Sunday, August 28, 2016

നഗരാസൂത്രണത്തിലെ ഭാരതീയപൈതൃക


കാലവർഷം കനത്തതോടെ നമ്മുടെ നഗരങ്ങൾ പലതും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടുകൾ ജനജീവിതത്തെ ബാധിക്കുകയും പകർച്ചവ്യാധികൾ പകർന്നു പിടിക്കുകയുമൊക്കെ ചെയ്യുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുന്നു. അത്യന്താധുനികങ്ങളായ ജീവിതസൗകര്യങ്ങളിൽ അഭിരമിയ്ക്കുമ്പോഴും   ഇത്തരം പ്രശ്നങ്ങൾ കീറാമുട്ടിയായി നഗരജീവിതങ്ങളിൽ  അവശേഷിയ്ക്കുന്നു. നമ്മുടെ നഗരങ്ങളിൽ ഏറിയപങ്കും ആസൂത്രിത നഗരങ്ങളല്ല എന്നതാണ് ഇതിൻറെ പ്രധാന കാരണം. കൂണുപോലെ മുളച്ചുപൊന്തുന്ന ബഹുനില മാളികകളും, കച്ചവട കേന്ദ്രങ്ങളും ഗ്രാമങ്ങളെ നഗരങ്ങളും, നഗരങ്ങളെ നരകങ്ങളുമാക്കി മാറ്റുന്ന പ്രതിഭാസമാണ് നാം കാണുന്നത്. ഗ്രാമങ്ങളിൽ നിന്നും നരകങ്ങളിലേയ്ക്കുള്ള പരിവർത്തനത്തിനിടയിലെ ഇടത്താവളം മാത്രമാണ് ഇന്ന് നഗരങ്ങൾ. എന്നാൽ കൃത്യമായ ആസൂത്രണം ചെയ്ത് നിർമിയ്ക്കപ്പെട്ട നഗരങ്ങൾ വലിയൊരളവു വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തമാണ്.

വ്യക്തമായ ആസൂത്രണത്തോടെ നഗരങ്ങൾ നിർമിയ്ക്കുന്ന രീതി ഭാരതത്തിനു അന്യമായിരുന്നില്ല. വിശ്വകർമ്മാവും, മയനുമൊക്കെ പടുയർത്തിയ മനോഹര നഗരങ്ങളെക്കുറിച്ചുള്ള വർണനകൾ നമ്മുടെ പുരാണങ്ങളിൽ ധാരാളമായി കാണാം. സ്വർണമയിയായ ലങ്കയും, അമരാവതി1യെ വെല്ലുന്ന ഇന്ദ്രപ്രസ്ഥവും, സാഗരതീരത്തെ ദ്വാരകാപുരിയുമൊക്കെ പുരാണേതിഹാസങ്ങൾ വാഗ്മയചിത്രങ്ങളായി നമുക്ക് മുൻപിൽ തെളിച്ചിടുന്നുണ്ട്. ആസൂത്രണം ചെയ്ത് നിർമിക്കപ്പെടേണ്ടവയാണ് നഗരങ്ങൾ എന്ന ബോധ്യം ഭാരതത്തിനു സ്വായത്തമായിരുന്നു എന്ന് ഈ പുരാണ കഥകൾ സാക്ഷ്യം വഹിയ്ക്കുന്നു. 

ഹാരപ്പ, മോഹൻജദാരോ, ധോളാവീര, ലോഥൽ  തുടങ്ങി പുരാതന നാഗരികതയുടെ തിരുശേഷിപ്പികൾ ഭാരതീയ നഗരാസൂത്രണവിദ്യയ്ക്ക് ചരിത്രസാക്ഷ്യം വഹിയ്ക്കുന്നു. കൃത്യമായ അളവുകളിലും അകലങ്ങളിലും പടുത്തുയർത്തിയ വീടുകൾ, വീഥികൾ, കിണറുകൾ, വലിയ ജലസംഭരണികൾ, കുളിക്കടവുകൾ, ആരാധനാലയങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ അങ്ങനെ സൂക്ഷ്മതയോടും, ദീർഘവീക്ഷണത്തോടും കൂടി ആസൂത്രണം ചെയ്യപ്പെട്ട നഗരങ്ങൾ സിന്ധു-സരസ്വതി നദീതട സംസ്കാരത്തിൻറെ ഭാഗമായിരുന്നു. 

നഗരത്തെയും, വീടുകളെയും ശുചിയായി സൂക്ഷിയ്ക്കുവാനുള്ള ശുചീകരണ വ്യവസ്ഥകൾ ഇതര നാഗരികതകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. വീടുകളോട് ചേർന്ന് ശുചിമുറികളും,അവിടെ നിന്നും പുറന്തള്ളുന്ന മലിനജലവും മറ്റും നീക്കം ചെയ്യാൻ പ്രത്യേക ഓവ് ചാലുകളും ഉണ്ടായിരുന്നു. ഇത്തരം ഓവുചാലുകൾ പ്രധാന ഒവുചാലുമായി ബന്ധിപ്പിച്ചു കൊണ്ട്.  മലിനജലജലത്തെ മുഴുവൻ  നഗരത്തിനു വേളിയിലേയ്ക്ക് ഒഴുക്കികളയുവാനുള്ള  സംവിധാനവും അവർ ആവിഷ്കരിച്ചിരുന്നു. ഓരോ വീടുകളിലും മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക പാത്രങ്ങളും. നഗരപ്രാന്തത്തിൽ മാലിന്യനിക്ഷേപത്തിനായി പൊതുഇടങ്ങളും സജ്ജീകരിച്ചിരുന്നു. 

പിൽക്കാല ചരിത്രം പരിശോധിച്ചാൽ, നിരവധി ആസൂത്രിത നഗരങ്ങൾക്ക് പിന്നെയും ഭാരതം ജന്മം നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിയ്ക്കും.. സംഘകാല തമിഴ് കൃതികളിലൊന്നായ 'പരിപാടൽ'; മധുര നഗരത്തെ ഇങ്ങനെ വർണിയ്ക്കുന്നു 

"പത്മനാഭൻറെ നഭിയിലെ താമരപോലെ ഈ നഗരം വിളങ്ങുന്നു 
ഇവിടുത്തെ തെരുവുകൾ ആ താമരയുടെ ദളങ്ങളാണ്  
ക്ഷേത്രം ദളങ്ങളെച്ചേർത്തു നിർത്തുന്ന താമരവളയമാണ് 
ജനങ്ങളാവട്ടെ ഈ പുഷ്പത്ത്തിൻറെ പരാഗരേണുക്കളുമാണ്"

നടുവിൽ പ്രധാന ക്ഷേത്രവും അതിനെ കേന്ദ്രമാക്കി നഗരവും പ്രായേണ ക്ഷേത്ര നഗരികളുടെയെല്ലാം ഘടന ഇപ്രകാരമായിരുന്നു. വീതിയേറിയ വീഥികളും, മലിനജലമോഴുകാനുള്ള ഓവുകളും, പൊതുവായുള്ള സ്നാനഘട്ടങ്ങളും, നഗരത്തെ സംരക്ഷിക്കുന്ന പ്രാകാരങ്ങളും അങ്ങനെ വളരെ ക്രമികമായിട്ടായിരുന്നു  നഗരങ്ങൾ പടുത്തുയർത്തിയിരുന്നത്. 

എന്നാൽ  ചെറുക്ഷേത്രങ്ങളും അവയ്ക്ക് ചുറ്റുമായി വിന്യസിയ്ക്കപ്പെട്ടിരുന്ന സമൂഹങ്ങളുമായിരുന്നു. പല്ലവ നഗര സാമ്രാജ്യത്തിൻറെ ആസ്ഥാനമായിരുന്ന കാഞ്ചിപുരത്തിൻറെ പ്രത്യേകത. മലിന ജലം ഒഴുക്കുവാനുള്ള ചാലുകളും, അതിനെ വളമായ് ഉപയോഗിച്ച് വളർത്തപ്പെട്ടിരുന്ന ചെറുതൊട്ടങ്ങളുമൊക്കെ കാഞ്ചീപുരത്തിനു സ്വന്തമായിരുന്നു. ഇസ്രായേലിൻറെ തലസ്ഥാനമായ 'ടെൽ അവീവ്'2 നഗരത്തിൻറെ ആസൂത്രണത്തിനു പിന്നിൽ പ്രവർത്തിച്ച പാട്രിക് ഗെഡസ്. ഭാരതത്തിൽ താമസിക്കുകയും കഞ്ചീപുരം അടക്കമുള്ള നഗരങ്ങളുടെ ആസൂത്രണ മികവിൽ നിന്നും പ്രചോദനം ഉൾക്കോള്ളുകയും ചെയ്തിട്ടുണ്ട്.  ചെറുക്ഷേത്രങ്ങൾക്ക് ചുറ്റുമായി ക്രമീകരിച്ച കാഞ്ചീപുരം മാതൃക,  ടെൽ അവീവ് നഗരത്തിൻറെ ആസൂത്രണത്തിൽ ഗെഡസിനെ സ്വാധീനിക്കുകയുണ്ടായി. എന്നാൽ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ചെറു ഉദ്യാനങ്ങളാണ് ഗെഡസ്, ടെൽ അവീവിനു വേണ്ടി വിഭാവനം ചെയ്തത്. 

ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ള കൊളോണിയൽ ശക്തികളുടെ അധിനിവേശത്തോട് കൂടെ, ക്ഷേത്രകേന്ദ്രീകൃത നഗരവ്യവസ്ഥകൾക്ക് ക്ഷീണം സംഭവിച്ചു. തോന്നിയത് പോലെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ ആസൂത്രിത നഗരങ്ങളെ നശിപ്പിക്കുകയും മാലിന്യ പ്രശ്നങ്ങൾ അടക്കമുള്ള വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ക്ഷേത്രക്കുളങ്ങൾ നികത്തിയും, ദീർഘ വീക്ഷണമില്ലാതെ കെട്ടിടങ്ങൾ വച്ചും, ഓവുകളും-ഓടകളും തടസപ്പെടുത്തിയും നടത്തിയ 'വികസന'ങ്ങൾ 
മഴയൊന്നു ശക്തമായി പെയ്യുന്നതോടെ വെള്ളത്തിൽ മുങ്ങുന്ന മഹാനഗരങ്ങളേയാണ് നമുക്ക് സമ്മാനിച്ചത്. 

പുരാതന ഭാരതത്തിൻറെ നഗരാസൂത്രണ സമ്പ്രദായങ്ങളെ മനസ്സിലാക്കാനും, കാലഘട്ടത്തിനനുസൃതമായി പരിഷ്കരിച്ച് ഉപയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ഇനിയെങ്കിലും നാം ആരംഭിക്കെണ്ടിയിരിയ്ക്കുന്നു.

വന്ദേമാതരം

----------
1. അമരാവതി - പുരാണങ്ങളിലെ ദേവേന്ദ്രൻറെ രാജധാനി 
2. ഇസ്രായേലിൻറെ പ്രഖ്യാപിത തലസ്ഥാനം ജറുസലേം ആണ്

(മാതൃവാണി  2016 ജൂലായ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

No comments:

Post a Comment