Monday, September 17, 2012

മരണം കൊണ്ടാടപ്പെടുമ്പോള്‍
മാധ്യമം ദിനപ്പത്രം സത്നാം സിംഗിന്റെ കൊലപാതകത്തോടെ ഉണര്‍ന്നിരിക്കുകയാണ്, ദിനം പ്രതി ലേഘനങ്ങളും ചര്‍ച്ചകളും കൊണ്ട് ഒരു പരദേശിയുടെ മരണം ക്രൂരമായും മൃഗീയമായും കൊണ്ടാടപ്പെടുകയാണ്. സൈദ്ധാന്തിക പരമായോ ആദര്‍ശ പരമായോ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കെല്‍പ്പില്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിനോ വ്യക്തിക്കോ എതിരെ  ബൌദ്ധികവും, കായികവുമായുള്ള അക്രമങ്ങള്‍ നടത്തി വിജയം നേടാന്‍ ശ്രമിക്കുന്ന കാട്ടു നീതി ആണ് ഈ കാട്ടിക്കൂട്ടലുകള്‍ എല്ലാം.  തീര്‍ച്ചയായും ഒരു കുറ്റാരോപിതനായ വ്യക്തി നിയമ വാഴ്ചയുടെ വരുതിക്കുള്ളില്‍ വച്ചു തന്നെ കൊല്ലപ്പെടുക എന്നത് അത്യന്തം അപലപനീയമായ സംഗതി തന്നെയാണ്. എന്നാല്‍ കേരളത്തില്‍ ഇതിലും നിന്ദ്യവും അപകടകരവുമായ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഒന്നും മാധ്യമം ഇത്തരത്തില്‍ പ്രതികരിച്ചു കണ്ടിട്ടില്ല. പ്രതികരണമാണെങ്കിലോ വാദിയെ പ്രതിയാക്കാനുള്ള കരുതിക്കൂട്ടിയുള്ള കുപ്രചരണങ്ങള്‍ നിറഞ്ഞതും 'അമ്മയെ കാണാന്‍' എന്ന ലേഘനത്തില്‍ തുടങ്ങി അസത്യങ്ങളുടെയും കുപ്രചരണങ്ങളുടെയും   ഒരു പരമ്പര തന്നെ സൃഷ്ടിക്കുകയാണ് മാധ്യമം ചെയ്യുന്നത്. 'കൈരളി-പീപ്പ്ള്‍' ടി.വി അസോസിയേറ്റ് എഡിറ്റര്‍ 'മാധ്യമം' ദിനപ്പത്രത്തില്‍ എഴുതിയപ്പോള്‍ ഉണ്ടായ പ്രത്യയശാസ്ത്ര പരിണാമങ്ങള്‍ കൊണ്ടാണോ എന്നറിയില്ല അബദ്ധങ്ങളുടെ ഘോഷയാത്ര എന്നല്ലാതെ മറ്റൊന്നും അ ലേഖനത്തെ പറ്റി പറയാന്‍ വയ്യ .തന്റെ മനസ്സില്‍  തോന്നിയവയൊക്കെ മീഡിയകളും, പോലീസും പറയുന്നില്ല എന്നു പറഞ്ഞുള്ള പരിവേദനം പെനയിലൂടെ ഒലിച്ചിറങ്ങിയിരിക്കുന്നതാണ് ലേഖനത്തിന്റെ ആദ്യ ഭാഗം മുഴുവനും. പിന്നെ കുറച്ചു സംശയങ്ങളാണ്.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ ഒന്ന് :-
"അമൃതാനന്ദമയി കേന്ദ്രത്തില്‍ എത്തും മുമ്പ് വര്‍ക്കല ശിവഗിരി മഠത്തില്‍ സത്നം സിങ് 20 ദിവസത്തോളം താമസിച്ചു. പഠനവും ചര്‍ച്ചയും ഈ കാലയളവില്‍ അദ്ദേഹം നടത്തി. സത്നം സിങ്ങിന് ഒരു മാനസിക പ്രശ്നവുമുണ്ടായിരുന്നില്ല എന്നും അതീവ ബുദ്ധിമാനായിരുന്നു അയാളെന്നും ശിവഗിരിയിലെ മുനി നാരായണ പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. മാധ്യമങ്ങളില്‍ ഉള്‍പ്പെടെ. "
മുനി നാരായണ പ്രസാദ്ജി പറയുന്നത് പോലെ മാനസിക രോഗി അല്ല എങ്കില്‍ സത്നമിന്റെ പ്രവൃത്തികള്‍ എല്ലാം ദുരുദ്ദേശപരമാണെന്നു  സംശയിക്കേണ്ടി വരും.പിന്നെ സത്നാം സിങ്ങിനു മാനസിക രോഗം ഉണ്ടോ ഇല്ലയോ എന്നതൊക്കെ കണ്ടു പിടിക്കേണ്ടതും തീരുമാനിക്കേണ്ടതും, അമൃതാനന്ദമയി മഠമോ, അബ്രഹാമോ ,മുനി നാരായണ പ്രസാദോ അല്ല നിയമ പ്രകാരമുള്ള മാനസിക പരിശോധനയിലൂടെ ഡോക്ടര്‍മാരാണ്. അമൃതാനന്ദമയി  മഠം പോലെ ആയിരക്കണക്കിനാളുകള്‍  തിങ്ങി നിറഞ്ഞ ഒരു വേദിയില്‍ അക്രമാസക്തനായി വരുന്ന ഒരാളെ പിടികൂടി നിയമ വ്യവസ്ഥക്ക് ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കരണീയം, അയാള്‍ മാനസിക രോഗിയാണോ അല്ലയോ എന്നത് തര്‍ക്ക വിഷയമായിരിക്കാം എന്നാല്‍ അയാള്‍ ആ സമയത്ത് തികച്ചും ആക്രമണ സ്വഭാവത്തോടെ ആണ് പെരുമാറിയത് എന്നുള്ളതില്‍ തര്‍ക്കമില്ല.  പിന്നീട് ജയിലില്‍  സന്ദര്‍ശിച്ച സഹോദരന് നേരെ പോലും ആക്രമാണോത്സുകതയോടെ ആക്രോശിക്കുകയാണ് സത്നാം ചെയ്തതെന്ന്, അദ്ദേഹത്തിന്റെ  സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരം ഒരവസ്ഥയില്‍ അയാളെ അവിടെ നിന്ന് മാറ്റാന്‍ പോലീസിന്റെ സഹായം തേടുക തന്നെയാണ് വേണ്ടത്.  

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ രണ്ട് :-
"അമൃതാനന്ദമയിയുടെ നേരെ, സത്നം സിങ് ആക്രോശിച്ചടുത്തുവെന്നാണ് ആരോപണം. എന്താണദ്ദേഹം ആക്രോശിച്ചതെന്ന് അമൃതാനന്ദമയി സംഘം വെളിപ്പെടുത്തണം. ആക്രോശിച്ചതിന് എന്തോ കാരണമുണ്ട്. ആ കാരണം മറച്ചുവെച്ചിരിക്കുന്നു. അതില്‍ ദുരൂഹതയുണ്ട്".

അമൃതാനന്ദമയിക്ക് നേരെ എന്താണ് ആക്രോശിച്ചതെന്നത് ടിവി മാധ്യമങ്ങളിലൂടെ  ഒക്കെ കേരളത്തിലെ ജനങ്ങള്‍ കണ്ടതും ,കേട്ടതുമാണ് വിഷയത്തെക്കുറിച്ചു   പ്രാഥമിക ഗൃഹപാഠം പോലും ചെയ്യാതെയാണോ മിസ്റ്റര്‍ ലേഖകന്‍ ലേഖനം എഴുതിയത് ? ബിസ്മി ആക്രോശിച്ചു കൊണ്ടാണ് അമ്മക്ക് നേരെ പാഞ്ഞടുത്തത്, ലേഖകന്‍ പറയുന്നത് പോലെ അതില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് നീങ്ങുക തന്നെ വേണം.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ മൂന്ന്  :-
"ആക്രോശിച്ച സത്നം സിങ്ങിനെ അമൃതാനന്ദമയി സംഘം കീഴ്പ്പെടുത്തി. മഠത്തില്‍വെച്ചുതന്നെ ഇയാള്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മഠത്തിലെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ട് ആക്രോശിച്ചയാളിനെ കൈകാര്യം ചെയ്യുന്ന രംഗങ്ങള്‍ പുറത്തുവന്നിട്ടില്ല."

അബ്രഹാം മാത്യുവിന് എന്ത് വേണമെങ്കിലും അനുമാനിക്കാം,  ഗന്ധര്‍വക്കോട്ടകളിലെ നാഗ മാണിക്യങ്ങളാണ് നക്ഷത്രങ്ങള്‍ എന്നോ മാക്രികളുടെ സംഗീതം കേള്‍ക്കുമ്പോഴാണ് മഴപെയ്യുന്നത് എന്നോ അങ്ങിനെ എന്തും അനുമാനിക്കാനുള്ള സ്വാതന്ത്ര്യം അബ്രഹാം മാത്യുവിന് എന്നല്ല ഓരോ വ്യക്തിക്കും ഉണ്ട് എന്നാല്‍ അനുമാനങ്ങള്‍ സത്യങ്ങളല്ല. ഞാന്‍ ഇങ്ങനെ അനുമാനിച്ചു അതുകൊണ്ട് അതിനനുസരിച്ചു എല്ലാവരും പ്രവര്‍ത്തിക്കണം എന്നൊക്കെ തോന്നുന്നത് ചില ലഘു മനോരോഗങ്ങളുടെ ലക്ഷണമാണ്. അമൃതാനന്ദമയി മഠത്തില്‍ നിന്നും പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്ന ഊര്‍ജ്ജസ്വലനും പൂര്‍ണ ആരോഗ്യവാനുമായ സത്നാമിനെ കേരളീയര്‍ മീഡിയകളിലൂടെ കണ്ടതാണ്. ഒരു ചെറു പോറല്‍ പോലും ഏറ്റിട്ടില്ല എന്നത് അതില്‍ നിന്നും വ്യക്തമാണ്  ഇത് അടുത്ത ദിവസം സത്നാമിനെ ജയിലില്‍ സന്ദര്‍ശിച്ച സഹോദരനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ നാല്  അഞ്ച് എന്നിവയ്ക്ക് ഉത്തരം പറയേണ്ടത് പോലീസ് ആണ് അത് അവര്‍ പറഞ്ഞിട്ടും ഉണ്ട്. നേരത്തെ പറഞ്ഞ  പ്രാഥമിക ഗൃഹപാഠത്തിന്‍റെ കുറവ് തന്നെയാണ് ഈചോദ്യങ്ങള്‍ക്കും നിദാനം.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ ആറ്   :-
 "അമൃതാനന്ദമയി മഠവുമായി നല്ല ബന്ധമുള്ള ഐ.ജി ബി.സന്ധ്യക്കാണ് കേസന്വേഷണ ചുമതല. ഇത് വിരോധാഭാസമാണ്. സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളിലൊന്നില്‍ വിദ്യാര്‍ഥിനിയാണ്. അതുകൊണ്ടുതന്നെ കേസന്വേഷണം ഭക്തിപ്രകടനമായി വഴിമാറുമെന്ന് സംശയിക്കപ്പെടുന്നു."
അമൃതാനന്ദമയി മഠവുമായി ‘നല്ല’ ബന്ധം ഇല്ലാത്ത ആരെയെങ്കിലും കേസന്ന്വേഷണം ഏല്‍പ്പിക്കണം എന്നാണോ ലേഖകന്റെ വാദം.

പിന്നെ സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളിലൊന്നില്‍ വിദ്യാര്‍ഥിനിയാണെന്ന കാര്യം ശരിയാണെങ്കില്‍ തന്നെ മകള്‍ പഠിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സന്ധ്യ അമ്മ ഭക്തയും തദ്വാരാ സത്യം മൂടി വക്കുന്നവളുമായ്   മാറും എന്ന മുന്‍ വിധി അപക്വമായ മനസ്സിന്റെ സൃഷ്ടിയാണ് എന്നു മാത്രമേ പറയാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെട്ട വിഖ്യാതമായ കേസുകള്‍ ക്രിസ്തുമത വിശ്വാസികളെ ഏല്‍പ്പിക്കുന്നതും താങ്കള്‍ ചോദ്യം ചെയ്യുമോ ? ഇനിമുതല്‍ ജാതി, മതം, കുലം, മക്കള്‍ പഠിക്കുന്ന സ്കൂള്‍ എന്നിവ ഒക്കെ നോക്കി മാത്രമേ  കേസന്വേഷണം ഏല്‍പ്പിക്കാന്‍ പാടുള്ളൂ എന്നൊരു നിയമം കൂടി കൊണ്ടുവരണം എന്നു പറയാഞ്ഞത് ഭാഗ്യം .

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍  ഏഴ്   :-
"സംഭവത്തില്‍ അമൃതാനന്ദമയിയുടെ മൊഴിയെടുക്കാന്‍ ബി.സന്ധ്യ തയാറായിട്ടില്ല. അമ്മ സ്ഥിരം ദര്‍ശനം നല്‍കുന്നിടത്ത് ഭക്തി പാരവശ്യത്തോടെ പോയി അമ്മയെ ദര്‍ശിച്ച് ഐ.ജി തിരികെ പോന്നു. അമ്മയോടുള്ള മകളുടെ ഭക്തിപ്രകടനത്തെ കേസന്വേഷണം എന്ന് വിശേഷിപ്പിക്കാമോ?"

താങ്കള്‍ക്കു എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം, കേസന്വേഷണം തൃപ്തികരമല്ല എന്നുണ്ടെങ്കില്‍ നിയമപരമായ് തന്നെ നേരിടേണ്ടതിന് പകരം വായില്‍ തോന്നിയത് വിളിച്ചു കൂവുകയാണോ വേണ്ടത് ?

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍  എട്ട്   :-
"സത്നം സിങ് അമൃതാനന്ദമയി മഠത്തില്‍ ബിസ്മില്ലാഹി എന്നു തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലിയതു കേട്ട ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചുവത്രെ. ശിവഗിരിയില്‍ സര്‍വമത പ്രാര്‍ഥന ശീലിച്ച സത്നം സിങ് അവിടെനിന്ന് പഠിച്ച ഈ പ്രാര്‍ഥനയും വള്ളിക്കാവില്‍ ഉരുവിട്ടതാവാം. "

ആയിരിക്കാം അല്ലായിരിക്കാം അത് തീരുമാനിക്കേണ്ടത് അന്വേഷണത്തിലൂടെയാണ്. ബിസ്മി ചൊല്ലിയോ ഇല്ലയോ എന്നതല്ല വിഷയം തികച്ചും അക്രമാസക്തനായിരുന്നു എന്നത് കൊണ്ടാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

കേരളത്തിനെ മുഴുവന്‍ ബാധിക്കുന്ന വളരെ ഗുരുതരമായ പ്രശ്നങ്ങളില്‍ 'വായില്ലാ കുന്നിലപ്പന്‍ നയം'  മുഖ മുദ്രയായിരുന്ന മിസ്റ്റര്‍  അബ്രഹാമിന് പെട്ടെന്നുദിച്ച ഈ ധാര്‍മികരോഷത്തിന്റെ പശ്ചാത്തലം മാനവീകതയാണോ അതോ അസഹിഷ്ണുതയാണോ എന്നറിയാന്‍  പാഴൂര്‍ പടിപ്പുരയില്‍ പോവേണ്ട കാര്യമൊന്നുമില്ല. അതുപോലെ തന്നെ അമൃതാനന്ദമയി മഠത്തെ  കുപ്രചരണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താം എന്നു കോണ്ട്രാക്റ്റ് ഏറ്റെടുത്ത പോലെയാണ് മാധ്യമത്തിന്റെ നിലപാട്. മറ്റൊരു സാമൂഹിക  പ്രശ്നത്തിലും മരണത്തിലും കാണിക്കാത്ത ശുഷ്ക്കാന്തി മാധ്യമവും തേജസും ഇക്കാര്യത്തില്‍ കാണിക്കുന്നുണ്ട്. ആശ്രമത്തില്‍ വരുകയോ പോവുകയോ ചെയ്ത ആര് മരിച്ചാലും അതൊക്കെ ആശ്രമവുമായി ബന്ധപ്പെട്ട  ദുരൂഹ മരണങ്ങള്‍ ആക്കി വ്യാഖ്യാനിച്ച്ചെടുക്കാനുള്ള ശ്രമത്തിലാണ്  തേജസും, മാധ്യമവും. അത്യധികം അപലപനീയമായ ഈ ശ്രമം മാധ്യമ  ധര്‍മത്തിന് ഒട്ടും നിരക്കുന്നതല്ല. അമൃതാനന്ദമയി മഠത്തിലെ ദുര്‍മരണങ്ങള്‍ എന്ന പേരില്‍ രോഗം വന്നു മരിച്ചവരുടെയും, പ്രായം ചെന്ന് സ്വാഭാവികമായും മരിച്ചവരുടെയും ഒക്കെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് നിറം പിടിപ്പിച്ചു അപസര്‍പ്പക കഥ എഴുതുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സംശയിക്കപ്പെടേണ്ടതാണ്.    

ഇതേ മാധ്യമവും  തേജസും ഒക്കെ ആഭിമുഖ്യം പുലര്‍ത്തുന്നു എന്നു പറയപ്പെടുന്ന  ഒരു സംഘടന കഴിഞ്ഞ ദിവസം(08 -09 -2012) സത്നാമിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഒരു പ്രക്ഷോഭ പരുപാടി തന്നെ സംഘടിപ്പിക്കുകയുണ്ടായി.(പ്രക്ഷോഭം  ജന്മാഷ്ടമി ദിനത്തില്‍ തന്നെ വന്നത് തികച്ചും യാദ്രിശ്ചികം ആയിരിക്കാം.) തീവ്രവാദ സ്വഭാവമുള്ളത് എന്നു വിമര്‍ശിക്കപ്പെട്ടിട്ടുള്ള ഇത്തരം സംഘടനകള്‍ മുമ്പെങ്ങും കാണിക്കാത്ത ആര്‍ജ്ജവവും ആകുലതയും സത്നാം പ്രശ്നത്തില്‍ കാണിക്കുകയും, വാദിയെ പ്രതിയാക്കാന്‍ തീവ്രശ്രമം നടത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ സത്നാമിന് തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്നുള്ള BVK ഡയറക്ടര്‍  പി പരമേശ്വരന്‍റെയും മറ്റും ആവശ്യങ്ങള്‍ അസ്ഥാനത്തല്ല എന്നു  തോന്നുന്നു.

No comments:

Post a Comment