Monday, September 17, 2012

മരണം കൊണ്ടാടപ്പെടുമ്പോള്‍
മാധ്യമം ദിനപ്പത്രം സത്നാം സിംഗിന്റെ കൊലപാതകത്തോടെ ഉണര്‍ന്നിരിക്കുകയാണ്, ദിനം പ്രതി ലേഘനങ്ങളും ചര്‍ച്ചകളും കൊണ്ട് ഒരു പരദേശിയുടെ മരണം ക്രൂരമായും മൃഗീയമായും കൊണ്ടാടപ്പെടുകയാണ്. സൈദ്ധാന്തിക പരമായോ ആദര്‍ശ പരമായോ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കെല്‍പ്പില്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിനോ വ്യക്തിക്കോ എതിരെ  ബൌദ്ധികവും, കായികവുമായുള്ള അക്രമങ്ങള്‍ നടത്തി വിജയം നേടാന്‍ ശ്രമിക്കുന്ന കാട്ടു നീതി ആണ് ഈ കാട്ടിക്കൂട്ടലുകള്‍ എല്ലാം.  തീര്‍ച്ചയായും ഒരു കുറ്റാരോപിതനായ വ്യക്തി നിയമ വാഴ്ചയുടെ വരുതിക്കുള്ളില്‍ വച്ചു തന്നെ കൊല്ലപ്പെടുക എന്നത് അത്യന്തം അപലപനീയമായ സംഗതി തന്നെയാണ്. എന്നാല്‍ കേരളത്തില്‍ ഇതിലും നിന്ദ്യവും അപകടകരവുമായ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഒന്നും മാധ്യമം ഇത്തരത്തില്‍ പ്രതികരിച്ചു കണ്ടിട്ടില്ല. പ്രതികരണമാണെങ്കിലോ വാദിയെ പ്രതിയാക്കാനുള്ള കരുതിക്കൂട്ടിയുള്ള കുപ്രചരണങ്ങള്‍ നിറഞ്ഞതും 'അമ്മയെ കാണാന്‍' എന്ന ലേഘനത്തില്‍ തുടങ്ങി അസത്യങ്ങളുടെയും കുപ്രചരണങ്ങളുടെയും   ഒരു പരമ്പര തന്നെ സൃഷ്ടിക്കുകയാണ് മാധ്യമം ചെയ്യുന്നത്. 'കൈരളി-പീപ്പ്ള്‍' ടി.വി അസോസിയേറ്റ് എഡിറ്റര്‍ 'മാധ്യമം' ദിനപ്പത്രത്തില്‍ എഴുതിയപ്പോള്‍ ഉണ്ടായ പ്രത്യയശാസ്ത്ര പരിണാമങ്ങള്‍ കൊണ്ടാണോ എന്നറിയില്ല അബദ്ധങ്ങളുടെ ഘോഷയാത്ര എന്നല്ലാതെ മറ്റൊന്നും അ ലേഖനത്തെ പറ്റി പറയാന്‍ വയ്യ .തന്റെ മനസ്സില്‍  തോന്നിയവയൊക്കെ മീഡിയകളും, പോലീസും പറയുന്നില്ല എന്നു പറഞ്ഞുള്ള പരിവേദനം പെനയിലൂടെ ഒലിച്ചിറങ്ങിയിരിക്കുന്നതാണ് ലേഖനത്തിന്റെ ആദ്യ ഭാഗം മുഴുവനും. പിന്നെ കുറച്ചു സംശയങ്ങളാണ്.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ ഒന്ന് :-
"അമൃതാനന്ദമയി കേന്ദ്രത്തില്‍ എത്തും മുമ്പ് വര്‍ക്കല ശിവഗിരി മഠത്തില്‍ സത്നം സിങ് 20 ദിവസത്തോളം താമസിച്ചു. പഠനവും ചര്‍ച്ചയും ഈ കാലയളവില്‍ അദ്ദേഹം നടത്തി. സത്നം സിങ്ങിന് ഒരു മാനസിക പ്രശ്നവുമുണ്ടായിരുന്നില്ല എന്നും അതീവ ബുദ്ധിമാനായിരുന്നു അയാളെന്നും ശിവഗിരിയിലെ മുനി നാരായണ പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. മാധ്യമങ്ങളില്‍ ഉള്‍പ്പെടെ. "
മുനി നാരായണ പ്രസാദ്ജി പറയുന്നത് പോലെ മാനസിക രോഗി അല്ല എങ്കില്‍ സത്നമിന്റെ പ്രവൃത്തികള്‍ എല്ലാം ദുരുദ്ദേശപരമാണെന്നു  സംശയിക്കേണ്ടി വരും.പിന്നെ സത്നാം സിങ്ങിനു മാനസിക രോഗം ഉണ്ടോ ഇല്ലയോ എന്നതൊക്കെ കണ്ടു പിടിക്കേണ്ടതും തീരുമാനിക്കേണ്ടതും, അമൃതാനന്ദമയി മഠമോ, അബ്രഹാമോ ,മുനി നാരായണ പ്രസാദോ അല്ല നിയമ പ്രകാരമുള്ള മാനസിക പരിശോധനയിലൂടെ ഡോക്ടര്‍മാരാണ്. അമൃതാനന്ദമയി  മഠം പോലെ ആയിരക്കണക്കിനാളുകള്‍  തിങ്ങി നിറഞ്ഞ ഒരു വേദിയില്‍ അക്രമാസക്തനായി വരുന്ന ഒരാളെ പിടികൂടി നിയമ വ്യവസ്ഥക്ക് ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കരണീയം, അയാള്‍ മാനസിക രോഗിയാണോ അല്ലയോ എന്നത് തര്‍ക്ക വിഷയമായിരിക്കാം എന്നാല്‍ അയാള്‍ ആ സമയത്ത് തികച്ചും ആക്രമണ സ്വഭാവത്തോടെ ആണ് പെരുമാറിയത് എന്നുള്ളതില്‍ തര്‍ക്കമില്ല.  പിന്നീട് ജയിലില്‍  സന്ദര്‍ശിച്ച സഹോദരന് നേരെ പോലും ആക്രമാണോത്സുകതയോടെ ആക്രോശിക്കുകയാണ് സത്നാം ചെയ്തതെന്ന്, അദ്ദേഹത്തിന്റെ  സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരം ഒരവസ്ഥയില്‍ അയാളെ അവിടെ നിന്ന് മാറ്റാന്‍ പോലീസിന്റെ സഹായം തേടുക തന്നെയാണ് വേണ്ടത്.  

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ രണ്ട് :-
"അമൃതാനന്ദമയിയുടെ നേരെ, സത്നം സിങ് ആക്രോശിച്ചടുത്തുവെന്നാണ് ആരോപണം. എന്താണദ്ദേഹം ആക്രോശിച്ചതെന്ന് അമൃതാനന്ദമയി സംഘം വെളിപ്പെടുത്തണം. ആക്രോശിച്ചതിന് എന്തോ കാരണമുണ്ട്. ആ കാരണം മറച്ചുവെച്ചിരിക്കുന്നു. അതില്‍ ദുരൂഹതയുണ്ട്".

അമൃതാനന്ദമയിക്ക് നേരെ എന്താണ് ആക്രോശിച്ചതെന്നത് ടിവി മാധ്യമങ്ങളിലൂടെ  ഒക്കെ കേരളത്തിലെ ജനങ്ങള്‍ കണ്ടതും ,കേട്ടതുമാണ് വിഷയത്തെക്കുറിച്ചു   പ്രാഥമിക ഗൃഹപാഠം പോലും ചെയ്യാതെയാണോ മിസ്റ്റര്‍ ലേഖകന്‍ ലേഖനം എഴുതിയത് ? ബിസ്മി ആക്രോശിച്ചു കൊണ്ടാണ് അമ്മക്ക് നേരെ പാഞ്ഞടുത്തത്, ലേഖകന്‍ പറയുന്നത് പോലെ അതില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് നീങ്ങുക തന്നെ വേണം.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ മൂന്ന്  :-
"ആക്രോശിച്ച സത്നം സിങ്ങിനെ അമൃതാനന്ദമയി സംഘം കീഴ്പ്പെടുത്തി. മഠത്തില്‍വെച്ചുതന്നെ ഇയാള്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മഠത്തിലെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ട് ആക്രോശിച്ചയാളിനെ കൈകാര്യം ചെയ്യുന്ന രംഗങ്ങള്‍ പുറത്തുവന്നിട്ടില്ല."

അബ്രഹാം മാത്യുവിന് എന്ത് വേണമെങ്കിലും അനുമാനിക്കാം,  ഗന്ധര്‍വക്കോട്ടകളിലെ നാഗ മാണിക്യങ്ങളാണ് നക്ഷത്രങ്ങള്‍ എന്നോ മാക്രികളുടെ സംഗീതം കേള്‍ക്കുമ്പോഴാണ് മഴപെയ്യുന്നത് എന്നോ അങ്ങിനെ എന്തും അനുമാനിക്കാനുള്ള സ്വാതന്ത്ര്യം അബ്രഹാം മാത്യുവിന് എന്നല്ല ഓരോ വ്യക്തിക്കും ഉണ്ട് എന്നാല്‍ അനുമാനങ്ങള്‍ സത്യങ്ങളല്ല. ഞാന്‍ ഇങ്ങനെ അനുമാനിച്ചു അതുകൊണ്ട് അതിനനുസരിച്ചു എല്ലാവരും പ്രവര്‍ത്തിക്കണം എന്നൊക്കെ തോന്നുന്നത് ചില ലഘു മനോരോഗങ്ങളുടെ ലക്ഷണമാണ്. അമൃതാനന്ദമയി മഠത്തില്‍ നിന്നും പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്ന ഊര്‍ജ്ജസ്വലനും പൂര്‍ണ ആരോഗ്യവാനുമായ സത്നാമിനെ കേരളീയര്‍ മീഡിയകളിലൂടെ കണ്ടതാണ്. ഒരു ചെറു പോറല്‍ പോലും ഏറ്റിട്ടില്ല എന്നത് അതില്‍ നിന്നും വ്യക്തമാണ്  ഇത് അടുത്ത ദിവസം സത്നാമിനെ ജയിലില്‍ സന്ദര്‍ശിച്ച സഹോദരനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ നാല്  അഞ്ച് എന്നിവയ്ക്ക് ഉത്തരം പറയേണ്ടത് പോലീസ് ആണ് അത് അവര്‍ പറഞ്ഞിട്ടും ഉണ്ട്. നേരത്തെ പറഞ്ഞ  പ്രാഥമിക ഗൃഹപാഠത്തിന്‍റെ കുറവ് തന്നെയാണ് ഈചോദ്യങ്ങള്‍ക്കും നിദാനം.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ ആറ്   :-
 "അമൃതാനന്ദമയി മഠവുമായി നല്ല ബന്ധമുള്ള ഐ.ജി ബി.സന്ധ്യക്കാണ് കേസന്വേഷണ ചുമതല. ഇത് വിരോധാഭാസമാണ്. സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളിലൊന്നില്‍ വിദ്യാര്‍ഥിനിയാണ്. അതുകൊണ്ടുതന്നെ കേസന്വേഷണം ഭക്തിപ്രകടനമായി വഴിമാറുമെന്ന് സംശയിക്കപ്പെടുന്നു."
അമൃതാനന്ദമയി മഠവുമായി ‘നല്ല’ ബന്ധം ഇല്ലാത്ത ആരെയെങ്കിലും കേസന്ന്വേഷണം ഏല്‍പ്പിക്കണം എന്നാണോ ലേഖകന്റെ വാദം.

പിന്നെ സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളിലൊന്നില്‍ വിദ്യാര്‍ഥിനിയാണെന്ന കാര്യം ശരിയാണെങ്കില്‍ തന്നെ മകള്‍ പഠിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സന്ധ്യ അമ്മ ഭക്തയും തദ്വാരാ സത്യം മൂടി വക്കുന്നവളുമായ്   മാറും എന്ന മുന്‍ വിധി അപക്വമായ മനസ്സിന്റെ സൃഷ്ടിയാണ് എന്നു മാത്രമേ പറയാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെട്ട വിഖ്യാതമായ കേസുകള്‍ ക്രിസ്തുമത വിശ്വാസികളെ ഏല്‍പ്പിക്കുന്നതും താങ്കള്‍ ചോദ്യം ചെയ്യുമോ ? ഇനിമുതല്‍ ജാതി, മതം, കുലം, മക്കള്‍ പഠിക്കുന്ന സ്കൂള്‍ എന്നിവ ഒക്കെ നോക്കി മാത്രമേ  കേസന്വേഷണം ഏല്‍പ്പിക്കാന്‍ പാടുള്ളൂ എന്നൊരു നിയമം കൂടി കൊണ്ടുവരണം എന്നു പറയാഞ്ഞത് ഭാഗ്യം .

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍  ഏഴ്   :-
"സംഭവത്തില്‍ അമൃതാനന്ദമയിയുടെ മൊഴിയെടുക്കാന്‍ ബി.സന്ധ്യ തയാറായിട്ടില്ല. അമ്മ സ്ഥിരം ദര്‍ശനം നല്‍കുന്നിടത്ത് ഭക്തി പാരവശ്യത്തോടെ പോയി അമ്മയെ ദര്‍ശിച്ച് ഐ.ജി തിരികെ പോന്നു. അമ്മയോടുള്ള മകളുടെ ഭക്തിപ്രകടനത്തെ കേസന്വേഷണം എന്ന് വിശേഷിപ്പിക്കാമോ?"

താങ്കള്‍ക്കു എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം, കേസന്വേഷണം തൃപ്തികരമല്ല എന്നുണ്ടെങ്കില്‍ നിയമപരമായ് തന്നെ നേരിടേണ്ടതിന് പകരം വായില്‍ തോന്നിയത് വിളിച്ചു കൂവുകയാണോ വേണ്ടത് ?

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍  എട്ട്   :-
"സത്നം സിങ് അമൃതാനന്ദമയി മഠത്തില്‍ ബിസ്മില്ലാഹി എന്നു തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലിയതു കേട്ട ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചുവത്രെ. ശിവഗിരിയില്‍ സര്‍വമത പ്രാര്‍ഥന ശീലിച്ച സത്നം സിങ് അവിടെനിന്ന് പഠിച്ച ഈ പ്രാര്‍ഥനയും വള്ളിക്കാവില്‍ ഉരുവിട്ടതാവാം. "

ആയിരിക്കാം അല്ലായിരിക്കാം അത് തീരുമാനിക്കേണ്ടത് അന്വേഷണത്തിലൂടെയാണ്. ബിസ്മി ചൊല്ലിയോ ഇല്ലയോ എന്നതല്ല വിഷയം തികച്ചും അക്രമാസക്തനായിരുന്നു എന്നത് കൊണ്ടാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

കേരളത്തിനെ മുഴുവന്‍ ബാധിക്കുന്ന വളരെ ഗുരുതരമായ പ്രശ്നങ്ങളില്‍ 'വായില്ലാ കുന്നിലപ്പന്‍ നയം'  മുഖ മുദ്രയായിരുന്ന മിസ്റ്റര്‍  അബ്രഹാമിന് പെട്ടെന്നുദിച്ച ഈ ധാര്‍മികരോഷത്തിന്റെ പശ്ചാത്തലം മാനവീകതയാണോ അതോ അസഹിഷ്ണുതയാണോ എന്നറിയാന്‍  പാഴൂര്‍ പടിപ്പുരയില്‍ പോവേണ്ട കാര്യമൊന്നുമില്ല. അതുപോലെ തന്നെ അമൃതാനന്ദമയി മഠത്തെ  കുപ്രചരണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താം എന്നു കോണ്ട്രാക്റ്റ് ഏറ്റെടുത്ത പോലെയാണ് മാധ്യമത്തിന്റെ നിലപാട്. മറ്റൊരു സാമൂഹിക  പ്രശ്നത്തിലും മരണത്തിലും കാണിക്കാത്ത ശുഷ്ക്കാന്തി മാധ്യമവും തേജസും ഇക്കാര്യത്തില്‍ കാണിക്കുന്നുണ്ട്. ആശ്രമത്തില്‍ വരുകയോ പോവുകയോ ചെയ്ത ആര് മരിച്ചാലും അതൊക്കെ ആശ്രമവുമായി ബന്ധപ്പെട്ട  ദുരൂഹ മരണങ്ങള്‍ ആക്കി വ്യാഖ്യാനിച്ച്ചെടുക്കാനുള്ള ശ്രമത്തിലാണ്  തേജസും, മാധ്യമവും. അത്യധികം അപലപനീയമായ ഈ ശ്രമം മാധ്യമ  ധര്‍മത്തിന് ഒട്ടും നിരക്കുന്നതല്ല. അമൃതാനന്ദമയി മഠത്തിലെ ദുര്‍മരണങ്ങള്‍ എന്ന പേരില്‍ രോഗം വന്നു മരിച്ചവരുടെയും, പ്രായം ചെന്ന് സ്വാഭാവികമായും മരിച്ചവരുടെയും ഒക്കെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് നിറം പിടിപ്പിച്ചു അപസര്‍പ്പക കഥ എഴുതുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സംശയിക്കപ്പെടേണ്ടതാണ്.    

ഇതേ മാധ്യമവും  തേജസും ഒക്കെ ആഭിമുഖ്യം പുലര്‍ത്തുന്നു എന്നു പറയപ്പെടുന്ന  ഒരു സംഘടന കഴിഞ്ഞ ദിവസം(08 -09 -2012) സത്നാമിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഒരു പ്രക്ഷോഭ പരുപാടി തന്നെ സംഘടിപ്പിക്കുകയുണ്ടായി.(പ്രക്ഷോഭം  ജന്മാഷ്ടമി ദിനത്തില്‍ തന്നെ വന്നത് തികച്ചും യാദ്രിശ്ചികം ആയിരിക്കാം.) തീവ്രവാദ സ്വഭാവമുള്ളത് എന്നു വിമര്‍ശിക്കപ്പെട്ടിട്ടുള്ള ഇത്തരം സംഘടനകള്‍ മുമ്പെങ്ങും കാണിക്കാത്ത ആര്‍ജ്ജവവും ആകുലതയും സത്നാം പ്രശ്നത്തില്‍ കാണിക്കുകയും, വാദിയെ പ്രതിയാക്കാന്‍ തീവ്രശ്രമം നടത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ സത്നാമിന് തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്നുള്ള BVK ഡയറക്ടര്‍  പി പരമേശ്വരന്‍റെയും മറ്റും ആവശ്യങ്ങള്‍ അസ്ഥാനത്തല്ല എന്നു  തോന്നുന്നു.

Thursday, September 6, 2012

വേണം സത്യത്തിന്റെ പൊന്‍വെളിച്ചം

കെ.പി. രാമനുണ്ണി
ശ്രീ രാമനുണ്ണി മാധ്യമത്തിലൂടെ മാതാ അമൃതാനന്ദമയി ദേവിക്ക് എഴുതിയ കത്ത് വായിച്ചു, അമൃതാനന്ദമയീ ദേവിയോടും അവിടുത്തെ പ്രസ്ഥാനത്തോടും കാണിച്ച ഈ സ്നേഹം ശ്ലാഘനീയം തന്നെയാണ്. സത്നാം സിംഗ് എന്ന ചെറുപ്പക്കാരന്റെ മരണം വളരെ ദുഖത്തോടെയാണ് നാം കേട്ടത്. അതിലുള്ള ആകുലതയും വിഷമവും പങ്കു വക്കുകയും അമ്മയുടെ മഠത്തിനു വേണ്ടത് സത്യത്തിന്‍ പൊന്‍വെളിച്ചം ആണെന്ന് അമ്മയെ ഓര്‍മിപ്പിക്കുകയും ചെയ്ത  രാമനുണ്ണിയുടെ ആ നിലപാട് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ ശ്രീ  രാമനുണ്ണിയുടെ ലേഘനത്തിലും സത്യത്തിന്റെ പൊന്‍വെളിച്ചം  ഏല്‍ക്കാത്ത ചില വരികളെങ്കിലും ഉണ്ട് എന്നു പറയാതെ നിവൃത്തി ഇല്ല.  തീര്‍ച്ചയായും ചില മാധ്യമങ്ങളും സക്കറിയാ സാറിനെ പോലുള്ളവരും പരത്തിയ തെറ്റിധാരണ മാത്രമാണ് ഈ തെറ്റുകള്‍ക്ക് പിന്നില്‍ എന്നാണ് എനിക്ക് തോന്നുന്നത്."അന്ധേനൈവ നീയമാനാഃ യഥാന്ധാഃ" എന്നാണല്ലോ ,  അല്ലാതെ ജമാ‌അത്തെ ഇസ്‌ലാമിയുടെ ജിഹ്വ എന്നു  പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ള മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ  മുന്‍ പത്രാധിപര്‍ ആയിരുന്നു എന്നത് കൊണ്ട് മാത്രം  ശ്രീ  രാമനുണ്ണി മനപ്പൂര്‍വം ആര്‍ക്കോ വേണ്ടി അവയൊക്കെ എഴുതിച്ചേര്‍ത്തു  എന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
അതുകൊണ്ട് തന്നെ ശ്രീ  രാമനുണ്ണിയുടെ ലേഘനത്തില്‍ കണ്ട ആ തെറ്റുകള്‍ ചൂണ്ടിക്കാണിക്കട്ടെ.

"  ദര്‍ശനമന്ദിരത്തില്‍ ഇരുന്നിരുന്ന ആ ചെറുപ്പക്കാരന്‍ ഏതോ നിമിഷാര്‍ധത്തില്‍ ഉന്മാദിയെപ്പോലെ അലറിവിളിച്ച് ഭക്തജനവലയങ്ങള്‍ ചാടി മറിഞ്ഞ് ദേവിയുടെ അടുത്തെത്തുന്നു. എന്തെല്ലാമോ ബോധരഹിതമായി വിളിച്ചുകൂവുന്നു. ഉടനെ മഠത്തിലെ കാര്യസ്ഥര്‍ അയാളെ കീഴ്പ്പെടുത്തി രംഗത്തില്‍നിന്ന് തിരോഭവിപ്പിക്കുന്നു."
സത്യത്തില്‍ സത്നാമിന്റെ ഭാവം കേവലം ഒരു ഉന്മാദിയുടെത് ആയിരുന്നില്ല, അത്യന്തം പ്രകോപിതനായി , ഭജനപാടിക്കൊണ്ടിരുന്നവരുടെ മുകളിലൂടെ അലറിക്കുതിച്ചു  കൊണ്ടാണ് അമ്മയുടെ അടുത്തേക്ക് ഓടി ചെന്നത്.. സ്വാഭാവികമായും അവിടെ നിന്നവര്‍ ഒക്കെകൂടി സത്നാമിനെ തടയാന്‍ ശ്രമിച്ചു. അതോടൊപ്പം തന്നെ ആശ്രമത്തില്‍ ഡൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ അക്രമാസക്തനായ സത്നാമിനെ കീഴടക്കി ,ഇതിനിടയില്‍ ഒരു പോലീസുകാരന്റെ കൈക്ക് പരിക്ക് പറ്റുകയും ചെയ്തു.ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നോ, ഭക്തരില്‍ നിന്നോ ഒരു പോറല്‍ പോലും സത്നാമിന് ഏല്‍ക്കേണ്ടി വന്നിട്ടില്ല എന്നതാണ് വസ്തുത, 
മൂവായിരത്തിലധികം ആളുകള്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു എങ്കിലും അവര്‍ മുഴുവന്‍ കാണിച്ച ആ സംയമനത്തെ ആദരിക്കേണ്ടതിനു പകരം ഇല്ലാ കഥകള്‍  പ്രചരിപ്പിച്ചു മഹത്തായ ഒരു പ്രസ്ഥാനത്തെ കരിവാരി തേക്കാനുള്ള ചിലരുടെ രഹസ്യ അജണ്ടകള്‍ മൂലം ശ്രീ രാമനുണ്ണിയേപ്പോലെ ഉള്ളവര്‍ തെറ്റി ധരിക്കപ്പെട്ടു  പോകുന്നത് വളരെ ദുഃഖ കരമാണ്. അമൃതാനന്ദമയി മഠത്തില്‍ നിന്നും പോലീസ് കസ്റ്റടിയില്‍ എടുക്കുമ്പോള്‍ സത്നാം പൂര്‍ണ ആരോഗ്യവാനും ഊര്‍ജ്ജസ്വലനും ആയിരുന്നു. പോലീസ് ജീപ്പില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പല മാധ്യമങ്ങളും സംപ്രേഷണം ചെയ്തിരുന്നു. അതിലൊന്നും ഒരു ചെറു മര്‍ദനമെങ്കിലും  ഏറ്റതിന്റെ ലക്ഷണം പോലും ഇല്ലായിരുന്നു.  പിറ്റേദിവസം പോലീസ് കസ്റ്റടിയില്‍ സത്നാമിനെ സന്ദര്‍ശിച്ച സഹോദരന്‍ തന്നെ ആ സമയത്ത് സത്നാമിന് ഒരു ചെറു പോറല്‍ പോലും ഏറ്റിരുന്നില്ല എന്നു പറഞ്ഞിട്ടുണ്ട്. സത്യം ഇതൊക്കെയാണെന്നിരിക്കെ, “ആശ്രമത്തില്‍ നിന്ന് മര്‍ദ്ദനമേറ്റു”  എന്ന ആരുടയോ കപോലകല്‍പ്പിതമായ ഒരു പച്ചക്കള്ളം ആവര്‍ത്തിച്ചു പറഞ്ഞു. ആടിനെ പട്ടിയാക്കാനുള്ള അത്യന്തം നിന്ദ്യമായ ഒരു നീക്കത്തില്‍ അറിഞ്ഞോ അറിയാതയോ താങ്കളും പങ്കാളിയായി പോയോ എന്നു ആരെങ്കിലും സംശയിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. ഒരു സംഭവത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിന്റെ നിജ സ്ഥിതിയെക്കുറിച്ച്  പ്രാഥമിക അന്വേഷണം എങ്കിലും നടത്തി മാത്രം പ്രതികരിക്കുക എന്നത് ഒരു സാമാന്യ മര്യാതയല്ലേ ?, സാമൂഹ്യ പ്രതിബദ്ധതയും, ഉത്തരവാദിത്വവുമുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍  കെ പി രാമനുണ്ണിയെപ്പോലെയുള്ളവരില്‍ നിന്നെങ്കിലും പൊതുസമൂഹം അത് പ്രതീക്ഷിക്കുന്നു.

പിന്നെ താങ്കള്‍ സൂചിപ്പിച്ച സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ദയയുടെയും ആത്മീയ പാരമ്പര്യത്തില്‍ അടിയുറച്ചു നിന്ന് കൊണ്ട് തന്നെയാണ് അമ്മയും അവിടുത്തെ ഭക്തരും വര്‍ത്തിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. അമ്മയുടെ നേരെ അക്രമാസക്തനായ് വന്നിട്ടും, ഇത്രയേറെ കോലാഹലങ്ങള്‍ ഉണ്ടായിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സത്നാമിനെ ആശ്രമത്തില്‍ നിന്നും പോലീസിനു കൈമാറിയത്, മഠത്തിന്റെ പ്രതികരണം പോലും സംഭവത്തെക്കുറിച്ചു അന്വേഷിക്കണം എന്നു മാത്രമായിരുന്നു. അല്ലാതെ ആ യുവാവിനെ ശിക്ഷിക്കണം എന്നോ, അവന്‍ തീവ്രവാദിയാണ് എന്നോ ഒന്നുമുള്ള മുന്‍വിധികള്‍ മഠം പറഞ്ഞില്ല. സത്നാമിനെ അറസ്റ്റ് ചെയ്തതിനു ശേഷം അമ്മയെ കാണാന്‍ എത്തിയ സത്നാമിന്റെ കസിന്‍ സഹോദരനെ സ്വീകരിക്കാനോ അദ്ദേഹത്തിനെ ഉള്‍ക്കൊള്ളാണോ  അമ്മയോ ആശ്രമമോ ഒരു മടിയും കാണിച്ചില്ല. ഒരു ബ്രാഹ്മണ കുടുംബത്തില്‍ വളര്‍ന്ന സത്നാം എവിടെ നിന്നും ആണ് ഈ ബിസ്മി പഠിച്ചത് എന്നോ, ഇങ്ങനെ അക്രമാ സക്തനായ് മാറാന്‍ കാരണം എന്ത് എന്നോ തനിക്കോ സത്നാമിന്റെ കുടുംബത്തിനോ അറിയില്ല എന്നു പറഞ്ഞു കരഞ്ഞ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയാണ് അമ്മ ചെയ്തത് ഈ ക്ഷമയും ഉദാരതയും ഇപ്പോള്‍ മാത്രമല്ല എപ്പോളും മഠം പ്രകടിപ്പിച്ചിട്ടുണ്ട്, വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയുടെ നേരെ കത്തിയുമായ്‌ പാഞ്ഞുവന്ന പവിത്രന്‍ എന്നയാളോട്  നിരുപാധികം ക്ഷമിക്കുകയാണ് അമ്മ ചെയ്തത്. അമ്മയെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെ തിരുവല്ല സ്വദേശിയായ അരുണ്‍ എന്ന ഭക്തനും  കുത്തേറ്റിട്ടുണ്ടായിരുന്നു, പവിത്രന്‍ മാനസിക രോഗിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ "ആ മോനോട് ക്ഷമിച്ചൂടെ ? " എന്നാണ് അമ്മ അരുണിനോട് ചോദിച്ചത്.

സ്വദേശികളും വിദേശികളും ആയ ഇത്രയേറെ ആളുകള്‍ കൂടിയിരിക്കുന്ന ഒരിടത്ത് അവിടുത്തെ പ്രധാന വ്യക്തിയുടെ അടുത്തേക്ക് ഒരു അക്രമിയെപ്പോലെ ആക്രോശിച്ച് കൊണ്ട് ഒരാള്‍ പാഞ്ഞടുക്കുംപോള്‍ സ്വാഭാവികമായും ചെയ്യേണ്ട നടപടി മാത്രമേ മഠം ചെയ്തുള്ളു,

 "ക്രിമിനല്‍ സ്വഭാവമുള്ള മനോരോഗികള്‍ അയാളെ സെല്ലിലിട്ട് ചതച്ചരക്കുന്നു. ആശുപത്രി ജീവനക്കാരും കൂട്ടുനില്‍ക്കുന്നു. കേണപേക്ഷിച്ചിട്ടും തൊണ്ട നനക്കാന്‍ ഒരിറ്റ് വെള്ളംപോലും കിട്ടാതെ കക്കൂസിന്‍െറ തറ നക്കിത്തോര്‍ത്തേണ്ട ഗതികേടില്‍ സത്നംസിങ് മരിക്കുന്നു."
ഇതൊക്കെ സത്യമാണെങ്കില്‍  യഥാര്‍ത്ഥത്തില്‍ അങ്ങ് കത്തെഴുതുകയും  വീഴ്ചകളെ പറ്റി അന്വേഷിക്കണം എന്നു ആവശ്യപ്പെടുകയും ചെയ്യേണ്ടിയിരുന്നത് കേരളത്തിലെ ആരോഗ്യ വകുപ്പിനോടും, ആഭ്യന്തര വകുപ്പിനോടും അല്ലേ ? മനോരോഗാശുപത്രിയില്‍ ഇത്തരം പീഡനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെ വെളിച്ചത്ത്  കൊണ്ടുവരാനും അവയെ തടയാന്‍ ശ്രമിക്കുകയും അല്ലേ ചെയ്യേണ്ടത് ? അതിനു പകരം വാദിയെ പ്രതിയാക്കാനുള്ള ഈ ശ്രമങ്ങളില്‍ ചെരുകയാണോ വേണ്ടത് ?

"ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന സത്നം സിങ്ങിന്‍െറ ഉദീരണമാണ് അയാളെ ജീവാപായത്തിലേക്ക് എത്തിച്ച സംഭവപരമ്പരകളിലേക്ക് തള്ളിയിട്ടതെന്ന ആരോപണം അത്യന്തം ഗുരുതരമാണ്. പരമകാരുണികനും ദയാനിധിയുമായ ദൈവത്തിന്‍െറ നാമത്തിലെന്ന വാചകം ആര്‍ക്കാണ് ഇവിടെ ചതുര്‍ഥിയായി ഭവിക്കുന്നത്? "
അതെ ആ ആരോപണം അത്യന്തം  ഗുരുതരം തന്നെയാണ് , മതവും ജാതിയും നോക്കാതെ സര്‍വരെയും  സ്വീകരിക്കുന്ന അമ്മയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചും ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത് അത്യന്തം ഗുരുതരമാണ്. അമ്മയ്ക്കോ അവിടുത്തെ ഭക്തര്‍ക്കോ ബിസ്മിയോ തക്ബീറോ ഒന്നും ഒരിക്കലും  ചതുര്‍ഥിയായി ഭവിച്ചിട്ടില്ല . ഗുജറാത്തില്‍ ഭൂകമ്പം തകര്‍ത്ത ഗ്രാമങ്ങളെ ദത്തെടുത്തപ്പോള്‍ അവിടുത്തെ  മുസ്ലീം ജന സമൂഹത്തിനു വേണ്ടി ഇതേ തക്ബീറും , തൌഹീദും, ബിസ്മിയും മുഴങ്ങുന്ന പള്ളി പണിതു കൊടുക്കാന്‍ അമ്മയ്ക്കോ അമ്മയുടെ ആശ്രമത്തിനോ ഒരു മടിയും ഉണ്ടായിട്ടില്ല. ഇന്നും അമൃതാ ഹോസ്പിറ്റലില്‍, നിസ്കരിക്കാനും മേല്‍പ്പറഞ്ഞ ബിസ്മിയും തക്ബീറും ചൊല്ലി  പരമ കാരുണികനെ സ്തുതിക്കാനും ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസാനുസൃതമായ് ഒരു പ്രത്യേക പ്രാര്‍ത്ഥനാലയം തന്നെ ഒരുക്കിയിട്ടുണ്ട്. ദുബായിയും  റീ യൂണിയനും അടക്കമുള്ള മുസ്ലീം രാജ്യങ്ങള്‍ അമ്മ സന്ദര്‍ശിച്ചപ്പോള്‍   "അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണെന്നും"  അര്‍ത്ഥം വരുന്ന "ലാ ഇലാഹ ഇല്ലല്ലാഹ്; മുഹമ്മദുന് റസൂലുല്ലാഹ്"  എന്ന മുസ്ലീം മന്ത്രം ചൊല്ലിക്കൊണ്ടായിരുന്നു അവിടുത്തെ ജനങ്ങള്‍ അമ്മയെ സീകരിച്ചത്. അതിനെ സന്തോഷത്തോടെ സ്വീകരിക്കാന്‍ അമ്മക്കോ അമ്മയുടെ ചുറ്റുമുള്ളവര്‍ക്കോ  ഒന്നും ഒരു മടിയും ഉണ്ടായില്ല . ബിസ്മിയല്ല പ്രശ്നം എന്നാല്‍ അത് ചൊല്ലിയ രീതി,പെരുമാറ്റം എല്ലാം ഒരു അക്രമിയുടേത് പോലെയായിരുന്നു, .ചാനലുകള്‍ പുറത്തുവിട്ട വീഡിയോകളില്‍  ഒക്കെ സത്നാം ഇത്തരത്തില്‍ ബിസ്മി അക്രോശിക്കുന്നത് കേള്‍ക്കാമായിരുന്നു.പരമ കാരുണികനോട്  കൃപ തേടുന്ന മതഭക്തന്റെ ഭാവം അവിടെ ഉണ്ടായിരുന്നില്ല. അസഹിഷ്ണുതയുടെ ധാര്‍ഷ്ട്യത്തില്‍ സര്‍വ സംഹാരകനാകുന്ന ഒരക്രമിയുടെ ഭാവം ആണ് അവിടെ നാം കണ്ടത്, ചിലപ്പോള്‍ അത് മനോനില തെറ്റിയ ഒരുവന്റെ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കാം ചിലപ്പോള്‍ മസ്തിഷ്ക പ്രക്ഷാളത്തിനിരയായ് ജീവിതത്തിന്റെ മാര്‍ഗവും ലക്ഷ്യവും തെറ്റിദ്ധരിക്കപ്പെട്ട  ഒരുവന്‍റെ പ്രവൃത്തി  ആയിരിക്കാം,അറിയില്ല,  അത് തീരുമാനിക്കേണ്ടത് നിയമവും അന്വേഷണങ്ങളുമാണ്.

സത്രാജിത്തിന്റെ അനുജന്‍ കൊല്ലപ്പെടുമ്പോള്‍ ശ്രീ കൃഷ്ണ പരമാത്മാവില്‍ ആരോപണം വന്നതിനു കാരണം ഭഗവാന്‍ സ്യമന്തക രത്നം കൈക്കലാക്കാന്‍ വേണ്ടി പ്രസേനനെ കൊന്നതാകാം എന്നൊരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. എന്നാല്‍ സത്നാമിന്റെ മരണം കൊണ്ട് മഠത്തിനോ അമ്മയ്ക്കോ ഒന്നും നേടാനില്ല എന്ന വസ്തുത ശ്രീ രാമനുണ്ണി കാണാതെ പോകരുത്. അമ്മയുടെ ആശ്രമത്തില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ അന്വേഷിക്കണം എന്നു പറഞ്ഞു രാജ്യത്തിന്റെ നിയമത്തിനു വിട്ടു കൊടുത്ത  സത്നാം, മാനസിക രോഗിയാണെങ്കില്‍ ആ നിലക്കും, അക്രമി  ആണെങ്കില്‍ ആ നിലക്കും ഉള്ള ശരിയായ നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്ന നീതി നിര്‍വഹണ സംവിധാനത്തിന്റെ പരാജയത്തെ, അമൃതാനന്ദമയി മഠത്തിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള ചിലരുടെയെങ്കിലും കുബുദ്ധിയില്‍ ശ്രീ രാമനുണ്ണിയെപ്പോലുള്ളവര്‍ കരുവായ് പോകരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

അത് കൊണ്ട്  രാമനുണ്ണിയോടൊപ്പം ഞാനും അമ്മയോട് പ്രാര്‍ഥിക്കുന്നു. കുപ്രചരണങ്ങള്‍ നടത്തുന്ന വരുടെ ഉള്ളില്‍  സത്യത്തിന്റെ പൊന്‍ വെളിച്ചം ഉദിക്കുക തന്നെ വേണം സ്വയം വരിക്കപ്പെട്ട ആന്ധ്യം നീങ്ങാന്‍..