Saturday, May 27, 2017

കൊടും പശുക്കാലം





'പശു' ഒരിക്കൽ കൂടി ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പശുവിനെയും കാലികളെയും കൊല്ലണമെന്നും, കൊല്ലണ്ടായെന്നും പറഞ്ഞു ആളുകൾ തമ്മിലടികൂടുന്നു. ഈ സാധു മൃഗം ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ സ്വാധീനം ചെലുത്തുന്നത് ഇതാദ്യമായല്ല. പശുവും-പശുമാംസവുമൊക്കെ പലപ്പോഴും ഇന്ത്യൻ ചരിത്രത്തിൻറെ ഗതിയെത്തന്നെ മാറ്റുന്നതിൽ ശക്തമായ പങ്കുവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരത്തിനു പോലും പശുവിനോടുള്ള ഇന്ത്യൻ മനസ്സിൻറെ വൈകാരിക ഭാവം ഉത്പ്രേരകമായിത്തീർന്നു എന്നത് സ്മരണീയമാണ്. ഗോവധ നിരോധനം എന്ന ആശയം ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. പല രാജ്യങ്ങളിലും വിവിധ മൃഗങ്ങളെ ഭക്ഷണ ആവശ്യത്തിനു ഉപയോഗിക്കുന്നതിനെതിരെ നിയമങ്ങളും അതിനെക്കുറിച്ച് നിരവധി സംവാദങ്ങളും നടന്നു വരുന്നു എന്നാൽ ഇന്ത്യയിൽ അത്തരമൊരു സംവാദത്തിനു രാഷ്ട്രീയ പാർട്ടികളോ, മാധ്യമങ്ങളൊ, സാംസ്കാരിക സംഘടനകളോ തയാറാവുന്നില്ല. മറിച്ച് വൈകാരികമായ പ്രക്ഷോഭങ്ങളിലും വിഴുപ്പലക്കുകളിലുമാണ് ഇവിടെ നടക്കുന്നതെന്ന് പറയാതിരിക്കുവാനാവില്ല.

പശു വിശുദ്ധമൃഗമാണോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ. വിവിധ വിഭാഗങ്ങളുടെ വിശുദ്ധ ബിംബങ്ങൾ മറ്റുള്ളവർക്ക് വിശുദ്ധമാകണമെന്നില്ല. 'കുരിശ്' കത്തോലിക്ക കൃസ്ത്യാനിക്ക് വിശുദ്ധമാകുമ്പോൾ പെന്തകൊസ്തുകാരനെ സംബന്ധിച്ചിടത്തോളം അത് കേവലം നെടുകയും കുറുകയും ചെർത്തുവച്ച രണ്ടു മരക്കഷണങ്ങൾ മാത്രമാണ്. വിശുദ്ധ ഖുർ-ആൻ അമുസ്ലീങ്ങളെ സംബന്ധിച്ച് ഒരു കൂട്ടം കടലാസ് കെട്ടുകൾ മാത്രമായിരിക്കാം എന്നാൽ മുസ്ലീങ്ങളെ സംബന്ധിച്ച് അത് വിശുദ്ധമായ ദൈവവചനങ്ങളാണ്. ഇത് മതത്തിൻറെ കാര്യത്തിൽ മാത്രമല്ല കൊടിമരവും ചെങ്കൊടിയും നശിപ്പിച്ചതിന് നാടും നഗരവും സ്തംഭിപ്പിച്ചു ഹർത്താലുകൾ നടത്തുന്നവരോട് അത് കേവലം തുണിയും, തൂണും ആയിരുന്നില്ലേ എന്ന് ചോദിക്കുന്നത് എത്രവലിയ വങ്കത്തമായിരിക്കും ?. അതുകൊണ്ടുതന്നെ കേവലം ഒരു നാൽക്കാലിയെ വിശുദ്ധവത്കരിക്കണോ എന്ന ചോദ്യത്തിനു വലിയ പ്രസക്തിയൊന്നുമില്ല. എന്നിരുന്നാലും പതപരമായ കാഴ്ചപ്പാടുകൾക്കുപരി 'പശുപ്രശ്ന'ത്തിൽ അന്തർഭവിച്ചിട്ടുള്ള മറ്റു കാരണങ്ങളെക്കൂടി മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

മാട്ടിറച്ചി ശരീരത്തിനു എത്രത്തോളം ആവശ്യമാണ്‌ എന്ന ഒരു ചർച്ച ഈ വിഷയത്തിൽ കണ്ടില്ലെന്ന് മാത്രമല്ല. അടിസ്ഥാന വർഗത്തിൻറെ പോഷകസ്രോതസ്സാണ് ഗോമാംസം എന്ന് പോലും കെ. ഇ. എന്നിനെ പോലെയുള്ളവരൊക്കെ പറയുന്നത് കേട്ടു. സത്യത്തിൽ പോഷകങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ഗവേഷണങ്ങളിൽ പരമാവധി ഒഴിവാക്കപ്പെടേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് മാട്ടിറച്ചിയുടെ സ്ഥാനം.1 മാത്രമല്ല അർബ്ബുദം,2 ഹൃദ്രോഗങ്ങള്‍,3 പ്രമേഹം,4 മുതലായ പലരോഗങ്ങൾക്കും അൽഷിമേഴ്സ് സാദ്ധ്യതയ്ക്കും, ഭ്രാന്തിപ്പശു രോഗം മുതലായവയുടെ വ്യാപനത്തിനും മാട്ടിറച്ചി ഉപഭോഗം കാരണമാവുന്നു.


മാട്ടിറച്ചിയുടെ ഉത്പാദനം വൻതോതിലുള്ള പ്രകൃതി ചൂഷണത്തിനു കാരണമാകുന്നു. ഒരു കിലോ മാട്ടിറച്ചി ഉത്പാദിപ്പിക്കുന്നതിനായി ഏതാണ്ട് 6810 ലിറ്റർ ജലമാണ്ഉപയോഗിക്കപ്പെടുന്നത്.5 മാട്ടിറച്ചി ഉത്പാദനപ്രക്രിയയിൽ വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നതിനാൽ കാർബണ്‍ ഫൂട്ട് പ്രിൻറിൻറെ കാര്യത്തിലും മാട്ടിറച്ചി വളരെ മുന്നിലാണ്.6
മാംസാവശ്യത്തിനായി വൻതോതിൽ കാലികളെ വളർത്തുന്നത് വന-വന്യജീവി നശീകരണം, ആഗോളതാപനം, മലിനീകരണം തുടങ്ങി നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. ഇതിൻറെയൊക്കെ പശ്ചാത്തലത്തിലാണ് ആഴ്ചയിലൊരിക്കലെങ്കിലും മാംസാഹാരം ഒഴിവാക്കാൻ ജനങ്ങളോട് ഐക്യരാഷ്ട്ര സഭയ്ക്ക് ആവശ്യപ്പെടേണ്ടിവന്നത്.7

മാട്ടിറച്ചിയുടെ ഉത്പാദനം വർദ്ധിക്കുന്നത് കാർഷിക രംഗത്തെയാകും എറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കയിലെയും, ആസ്റ്റ്രേലിയയിലേയും ഒക്കെ അനുഭവങ്ങൾ നമുക്ക് മുന്പിലുണ്ട്. ഹെക്ടർ കണക്കിന് കൃഷിഭൂമി ഫാമുകളുടെ പേരിൽ നശിപ്പിക്കപ്പെട്ടു. ജലസ്രോതസ്സുകളെ അമിതമായി ചൂഷണം ചെയ്തും മുളച്ചു പൊന്തിയ ഫാമുകൾ ബാക്കി വച്ചത് പോഷകക്കുറവും, പൊണ്ണത്തടിയും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളാണ്.


മനുഷ്യനുമായി വൈകാരിക ബന്ധമുള്ള മൃഗങ്ങളെ ഭക്ഷണത്തിനായോ, മറ്റു ആവശ്യങ്ങൾക്കായോ കൊല്ലുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ് ഉദാഹരണത്തിനു ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ പൂച്ചയേയും, നായയേയും ഭക്ഷണത്തിനോ, തുകലിനോ, രോമത്തിനോ മറ്റേതെങ്കിലും ആവശ്യത്തിനോ വേണ്ടി കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. ഈ മൃഗങ്ങളോട് തദ്ദേശീയർക്കുള്ള വൈകാരിക ബന്ധം പരിഗണിച്ചാണ് ഇത്തരമൊരു നിരോധനം സർക്കാർ എർപ്പെടുത്തിയത്. ശരാശരി ഭാരതീയൻറെ നിത്യജീവിതത്തിൽ പശുവിനും കാളക്കുമൊക്കെയുള്ള സ്വാധീനം വളരെ വലുതാണ്‌. ഭാരതത്തിലെ 70% ല്‍ അധികം ജനവിഭാഗങ്ങൾ ഗ്രാമങ്ങളിലാണ് വസിക്കുന്നത്.അവരുടെ ജീവിതങ്ങൾ പശുവുമായി വളരെയധികം ചേർന്നാണ് പോകുന്നത് പല ഗ്രാമങ്ങളിലും കുടിലുകൾക്കുള്ളിൽ തന്നെയാണ് പശുക്കളും അന്തിയുറങ്ങുന്നത്. കൂറ്റൻ ഫാമുകൾ നിർമ്മിച്ച് ഹോർമോണുകളും, മരുന്നുകളും കുത്തിവച്ച്, വാഹനങ്ങളിൽ കുത്തിനിറച്ച് അറവു ശാലകളിലെത്തിച്ച് പലപേരുകളിൽ അവയെ അകത്താക്കി മാത്രം ശീലമുള്ള 'ആധുനികനോളം' പ്രായോഗികതയും സാമ്പത്തിക നിപുണതയും ഇല്ലാത്തതിനാലാകണം മച്ചിപ്പശുക്കളും, കിഴവിപ്പശുക്കളും അടക്കം ഇന്ത്യൻ ഗ്രാമീണൻറെ കുടുംബാംഗങ്ങലോടൊപ്പം കുടിലുകളിൽ കഴിഞ്ഞു കൂടുന്നത്.
നമ്മെപ്പോലെ സഹജീവിയെപ്പോലും തൻറെ സാമ്പത്തിക ലാഭ-നഷ്ടങ്ങളിൽ തൂക്കിനോക്കി ഉപയോഗിക്കുവാനുള്ള വൈദഗ്ധ്യം അവൻ നേടിയിട്ടില്ല. അവനെ സംബന്ധിച്ചിടത്തോളം പാൽ ചുരത്തിയാലും ഇല്ലെങ്കിലും പശുവിനു തൻറെ വീട്ടിൽ സ്ഥാനമുണ്ട്.
പ്രായോഗിക വശം ചിന്തിക്കുകയാണെങ്കിൽ , നാൽക്കാലികൾ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ-കാർഷിക വൃത്തിയുടെ നട്ടെല്ലായിരുന്നു. പശുവിനെ ആധാരമാക്കിയുള്ള ജീവിതവൃത്തിയ്ക്ക് ഇന്നും പ്രാധാന്യമുണ്ട് ഒരു ഗ്രാമത്തിൻറെ മുഴുവൻ ആവശ്യങ്ങൾക്കുമുള്ള, . ജൈവകൃഷി, പാചകവാതകം തുടങ്ങിയസുസ്ഥിര പരിഹാരങ്ങൾക്കു കാലിവളർത്തൽ സഹായിക്കുന്നു. 8
പശുക്കളെ ഭക്ഷണാവശ്യത്തിനായി കൊല്ലുന്നതുമായി ബന്ധപ്പെട്ട വിവാദം ഒരുപാട് തലങ്ങളിലൂടെ സൂക്ഷ്മതയോടെ സമീപിക്കപ്പെടേണ്ട ഒരു വിഷയമാണ്. അതിനു പകരം "ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനുള്ള സ്വാതന്ത്ര്യത്തിൽ ഭരണകൂടം കൈകടത്തുന്നു " എന്നൊക്കെയുള്ള രാഷ്ട്രീയകുടിലത നിറഞ്ഞ മുറവിളികളാണ് ഇവിടെ മുഴങ്ങുന്നത്. ഭൂമി മുഴുവൻ മനുഷ്യനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടു എന്ന അബ്രഹാമിക സൃഷ്ടിവാദത്തിലൂന്നിയ തത്വചിന്തയും അതിൽ നിന്നും ഉദ്ഭൂതമായ ഉപഭോഗതൃഷ്ണയുടെ അതിവൈകാരികതയും മാറ്റിവച്ച്, വിവേകത്തിന്റെയും, സഹവർത്തിത്വത്തിൻറെയും വഴി നാം തിരഞ്ഞെടുക്കണം.



അവലംബങ്ങൾ

1. http://www.who.int/mediacentre/factsheets/fs394/en/


2. http://www.iarc.fr/en/media-centre/pr/2015/pdfs/pr240_E.pdf


3. http://nih.gov/researchmatters/april2013/04222013meat.htm


4. http://archinte.jamanetwork.com/article.aspx?articleid=1697785


5. http://environment.nationalgeographic.com/environment/freshwater/embedded-water/


6. http://link.springer.com/article/10.1007%2Fs10584-014-1169-1


7. http://www.theguardian.com/environment/2008/sep/07/food.foodanddrink


8. http://www.love4cow.com/pdf/IIT%20Report%20final.pdf

Saturday, October 1, 2016

ഭക്തിരസത്തിന്റെ സ്വരഗംഗകൾ



ദേവീ സ്മരണയുടെ മറ്റൊരു നവരാത്രിക്കാലത്തെ നാം വരവേൽക്കുകയാണ്. നവരാത്രികളിൽ ഭാരതമെമ്പാടും ജഗദീശശ്വരിയെ വിഭിന്ന ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്നു. ഈശ്വരനെ സ്ത്രീരൂപത്തിൽ ആരാധിക്കുന്നു എന്ന് മാത്രമല്ല; കുമാരീ പൂജ, സുവാസിനീ പൂജ തുടങ്ങിയ ചടങ്ങുകളിലൂടെ സ്ത്രീകളെ മുഴുവൻ ആ ജഗദീശ്വരിയുടെ അംശമായി കണ്ട് ആദരിക്കുന്നുവെന്നതും നവരാത്രിയുടെ പ്രത്യേകതയാണ്. 
സ്ത്രൈണ-പൗരുഷങ്ങളെ പരസ്പരപൂരകങ്ങളായാണ് ഭാരതീയ സംസ്കൃതി എന്നും കണ്ടുവന്നിട്ടുള്ളത്. അധിനിവേശങ്ങൾ അടക്കമുള്ള ബാഹ്യവും ആന്തരികവുമായ കാരണങ്ങൾ ആ നിലപാടിന് പലപ്പോഴും മങ്ങലേൽപ്പിച്ചു എന്നതു വസ്തുതയാണ്. 
എന്നിരുന്നാലും അത്തരം അപഭ്രംശങ്ങളെ തിരുത്തി സമാജത്തിനു നേർവഴികാണിക്കുവാൻ നമ്മുടെ സംസ്കൃതിയിൽ നിന്നു തന്നെ മഹാത്മാക്കളും-പരിഷ്കർത്താക്കളും ഉയർന്നു വന്നിട്ടുണ്ട്. 

മധ്യകാലഘട്ടത്തിൽ നിരവധി അനാചാരങ്ങളും അബദ്ധധാരണകളും സമാജത്തെ ഗ്രസിച്ചപ്പോൾ ഭക്തിയുടെയും, സമത്വത്തിൻറെയും ഉദാത്തമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭക്തി പ്രസ്ഥാനങ്ങളുമായി നിരവധി ആചാര്യന്മാർ ആവിർഭാവം ചെയ്തു. 
അവരുടെ ഭക്തിരസം നിറഞ്ഞ കവിതകളും, കീർത്തനങ്ങളും ആർഷഹൃദയത്തെ തൊട്ടുണർത്തി. ജാതി-ദേശം-പ്രായം-ലിംഗം തുടങ്ങി സകല വൈരുദ്ധ്യങ്ങളെയും അതിക്രമിച്ച്  നിരവധി ആചാര്യന്മാർ ഭാരതമെമ്പാടും പിറവികൊണ്ടു.  ഭക്തിപ്രസ്ഥാനങ്ങൾ ഉദാത്തതമായ സ്ത്രീശക്തിയുടെ വിളംബരം കൂടിയായിരുന്നു, കർണാടകത്തിലെ അക്ക മഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ, രാജസ്ഥാനത്തിലെ മീരാബായ്, മഹാരാഷ്ട്രയിലെ ജനാബായ്, കാശ്മീരത്തിലെ ലല്ലേശ്വരി തുടങ്ങിയവർ ഭക്തിയുടെ സന്ദേശം സമൂഹത്തിനു നൽകി.

അക്ക മഹാദേവി

മൈസൂരിലെ ഉടുനുടി എന്ന ഗ്രാമത്തിലാണ് അക്ക ജനിച്ചത്. ബാല്യത്തിലെ ശിവ പ്രേമോന്മത്തയായിരുന്ന  അക്ക പിന്നീട് 'അക്ക മഹാദേവി' എന്നറിയപ്പെട്ടു. അവളുടെ വിസമ്മതം കണക്കിലെടുക്കാതെ രാജാവുമായി നടത്തിയ വിവാഹവും, പിന്നീട് ഭർത്താവിൻറെ  പ്രലോഭനങ്ങളും ഭീഷണികളുമൊന്നും അക്കയുടെ ഭക്തിയെ ഇളക്കിയില്ല. തന്റെ നാഥനായി 'ചെന്നമല്ലികാർജ്ജുനനെ'* സങ്കൽപ്പിച്ച അക്ക എല്ലാവിധ ലൗകികസുഖഭോഗങ്ങളും പരിത്യജിച്ചു. ശിവഗീതികൾ പാടി ശ്രീ ശൈലത്തിലെത്തി ഘോരതപസ്സിലാണ്ടു. ശിവദർശനം നേടിയ അക്ക ലോകകല്യാണാർത്ഥം ആത്മീയപ്രവർത്തനങ്ങളിൽ മുഴുകി. ലോകരെ ശിവഭക്തിയിലേയ്ക്ക് നയിച്ചു. എല്ലാത്തരം വിവേചനങ്ങൾക്കും ഉപരിയാണ് ഈശ്വരൻ എന്ന സത്യം അക്കയുടെ കവിതകളിൽ നിറഞ്ഞു നിന്നു. ഇവിടെ ശിവൻമാത്രമേ ഉള്ളൂ എന്ന പ്രൗഢ ദർശനം അക്ക തൻറെ കവിതകളിലൂടെ സരളമായി സംവദിച്ചു. ഒടുവിൽ ശ്രീ ശൈലഗിരിയുടെ മുകളിൽ ശിവധ്യാന നിരതയായി സമാധിയിലാണ്ടു. അക്കയുടെ കവിതകൾ സമൂഹത്തിലെ നിഷേധാത്മകമായ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. പുരുഷകേന്ദ്രീകൃതമാകണം സ്ത്രീ ജീവിതമെന്ന മധ്യകാലസാമൂഹ്യ ബോധത്തെ  അക്ക തച്ചുടച്ചു
നൈമിഷികമായ ഐന്ദ്രിയ സുഖങ്ങൾക്ക് വേണ്ടി അലയുന്ന മനുഷ്യമനസ്സിനെ കണക്കറ്റു പരിഹസിച്ചും  ഈശ്വരലാഭം അല്ലാതെ മറ്റൊന്നു കൊണ്ടും ശാശ്വത തൃപ്തിയുണ്ടാകുകയില്ലെന്ന് ഉപദേശിച്ചും അക്കയുടെ കവിതകൾ ഔപനിഷദമായ ജ്ഞാനത്തെ സാധാരണക്കാർക്ക് പകർന്നു നൽകി.

ആണ്ടാൾ

തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂരിലെ കോതൈ എന്ന പെൺകുട്ടി വിഷ്ണുഭക്തിയുടെ പര്യായമായിരുന്നു. കോതയുടെ പിതാവ് വിഷ്ണുസിദ്ധൻ  ശ്രീവില്ലിപുത്തൂരിലെ  വടപത്രശായി ക്ഷേത്രത്തിലേ വിഗ്രഹത്തിൽ ചാർത്താൻ സ്ഥിരമായി പൂമാലകൾ സമർപ്പിക്കുമായിരുന്നു. തന്റെ പ്രിയതമനായി ഭഗവാനെ സ്വയം വരിച്ച കൊത,  സ്വയം ചാർത്തി നോക്കിയതിനു ശേഷമായിരുന്നു മാലകൾ  പിതാവിന് നൽകിയിരുന്നത്. ഇതറിയാതെ വിഷ്ണുസിദ്ധൻ സമർപ്പിച്ച പൂമാലയിൽ ഒരിയ്ക്കൽ ഒരു മുടിയിരിക്കുന്നത് ക്ഷേത്രപുരോഹിതന്റെ കണ്ണിൽപ്പെട്ടു. അശുദ്ധമായ മാല ഭഗവാന് നൽകിയതിൽ പുരോഹിതനും, വിഷ്ണുസിദ്ധനും വളരെയധികം ദുഖിച്ചു. എന്നാൽ കോതൈ അണിഞ്ഞ മാല തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് ഭവാൻറെ മറുപടിയുണ്ടായി. അങ്ങനെ ഭഗവാനെ ഭക്തിയാൽ കീഴ്പ്പെടുത്തിയ കൊതയെ ജനങ്ങൾ 'ആണ്ടാൾ' എന്ന് വിളിച്ചു. നാച്ചിയാർ തിരുമൊഴി, തിരുപ്പാവൈ.എന്നെ കൃതികളിലൂടെ കൃഷ്ണഭക്തിയുടെ പ്രചാരം ചെയ്ത ആണ്ടാൾ ഒടുവിൽ ശ്രീരംഗനാഥക്ഷേത്രത്തിലെ വിഗ്രഹത്തിൽ വിലയം ചെയ്തു. ആണ്ടാളെ വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിലെ പന്ത്രണ്ട് ആഴ്വാക്കന്മാരിൽ ഒരാളായികരുതി ആദരിയ്ക്കുന്നു 

ജനാബായി

മഹാരാഷ്ട്രയിൽ കീഴ്ജാതിയായ കരുതപ്പെട്ടിരുന്ന ഒരു സമൂഹത്തിലാണ് ജനാബായി ജനിച്ചത്. മാതാവിന്റെ മരണത്തോടെ പിതാവിനോടൊപ്പം പണ്ഡർപ്പൂരിലെത്തിയ ജനാബായി അവിടെവച്ച് വിഠല ഭഗവാനെ** സ്തുതിച്ച് നിരവധി 'അഭംഗുകൾ' എഴുതി. പരമപ്രേമത്തിൽ തൻറെ ദൈനം ദിന കൃത്യങ്ങളിലെല്ലാം ഭഗവദ് സാന്നിദ്ധ്യം അനുഭവിച്ച് കൃതാർത്ഥയായ ജനാബായ്, വിവേചനങ്ങളെയെല്ലാം മറികടന്ന് ഭഗവദ്ഭക്തിയിൽ ഒന്നായി തീരാൻ സമൂഹത്തിന് പ്രചോദനമായി മാറി.







മീരാബായ്
സ്ത്രീകൾക്ക് ഒട്ടനവധി പരിമിതികൾ സമൂഹം കൽപ്പിച്ചു നൽകിയിരുന്ന കാലഘട്ടത്തിൽ രാജസ്ഥാനിലെ  രജപുത്ര കുടുംബത്തിലാണ് മീരാബായ് ജനിച്ചത്. ചെറുപ്പം മുതൽ ശ്രീകൃഷ്ണപ്രേമത്തിൽ സ്വയം സമർപ്പിച്ച മീരയെ മേവാറിലെ രാജകുമാരന്‍ ഭോജ് രാജ് വിവാഹം കഴിച്ചു. തൻറെ ഹൃസ്വകാല ദാമ്പത്യത്തിലും പിന്നീട് അകാല വൈധവ്യത്തിലും മീര കൃഷ്ണഭക്തിയിൽ നിന്നും അൽപവും വ്യതിചലിച്ചില്ല. ദില്ലി സുൽത്താനത്ത്മായുള്ള യുദ്ധത്തിൽ ഭർത്താവും, ബാബർ പടയോട്ടത്തിനോടുള്ള ചെറുത്ത് നിൽപ്പിൽ പിതാവും ഭർതൃപിതാവും കൊല്ലപ്പെട്ടു. പിന്നീട്  അധികാരത്തിലേറിയ ഭര്‍തൃസഹോദരന്‍ വിക്രം സിംഗിനും  അനുചരന്മാർക്കും മീരയുടെ കൃഷ്ണഭക്തി അംഗീകരിയ്ക്കാൻ സാധിച്ചില്ല. മീരയുടെ സത്സംഗവും, പ്രേമ ഭക്തിയും, നിസ്സീമമായ കരുണയും കുലത്തിനു മുഴുവൻ അപമാനം വരുത്തിവയ്ക്കുമെന്ന് അവർ ചിന്തിച്ചു. പല രീതികളിൽ മീരയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അത്തരം ശ്രമങ്ങളെയൊക്കെ അതിജീവിച്ച മീരാബായ് കൃഷ്ണപ്രേമോന്മത്തയായി കൊട്ടാരവും, മണിമന്ദിരങ്ങളും ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി. ആ പ്രേമഭക്തിയുടെ നാദധാര കൃഷ്ണപ്രേമത്തിന്റെ അലയൊലിതന്നെ സമൂഹത്തിലെമ്പാടും സൃഷ്ടിച്ചു. സ്വന്തം നാട്ടിലും  കണ്ണന്റെ കാലടിപതിഞ്ഞ വൃന്ദാവനത്തിലുമൊക്കെ മീരാബായ് സഞ്ചരിച്ചു. സ്ത്രീകൾക്കിതൊക്കെ സാധ്യമാണോ എന്ന് ചോദിച്ചവരോട് താനറിയുന്ന ഒരേയൊരു പുരുഷൻ പരമാത്മാവ് മാത്രമാണെന്ന് മീര മറുപടി പറഞ്ഞു. ഒടുവിൽ ആ നാദധാര ദ്വാരകയിൽ ഭഗവദ് വിഗ്രഹത്തിൽ ലയിച്ച് ചേർന്നു.

ലല്ലേശ്വരി

കാശ്മീരദേശത്ത് ജീവിച്ച ഒരു മഹായോഗിനിയായിരുന്നു ലല്ലേശ്വരി. ശ്രീനഗറിനോട് ചേർന്നുള്ള പ്രദേശത്ത് ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് ലല്ലേശ്വരി ജനിച്ചത് 12വയസ്സിൽ വിവാഹിതയായെങ്കിലും, വിരക്തയായിരുന്ന ലല്ല തന്റെ ലൗകിക ജീവിതം അവസാനിപ്പിക്കുകയും  ശ്രീകണ്ഠ സിദ്ധനിൽ നിന്നും ദീക്ഷിതയാകുകയും ചെയ്തു. ശൈവസിദ്ധാന്ത തത്വങ്ങളെ 'വചനുകൾ' എന്ന കവിതകളായി അവതരിപ്പിച്ചു. ലാലേശ്വരിയുടെ ജീവിതവും, കവിതകളും ജാതി-മത സങ്കുചിതത്വങ്ങളെ മറികടന്ന് ആദ്ധ്യാത്മികതയുടേയു വെളിച്ചത്തെ സമൂഹത്തിൽ എത്തിച്ചു.

ഭക്തിരസത്തിന്റെ മാധുര്യത്തോടെ,  ആത്മീയമൂല്യങ്ങളെ സമൂഹത്തിലാകെ പുനരുദ്ധരിക്കുകയായിരുന്നു ഇവരെല്ലാവരും. ഒരേ സമയം നിർമ്മലമായ ഭക്തിയുടെയും, അലംഘനീയമായ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായവർ. ഈശ്വരന് വേണ്ടി കണ്ണീരൊഴുക്കുമ്പോഴും ഭൗതികമായ എല്ലാ വെല്ലുവിളികളെയും പുഞ്ചിരിയോടെ നേരിട്ടവർ, സമൂഹം അടിച്ചേൽപ്പിച്ച എല്ലാ പരിമിതികളെയും തകർത്തെറിഞ്ഞുകൊണ്ട് അതെ സമൂഹത്തിനു മുഴുവൻ വെളിച്ചത്തെ കാണിച്ചവർ. നവരാത്രിയുടെ ധന്യവേളയിൽ ആദരവോടെ അവരെ നമുക്ക് സ്മരിയ്ക്കാം.. 

വന്ദേ മാതരം.

*ചെന്നമല്ലികാർജ്ജുനൻ - ശ്രീ ശൈലത്തിലെ ശിവൻ
** വിഠൽ ഭഗവാൻ -പണ്ഡർപ്പൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ 

മാതൃവാണി 2016 ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ച ലേഖനം 

Tuesday, September 6, 2016

മാവേലിമാർ വാണ നാട്



മറ്റൊരു ഓണകാലത്തെ വരവേൽക്കാൻ നാം തയാറാവുകയാണ്. പ്രജാക്ഷേമതത്പരനും, അതുലിത ബലശാലിയുമായ   മഹാബലിയുമായി ബന്ധപ്പെട്ടതാണല്ലോ ഓണത്തിൻറെ പുരാവൃത്തം. കള്ളവും ചതിയുമില്ലാത്ത മനുഷ്യരെയെല്ലാം ഒരുപോലെ കാണുന്ന 'മാവേലിനാട്' മലയാളിയുടെ മനസ്സിൽ ഓണനിലാവ് പൊഴിച്ച് നിലകൊള്ളുന്നു. എള്ളോളം പൊളിവചനങ്ങൾ തീണ്ടാത്ത; കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മഹാബലിയുടെ ഭരണത്തിനു യുഗങ്ങൾ മൂന്ന് പഴക്കമുണ്ട്. കൃതയുഗത്തിലായിരുന്നു മഹാബലിയുടെ ഭരണം. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടായിരുന്നു മഹാബലിപിറന്നത്. അസുര ചക്രവർത്തിയായിരുന്ന മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി ചെല്ലുകയും, ഇന്ദ്രാദി ദേവന്മാർ ദേവലോകം നഷ്ടപ്പെട്ട് മഹാബലിയെഭയന്ന് കഴിയേണ്ടി വരികയും ചെയ്തുവത്രേ. ദേവന്മാരുടെ ദുസ്ഥിതി കണ്ട ദൈവമാതാവായ അദിതി ഭഗവാൻ വിഷ്ണുവിനെ തപസ്സു ചെയ്തു. തൻറെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും,  അദിതിയമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാൻ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് കഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്. 

വാമനമൂർത്തിയ്ക്ക്  മഹാബലി മൂന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ  മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം  എന്നവിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി വാമനൻ അനുഗ്രഹിച്ചതും ശ്രീമദ് മഹാഭാഗവദാദി  പുരാണങ്ങളിൽ കാണാം. 

മഹാഭക്തനും പ്രതാപശാലിയുമായിരുന്ന മഹാബലിയുടെ ഭരണകാലത്തെ യുഗങ്ങൾക്കു ശേഷവും ജനങ്ങൾ ആദരവോടെ കാണുന്നു. വർഷത്തിൽ ഒരു ദിവസം മഹാബലി തമ്പുരാൻ സുതല ലോകത്തിൽ നിന്നും ഭൂതലത്തിലെത്തുന്നുവെന്ന സങ്കൽപ്പം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിൽ വാമന ജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണനാളിനോടനുബന്ധിച്ചാണെങ്കിൽ,  ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് 'ബലിപ്രദിപദ' എന്ന ആഘോഷത്തിലാണ് മഹാബലിതമ്പുരാനെ സ്വീകരിക്കുന്നത്.

ബലിയെപ്പോലെ ധർമ്മിഷ്ഠരും പ്രജാക്ഷേമതത്പരരുമായ രാജാക്കന്മാരുടെ കഥകൾ എന്നും  ഭാരതത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു. അത്തരത്തിലുള്ള രാജാക്കന്മാരുടെ ഭരണകാലത്തെ യുഗങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾ വാമൊഴിയായും, വരമൊഴിയായും വാഴ്ത്തിപ്പാടികൊണ്ടേയിരുന്നു. പൃഥു, ഭരതൻ, ജനകൻ, എന്നിങ്ങനെ എണ്ണമറ്റ ചക്രവർത്തിമാരുടെ ഭരണനിപുണതയെക്കുറിച്ചുള്ള ഗാഥകൾ ഭാരതം ഹൃദയത്തിലേറ്റു വാങ്ങിയിട്ടുണ്ടെങ്കിലും മഹാബലി, ശ്രീരാമൻ, യുധിഷ്ഠിരൻ എന്നിവരുടെ ഭരണകാലങ്ങളെയാണ് ഭാരത ജനതയുടെ ഹൃദയങ്ങളിൽ ഏറ്റവും ശക്തമായി നിലകൊള്ളുന്നത്.

ശ്രീ രാമന്റെ മാതൃകാപരമായ ഭരണകാലം 'രാമരാജ്യം' എന്നൊരു സങ്കൽപ്പത്തിന് തന്നെ കാരണമായി. പ്രജാക്ഷേമത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ് രാമരാജ്യം.  ശ്രീ രാമചന്ദ്രൻറെ ഭരണകാലത്ത് രോഗങ്ങളോ മറ്റു ദുരിതങ്ങളോ പ്രജകൾക്ക് നേരിടേണ്ടി വന്നിരുന്നില്ല, സ്ത്രീകൾ വൈധവ്യ ദോഷം അനുഭവിച്ചില്ല, രാമരാജ്യത്തിൽ ആരും കൊള്ളരുതാത്തവരായി ഗണിയ്ക്കപ്പെട്ടിരുന്നില്ല, കള്ളന്മാരും കൊള്ളക്കാരും ഉണ്ടായിരുന്നില്ല, എന്നൊക്കെ വാല്മീകി രാമായണത്തിൽ വർണിയ്ക്കുന്നുണ്ട്. അയോദ്ധ്യാകാണ്ഡത്തിൽ ഉത്തമമായ രാജ്യപാലനത്തെക്കുറിച്ചുള്ള ശ്രീ രാമൻറെ കാഴ്ചപ്പാടുകൾ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. കാട്ടിൽ തന്നെ കാണാൻ എത്തുന്ന ഭാരതനോടായി രാജ്യത്തിൻറെ സുഗമമായ പാലനത്തിനാവശ്യമായ കാര്യങ്ങൾ ശ്രീ രാമൻ സംവദിയ്ക്കുന്നുണ്ട്. സ്ത്രീ സുരക്ഷ, പ്രജാപരിപാലനം, സൈന്യങ്ങളെ സജ്ജമാക്കുന്നത്, ആന മുതലായ മൃഗങ്ങളുടെ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം, വിഷയങ്ങളെ മന്ത്രിമാരുടെ സംഘങ്ങളെക്കോണ്ട് അവലോകനം ചെയ്യിപ്പിക്കുന്നത് എന്ന് വേണ്ട രാഷ്ട്ര തന്ത്രത്തിന്റെ ഓരോ താളവും അവിടെ ശ്രീരാമൻ സംക്ഷിപ്തമായി ഉപദേശിയ്ക്കുന്നു. ഇത്തരം ഉയർന്ന മൂല്യങ്ങൾ അയോദ്ധ്യയെ രാമരാജ്യവും ധർമ്മരാജ്യവുമൊക്കെയായി ഉയർത്തി. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും രാമരാജ്യത്തെ ഭാരതത്തിൻറെ ആദർശമായി ഇന്നും ജനങ്ങൾ നെഞ്ചേറ്റുന്നു. രാമരാജ്യമെന്ന ആദർശ രാഷ്ട്ര സങ്കല്പം നംമടുത്തെ  സ്വാതന്ത്ര്യ സമരത്തിൽപ്പോലും വലിയ സ്വാധീനം ചെലുത്തി.

ദ്വാപരയുഗത്തിലാകട്ടെ ധർമ്മപുത്രർ എന്ന് പ്രസിദ്ധനായ യുധിഷ്ഠിരന്റെ ഭരണകാലമായിരുന്നു ഏറ്റവും പ്രസിദ്ധമായത്.
മഹാഭാരതയുദ്ധാനന്തരം രാജ്യഭാരം ഏറ്റെടുത്ത യുധിഷ്ഠിരന്റെ ഭരണകാലത്ത് രാജ്യം ധർമ്മരാജ്യമായി മാറി. മുപ്പത്തിയാറ് സംവത്സരങ്ങളാണ് യുധിഷ്ഠിരൻ രാജ്യം ഭരിച്ചത്. ധർമ്മം അതിന്റെ പൂർണതേജസ്സോടെ യുധിഷ്ഠിര ഭരണത്തിൽ പരിലസിച്ചിരുന്നു. 

ഒരു പ്രാവിന് വേണ്ടി സ്വന്തം ജീവൻ ത്യജിയ്ക്കാൻ തയാറായ ശിബി, മുക്തി പോലും ത്യജിച്ച് മറ്റുള്ളവരുടെ ദുഃഖം അകറ്റാൻ ആഗ്രഹിച്ച രന്തിദേവൻ, സത്യത്തിനു വേണ്ടി സർവവും ത്യജിയ്ക്കാൻ തയാറായ ഹരിശ്ചന്ദ്രൻ, പ്രജകളിൽ ഉത്തമനായ ഒരുവനെ രാജാവാക്കി വാഴിച്ച ഭരതൻ, ഭൂമിയിൽ നിന്നും വിഭവങ്ങൾ കറന്നെടുത്ത പൃഥു, രാജർഷിയായ ജനകൻ അങ്ങനെ നിരവധി  മഹത്തുക്കളായ രാജാക്കന്മാരുടെ കഥകൾ ഈ മണ്ണിലുറങ്ങുന്നു.  ആ കഥകളൊക്കെയും പോയകാലത്തിന്റെ ദീപ്ത സ്തംഭങ്ങൾ എന്നതിലുപരി വ്യക്തിയുടെയും, സമൂഹത്തിന്റെയും ധാർമികജീവിതത്തിനുള്ള ശക്തമായ പ്രചോദനങ്ങളായി, ചൂണ്ടുപലകകളായി വർത്തിക്കുന്നു. ധർമ്മബോധവും സത്യനിഷ്ഠയും ജീവിതവ്രതമാക്കിയ ധന്യാത്മാക്കളുടെ സ്മരണകൾ നമുക്കും, നമ്മുടെ ഭരണാധികാരികൾക്കും ദിശാബോധമരുളട്ടെ.

വന്ദേ മാതരം.

മാതൃവാണി 2016 സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ച ലേഖനം 

Sunday, August 28, 2016

അമരവാണി: സംസ്കൃതം




പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവി ശ്രീഹർഷൻ തൻറെ നൈഷാധ ചരിതമെന്ന മഹാകാവ്യത്തിൽ ദമയന്തീ സ്വയംവരത്തെ മനോഹരമായി വർണിക്കുന്നുണ്ട്. ദമയന്തിയെ പാണിഗ്രഹണം ചെയ്യുവാനാഗ്രഹിച്ച് ഭാരതവർഷത്തിലെ മിക്കവാറും രാജാക്കൻമാരും സ്വയംവരത്തിനു സന്നിഹിതരായിരുന്നു. അവരുടെയെല്ലാം ഭാഷകൾ വ്യത്യസ്തമായിരുന്നു  എന്നാൽ വ്യത്യസ്തങ്ങളായ മാതൃഭാഷകൾ അവർക്ക് ഒരു തടസ്സമായില്ല. അവരെല്ലാവരും പരസ്പരം സംസ്കൃതത്തിൽ ആശയവിനിമയം നടത്തിയത്രേ.

നൈഷാദചരിതത്തിൽ നിന്നും സമീപകാല ചരിത്രത്തിലേക്ക് വരുമ്പോഴും സമാനമായ സംഭവങ്ങൾ നമുക്ക് കാണാൻ സാധിയ്ക്കും, സ്വാമി വിവേകാനന്ദൻ പരിവ്രാജകനായി സഞ്ചരിയ്ക്കുന്ന സമയത്ത് കേരളത്തിലെത്തുകയും ചട്ടമ്പി സ്വാമി തിരുവടികളെ സന്ദർശിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ചിൻമുദ്രയുടെ അർത്ഥം(ഖേചരീ മുദ്രയാണെന്നും അഭിപ്രായമുണ്ട്) സംബന്ധിച്ച് വിവേകാനന്ദ സ്വാമി ആരായുകയും ചട്ടമ്പി സ്വാമികൾ അത് വിശദീകരിക്കുകയും ചെയ്തു, ബംഗാളിയായ വിവേകാനന്ദ സ്വാമിയും മലയാളിയായ ചട്ടമ്പി സ്വാമികളും സംവദിച്ചതും സംസ്കൃതത്തിൽ ആയിരുന്നു. വ്യത്യസ്ഥങ്ങളായ മാതൃഭാഷകൾ സംസാരിക്കുമ്പോഴും ഭാരതത്തിലെ വിഭിന്ന പ്രദേശങ്ങളിലുള്ളവരെ സംസ്കൃതം കൂട്ടിയോചിപ്പിച്ചിരുന്നു.

നാനാത്വങ്ങളെ,  ഉൾക്കൊണ്ടു കൊണ്ടു തന്നെ, ഭാരതത്തെ  അതിൻറെ സാംസ്കാരിക സ്വത്വത്തിലേക്ക് ഏകീകരിപ്പിക്കുന്നതിൽ സംസ്കൃത ഭാഷയുടെ സ്ഥാനം അദ്വിതീയമാണ്.ഭാരതത്തിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷകളും സംസ്കൃതവുമായി അഭേദ്യബന്ധം പുലർത്തുന്നവയാണ്. സംസംകൃത വാക്കുകൾ ഉൾപ്പെടാത്ത പ്രാദേശികഭാഷകൾ ഭാരതത്തിൽ വിരളമാണ്. അത്രമേൽ സംസ്കൃതം നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഭാരതീയ ഭാഷകൾ മാത്രമല്ല ഇംഗ്ലീഷ് അടക്കമുള്ള പാശ്ചാത്യ ഭാഷകളും അവയുടെ പദസമ്പത്തിന് സംസ്കൃതത്തോട് കടപ്പെട്ടിരിയ്ക്കുന്നു. ഫാദർ(പിതൃ). മദർ(മാതൃ) തുടങ്ങി ഇംഗ്ലീഷ് ഭാഷയിലെ വലിയൊരു ശതമാനം പദങ്ങളും സംസ്കൃതമൂലം ഉള്ളവയാണ്. സംസ്കൃതത്തിൽ നിന്നോ, അല്ലെങ്കിൽ സംസ്കൃതത്തോടു കൂടുതൽ അടുത്തുനിൽക്കുന്ന ഒരു പൊതുപൂർവ ഭാഷയിൽ നിന്നോ ഉദ്ഭവിച്ചതാണ് പാശ്ചാത്യഭാഷകളെല്ലാം തന്നെയെന്നു ചരിത്രകാരന്മാർ വിലയിരുത്തുന്നു. പ്രാചീന ഭാരതത്തിൽ നിന്നും പലപ്പോഴായി പാശ്ചാത്യദേശങ്ങളിലേക്ക് കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അഭിപ്രായത്തെ ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.

സംസ്കരിയ്ക്കപ്പെട്ടത് എന്നാണ് 'സംസ്കൃതം' എന്ന പദത്തിന്റെ അർത്ഥം. സംസ്കൃതത്തിലെ വാക്കുകൾ സ്വയമേവ അതിൻറെ അർത്ഥത്ത സൂചകങ്ങളാണ്, ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യാസ്കൻ ഓരോ പദത്തിനും വേണ്ടിയുള്ള കൃത്യമായ നിരുക്ത(Etymology)നിയമങ്ങളെ  ക്രോഡീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിപുലമെങ്കിലും ചിട്ടയായ വ്യാകരണനിയമങ്ങൾ, ഉച്ചാരണരീതിയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ.എന്നിങ്ങനെ എല്ലാ തരത്തിലും വളരെയധികം സംസ്കരിക്കപ്പെട്ട ഒരു ഭാഷയാണ് 'സംസ്കൃതം'. പാണിനിയുടെ വ്യാകരണ നിയമങ്ങളെപ്പോലെ കൃത്യവും, വ്യക്തവുമായ വ്യാകരണ നിയമങ്ങൾ മറ്റേതെങ്കിലും ഭാഷയ്ക്ക് കാണുമോ എന്ന് സംശയമാണ്..

സൃഷ്ടിപരമായ രചനകളുടെ പരിപ്രേക്ഷ്യത്തിൽ ചിന്തിക്കുമ്പോഴും സംസ്കൃതം ഒരു പ്രൗഢഭാഷയാണ്. പുരാതനമായ ഋഗ്വേദസംഹിത മുതൽ ആദികാവ്യമായ രാമായണം വരെ എഴുതപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. തത്വചിന്ത വിഷയമാകുന്ന ഉപനിഷത്തുകൾ, ശരീരശാസ്ത്രവും, വൈദ്യശാസ്ത്രവും വിഷയമാകുന്ന ചരകസംഹിത മുതലായ ആയുർവേദ ഗ്രന്ഥങ്ങൾ, നൃത്തവും മറ്റു രംഗകലകളും കൈകാര്യം ചെയ്യുന്ന ഭാരതമുനിയുടെ നാട്യശാസ്ത്രം, തുടങ്ങി ജീവിതത്തിലെ സമസ്‌തമേഖലകളെക്കുറിച്ചും പ്രാചീനമായ ഗ്രന്ഥങ്ങൾ സംസ്കൃത ഭാഷയിൽ രചിയ്ക്കപ്പെട്ടിട്ടുണ്ട്.  മഹാഭാരതവും-രാമായണവുമെന്ന ബൃഹത്തും മഹത്തുമായ രണ്ടു ഇതിഹാസങ്ങൾ, ഭാസൻ, ശുദ്രകൻ, കാളിദാസൻ മുതലായവരുടെ നാടകങ്ങൾ, ശ്രീഹർഷന്റെയും, ഭാരവിയുടെയും കാവ്യങ്ങൾ, പഞ്ചതന്ത്രവും, ഹിതോപദേശവും അടക്കമുള്ള കഥാശേഖരങ്ങൾ  സാഹിത്യത്തിൻറെ സകലമേഖലകളിലും ആയിരത്താണ്ടുകൾ മുൻപേ തന്നേ  സംസ്കൃതം മുദ്രപതിപ്പിച്ച് കഴിഞ്ഞിരുന്നു.

 ഇങ്ങനെയൊക്കെയാണെങ്കിലും,ഇന്ന്  സംസ്കൃതം മൃതഭാഷയാണെന്ന് ചിലരെങ്കിലും പറഞ്ഞു കേൾക്കാറുണ്ട്.  'മൃതഭാഷ' എന്നത് പോലും സംസ്കൃത പദമാണ് എന്ന് അവർ മറന്നു പോകുന്നു. ഏതൊക്കെ മാനദണ്ഡങ്ങൾ വച്ചളന്നാലും സംസ്കൃതം ഒരു മൃതഭാഷയാണെന്നു പറയുവാൻ ഒരു കാരണവശാലും സാധിക്കുകയില്ല. കാനേഷുമാരി കണക്കുകൾ പ്രകാരം മാതൃഭാഷയായി സംസ്കൃതം സാംസാരിക്കുന്നവരുടെ എണ്ണം ൧൯൭൧ൽ 2,212 ആയിരുന്നവെങ്കിൽ 2011ൽ അത് 14,135 ആയി. സംസ്കൃതം സംസാരിക്കാൻ അറിയാവുന്നവരുടെ എണ്ണം അതിലും എത്രയോ ഇരട്ടിയായിരിക്കും.൧൯൪൭നു  ശേഷം മാത്രം കുറഞ്ഞത് ൩൦൦൦ സംസ്കൃത ഗ്രന്ഥങ്ങൾ എഴുതുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ൧൫ സംസ്കൃത സർവ്വകലാശാലകളും നിരവധി സംസ്കൃത കോളേജുകളും  പ്രവർത്തിക്കുന്നു. നിരവധി വിദേശസർവ്വകലാശാലകളിൽ സംസ്കൃതം പഠനവിഷയമാണ് ജർമ്മനിയിൽ മാത്രം ൧൪ സർവകലാശാലകളാണ് സംസ്കൃതം പഠിപ്പിക്കുന്നത്.  75ൽ അധികം ദിനപത്രങ്ങളും, വാരികകളും, മാസികകളും സംസ്കൃതത്തിൽ പ്രസിദ്ധീകരിച്ചു വരുന്നു. ശങ്കരാചാര്യസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കിയും, ഭഗവദ്ഗീതയെ ആധാരമാക്കിയും സംസ്കൃതത്തിൽ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്ര നടൻ മോഹൻലാൽ അഭിനയിച്ച 'കർണഭാരം' ഉൾപ്പടെ നിരവധി നാടകങ്ങൾ ഇന്നും സംസ്കൃതത്തിൽ ഉണ്ടാവുന്നു. എം. എസ് സുബ്ബലക്ഷ്മിയുടെ മനോഹരശബ്ദത്തിൽ വെങ്കടേശ്വര സുപ്രഭാതമായി നമ്മെ വിളിച്ചുണർത്തുന്ന സംസ്കൃതം, രാത്രിയിൽ യേശുദാസിന്റെ ശബ്ദഗാംഭീര്യത്തിൽ ഹരിവരാസനമായി തഴുകിയുറക്കുന്നു.

അങ്ങനെ എല്ലാ അർതഥത്തിലും സംസ്കൃതം സജീവഭാഷ തന്നെയാണ്. ആർഷസംസ്കൃതിയുടെ അമൂല്യങ്ങളായ രത്നങ്ങളെയും വഹിച്ചുകൊണ്ട് സംസ്കൃത ഭാഗീരഥി അവളുടെ പ്രയാണം ഇന്നും തുടർന്നുകൊണ്ടിരിയ്ക്കുന്നു.

വന്ദേ മാതരം


(മാതൃവാണി, 2016 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

നഗരാസൂത്രണത്തിലെ ഭാരതീയപൈതൃക


കാലവർഷം കനത്തതോടെ നമ്മുടെ നഗരങ്ങൾ പലതും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടുകൾ ജനജീവിതത്തെ ബാധിക്കുകയും പകർച്ചവ്യാധികൾ പകർന്നു പിടിക്കുകയുമൊക്കെ ചെയ്യുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുന്നു. അത്യന്താധുനികങ്ങളായ ജീവിതസൗകര്യങ്ങളിൽ അഭിരമിയ്ക്കുമ്പോഴും   ഇത്തരം പ്രശ്നങ്ങൾ കീറാമുട്ടിയായി നഗരജീവിതങ്ങളിൽ  അവശേഷിയ്ക്കുന്നു. നമ്മുടെ നഗരങ്ങളിൽ ഏറിയപങ്കും ആസൂത്രിത നഗരങ്ങളല്ല എന്നതാണ് ഇതിൻറെ പ്രധാന കാരണം. കൂണുപോലെ മുളച്ചുപൊന്തുന്ന ബഹുനില മാളികകളും, കച്ചവട കേന്ദ്രങ്ങളും ഗ്രാമങ്ങളെ നഗരങ്ങളും, നഗരങ്ങളെ നരകങ്ങളുമാക്കി മാറ്റുന്ന പ്രതിഭാസമാണ് നാം കാണുന്നത്. ഗ്രാമങ്ങളിൽ നിന്നും നരകങ്ങളിലേയ്ക്കുള്ള പരിവർത്തനത്തിനിടയിലെ ഇടത്താവളം മാത്രമാണ് ഇന്ന് നഗരങ്ങൾ. എന്നാൽ കൃത്യമായ ആസൂത്രണം ചെയ്ത് നിർമിയ്ക്കപ്പെട്ട നഗരങ്ങൾ വലിയൊരളവു വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തമാണ്.

വ്യക്തമായ ആസൂത്രണത്തോടെ നഗരങ്ങൾ നിർമിയ്ക്കുന്ന രീതി ഭാരതത്തിനു അന്യമായിരുന്നില്ല. വിശ്വകർമ്മാവും, മയനുമൊക്കെ പടുയർത്തിയ മനോഹര നഗരങ്ങളെക്കുറിച്ചുള്ള വർണനകൾ നമ്മുടെ പുരാണങ്ങളിൽ ധാരാളമായി കാണാം. സ്വർണമയിയായ ലങ്കയും, അമരാവതി1യെ വെല്ലുന്ന ഇന്ദ്രപ്രസ്ഥവും, സാഗരതീരത്തെ ദ്വാരകാപുരിയുമൊക്കെ പുരാണേതിഹാസങ്ങൾ വാഗ്മയചിത്രങ്ങളായി നമുക്ക് മുൻപിൽ തെളിച്ചിടുന്നുണ്ട്. ആസൂത്രണം ചെയ്ത് നിർമിക്കപ്പെടേണ്ടവയാണ് നഗരങ്ങൾ എന്ന ബോധ്യം ഭാരതത്തിനു സ്വായത്തമായിരുന്നു എന്ന് ഈ പുരാണ കഥകൾ സാക്ഷ്യം വഹിയ്ക്കുന്നു. 

ഹാരപ്പ, മോഹൻജദാരോ, ധോളാവീര, ലോഥൽ  തുടങ്ങി പുരാതന നാഗരികതയുടെ തിരുശേഷിപ്പികൾ ഭാരതീയ നഗരാസൂത്രണവിദ്യയ്ക്ക് ചരിത്രസാക്ഷ്യം വഹിയ്ക്കുന്നു. കൃത്യമായ അളവുകളിലും അകലങ്ങളിലും പടുത്തുയർത്തിയ വീടുകൾ, വീഥികൾ, കിണറുകൾ, വലിയ ജലസംഭരണികൾ, കുളിക്കടവുകൾ, ആരാധനാലയങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ അങ്ങനെ സൂക്ഷ്മതയോടും, ദീർഘവീക്ഷണത്തോടും കൂടി ആസൂത്രണം ചെയ്യപ്പെട്ട നഗരങ്ങൾ സിന്ധു-സരസ്വതി നദീതട സംസ്കാരത്തിൻറെ ഭാഗമായിരുന്നു. 

നഗരത്തെയും, വീടുകളെയും ശുചിയായി സൂക്ഷിയ്ക്കുവാനുള്ള ശുചീകരണ വ്യവസ്ഥകൾ ഇതര നാഗരികതകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. വീടുകളോട് ചേർന്ന് ശുചിമുറികളും,അവിടെ നിന്നും പുറന്തള്ളുന്ന മലിനജലവും മറ്റും നീക്കം ചെയ്യാൻ പ്രത്യേക ഓവ് ചാലുകളും ഉണ്ടായിരുന്നു. ഇത്തരം ഓവുചാലുകൾ പ്രധാന ഒവുചാലുമായി ബന്ധിപ്പിച്ചു കൊണ്ട്.  മലിനജലജലത്തെ മുഴുവൻ  നഗരത്തിനു വേളിയിലേയ്ക്ക് ഒഴുക്കികളയുവാനുള്ള  സംവിധാനവും അവർ ആവിഷ്കരിച്ചിരുന്നു. ഓരോ വീടുകളിലും മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക പാത്രങ്ങളും. നഗരപ്രാന്തത്തിൽ മാലിന്യനിക്ഷേപത്തിനായി പൊതുഇടങ്ങളും സജ്ജീകരിച്ചിരുന്നു. 

പിൽക്കാല ചരിത്രം പരിശോധിച്ചാൽ, നിരവധി ആസൂത്രിത നഗരങ്ങൾക്ക് പിന്നെയും ഭാരതം ജന്മം നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിയ്ക്കും.. സംഘകാല തമിഴ് കൃതികളിലൊന്നായ 'പരിപാടൽ'; മധുര നഗരത്തെ ഇങ്ങനെ വർണിയ്ക്കുന്നു 

"പത്മനാഭൻറെ നഭിയിലെ താമരപോലെ ഈ നഗരം വിളങ്ങുന്നു 
ഇവിടുത്തെ തെരുവുകൾ ആ താമരയുടെ ദളങ്ങളാണ്  
ക്ഷേത്രം ദളങ്ങളെച്ചേർത്തു നിർത്തുന്ന താമരവളയമാണ് 
ജനങ്ങളാവട്ടെ ഈ പുഷ്പത്ത്തിൻറെ പരാഗരേണുക്കളുമാണ്"

നടുവിൽ പ്രധാന ക്ഷേത്രവും അതിനെ കേന്ദ്രമാക്കി നഗരവും പ്രായേണ ക്ഷേത്ര നഗരികളുടെയെല്ലാം ഘടന ഇപ്രകാരമായിരുന്നു. വീതിയേറിയ വീഥികളും, മലിനജലമോഴുകാനുള്ള ഓവുകളും, പൊതുവായുള്ള സ്നാനഘട്ടങ്ങളും, നഗരത്തെ സംരക്ഷിക്കുന്ന പ്രാകാരങ്ങളും അങ്ങനെ വളരെ ക്രമികമായിട്ടായിരുന്നു  നഗരങ്ങൾ പടുത്തുയർത്തിയിരുന്നത്. 

എന്നാൽ  ചെറുക്ഷേത്രങ്ങളും അവയ്ക്ക് ചുറ്റുമായി വിന്യസിയ്ക്കപ്പെട്ടിരുന്ന സമൂഹങ്ങളുമായിരുന്നു. പല്ലവ നഗര സാമ്രാജ്യത്തിൻറെ ആസ്ഥാനമായിരുന്ന കാഞ്ചിപുരത്തിൻറെ പ്രത്യേകത. മലിന ജലം ഒഴുക്കുവാനുള്ള ചാലുകളും, അതിനെ വളമായ് ഉപയോഗിച്ച് വളർത്തപ്പെട്ടിരുന്ന ചെറുതൊട്ടങ്ങളുമൊക്കെ കാഞ്ചീപുരത്തിനു സ്വന്തമായിരുന്നു. ഇസ്രായേലിൻറെ തലസ്ഥാനമായ 'ടെൽ അവീവ്'2 നഗരത്തിൻറെ ആസൂത്രണത്തിനു പിന്നിൽ പ്രവർത്തിച്ച പാട്രിക് ഗെഡസ്. ഭാരതത്തിൽ താമസിക്കുകയും കഞ്ചീപുരം അടക്കമുള്ള നഗരങ്ങളുടെ ആസൂത്രണ മികവിൽ നിന്നും പ്രചോദനം ഉൾക്കോള്ളുകയും ചെയ്തിട്ടുണ്ട്.  ചെറുക്ഷേത്രങ്ങൾക്ക് ചുറ്റുമായി ക്രമീകരിച്ച കാഞ്ചീപുരം മാതൃക,  ടെൽ അവീവ് നഗരത്തിൻറെ ആസൂത്രണത്തിൽ ഗെഡസിനെ സ്വാധീനിക്കുകയുണ്ടായി. എന്നാൽ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ചെറു ഉദ്യാനങ്ങളാണ് ഗെഡസ്, ടെൽ അവീവിനു വേണ്ടി വിഭാവനം ചെയ്തത്. 

ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ള കൊളോണിയൽ ശക്തികളുടെ അധിനിവേശത്തോട് കൂടെ, ക്ഷേത്രകേന്ദ്രീകൃത നഗരവ്യവസ്ഥകൾക്ക് ക്ഷീണം സംഭവിച്ചു. തോന്നിയത് പോലെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ ആസൂത്രിത നഗരങ്ങളെ നശിപ്പിക്കുകയും മാലിന്യ പ്രശ്നങ്ങൾ അടക്കമുള്ള വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ക്ഷേത്രക്കുളങ്ങൾ നികത്തിയും, ദീർഘ വീക്ഷണമില്ലാതെ കെട്ടിടങ്ങൾ വച്ചും, ഓവുകളും-ഓടകളും തടസപ്പെടുത്തിയും നടത്തിയ 'വികസന'ങ്ങൾ 
മഴയൊന്നു ശക്തമായി പെയ്യുന്നതോടെ വെള്ളത്തിൽ മുങ്ങുന്ന മഹാനഗരങ്ങളേയാണ് നമുക്ക് സമ്മാനിച്ചത്. 

പുരാതന ഭാരതത്തിൻറെ നഗരാസൂത്രണ സമ്പ്രദായങ്ങളെ മനസ്സിലാക്കാനും, കാലഘട്ടത്തിനനുസൃതമായി പരിഷ്കരിച്ച് ഉപയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ഇനിയെങ്കിലും നാം ആരംഭിക്കെണ്ടിയിരിയ്ക്കുന്നു.

വന്ദേമാതരം

----------
1. അമരാവതി - പുരാണങ്ങളിലെ ദേവേന്ദ്രൻറെ രാജധാനി 
2. ഇസ്രായേലിൻറെ പ്രഖ്യാപിത തലസ്ഥാനം ജറുസലേം ആണ്

(മാതൃവാണി  2016 ജൂലായ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

പാദസ്പർശം ക്ഷമസ്വമേ


"മനുഷ്യനും ഈശ്വരനും പ്രകൃതിയും ഒന്നെന്നു പഠിപ്പിച്ച നമ്മുടെ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പ്രാണവായുപോലെഉള്‍ക്കൊണ്ടാല്‍ നമ്മുടെ സുന്ദരകേരളം ഭൂമിയിലെ സ്വര്‍ഗമായിത്തന്നെ നിലനില്‍ക്കും."- അമ്മ

കഠിനമായ ഒരു ചൂട്കാലത്തിലൂടെയാണ്‌ ഈ വർഷം നാം കടന്നു പോയത്. കഴിയാവുന്ന രീതികളിലോക്കെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനു മുകളിൽ കാലാവസ്ഥാവ്യതിയാനം ഡെമോക്ലസ്സിന്റെ വാളു പോലെ തൂങ്ങിയാടുകയാണ്. കിണറുകൾ വറ്റുന്നതും, പുഴകൾ വരളുന്നതും, വെള്ളത്തിനു വേണ്ടി പരക്കം പായുന്നതുമൊക്കെ  നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറുകയാണ്. ഐക്യരാഷ്ട്രസഭ മുതൽ അയൽക്കൂട്ടങ്ങൾ വരെ പ്രകൃതിസംരക്ഷണവും, കാലാവസ്ഥാവ്യതിയാനവുമൊക്കെ ചർച്ച ചെയ്യുന്നു. എന്നാൽ 'പ്രകൃതിസംരക്ഷണം' ഒരു പ്രവർത്തനം എന്നതിലുപരി ഒരു മനോഭാവമാണ് എന്ന വലിയ സത്യം പലപ്പോഴും നാം വിസ്മരിയ്ക്കുന്നു. 

ഉണർന്നെഴുന്നേൽക്കുമ്പോൾ "പാദസ്പർശം ക്ഷമസ്വമേ"  എന്ന പ്രാർത്ഥനയോടെ ഭൂമിയെ തൊട്ടു തലയിൽ വയ്ക്കാൻ നമ്മെ പഠിപ്പിച്ച നമ്മുടെ പൂർവികർ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ മർമ്മം മനസ്സിലാക്കിയവരായിരുന്നു. മനുഷ്യൻറെ ഉപഭോഗത്തിനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടതാണ് പ്രകൃതിയും, മറ്റു ജീവജാലങ്ങളും എന്ന കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നില്ല,  അവരെ സംബന്ധിച്ച് ഈ പ്രകൃതിയിലെ ഓരോന്നും ആരാധിയ്ക്കപ്പ്ടുകയും, ആദരിക്കപ്പെടുകയും ചെയ്യേണ്ടുന്ന ഈശ്വരൻറെ പ്രകടരൂപങ്ങളായിരുന്നു.
ഗിരിനിരകളവർക്ക് ദേവതകളുടെ ആവാസസ്ഥാനങ്ങളായിരുന്നു, നദികൾ ദേവിമാരും, ഭൂമി അമ്മയുമായിരുന്നു, സർപ്പങ്ങൾ ഈ ഭൂമിയുടെ അധിപതികളാണെന്ന ഉദാത്ത സങ്കൽപ്പത്തിൽ മണ്ണിൻറെ നനവും, മരത്തിൻറെ തണലും നിറഞ്ഞ കാവുകൾ അവർ കാത്തു സൂക്ഷിച്ചു. നദികളെ മലിനപ്പെടുത്തുന്നതും, കാടുകളെ നശിപ്പികുന്നതുമൊക്കെ ഘോരപാപങ്ങളായി അവർ കരുതിപോന്നു. 

 'ദശപുത്ര സമോ ദ്രുമ' - പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു മരം എന്ന സുഭാഷിതം നമ്മുടെ സംസ്കൃതിയുടെ പാരിസ്ഥിതിക അവബോധം നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്. ഓഷധികളെയും വൃക്ഷങ്ങളെയും സ്തുതിയ്ക്കുന്ന വൈദിക സൂക്തങ്ങൾ മുതൽ വനവാസി ജീവിതങ്ങളിലെ ഗോത്രഗീതികൾ വരെ നമ്മുടെ മുൻപിൽ ഈ അവബോധത്തെ തന്നെയാണ് അനാവരണം ചെയ്യുന്നത്.

നാം തിരിഞ്ഞു നോക്കേണ്ടതും തിരികെയെടുക്കെണ്ടതും പ്രകൃതിയെ അമ്മയായും ദേവിയായും കരുതി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്ത നമ്മുടെ പൈതൃകത്തെയാണ്.  പഴമയുടെ പ്രതാപം പറഞ്ഞ് ഊറ്റംകൊള്ളാനോ, പുതിയവയെയൊക്കെയും നിഷേധിക്കുവാനോ അല്ല മറിച്ച് ആത്മാർത്ഥതയില്ലാത്ത പ്രകൃതിസംരക്ഷണ മുദ്രാവാക്യങ്ങളേക്കാൽ ശക്തി "കാട് തെളിച്ചാൽ തേവരു കൊപിക്കുമെന്ന" അമ്മൂമ്മത്താക്കീതിനുണ്ടായിരുന്നു എന്ന് തിരിച്ചറിയുക തന്നെ വേണം.

വന്ദേ മാതരം.

(മാതൃവാണി, 2016 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

Friday, June 17, 2016

വയം രാഷ്ട്രേ ജാഗ്യയാമഃ

ധർമ്മസംരക്ഷണാർത്ഥം വിജയനഗരസാമ്രാജ്യം സ്ഥാപിക്കുവാൻ
ഹരിഹര-ബുക്കമാർക്
ക് പ്രചോദനം നൽകുന്ന വിദ്യാരണ്യ സ്വാമി

വന്ദേ മാതരമെന്നു തുടങ്ങുന്ന മനോഹരമായ ദേശീയ ഗീതം നമുക്ക് ലഭിച്ചത്  ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിലൂടെയാണ്. അധിനിവേശശക്തികളുമായി നിരന്തരം പോരാടിയ സന്ന്യാസി സമൂഹത്തിൻറെ ചരിത്രത്തെ ഉപജീവിച്ചുകൊണ്ടാണ് ആ നോവൽ രചിയ്ക്കപ്പെട്ടത്. ആനന്ദ മഠത്തിൽ മാത്രമല്ല  ചരിത്രം പരിശോധിച്ചാൽ  സർവസംഗപരിത്യാഗികളും, സ്വന്തം ജീവിതത്തിൽ പോലും മമതയില്ലാത്തവരുമായ സന്യാസിവര്യന്മാരും  ഈ രാഷ്ട്രത്തിനും,  അതിന്റെ സംസ്കൃതിയ്ക്കും വേണ്ടി നിരന്തരം പ്രയത്നിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. 

ഭാരതസ്വാതന്ത്ര്യ സമരത്തിലെ മുന്നിരപ്പോരാളികളെയൊക്കെ വിവേകാനന്ദസ്വാമിയുടെ ദർശനങ്ങൾ ശക്തമായി സ്വാധീനിച്ചിരുന്നു. നേതാജിയപ്പോലുള്ളവർ വിവേകാനന്ദ സ്വാമിയെ ആത്മീയ ഗുരുവായിട്ടായിരുന്നു കരുതിയിരുന്നത്. ഇനിയും പുറകോട്ടു പോയാൽ  സമർത്ഥ രാംദാസ് പകർന്നു നല്കിയ പ്രചോദനവും പ്രേരണയുമാണ്, മറാത്ത സാമ്രാജ്യം സ്ഥാപിച്ച് ധർമ്മരക്ഷചെയ്യുവാൻ  ശിവജി മഹാരാജിനെ പ്രാപ്തനാക്കിയത്.  മഹത്തായ വിജയനഗര സാമ്രാജ്യത്തിനു പിന്നിലും വിദ്യാരണ സ്വാമികളുടെ ശക്തമായ പ്രചോദനം നമുക്ക് കാണാം. അഥർവ്വവേദത്തിൽ ഇങ്ങനെയൊരു പ്രസ്ഥാവം കാണാം.

"ഭദ്രമിച്ഛന്ത ഋഷയഃ സ്വര്‍വിദ സ്തപോദീക്ഷാം ഉപനിഷേദുരഗ്രേ തതോ രാഷ്ട്രം ബലമോജശ്ച ജാതം തസ്‌മൈ ദേവാ ഉപസം നമന്തു !’"

ലോകനന്മ മാത്രം ഇച്ഛിയ്ക്കുന്ന ഋഷിമാർ രാഷ്ട്ര ക്ഷേമം ഇച്ഛിച്ചു കൊണ്ട് അനാദികാലം മുതല്‍ തപസ്സ് അനുഷ്ഠിച്ചുവെന്നർത്ഥം.

എന്തുകൊണ്ടായിരിക്കും രാഷ്ട്രരക്ഷണത്തിനും, പോഷണത്തിനും ഋഷിമാർ ഇത്രയുമധികം പ്രാധാന്യം കൊടുത്തത് ?  രാഷ്ട്രം സുശക്തമായി നിലനിന്നാൽ മാത്രമേ സംസ്കൃതി സംരക്ഷിയ്ക്കപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. അത്തരത്തിൽ രാഷ്ട്രത്തെ സംരക്ഷിക്കുവാനായി അനേകർ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ക്രൂരമായ അധിനിവേശങ്ങളും, ദുരിതപൂർണമായ അടിമത്തവുമൊക്കെ മറികടന്ന്, ഇന്നും ഈ സംസ്കൃതിയ്ക്ക് സചേതനമായി നിലനിൽക്കാൻ സാധിച്ചത്. 

ദേവന്മാരാൽ പോലും സ്തുതിയ്ക്കപ്പെടുന്ന പുണ്യഭൂമിയെന്നു പുകൾപെറ്റ ഭാരതത്തിന് ധർമ്മം രാഷ്ട്രത്തിൻറെ ജീവശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ നമ്മെ സംബന്ധിച്ചിടത്തോളം രാഷ്ട്ര സംരക്ഷണം ധർമ്മ സംരക്ഷണം തന്നെയാണ് 

യജുർവേദത്തിൽ  മനോഹരമായ ഒരു മന്ത്രഭാഗമുണ്ട്, 

"വയം രാഷ്ട്രേ ജാഗ്യയാമ പുരോഹിതഃ"

അർത്ഥം: ഞങ്ങള്‍ രാഷ്ട്രത്തെ ഉണര്‍ന്നിരുന്ന് നയിക്കുന്നവരാകുന്നു

വിശ്വശാന്തിയുടെ സന്ദേശം മുഴക്കുവാൻ, പ്രകൃതിയും നിഖില ചരാചരങ്ങളും ഈശ്വരൻറെ പ്രകടരൂപമാണെന്നു ഒർമിപ്പിക്കുവാൻ,  ഋഷിപ്രോക്തമായ ആർഷ  സത്യങ്ങളാൽ മനുഷ്യനെ ശ്രേയസ്സിലെയ്ക്കും പ്രേയസ്സിലെയ്ക്കും നയിക്കാൻ ഈ ഉദാത്ത സംസ്കൃതിയും, ഈ രാഷ്ട്രവും ശക്തമായി ഭൂമിയിൽ  നിലകൊള്ളുക തന്നെ വേണം. അതിനായി നമുക്ക് ഉണര്‍ന്നിരുന്ന്  രാഷ്ട്രത്തെ മുന്നോട്ട് നയിക്കാം.

വന്ദേ മാതരം

(2016 മെയ് ലക്കത്തിൽ മാതൃവാണി പ്രസിദ്ധീകരിച്ച ലേഖനം)