Tuesday, May 6, 2014

ആൾദൈവവും ആകാശദൈവവും


ആൾദൈവം എന്ന പദം മലയാളിക്കിന്നു സുപരിചിതമാണ്. നമ്മുടെ മുഖ്യധാരാ ബൗദ്ധിക വാരികൾ ഈ പരാമർശം ഒരു പെജിലെങ്കിലും ഉൾക്കൊള്ളിക്കാതെ പുറത്തിറങ്ങാറില്ല. ആൾദൈവം, മനുഷ്യദൈവം, Godman  എന്നൊക്കെയുള്ള പദപ്രയോഗങ്ങൾക്കുപരി  അവയുടെ പിന്നിലെ മനോവികാരങ്ങളേയും മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.ആൾദൈവം എന്ന പദത്തിന്റെ അർത്ഥവ്യാപ്തി തിരയാൻ പുറപ്പെടുമ്പോൾ ആളും ദൈവവും അവതമ്മിലുള്ള ബന്ധവും ഒക്കെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ നോക്കി കാണേണ്ടി വരും.

സൃഷ്ടിയും സ്രഷ്ടാവും

ഗഹനമായ യന്ത്രങ്ങൾ പോകട്ടെ ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാവും എന്ന് പറയാൻ യുക്തിയുള്ള ആർക്കും സാധിക്കില്ല. അപ്പോൾ പിന്നെ വിശാലമായതും സങ്കീർണ്ണമായതുമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതികൾക്ക് പിന്നിലും സ്വാഭാവികമായും ഒരു ധിഷണാവിലാസം ഉണ്ടായിരിക്കും എന്ന സാമാന്യയുക്തിയാണ് പ്രപഞ്ച സ്രഷ്ടാവ് എന്ന ആശയത്തിലേക്ക് ഒരു പക്ഷെ മനുഷ്യനെ നയിച്ചിരിക്കുക. എന്നാൽ സൃഷ്ടിയെയും സ്രഷ്ടാവിനെയും അവ തമ്മിലുള്ള ബന്ധത്തെയും നിർവചിക്കുമ്പോൾ മതങ്ങൾ വ്യത്യസ്ഥവീക്ഷണങ്ങൾ പുലർത്തുന്നു. സൃഷ്ടിയ്ക്ക് മുൻപ് സ്രഷ്ടാവ് മാത്രമേ ഉണ്ടായിരുന്നുവെന്നും ഒരിക്കൽ തന്നെ മഹത്വപ്പെടുത്തുന്നതിനായി സ്രഷ്ടി നടത്തുവാൻ അദ്ദേഹം ആഗ്രഹിച്ചുവെന്നും അങ്ങനെ സകലതും ഉണ്ടായി എന്നും ചില മതങ്ങൾ പ്രസ്ഥാവിക്കുന്നു. എന്നാൽ ഈശ്വരൻ പൂർണ്ണൻ ആയതിനാൽ അങ്ങനെ തന്റെ മഹത്വം വാഴ്ത്താൻ സൃഷ്ടി നടത്തി എന്നതിനോട് യോചിക്കാൻ ഭാരതീയ തത്വചിന്തയ്ക്ക് സാധിക്കുന്നില്ല. ഒരു പക്ഷെ 'പേഗണ്‍' എന്ന് ഇന്ന് ആക്ഷേപിക്കപ്പെടുന്ന ലോകത്തിലെ പൂർവ്വ സംസ്കാരങ്ങൾ മിക്കവയും ഈ വിഷയത്തിൽ ഭാരതീയ തത്വചിന്തക്കൊപ്പമായിരുന്നു. അവിടെ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. ഇതാണ് കൃത്യമായും ലോകമതങ്ങളുടെ മധ്യത്തിലൂടെ നീട്ടിവരയ്ക്കപ്പെട്ടിരിക്കുന്ന രേഖ. ഒരു കൂട്ടം മതങ്ങൾ ദൈവവും അവനാൽ സൃഷ്ടിയ്ക്കപ്പെട്ട കുറെ സൃഷ്ടികളേയും മുന്നോട്ടു വയ്ക്കുമ്പോൾ മറ്റൊരു കൂട്ടർ ആദ്യ സൃഷ്ടി എന്ന സങ്കൽപ്പത്തെ തള്ളിക്കളഞ്ഞു സൃഷ്ടിയും സ്രഷ്ടാവും ആയി ഇരിക്കുന്നത് ഒരേ ഈശ്വരനാണ് എന്ന ആശയത്തെ മുൻപോട്ടു വയ്ക്കുന്നു. അവിടെ ഇടിയും, മിന്നലും, പാമ്പും, പട്ടിയും, പശുവും, ചോറും, നീരും ഒക്കെ ആരാദ്ധ്യങ്ങളാകുന്നു. അവിടെ ഈശ്വരൻ ആകാശങ്ങൾക്ക് മുകളിൽ വസിക്കുന്ന ഒരു ഏകഛത്രാധിപതി  അല്ല മറിച്ച് സർവ്വ ജീവരാശികളിലും നിറഞ്ഞു നില്ക്കുന്ന ഉണ്മയാണ്. 

ഈശ്വരനും മനുഷ്യനും
ബുദ്ധിക്കും യുക്തിക്കും അതീതനെന്നു പറയുമ്പോൾ, ഈശ്വരൻ മനുഷ്യൻറെ പരിമിതപ്രജ്ഞയാൽ ഒതുങ്ങുന്നവനല്ല എന്നാണ് അർത്ഥമാക്കുന്നത്. എല്ലാ പരിമിതികൾക്കും അതീതനായ ഈശ്വരനെ അറിയണമെങ്കിൽ തൻറെ പരിമിതികൾ ഒക്കെ മറികടക്കേണ്ടി വരും അഥവാ സ്വയം അപരിമിതേയനായി തീരേണ്ടി വരും. അവിടെ ഈശ്വരനെ അറിയുമ്പോൾ അറിയുന്നവനും, അറിവും, അറിയൽ എന്നാ പ്രക്രിയയും ഒക്കെ  ഇല്ലാതായി തീരുന്നു. അഥവാ ഈശ്വരനെ അറിഞ്ഞവൻ ഈശ്വരൻ തന്നെയായി തീരുന്നു. ഇതാണ് ഭാരതീയ തത്വചിന്ത മുന്നോട്ടു വയ്ക്കുന്ന ആശയം.

ആകാശ ദൈവം കോപിക്കുന്നു.

എന്നാൽ മനുഷ്യനെ മനുഷ്യൻ പൂജിക്കുന്നത് പാപമാണെന്ന സെമിറ്റിക് മനോഭാവം "തന്നെ അല്ലാതെ മറ്റാരെയും ആരാധികരുത്" എന്ന് കലിതുള്ളുന്ന ആകാശ ദൈവത്തോടുള്ള  അന്ധമായ ഭയത്തിൽ നിന്നും ജനിച്ചതാണ്. ബാല്യകാലത്തിൽ മത പഠനങ്ങളിലൂടെ പകര്ന്നു കിട്ടിയ വൻനഗരങ്ങളെ ചുട്ടുകരിക്കുകയും, തലമുറകളോളം പക സൂക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭയജന്യ ഭക്തി സൃഷ്ടിക്കുന്ന അങ്കലാപ്പുകൾ ചെറുതല്ല. ലോകത്തിൽ ശരി തെറ്റുകൾ ആപേക്ഷികങ്ങൾ ആണെന്ന സാമാന്യ ബോധത്തിന്റെ രാഹിത്യത്തിൽ നിന്നാണ് ആത്യന്തിക നന്മ-തിന്മകളുടെ സിദ്ധാന്തവും അതിലൂന്നിയ ---ദൈവ -ചെകുത്താൻ സംഘട്ടനങ്ങളും ഒക്കെ അവതരിപ്പിക്കപ്പെടുന്നത്. ലോകത്തിൽ എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കാൻ ഇടക്കിടക്ക് പ്രവാചകരിലൂടെ കുറിപ്പടികൾ കൊടുത്തയക്കുകയും, അതനുസരിച്ച് ജീവിക്കാത്തവരെ ക്രൂര ശിക്ഷകൾക്ക് വിധേയമാക്കുകയും ചെയ്യുന്ന ദൈവം ഈ അപക്വ മനസ്സിന്റെ സൃഷ്ടിയാണ്.

മനുഷ്യൻ ആരാധിക്കപ്പെടുന്നു.

സെമിറ്റിക് മതങ്ങൾ ഏകനായ സ്രഷ്ടാവിനെ അല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നത് മാപ്പർഹിക്കാത്തതും നരകത്തിന്റെ എറ്റവും ഘോരമായ അധോലോകങ്ങളിൽ കത്തിയെരിയുന്ന അഗ്നിക്ക് ഇന്ധനമായി മാറേണ്ടി വരുന്നതുമായ മഹാപാപമായാണ് ഗണിക്കുന്നത്. അവിടെ ദൈവം അസഹിഷ്ണുതയും പകയും ക്രോധവും നിറഞ്ഞ വ്യക്തിയാണ്. ഭാരതീയ ദർശനങ്ങൾ മനുഷ്യനെ ഉദാത്ത ഭാവനകളിലൂടെ ഈശ്വരനോളം ഉയരാൻ പഠിപ്പിക്കുമ്പോൾ. സെമിറ്റിക് സങ്കൽപ്പങ്ങൾ അസഹിഷ്ണുതയുടെയും, പ്രതികാരദാഹത്തിന്റെയും ഒക്കെ മാനുഷിക വികാരങ്ങളിലേക്ക് ദൈവത്തെ ഇറക്കി കൊണ്ടുവരുകയായിരുന്നു. അതുകൊണ്ട് തന്നെ ഋഷി പ്രോക്തമായ മഹാവാക്യങ്ങളുടെ സ്ഥൂലാർത്ഥമെങ്കിലും ഗ്രഹിക്കാൻ സെമിറ്റിക് മനസ്സിന് കഴിയണമെന്നില്ല.

ആത്മജ്ഞാനികളായ മഹാപുരുഷന്മാരെ ആശ്രയിച്ചാരാദ്ധിക്കാൻ "തസ്‍മാദാത്മജ്ഞംഹ്യര്‍ച്ചയേദ്‍ ഭൂതികാ:" എന്ന് മുണ്ഡകത്തിലൂടെ ശ്രുതി അരുളിച്ചെയ്യുന്നു. ഈ ദർശനം പുരാണ ഇദിഹാസങ്ങൾ  സ്പഷ്ടമായ് പല ഇടങ്ങളിലായ് മനോഹരമായി വരച്ചു കാണിക്കുന്നു. ശിലയിൽ പോലും ശിവനെ ദർശിക്കാൻ പഠിപ്പിച്ച ഭാരതീയ തത്വചിന്ത ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ  ഗുരുവിൻറെ പാദങ്ങളെ സർവ ശ്രുതികളുടെയും ശിരസിൽ വിരാജിക്കുന്ന ചൂഡാമണിയായി വാഴ്ത്തിയത്തിൽ അത്ഭുതമില്ലല്ലൊ. 

ഗുരുതത്വത്തെ മനസ്സിലാക്കാൻ ശുഷ്കമായ സെമിറ്റിക് മനോഭാവത്തിനു സാധിക്കണമേന്നില്ല. 

അവജാനന്തി മാം മൂഢാ
മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂതമഹേശ്വരം.

എന്‍റെ പരമമായ സർവേശ്വരഭാവത്തെ ഗ്രഹിക്കാൻ കഴിയാത്ത മൂഢന്മാര്‍ എന്നെ കേവലം മനുഷ്യൻ എന്ന് കണക്കാക്കുന്നു.എന്ന ഗീതാവാക്യം തന്നെയാണ് അതിനു പ്രമാണം.