Sunday, August 28, 2016

അമരവാണി: സംസ്കൃതം




പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവി ശ്രീഹർഷൻ തൻറെ നൈഷാധ ചരിതമെന്ന മഹാകാവ്യത്തിൽ ദമയന്തീ സ്വയംവരത്തെ മനോഹരമായി വർണിക്കുന്നുണ്ട്. ദമയന്തിയെ പാണിഗ്രഹണം ചെയ്യുവാനാഗ്രഹിച്ച് ഭാരതവർഷത്തിലെ മിക്കവാറും രാജാക്കൻമാരും സ്വയംവരത്തിനു സന്നിഹിതരായിരുന്നു. അവരുടെയെല്ലാം ഭാഷകൾ വ്യത്യസ്തമായിരുന്നു  എന്നാൽ വ്യത്യസ്തങ്ങളായ മാതൃഭാഷകൾ അവർക്ക് ഒരു തടസ്സമായില്ല. അവരെല്ലാവരും പരസ്പരം സംസ്കൃതത്തിൽ ആശയവിനിമയം നടത്തിയത്രേ.

നൈഷാദചരിതത്തിൽ നിന്നും സമീപകാല ചരിത്രത്തിലേക്ക് വരുമ്പോഴും സമാനമായ സംഭവങ്ങൾ നമുക്ക് കാണാൻ സാധിയ്ക്കും, സ്വാമി വിവേകാനന്ദൻ പരിവ്രാജകനായി സഞ്ചരിയ്ക്കുന്ന സമയത്ത് കേരളത്തിലെത്തുകയും ചട്ടമ്പി സ്വാമി തിരുവടികളെ സന്ദർശിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ചിൻമുദ്രയുടെ അർത്ഥം(ഖേചരീ മുദ്രയാണെന്നും അഭിപ്രായമുണ്ട്) സംബന്ധിച്ച് വിവേകാനന്ദ സ്വാമി ആരായുകയും ചട്ടമ്പി സ്വാമികൾ അത് വിശദീകരിക്കുകയും ചെയ്തു, ബംഗാളിയായ വിവേകാനന്ദ സ്വാമിയും മലയാളിയായ ചട്ടമ്പി സ്വാമികളും സംവദിച്ചതും സംസ്കൃതത്തിൽ ആയിരുന്നു. വ്യത്യസ്ഥങ്ങളായ മാതൃഭാഷകൾ സംസാരിക്കുമ്പോഴും ഭാരതത്തിലെ വിഭിന്ന പ്രദേശങ്ങളിലുള്ളവരെ സംസ്കൃതം കൂട്ടിയോചിപ്പിച്ചിരുന്നു.

നാനാത്വങ്ങളെ,  ഉൾക്കൊണ്ടു കൊണ്ടു തന്നെ, ഭാരതത്തെ  അതിൻറെ സാംസ്കാരിക സ്വത്വത്തിലേക്ക് ഏകീകരിപ്പിക്കുന്നതിൽ സംസ്കൃത ഭാഷയുടെ സ്ഥാനം അദ്വിതീയമാണ്.ഭാരതത്തിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷകളും സംസ്കൃതവുമായി അഭേദ്യബന്ധം പുലർത്തുന്നവയാണ്. സംസംകൃത വാക്കുകൾ ഉൾപ്പെടാത്ത പ്രാദേശികഭാഷകൾ ഭാരതത്തിൽ വിരളമാണ്. അത്രമേൽ സംസ്കൃതം നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഭാരതീയ ഭാഷകൾ മാത്രമല്ല ഇംഗ്ലീഷ് അടക്കമുള്ള പാശ്ചാത്യ ഭാഷകളും അവയുടെ പദസമ്പത്തിന് സംസ്കൃതത്തോട് കടപ്പെട്ടിരിയ്ക്കുന്നു. ഫാദർ(പിതൃ). മദർ(മാതൃ) തുടങ്ങി ഇംഗ്ലീഷ് ഭാഷയിലെ വലിയൊരു ശതമാനം പദങ്ങളും സംസ്കൃതമൂലം ഉള്ളവയാണ്. സംസ്കൃതത്തിൽ നിന്നോ, അല്ലെങ്കിൽ സംസ്കൃതത്തോടു കൂടുതൽ അടുത്തുനിൽക്കുന്ന ഒരു പൊതുപൂർവ ഭാഷയിൽ നിന്നോ ഉദ്ഭവിച്ചതാണ് പാശ്ചാത്യഭാഷകളെല്ലാം തന്നെയെന്നു ചരിത്രകാരന്മാർ വിലയിരുത്തുന്നു. പ്രാചീന ഭാരതത്തിൽ നിന്നും പലപ്പോഴായി പാശ്ചാത്യദേശങ്ങളിലേക്ക് കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അഭിപ്രായത്തെ ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.

സംസ്കരിയ്ക്കപ്പെട്ടത് എന്നാണ് 'സംസ്കൃതം' എന്ന പദത്തിന്റെ അർത്ഥം. സംസ്കൃതത്തിലെ വാക്കുകൾ സ്വയമേവ അതിൻറെ അർത്ഥത്ത സൂചകങ്ങളാണ്, ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യാസ്കൻ ഓരോ പദത്തിനും വേണ്ടിയുള്ള കൃത്യമായ നിരുക്ത(Etymology)നിയമങ്ങളെ  ക്രോഡീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിപുലമെങ്കിലും ചിട്ടയായ വ്യാകരണനിയമങ്ങൾ, ഉച്ചാരണരീതിയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ.എന്നിങ്ങനെ എല്ലാ തരത്തിലും വളരെയധികം സംസ്കരിക്കപ്പെട്ട ഒരു ഭാഷയാണ് 'സംസ്കൃതം'. പാണിനിയുടെ വ്യാകരണ നിയമങ്ങളെപ്പോലെ കൃത്യവും, വ്യക്തവുമായ വ്യാകരണ നിയമങ്ങൾ മറ്റേതെങ്കിലും ഭാഷയ്ക്ക് കാണുമോ എന്ന് സംശയമാണ്..

സൃഷ്ടിപരമായ രചനകളുടെ പരിപ്രേക്ഷ്യത്തിൽ ചിന്തിക്കുമ്പോഴും സംസ്കൃതം ഒരു പ്രൗഢഭാഷയാണ്. പുരാതനമായ ഋഗ്വേദസംഹിത മുതൽ ആദികാവ്യമായ രാമായണം വരെ എഴുതപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. തത്വചിന്ത വിഷയമാകുന്ന ഉപനിഷത്തുകൾ, ശരീരശാസ്ത്രവും, വൈദ്യശാസ്ത്രവും വിഷയമാകുന്ന ചരകസംഹിത മുതലായ ആയുർവേദ ഗ്രന്ഥങ്ങൾ, നൃത്തവും മറ്റു രംഗകലകളും കൈകാര്യം ചെയ്യുന്ന ഭാരതമുനിയുടെ നാട്യശാസ്ത്രം, തുടങ്ങി ജീവിതത്തിലെ സമസ്‌തമേഖലകളെക്കുറിച്ചും പ്രാചീനമായ ഗ്രന്ഥങ്ങൾ സംസ്കൃത ഭാഷയിൽ രചിയ്ക്കപ്പെട്ടിട്ടുണ്ട്.  മഹാഭാരതവും-രാമായണവുമെന്ന ബൃഹത്തും മഹത്തുമായ രണ്ടു ഇതിഹാസങ്ങൾ, ഭാസൻ, ശുദ്രകൻ, കാളിദാസൻ മുതലായവരുടെ നാടകങ്ങൾ, ശ്രീഹർഷന്റെയും, ഭാരവിയുടെയും കാവ്യങ്ങൾ, പഞ്ചതന്ത്രവും, ഹിതോപദേശവും അടക്കമുള്ള കഥാശേഖരങ്ങൾ  സാഹിത്യത്തിൻറെ സകലമേഖലകളിലും ആയിരത്താണ്ടുകൾ മുൻപേ തന്നേ  സംസ്കൃതം മുദ്രപതിപ്പിച്ച് കഴിഞ്ഞിരുന്നു.

 ഇങ്ങനെയൊക്കെയാണെങ്കിലും,ഇന്ന്  സംസ്കൃതം മൃതഭാഷയാണെന്ന് ചിലരെങ്കിലും പറഞ്ഞു കേൾക്കാറുണ്ട്.  'മൃതഭാഷ' എന്നത് പോലും സംസ്കൃത പദമാണ് എന്ന് അവർ മറന്നു പോകുന്നു. ഏതൊക്കെ മാനദണ്ഡങ്ങൾ വച്ചളന്നാലും സംസ്കൃതം ഒരു മൃതഭാഷയാണെന്നു പറയുവാൻ ഒരു കാരണവശാലും സാധിക്കുകയില്ല. കാനേഷുമാരി കണക്കുകൾ പ്രകാരം മാതൃഭാഷയായി സംസ്കൃതം സാംസാരിക്കുന്നവരുടെ എണ്ണം ൧൯൭൧ൽ 2,212 ആയിരുന്നവെങ്കിൽ 2011ൽ അത് 14,135 ആയി. സംസ്കൃതം സംസാരിക്കാൻ അറിയാവുന്നവരുടെ എണ്ണം അതിലും എത്രയോ ഇരട്ടിയായിരിക്കും.൧൯൪൭നു  ശേഷം മാത്രം കുറഞ്ഞത് ൩൦൦൦ സംസ്കൃത ഗ്രന്ഥങ്ങൾ എഴുതുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ൧൫ സംസ്കൃത സർവ്വകലാശാലകളും നിരവധി സംസ്കൃത കോളേജുകളും  പ്രവർത്തിക്കുന്നു. നിരവധി വിദേശസർവ്വകലാശാലകളിൽ സംസ്കൃതം പഠനവിഷയമാണ് ജർമ്മനിയിൽ മാത്രം ൧൪ സർവകലാശാലകളാണ് സംസ്കൃതം പഠിപ്പിക്കുന്നത്.  75ൽ അധികം ദിനപത്രങ്ങളും, വാരികകളും, മാസികകളും സംസ്കൃതത്തിൽ പ്രസിദ്ധീകരിച്ചു വരുന്നു. ശങ്കരാചാര്യസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കിയും, ഭഗവദ്ഗീതയെ ആധാരമാക്കിയും സംസ്കൃതത്തിൽ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്ര നടൻ മോഹൻലാൽ അഭിനയിച്ച 'കർണഭാരം' ഉൾപ്പടെ നിരവധി നാടകങ്ങൾ ഇന്നും സംസ്കൃതത്തിൽ ഉണ്ടാവുന്നു. എം. എസ് സുബ്ബലക്ഷ്മിയുടെ മനോഹരശബ്ദത്തിൽ വെങ്കടേശ്വര സുപ്രഭാതമായി നമ്മെ വിളിച്ചുണർത്തുന്ന സംസ്കൃതം, രാത്രിയിൽ യേശുദാസിന്റെ ശബ്ദഗാംഭീര്യത്തിൽ ഹരിവരാസനമായി തഴുകിയുറക്കുന്നു.

അങ്ങനെ എല്ലാ അർതഥത്തിലും സംസ്കൃതം സജീവഭാഷ തന്നെയാണ്. ആർഷസംസ്കൃതിയുടെ അമൂല്യങ്ങളായ രത്നങ്ങളെയും വഹിച്ചുകൊണ്ട് സംസ്കൃത ഭാഗീരഥി അവളുടെ പ്രയാണം ഇന്നും തുടർന്നുകൊണ്ടിരിയ്ക്കുന്നു.

വന്ദേ മാതരം


(മാതൃവാണി, 2016 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

നഗരാസൂത്രണത്തിലെ ഭാരതീയപൈതൃക


കാലവർഷം കനത്തതോടെ നമ്മുടെ നഗരങ്ങൾ പലതും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടുകൾ ജനജീവിതത്തെ ബാധിക്കുകയും പകർച്ചവ്യാധികൾ പകർന്നു പിടിക്കുകയുമൊക്കെ ചെയ്യുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുന്നു. അത്യന്താധുനികങ്ങളായ ജീവിതസൗകര്യങ്ങളിൽ അഭിരമിയ്ക്കുമ്പോഴും   ഇത്തരം പ്രശ്നങ്ങൾ കീറാമുട്ടിയായി നഗരജീവിതങ്ങളിൽ  അവശേഷിയ്ക്കുന്നു. നമ്മുടെ നഗരങ്ങളിൽ ഏറിയപങ്കും ആസൂത്രിത നഗരങ്ങളല്ല എന്നതാണ് ഇതിൻറെ പ്രധാന കാരണം. കൂണുപോലെ മുളച്ചുപൊന്തുന്ന ബഹുനില മാളികകളും, കച്ചവട കേന്ദ്രങ്ങളും ഗ്രാമങ്ങളെ നഗരങ്ങളും, നഗരങ്ങളെ നരകങ്ങളുമാക്കി മാറ്റുന്ന പ്രതിഭാസമാണ് നാം കാണുന്നത്. ഗ്രാമങ്ങളിൽ നിന്നും നരകങ്ങളിലേയ്ക്കുള്ള പരിവർത്തനത്തിനിടയിലെ ഇടത്താവളം മാത്രമാണ് ഇന്ന് നഗരങ്ങൾ. എന്നാൽ കൃത്യമായ ആസൂത്രണം ചെയ്ത് നിർമിയ്ക്കപ്പെട്ട നഗരങ്ങൾ വലിയൊരളവു വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തമാണ്.

വ്യക്തമായ ആസൂത്രണത്തോടെ നഗരങ്ങൾ നിർമിയ്ക്കുന്ന രീതി ഭാരതത്തിനു അന്യമായിരുന്നില്ല. വിശ്വകർമ്മാവും, മയനുമൊക്കെ പടുയർത്തിയ മനോഹര നഗരങ്ങളെക്കുറിച്ചുള്ള വർണനകൾ നമ്മുടെ പുരാണങ്ങളിൽ ധാരാളമായി കാണാം. സ്വർണമയിയായ ലങ്കയും, അമരാവതി1യെ വെല്ലുന്ന ഇന്ദ്രപ്രസ്ഥവും, സാഗരതീരത്തെ ദ്വാരകാപുരിയുമൊക്കെ പുരാണേതിഹാസങ്ങൾ വാഗ്മയചിത്രങ്ങളായി നമുക്ക് മുൻപിൽ തെളിച്ചിടുന്നുണ്ട്. ആസൂത്രണം ചെയ്ത് നിർമിക്കപ്പെടേണ്ടവയാണ് നഗരങ്ങൾ എന്ന ബോധ്യം ഭാരതത്തിനു സ്വായത്തമായിരുന്നു എന്ന് ഈ പുരാണ കഥകൾ സാക്ഷ്യം വഹിയ്ക്കുന്നു. 

ഹാരപ്പ, മോഹൻജദാരോ, ധോളാവീര, ലോഥൽ  തുടങ്ങി പുരാതന നാഗരികതയുടെ തിരുശേഷിപ്പികൾ ഭാരതീയ നഗരാസൂത്രണവിദ്യയ്ക്ക് ചരിത്രസാക്ഷ്യം വഹിയ്ക്കുന്നു. കൃത്യമായ അളവുകളിലും അകലങ്ങളിലും പടുത്തുയർത്തിയ വീടുകൾ, വീഥികൾ, കിണറുകൾ, വലിയ ജലസംഭരണികൾ, കുളിക്കടവുകൾ, ആരാധനാലയങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ അങ്ങനെ സൂക്ഷ്മതയോടും, ദീർഘവീക്ഷണത്തോടും കൂടി ആസൂത്രണം ചെയ്യപ്പെട്ട നഗരങ്ങൾ സിന്ധു-സരസ്വതി നദീതട സംസ്കാരത്തിൻറെ ഭാഗമായിരുന്നു. 

നഗരത്തെയും, വീടുകളെയും ശുചിയായി സൂക്ഷിയ്ക്കുവാനുള്ള ശുചീകരണ വ്യവസ്ഥകൾ ഇതര നാഗരികതകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. വീടുകളോട് ചേർന്ന് ശുചിമുറികളും,അവിടെ നിന്നും പുറന്തള്ളുന്ന മലിനജലവും മറ്റും നീക്കം ചെയ്യാൻ പ്രത്യേക ഓവ് ചാലുകളും ഉണ്ടായിരുന്നു. ഇത്തരം ഓവുചാലുകൾ പ്രധാന ഒവുചാലുമായി ബന്ധിപ്പിച്ചു കൊണ്ട്.  മലിനജലജലത്തെ മുഴുവൻ  നഗരത്തിനു വേളിയിലേയ്ക്ക് ഒഴുക്കികളയുവാനുള്ള  സംവിധാനവും അവർ ആവിഷ്കരിച്ചിരുന്നു. ഓരോ വീടുകളിലും മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക പാത്രങ്ങളും. നഗരപ്രാന്തത്തിൽ മാലിന്യനിക്ഷേപത്തിനായി പൊതുഇടങ്ങളും സജ്ജീകരിച്ചിരുന്നു. 

പിൽക്കാല ചരിത്രം പരിശോധിച്ചാൽ, നിരവധി ആസൂത്രിത നഗരങ്ങൾക്ക് പിന്നെയും ഭാരതം ജന്മം നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിയ്ക്കും.. സംഘകാല തമിഴ് കൃതികളിലൊന്നായ 'പരിപാടൽ'; മധുര നഗരത്തെ ഇങ്ങനെ വർണിയ്ക്കുന്നു 

"പത്മനാഭൻറെ നഭിയിലെ താമരപോലെ ഈ നഗരം വിളങ്ങുന്നു 
ഇവിടുത്തെ തെരുവുകൾ ആ താമരയുടെ ദളങ്ങളാണ്  
ക്ഷേത്രം ദളങ്ങളെച്ചേർത്തു നിർത്തുന്ന താമരവളയമാണ് 
ജനങ്ങളാവട്ടെ ഈ പുഷ്പത്ത്തിൻറെ പരാഗരേണുക്കളുമാണ്"

നടുവിൽ പ്രധാന ക്ഷേത്രവും അതിനെ കേന്ദ്രമാക്കി നഗരവും പ്രായേണ ക്ഷേത്ര നഗരികളുടെയെല്ലാം ഘടന ഇപ്രകാരമായിരുന്നു. വീതിയേറിയ വീഥികളും, മലിനജലമോഴുകാനുള്ള ഓവുകളും, പൊതുവായുള്ള സ്നാനഘട്ടങ്ങളും, നഗരത്തെ സംരക്ഷിക്കുന്ന പ്രാകാരങ്ങളും അങ്ങനെ വളരെ ക്രമികമായിട്ടായിരുന്നു  നഗരങ്ങൾ പടുത്തുയർത്തിയിരുന്നത്. 

എന്നാൽ  ചെറുക്ഷേത്രങ്ങളും അവയ്ക്ക് ചുറ്റുമായി വിന്യസിയ്ക്കപ്പെട്ടിരുന്ന സമൂഹങ്ങളുമായിരുന്നു. പല്ലവ നഗര സാമ്രാജ്യത്തിൻറെ ആസ്ഥാനമായിരുന്ന കാഞ്ചിപുരത്തിൻറെ പ്രത്യേകത. മലിന ജലം ഒഴുക്കുവാനുള്ള ചാലുകളും, അതിനെ വളമായ് ഉപയോഗിച്ച് വളർത്തപ്പെട്ടിരുന്ന ചെറുതൊട്ടങ്ങളുമൊക്കെ കാഞ്ചീപുരത്തിനു സ്വന്തമായിരുന്നു. ഇസ്രായേലിൻറെ തലസ്ഥാനമായ 'ടെൽ അവീവ്'2 നഗരത്തിൻറെ ആസൂത്രണത്തിനു പിന്നിൽ പ്രവർത്തിച്ച പാട്രിക് ഗെഡസ്. ഭാരതത്തിൽ താമസിക്കുകയും കഞ്ചീപുരം അടക്കമുള്ള നഗരങ്ങളുടെ ആസൂത്രണ മികവിൽ നിന്നും പ്രചോദനം ഉൾക്കോള്ളുകയും ചെയ്തിട്ടുണ്ട്.  ചെറുക്ഷേത്രങ്ങൾക്ക് ചുറ്റുമായി ക്രമീകരിച്ച കാഞ്ചീപുരം മാതൃക,  ടെൽ അവീവ് നഗരത്തിൻറെ ആസൂത്രണത്തിൽ ഗെഡസിനെ സ്വാധീനിക്കുകയുണ്ടായി. എന്നാൽ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ചെറു ഉദ്യാനങ്ങളാണ് ഗെഡസ്, ടെൽ അവീവിനു വേണ്ടി വിഭാവനം ചെയ്തത്. 

ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ള കൊളോണിയൽ ശക്തികളുടെ അധിനിവേശത്തോട് കൂടെ, ക്ഷേത്രകേന്ദ്രീകൃത നഗരവ്യവസ്ഥകൾക്ക് ക്ഷീണം സംഭവിച്ചു. തോന്നിയത് പോലെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ ആസൂത്രിത നഗരങ്ങളെ നശിപ്പിക്കുകയും മാലിന്യ പ്രശ്നങ്ങൾ അടക്കമുള്ള വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ക്ഷേത്രക്കുളങ്ങൾ നികത്തിയും, ദീർഘ വീക്ഷണമില്ലാതെ കെട്ടിടങ്ങൾ വച്ചും, ഓവുകളും-ഓടകളും തടസപ്പെടുത്തിയും നടത്തിയ 'വികസന'ങ്ങൾ 
മഴയൊന്നു ശക്തമായി പെയ്യുന്നതോടെ വെള്ളത്തിൽ മുങ്ങുന്ന മഹാനഗരങ്ങളേയാണ് നമുക്ക് സമ്മാനിച്ചത്. 

പുരാതന ഭാരതത്തിൻറെ നഗരാസൂത്രണ സമ്പ്രദായങ്ങളെ മനസ്സിലാക്കാനും, കാലഘട്ടത്തിനനുസൃതമായി പരിഷ്കരിച്ച് ഉപയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ഇനിയെങ്കിലും നാം ആരംഭിക്കെണ്ടിയിരിയ്ക്കുന്നു.

വന്ദേമാതരം

----------
1. അമരാവതി - പുരാണങ്ങളിലെ ദേവേന്ദ്രൻറെ രാജധാനി 
2. ഇസ്രായേലിൻറെ പ്രഖ്യാപിത തലസ്ഥാനം ജറുസലേം ആണ്

(മാതൃവാണി  2016 ജൂലായ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

പാദസ്പർശം ക്ഷമസ്വമേ


"മനുഷ്യനും ഈശ്വരനും പ്രകൃതിയും ഒന്നെന്നു പഠിപ്പിച്ച നമ്മുടെ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പ്രാണവായുപോലെഉള്‍ക്കൊണ്ടാല്‍ നമ്മുടെ സുന്ദരകേരളം ഭൂമിയിലെ സ്വര്‍ഗമായിത്തന്നെ നിലനില്‍ക്കും."- അമ്മ

കഠിനമായ ഒരു ചൂട്കാലത്തിലൂടെയാണ്‌ ഈ വർഷം നാം കടന്നു പോയത്. കഴിയാവുന്ന രീതികളിലോക്കെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനു മുകളിൽ കാലാവസ്ഥാവ്യതിയാനം ഡെമോക്ലസ്സിന്റെ വാളു പോലെ തൂങ്ങിയാടുകയാണ്. കിണറുകൾ വറ്റുന്നതും, പുഴകൾ വരളുന്നതും, വെള്ളത്തിനു വേണ്ടി പരക്കം പായുന്നതുമൊക്കെ  നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറുകയാണ്. ഐക്യരാഷ്ട്രസഭ മുതൽ അയൽക്കൂട്ടങ്ങൾ വരെ പ്രകൃതിസംരക്ഷണവും, കാലാവസ്ഥാവ്യതിയാനവുമൊക്കെ ചർച്ച ചെയ്യുന്നു. എന്നാൽ 'പ്രകൃതിസംരക്ഷണം' ഒരു പ്രവർത്തനം എന്നതിലുപരി ഒരു മനോഭാവമാണ് എന്ന വലിയ സത്യം പലപ്പോഴും നാം വിസ്മരിയ്ക്കുന്നു. 

ഉണർന്നെഴുന്നേൽക്കുമ്പോൾ "പാദസ്പർശം ക്ഷമസ്വമേ"  എന്ന പ്രാർത്ഥനയോടെ ഭൂമിയെ തൊട്ടു തലയിൽ വയ്ക്കാൻ നമ്മെ പഠിപ്പിച്ച നമ്മുടെ പൂർവികർ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ മർമ്മം മനസ്സിലാക്കിയവരായിരുന്നു. മനുഷ്യൻറെ ഉപഭോഗത്തിനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടതാണ് പ്രകൃതിയും, മറ്റു ജീവജാലങ്ങളും എന്ന കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നില്ല,  അവരെ സംബന്ധിച്ച് ഈ പ്രകൃതിയിലെ ഓരോന്നും ആരാധിയ്ക്കപ്പ്ടുകയും, ആദരിക്കപ്പെടുകയും ചെയ്യേണ്ടുന്ന ഈശ്വരൻറെ പ്രകടരൂപങ്ങളായിരുന്നു.
ഗിരിനിരകളവർക്ക് ദേവതകളുടെ ആവാസസ്ഥാനങ്ങളായിരുന്നു, നദികൾ ദേവിമാരും, ഭൂമി അമ്മയുമായിരുന്നു, സർപ്പങ്ങൾ ഈ ഭൂമിയുടെ അധിപതികളാണെന്ന ഉദാത്ത സങ്കൽപ്പത്തിൽ മണ്ണിൻറെ നനവും, മരത്തിൻറെ തണലും നിറഞ്ഞ കാവുകൾ അവർ കാത്തു സൂക്ഷിച്ചു. നദികളെ മലിനപ്പെടുത്തുന്നതും, കാടുകളെ നശിപ്പികുന്നതുമൊക്കെ ഘോരപാപങ്ങളായി അവർ കരുതിപോന്നു. 

 'ദശപുത്ര സമോ ദ്രുമ' - പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു മരം എന്ന സുഭാഷിതം നമ്മുടെ സംസ്കൃതിയുടെ പാരിസ്ഥിതിക അവബോധം നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്. ഓഷധികളെയും വൃക്ഷങ്ങളെയും സ്തുതിയ്ക്കുന്ന വൈദിക സൂക്തങ്ങൾ മുതൽ വനവാസി ജീവിതങ്ങളിലെ ഗോത്രഗീതികൾ വരെ നമ്മുടെ മുൻപിൽ ഈ അവബോധത്തെ തന്നെയാണ് അനാവരണം ചെയ്യുന്നത്.

നാം തിരിഞ്ഞു നോക്കേണ്ടതും തിരികെയെടുക്കെണ്ടതും പ്രകൃതിയെ അമ്മയായും ദേവിയായും കരുതി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്ത നമ്മുടെ പൈതൃകത്തെയാണ്.  പഴമയുടെ പ്രതാപം പറഞ്ഞ് ഊറ്റംകൊള്ളാനോ, പുതിയവയെയൊക്കെയും നിഷേധിക്കുവാനോ അല്ല മറിച്ച് ആത്മാർത്ഥതയില്ലാത്ത പ്രകൃതിസംരക്ഷണ മുദ്രാവാക്യങ്ങളേക്കാൽ ശക്തി "കാട് തെളിച്ചാൽ തേവരു കൊപിക്കുമെന്ന" അമ്മൂമ്മത്താക്കീതിനുണ്ടായിരുന്നു എന്ന് തിരിച്ചറിയുക തന്നെ വേണം.

വന്ദേ മാതരം.

(മാതൃവാണി, 2016 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)