വസ്തുത. അവരെല്ലാവരും ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അപകടപ്പെടുത്താന്‍ ആക്രോശിച്ചു കൊണ്ട് ചെന്നിട്ടും സത്നാമിന് മഠത്തില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍ക്കേണ്ടി വന്നില്ല. സത്നാമിനെ അറസ്റ്റ് ചെയ്തു കൊണ്ട്പോയതിനു ശേഷം ചെന്ന് കണ്ട ബന്ധു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

അമൃതപുരിയില്‍ ഏത് മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനും അതിനനുസ്രിതമായ് ജീവിക്കാനും ഉള്ള അനുവാദം ഉണ്ട്, ഏത് മതവും ഇവിടെ സ്വീകാര്യമാണ് .അമ്മയ്ടെ മക്കളില്‍ നാനാ മതസ്ഥരും- മത രഹിതരും ഒക്കെ  ഉള്‍പ്പെടുന്നു. മതമോ, നിറമോ നോക്കിയല്ല അമ്മയോ, അവിടുത്തെ ആശ്രമമോ ആരെയും സ്വാഗതം ചെയ്യുന്നത് അത് കൊണ്ട് തന്നെ മുസ്ലീം മത വിശ്വാസികള്‍ പവിത്രമായ്‌ കരുതുന്ന 'ബിസ്മി' ചൊല്ലിയതല്ല ഒരിക്കലും സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിച്ചത് എന്നാല്‍ സത്നാം ഒരു മത ഭക്തനെപ്പോലെ 'ബിസ്മി' ഉരുവിടുകയായിരുന്നില്ല.. മറിച്ച് ഒരു മത ഭ്രാന്തനെപ്പോലെ ബിസ്മി  ആക്രോശിക്കുകയായിരുന്നു. ആശ്രമത്തില്‍ ഒരു ഭീകരാന്തരീക്ഷം തന്നെയാണ് സത്നാം സൃഷ്ടിച്ചത്. ബഹളങ്ങല്‍ക്കിടയിലും അമ്മ ദര്‍ശനം നല്‍കല്‍ തുടര്‍ന്നു. എന്നാല്‍ ഈ സംഭവം ഭക്തരുടെ മനസ്സിനെ വളരെയേറെ അലോസരപ്പെടുത്തി  പ്രത്യേകിച്ചുംഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍, കണക്കുകള്‍ പ്രകാരം സ്വാതന്ത്ര്യത്തിനു ശേഷം ഏതാണ്ട് രണ്ടുലക്ഷത്തിലധികം ആളുകള്‍. മതഭീകരവാദത്തിനു ഇരയായ് ഇന്ത്യയില്‍  മരിച്ചിട്ടുണ്ട്.മാത്രമല്ല കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും, ആശ്രമങ്ങള്‍ക്കുമൊക്കെ നേരെ ഭീകരവാദ ആക്രമങ്ങള്‍ക്ക് സാധ്യതയുന്ടെന്ന വസ്തുതയും ഉണ്ടായിരുന്നു.  എന്നാല്‍ മഠം വളരെ സമചിത്തതയോടെ പ്രതികരിക്കുകയും സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തണം എന്നു ആവശ്യപെടുകയും ആണ് ചെയ്തത്. ഇസ്ലാമിക സൂക്തങ്ങള്‍ ആക്രോശിച്ചു കൊണ്ട് അക്രമത്തിനു മുതിര്നതെങ്കിലും അയാളെ തീവ്രവാദിയായോ ഭീകരവാദിയായോ ഒന്നും ചിത്രീകരിക്കാന്‍ മഠം ഒരിക്കലും ശ്രമിച്ചില്ല. പകരം സംഭവം ആശങ്കാ ജനകം ആണെന്നും ഗൌരവമായ് കണ്ടു അന്വേഷിക്കണം എന്ന നിലപാടിലായിരുന്നു മഠം.


രണ്ടു ദിവസങ്ങള്‍ക്കു ശേഷം കേരളം കേട്ടത് സത്നാമിന്‍റെ മരണ വാര്‍ത്തയാണ്, അമൃതപുരിയില്‍ നിന്നും പോലീസ് കൊണ്ടുപോകുമ്പോള്‍  പൂര്‍ണ ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായ ആ യുവാവിനെ പിന്നെ നാം കണ്ടത് മോര്‍ച്ചറിയുടെ ഭീതിദമായ അന്തരീക്ഷത്തില്‍ അനക്കമറ്റു കിടക്കുന്ന മൃതശരീരമായാണ് .സത്നാമിനെ രണ്ടു മാസം മുന്‍പാണത്രേ സ്വന്തം നാട്ടില്‍ നിന്നും കാണാതായത് , സത്നാമിന്‍റെ സുഹൃത്തുക്കളെയും, ബന്ധുക്കളെയും   ഉദ്ധരിച്ച് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സത്നാം മിടുക്കനായ ഒരു വിദ്യാര്‍ത്ഥി ആയിരുന്നുവെന്നാണ്. അവന്‍റെ പേരില്‍ ഒരു പെറ്റി കേസ് പോലും ഇതിനു മുന്‍പ്  ഉണ്ടായിട്ടില്ലത്രേ..ആരോടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലാത്ത ബ്രാഹ്മണനും ഹിന്ദുവുമായ ആ യുവാവിന്‍റെ വഴി തിരിച്ചു വിട്ട കാരണങ്ങള്‍ എന്തായിരിക്കാം ? കിലോമീറ്ററുകള്‍ക്കകലെ അമൃതപുരിയുടെ മനസ്സിനെ അസ്വസ്തമാക്കുവാന്‍ സത്നാം നിയോഗിക്കപ്പെട്ടതിന്‍റെ പിന്നിലെ നിഗൂഡത  എന്തായിരിക്കാം ? അത് കേവലം മാനസ്സിക രോഗം ആയിരുന്നോ ? ആയിരിക്കാം അല്ലായിരിക്കാം.
ഒരു മാനസിക രോഗിയെ തച്ചു കൊല്ന്നിട്ടു അമൃതാനന്ദമയി മഠത്തിനു ഒന്നും നേടാനില്ല എന്ന് സാമാന്യ ബുദ്ധിയെങ്കിലും പ്രവര്‍ത്തിപ്പിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം


ഈ സംഭവം വിശദമായ് അന്വേഷിക്കണം എന്ന് പറഞ്ഞ പി പരമേശ്വരന്‍റെ രംഗ പ്രവേശനത്തിലെ ദുസ്സൂചനകളെ പറ്റി വാചാലനാകുന്ന ശ്രീമാന്‍ സക്കറിയ അപസര്‍പ്പക നോവലുകളെ അതിശയിപ്പിക്കുന്ന തരത്തില്‍ അതിഭാവുകത്വങ്ങളും അസത്യങ്ങളും സന്നിവേശിപ്പിച്ച് മനപ്പൂര്‍വമോ അല്ലാതയോ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഇത്തരം ഒരു ലേഘനം എഴുതി രംഗത്ത് വന്നതിലെ ദുസ്സൂചനകളെ പറ്റി ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല.
ലേഘനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വിവരങ്ങളുടെ സത്യസന്ധത ഒരു പ്രാഥമിക അന്വേഷണം എങ്കിലും നടത്തിയിട്ടു മാത്രം പ്രസിദ്ധീകരിക്കുക എന്ന കുറഞ്ഞ മാധ്യമ സംസ്കാരം എങ്കിലും മാതൃഭൂമിയില്‍ നിന്നും പ്രതീക്ഷിക്കുന്നു.. എഴുത്തുകാരന്‍ സത്യത്തെ മഷിയാക്കി ധര്‍മത്തെ പേനയാക്കി എഴുതണം എന്നൊന്നും ഞാന്‍  പറയുന്നില്ല, കുറഞ്ഞ പക്ഷം ഒരു മഞ്ഞ പത്രക്കാരനായ് അധപ്പതിക്കാതെ എങ്കിലും ഇരിക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..


ഹൃദയപൂര്‍വ്വം,
ഒരു വായനക്കാരന്‍.
ഒപ്പ്.