Wednesday, February 19, 2014

സ്വർഗ്ഗവും നരകവും



ഗെയിൽ ട്രേഡ്വേല്ലിന്റെ വിശുദ്ധ നരകം എന്ന പുസ്തകത്തെ പലരും ഷെയർ ചെയ്ത് ആഘോഷിക്കുന്നത് കണ്ടു. മാതാ അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തുന്ന ഏതു വാർത്തയും അതിന്റെ വിശ്വാസ്യതയോ, സത്യാവസ്ഥയൊ നോക്കാതെ കൊണ്ടാടുന്നവർക്ക് ഇതും ഉപയോഗപ്പെടുമായിരിക്കും. 

എറ്റവും പ്രധാനമായി അമൃതാനന്ദമയി എന്ന വ്യക്തി അപ്രാപ്യമായ ഏതോ ഭൂതകാലത്തിൽ ജീവിച്ചു പോയ ഒരാളല്ല. ഇന്നും ജനങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന ഒരാളാണ്. അമ്മയുടെ ഭക്തർ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ആരൊക്കെയോ പറഞ്ഞുകേട്ട കഥകൾ വച്ചല്ല. മറിച്ച് വ്യക്തിപരമായി അമ്മയുമായുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ യുക്തിയും, ബുദ്ധിയും ഒക്കെ വച്ച് മനസ്സിലാക്കി തന്നെയാണ് അവർ അമ്മയോടും, അവിടുത്തെ പ്രസ്ഥാനത്തോടും ചേർന്ന് പ്രവർത്തിക്കുന്നത്. ദിവസത്തിൽ 22 മണിക്കൂറും ജനമധ്യത്തിൽ ചിലവഴിക്കുന്ന അമ്മയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചാൽ അമ്മയെ നേരിട്ടറിയുന്നവർക്ക്  അവ കണ്ണടച്ച് വിശ്വസിക്കാൻ സാധിക്കില്ല.

മാധ്യമങ്ങളിലൂടെ മാത്രം അമ്മയെ അറിയുന്നവരാണ് ഇത്തരം ആരോപണങ്ങളിൽ അന്ധമായ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വളരെ സുതാര്യമാണ് ആശ്രമവും അവിടുത്തെ രീതികളും. ഗെയിൽ തന്റെ ബുക്കിൽ പറഞ്ഞത് പോലെ  ആദ്യകാലങ്ങളിൽ സമർപ്പണവും ആദ്ധ്യാത്മികമായ കാഴ്ചപ്പാടും ഗെയിലിനു ഉണ്ടായിരുന്നു. എന്നാൽ ക്രമേണ അവരുടെ ചിന്തകൾ താളം തെറ്റാൻ തുടങ്ങി. ഗുരുവിന്റെ സാമീപ്യം ഉണ്ടായിരുന്നിട്ടു കൂടി ആത്മീയമായ പാതയിൽ നിന്നും അവർ വ്യതിചലിക്കാൻ തുടങ്ങി. അതിന്റെ പ്രത്യാഘാതം അവരുടെ സ്വഭാവത്തിൽ പ്രകടമായി. പരുഷമായ പെരുമാറ്റം, ക്രൂരമായ സംസാരം, തുടങ്ങി ശാരീരികവും മാനസികവുമായ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഗെയിലിന്റെ ശീലമായിരുന്നു. ഇത്തരം ക്രൂരതകൾ അനുഭവിച്ചവർ നിരവധിയാണ്. അമ്മയിൽ നിന്നും മറ്റുള്ളവരെ പരമാവധി അകറ്റാൻ അവർ ശ്രമിച്ചു ഇത് പല ഭക്തർക്കും നേരിട്ട് അനുഭവമുള്ള കാര്യമാണ്.

90 കളുടെ മധ്യത്തോടെ ആശ്രമത്തിൽ വച്ച് ഒരു അമേരിക്കൻ ഭക്തനുമായ് അവർ അടുപ്പം സ്ഥാപിച്ചു.  അവർ അയാളോട് വിവാഹാഭ്യർത്ഥന നടത്തുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറി. അമ്മ ഇതൊക്കെ അറിഞ്ഞുവെങ്കിലും അവരുടെ തെറ്റുകൾ ക്ഷമിക്കുകയും തിരുത്താൻ അവസരം നല്കുകയും ചെയ്തു. പക്ഷെ അവർക്ക് തിരുത്തുവാൻ സാധിച്ചില്ല. വിവാഹം കഴിക്കാൻ ഉദ്ദേശിച്ച് 1999ഓടെ സന്യാസവും, ആശ്രമ ജീവിതവും ഗെയിൽ ഉപേക്ഷിച്ചു.
ആശ്രമം വിട്ട അവർ  വിദേശിയായ ഒരു ഭക്തനോട്‌ വിവാഹാഭ്യർത്ഥന നടത്തുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തു തുടർന്ന് ഒരു വർഷത്തോളം അമ്മയുടെ ഒരു ഭക്തയുടെ ഗൃഹത്തിൽ സൗജന്യമായ് അവർ താമസിച്ചു. ആകാലയളവിൽ ഒന്നും അവർ ഇപ്പോൾ ആരോപിക്കുന്ന ഒരാരോപണവും ഉന്നയിച്ചിട്ടില്ല. പിന്നീട് അവർ മറ്റൊരാളെ വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തു. 

ആശ്രമത്തിൽ ആരെയും നിർബന്ധിച്ച് പിടിച്ചു വയ്ക്കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം ആണ് ഓരോരുത്തരും വന്നിരിക്കുന്നത്. ആശ്രമജീവിതം ഇഷ്ടമല്ലെങ്കിൽ ആർക്കും എപ്പോൾ വേണമെങ്കിലും പോകാം. ഇത് ആശ്രമവുമായ് ബന്ധമുള്ള എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. ആശ്രമത്തിൽ നീണ്ട 20 വർഷം ജീവിക്കുകയും, തന്റെ തന്നെ ദൗർബല്യങ്ങൾ മൂലം ആശ്രമത്തിൽ നിന്നും പോയി വീണ്ടുമൊരു 14 വർഷം കഴിഞ്ഞു ഈ നീണ്ട 34 വർഷത്തിൽ ഒരിക്കൽ പോലും ഉന്നയിക്കാത്ത കുറെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഉള്ള യുക്തിരാഹിത്യം ആർക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. 

ആശ്രമത്തെയും അമ്മയെയും കരിവാരി തേക്കുക എന്നത് പ്രധാന അജണ്ടയാക്കിയ ചില പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചട്ടുകമായി പ്രവർത്തിക്കുന്നതിലൂടെ നേടിയെടുക്കാവുന്ന വൻ സാമ്പത്തിക ലക്ഷ്യങ്ങൾ ഗെയിലിനു ഉണ്ടാകാം,ഇപ്പോൾ  'കാലിക പ്രസക്തിയുള്ള' ലൈംഗിക ആരോപണം 34 വര്ഷങ്ങള്ക്ക് ശേഷം ഗെയിലിന്റെ കഥയിൽ കടന്നു വരുന്നതിന്റെ യുക്തി മറ്റൊന്നാവാൻ തരമില്ല.ആർക്കെതിരെയും യാതൊരു തെളിവും ആവശ്യമില്ലാതെ ഉന്നയിക്കാൻ കഴിയുന്നതും എറ്റവും ശക്തമായതുമായ ആരോപണമാണ് ലൈംഗീക ആരോപണം. ബുക്കിന്റെ നിർമിതിയിലും പ്രചരണത്തിലും  പുലർത്തിയ  കൃത്യമായ ആസൂത്രണം ഇതിനു പിന്നിലെ സംഘടിത ശ്രമങ്ങളെ തുറന്നു കാട്ടാൻ പര്യാപ്തമാണ്. അമ്മയുടെ കേരള പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ മൗദൂദിയൻ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ഒരു മലയാള  പത്രത്തിലൂടെ ഈ വാര്ത്ത പുറത്ത് വന്നതും ഇതിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്നു.

രമണ മഹർഷിയെക്കുറിച്ചു ഇല്ലാ കഥകൾ പാടി നടന്ന  വിദേശ ശിഷ്യരേക്കുറിച്ചും, വിവേകാനന്ദ സ്വാമിയേക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സ്വദേശികളെക്കുറിച്ചും ഒക്കെ നാം കേട്ടിട്ടുണ്ട്. അവരെയോ യഥാർത്ഥഭക്തരെയൊ ഇതൊന്നും ബാധിക്കുന്നില്ല. അമ്മ എപ്പോഴത്തെയും പോലെ തന്റെയരികിൽ ദുഃഖ ഭാരവും പേറി വരുന്നവരെ ആശ്വസിപ്പിക്കുന്നു. ദർശനം നല്കുന്നു. കഴിഞ്ഞ വർഷം വന്നവരിലും എത്രയോ അധികം ആളുകളാണ് ഇന്നലെ കോഴിക്കോട് അമ്മയെ ദർശിക്കാൻ വന്നത്. അമ്മയെക്കുറിച്ചും  ആശ്രമത്തെക്കുറിച്ചും അറിയാൻ ആര്ക്കും ഒരു പ്രയാസവുമില്ല. തുറന്ന പുസ്തകം പോലെ അമ്മ നമുക്കിടയിൽ ജീവിക്കുന്നു..

Monday, February 10, 2014

'ജാതിക്കുമ്മി' എന്ന ഉണർത്തു പാട്ട്

പണ്ഡിറ്റ്‌ കെ.പി കറുപ്പൻ 
കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒരാളാണ് പണ്ഡിറ്റ്‌ കറുപ്പൻ എന്നത് നിസ്തർക്കമാണ്. അതുപോലെ തന്നെ നാരായണ ഗുരുവിന്റെ ജാതി നിർണയം, ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണം, എന്നിവയെപ്പോലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഉണർത്തു പാട്ടായ് മുഴങ്ങിയ കൃതിയായിരുന്നു ജാതിക്കുമ്മി.

"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!"

എന്ന് 'ദുരവസ്ഥ'യിലൂടെ ആശാൻ ജാതിദുരിതത്തെ അവതരിപ്പിക്കുന്നതിനും ഒരു ദശാബ്ദം മുൻപ് പണ്ഡിറ്റ് കറുപ്പനാൽ വിരചിതമായ മഹത്തായ ഒരു കാവ്യശിൽപ്പമാണ് ജാതിക്കുമ്മി. അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനും മുൻപ് തന്നെ വാമോഴിയായ് ജനഹൃദയം 'ജാതിക്കുമ്മി'യെ ഏറ്റു വാങ്ങി. ഭാഷയിലെ ലാളിത്യവും ആശയത്തിലെ ഗാംഭീര്യവും ഈ കൃതിക്ക് മിഴിവേകി. ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ കണ്ടുമുട്ടുന്ന പ്രസിദ്ധമായ കഥയെ ആണ് ജാതിക്കുമ്മിക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

"ബ്രഹ്മത്തിൽ ആർക്ക് ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്"

എന്ന ആചാര്യരുടെ മനീഷാപഞ്ചകത്തിന്റെ സന്ദേശമാണ് ഈ കൃതിയിലും മുഖ്യമായും ചർച്ച ചെയ്യുന്നത്.ദുഷിച്ച സാമൂഹ്യ വ്യവസ്ഥക്ക് നേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു ജാതിക്കുമ്മി. ആ കാല ഘട്ടത്തിലെ ദുസ്ഥിതി ജാതിക്കുമ്മി ഇങ്ങനെ വെളിവാക്കുന്നു.

"മലയാളരാജ്യത്തെ ഹിന്തുക്കളിൽ
പലയാളുകളുമുണ്ടിസ്സാധുകളെ
വിലയാളുകളാക്കി വഴിയിൽ നടക്കുമ്പോൾ
വിലക്കിയകറ്റുന്നു യോഗപ്പെണ്ണേ!- എന്തു
കൊലക്കുടുക്കാണിതു ജ്ഞാനപ്പെണ്ണെ!"

വഴിനടക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ കഷ്ടപ്പെടുന്നവർക്കു വേണ്ടി ജാതിക്കുമ്മി സംവദിച്ചു.ആരെങ്കിലും അടിച്ചേൽപ്പിച്ച മേധാവിത്വം എന്നതിലുപരി മറ്റൊരു വശം കൂടി അനാവരണം ചെയ്യാൻ ശ്രമിക്കുന്നു.

"തീയ്യൻ കണക്കനെ കണ്ടെന്നാൽ
കയ്യോടെ ആട്ടിയകറ്റുന്നു,
അയ്യോ തടുക്കുവാൻ നായരില്ല, തന്റെ
കയ്യിലുമുണ്ടിതു യോഗപ്പെണ്ണേ!- അപ്പോൾ
വയ്യാതടുക്കുവാൻ ജ്ഞാനപ്പെണ്ണേ! 
കണക്കൻ പുലയനെ കണ്ടെന്നാൽ
കണക്കിൽ പുലമ്പിയകറ്റുന്നു
പിണക്കം വേണ്ടെന്നൊരു തിയ്യന്നുരക്കാമൊ?
വണങ്ങണ്ടെ കണക്കന്മാർ യോഗപ്പെണ്ണേ!- എന്തു
ഗുണം കെട്ടനാചാരം ജ്ഞാനപ്പെണ്ണേ!
പുലയൻ പറയനുമുള്ളാടനും
തലതല്ലിമരിക്കുന്നു തീണ്ടൽമൂലം,
ഫലമെന്താണിതുകൊണ്ടു ഹിന്തുവംശംകെട്ടു
ബലമില്ലാതാകുന്നു യോഗപ്പെണ്ണേ!- തീണ്ടൽ
നിലച്ചാലേ ഗുണമുള്ളൂ ജ്ഞാനപ്പെണ്ണേ!"

അവർണരും സവർണരുമായ വിവിധജാതികൾ തൊടീലും, തീണ്ടലും കാത്തു രക്ഷിക്കുവാൻ പെടുന്ന പെടാപ്പാടുകളെ കവി പരിഹസിക്കുന്നു.


അധപ്പതിച്ച ഈ സാമൂഹ്യ വ്യവസ്ഥയാണ് ഹിന്ദുമതത്തിന്റെ സത്ത എന്നും വൈദേശിക ആശയങ്ങളിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് കേരളത്തിൽ ഹൈന്ദവ നവോത്ഥാനം ഉണ്ടായത് എന്നുമുള്ള നിലപാടുകൾ ഇന്ന് കേരളത്തിൽ കാണാം. ഇടതു പക്ഷ ആശയങ്ങൾ ആണ് നവോത്ഥാനം വരാൻ കാരണം എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, മറ്റൊരു കൂട്ടർ വക്കം മൗലവിയുടെയും മറ്റും പേരുകള ഉദ്ധരിച്ച് ഇസ്ലാമിക തത്വ ചിന്തയാണ് ഹൈന്ദവ നവോത്ഥാനത്തിനു കാരണം എന്ന് പ്രചരിപ്പിക്കുന്നു. വേറെ ചിലവരാകട്ടെ അര്‍ണോസ് പാതിരിയുടെ കാൽക്കൽ നവോത്ഥാന ചരിത്രത്തെ സമർപ്പിക്കുന്നു. എന്നാൽ ജാതിയെ നിരാകരിക്കാൻ കേരളത്തിലെ പ്രമുഖ നേതാക്കളൊന്നും വൈദേശിക ആശയങ്ങളെയോ, ബുദ്ധ-ജൈന ദർശനങ്ങളെയോ ആശ്രയിച്ചില്ല എന്നത് വസ്തുതയാണ്.
ഹൈന്ദവ സംസ്കൃതിയുടെ ഗ്രന്ഥങ്ങളെ തന്നെ ഉദ്ധരിച്ച് ഇത്തരം അനാചാരങ്ങൾക്കെതിരെ അവർ പോരാടി. നാരായണ ഗുരുവും,അയ്യങ്കാളിയും, വൈകുണ്ഡ സ്വാമിയും , ചട്ടമ്പി സ്വാമിയും അടക്കമുള്ള നേതാക്കൾ ഹിന്ദുമതത്തിന്റെ ആശയങ്ങള ഈ ദുരാചാരങ്ങൾക്കെതിരാണെന്നു കണ്ടെത്തി പ്രചരിപ്പിച്ചു. ഇതുവരെ ജീവിക്കുകയും ആചരിക്കുകയും ചെയ്ത സംസ്കാരം ഉപേക്ഷിച്ച്, 'ബുദ്ധമതം' സ്വീകരിക്കാലോ വൈദേശിക ആശയങ്ങളിൽ ആശ്രയം തേടലൊ ആണ് ഒറ്റമൂലി എന്ന് കറുപ്പനും ചിന്തിച്ചില്ല.

"ആര്യപുരാതന ഹിന്ദുമത-
സാരങ്ങളൊക്കെപ്പരിശോധിച്ചാൽ
സാരമില്ല തീണ്ടലജ്ഞാനമൂർത്തിയെ-
ന്നാരും പറഞ്ഞിടും"

ആര്യ പുരാതന ഹിന്ദുമതം തീണ്ടലിനെ അംഗീകരിക്കുന്നില്ല എന്നത് കാര്യകാരണ സഹിതം പണ്ഡിറ്റ്‌ സമർത്ഥിക്കുന്നു.
ശ്രീരാമൻ അരയനായ ഗുഹനെ ആലിംഗനം ചെയ്തതും, ശിവൻ മധുരയിൽ മുക്കുവത്തിയായ ദേവിക്ക് പുടമുറി ചെയ്തതും , കാളിയരയത്തി വ്യാസനെ പെറ്റതും, സുബ്രഹ്മണ്യൻ കുറത്തിയെ വേട്ടതും അടങ്ങുന്ന പുരാണ സന്ദർഭങ്ങളെ കവി ചൂണ്ടിക്കാട്ടുന്നു.
കൂടാതെ
"ഭൂസുരപ്പൊയ്കയിൽ ചണ്ഡാളന്റെ
കാസാരത്തിങ്കലുമൊന്നുപോലെ
വാസരനായകബിംബമനുവേലം
ഭാസുരമാകുന്നു യോഗപ്പെണ്ണെ!- ഭേദ
വാസനയില്ലതിൽ ജ്ഞാനപ്പെണ്ണെ!"
എന്നിങ്ങനെ ചണ്ഡാളന്റെ കാസാരതതിലും ഭൂസുരൻറെ പൊയ്കയിലും ഭേദം കല്പ്പിക്കാതെ പ്രതിബിംബിക്കുന്ന സൂര്യനെ ഉദാഹരിച്ച് മനീഷാപഞ്ചകതിന്റെ ദർശനത്തെ മനോഹരമായി അവതരിപ്പിക്കുന്നു. നാൽക്കാലിയെ കാണുമ്പോൾ താണുവണങ്ങുന്നവർ തന്റെ സഹോദരരെ ജാതിയുടെ പേരിൽ അകറ്റി നിർത്തുന്നതിനെ പരിഹസിക്കുന്ന കവി അന്ത്യജൻ മതം മാറിയാൽ സ്വീകാര്യനാകുന്ന വിപര്യത്തെയും ചൂണ്ടിക്കാണിക്കുന്നു.
ഈ വിഷയത്തിൽ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ സ്മരണീയമാണ്.

"മലബാറിൽ ഞാൻ കണ്ടതിനേക്കാൾ ഏറ്റവും വലിയ വിഡ്‌ഢിത്തം ഇതിനുമുമ്പ്‌ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവർണ്ണർ നടക്കാറുള്ള തെരുവുകളിൽ പാവപ്പെട്ട പറയനു നടന്നുകൂടാ. പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ്‌ നാമം, അല്ലെങ്കിൽ മുഹമ്മദീയ നാമം സ്വീകരിച്ചാൽ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും."

ഇതേ കാര്യം ജാതിക്കുമ്മിയും മനോഹരമായി വരച്ചു കാണിക്കുന്നു.

"രാമായണങ്ങൾ പഠിച്ച തീയ്യൻ-
രാമനാർക്കും വഴിമാറിടേണം
തോമനായാലവൻ വഴിമാറിച്ചാകേണ്ട
കേമനായിപ്പോയി യോഗപ്പെണ്ണേ!- നോക്ക
റോമാ മാഹാത്മ്യങ്ങൾ ജ്ഞാനപ്പെണ്ണേ!"

"തൈലം മുതലായതശുദ്ധമായാൽ പൈലോത് തൊട്ടാലത് ശുദ്ധമാകും."
എന്ന് കരുതിയിരുന്ന ഒരു നികൃഷ്ട വ്യവസ്ഥിതി ഹിന്ദു മതത്തിൽ നിന്നും മതം മാറാൻ ജനങ്ങൾക്ക്‌ പ്രേരണയായി.

ഉത്തമ ഹിന്തു മത മതില-
ന്നുത്തമാംഗങ്ങളെന്നോതുന്നവർ,
ചിത്രവർണ്ണങ്ങളായിടുമപരാംഗ
വർത്തിലോകങ്ങളെ യോഗപ്പെണ്ണേ!- തെല്ലു
ശത്രുക്കളാക്കാമോ ജ്ഞാനപ്പെണ്ണേ!
എന്ന ചോദ്യശരം തൊടുക്കാനും പണ്ഡിറ്റ്‌ കറുപ്പൻ മറക്കുന്നില്ല.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഹിന്ദു സമൂഹത്തിലെ സഹോദരങ്ങളോടല്ല വേണ്ടത് മറിച്ച് മനസ്സിനെ ദുഷിപ്പിക്കുന്ന കാമം, ക്രോധം, അസൂയ മുതലായ ദുർഗ്ഗുണങ്ങളോടാണ് കാണിക്കേണ്ടത് എന്ന് കറുപ്പൻ ഉപദേശിക്കുന്നു.

പണ്ഡിറ്റ് കറുപ്പന്‍റെ നേതൃത്വത്തില്‍ 1913 ല്‍ എറണാകുളം കായല്‍പ്പരപ്പില്‍ വള്ളങ്ങള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ വേദിയില്‍ നടന്ന കായല്‍ സമ്മേളനത്തിന് ഈ വര്‍ഷം നൂറു വയസ് തികയുകയാണ്. ശതാബ്ദി സംഗമത്തിലൂടെ കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ ഈ സുപ്രധാന അധ്യായത്തിന്‍റെ ഒാര്‍മ പുതുക്കുന്ന ഈ വേളയിൽ ജാതിക്കുശുമ്പും, ഉച്ചനീചത്വവും ഇല്ലാതെ ഒരുമയോടെ മുന്നോട്ടു നീങ്ങാൻ ജാതിക്കുമ്മി നമുക്ക് പകർന്നു തന്ന ഊർജ്ജം ഇനിയും നമ്മെ നയിക്കട്ടെ.
"ശക്തിപോരെങ്കിലും ഹിന്ദുമത-
സക്തിമുഴക്കുക കൊണ്ടിവണ്ണം
യുക്തി പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ-തീർത്തു
മുക്തിയരുളുക യോഗപ്പെണ്ണേ! -പരാ-
ശക്തി തുണയ്ക്കുക ജ്ഞാനപ്പെണ്ണേ!"




Friday, February 7, 2014

മാതംഗലീല



കൊട്ടിക്കേറുന്ന താളമേളങ്ങളിൽ 
ഹർഷ ഘോഷം മുഴക്കും പുരുഷാരം
കീർത്തി മുദ്രകൾ ചാർത്തി വിളങ്ങിന 
മാദംഗേന്ദ്രനെ വാഴ്ത്തി സ്തുതിക്കുന്നു.

രാജതുല്യം പ്രശോഭിപ്പു മോദമായ് 
തേവർക്കെറ്റം പ്രിയനിവനെന്നു ചൊല്ലുന്നു.
'ലീലയിൽ'* ചൊല്ലുമളവുകൾ കൃത്യമായ് 
ഹസ്തിതന്നിൽ തെളിഞ്ഞിരിക്കുന്നെന്നും 

"പഞ്ചവാദ്യം തുടങ്ങുന്ന മാത്രയിൽ 
ശൂർപ്പകർണങ്ങൾ താളം പിടിക്കുന്നു
ദേവദേവൻറെ കോലമതേറ്റുമ്പൊൾ
കോലോളം തലപ്പൊക്കമേറിടും നിശ്ചയം!

ഇന്നൊളമിക്കര കണ്ടതില്ലിത്രയും 
കെമനാകുന്നൊരു മാതംഗ വീരനെ
കേരളത്തിൻ യശ്ശസ്സുയർത്തീടുന്നു 
ഉത്തമാനാമിവൻ ചരിതങ്ങളൊക്കയും"

കെട്ടതില്ലീ സ്തുതീ ഗീതമോന്നുമേ.
കേൾവി കേട്ട കരീന്ദ്രൻ തന്നുടെ 
കർണരന്ധ്രങ്ങൾ ഭേദിച്ചിടുന്നൊരാ
കമ്പ-സ്ഫൊടകാദിയാൽ  സംഭ്രമിച്ചീടുന്നു.

മിത്ര ദേവന്റെ പൊന്നിൻ  തിടംമ്പേറ്റി
മധ്യാന്നം മഹാ മാതംഗമൊന്നിഹ 
പോരിനായി വന്നുനിൽക്കു മുൻപിലായ് 
വീണുപോകും വിവശനായെങ്കിലും 

അങ്കുശാഗ്രത്താൽ  കുത്തിത്തുളയ്ക്കുന്ന 
മാംസ വേദന തലപ്പൊക്കമേറ്റുന്നു.
കണ്ണുനീരാൽ കഴുകീ കവിൾത്തടം, 
ദേവവാഹനം ഭക്തിയാലെന്നപൊൽ 

ഛത്ര ചാമര രാജ ചിഹ്നങ്ങളും 
മന്ത്ര കീർത്തന വേദ ഘോഷങ്ങളും 
ഒത്തു മെല്ലെ നടന്നു പ്രദക്ഷിണം 
ചെയ്തു പശ്ചിമ ദ്വാരത്തിലെത്തവെ 

ക്ഷീണിതനായ് വീണൂ ഗജേശ്വരൻ 
ക്ഷോണീ ഹൃദന്തം പിളർക്കും കണക്കിനാ 
ദീനരോദനമുതിർക്കുന്ന നേരത്ത് 
തമ്മിൽ തമ്മിൽ പറയുന്നൂ മഹാജനം 

"ഭക്തി പരവശനായിട്ടു നമ്മുടെ 
കുട്ടി ശങ്കരൻ നമസ്കരിക്കുന്നു ഹാ 
അത്യത്ഭുതം ഭവാൻ നിൻ വൈഭവം 
ബുദ്ധിയില്ലാ മൃഗങ്ങൾക്കുമിവ്വിധം 
വ്യക്തമാവുമൊ ത്വത്പാദമഹാത്മ്യം ?"



'ലീല' - ഗജചികിത്സയും, ലക്ഷണവും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ  മാതംഗലീല

[ഉത്സവങ്ങളെയും പൂരങ്ങളേയും ഞാനും ഇഷ്ടപ്പെടുന്നു എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ സഹജീവിയോടുള്ള ക്രൂരതയ്ക്ക് ന്യായീകരണമല്ല. മനുഷ്യ മനസ്സിന്റെ വൈകല്യങ്ങൾ കോഴിപ്പോരും, കാളപ്പോരും, തലപ്പൊക്ക പന്തയങ്ങളുമായ് അവതരിക്കുന്നു. അവയ്ക്ക് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സംരക്ഷണം ലഭിക്കുന്നു.
സർവ്വ ജീവികളിലും നിറഞ്ഞിരിക്കുന്ന  ഈശ്വര ചൈതന്യത്തെക്കുറിച്ച് നാഴികക്ക് നാല്പ്പത് വട്ടം പ്രസംഗിക്കുന്ന ഒരു സംസ്കൃതിയിൽ വന്ന ഈ വൈപരിത്യത്തിൽ തോന്നിയ ദുഖമാണ് 'മാതംഗലീല']