Thursday, January 26, 2012

അതും ഒരു തണല്.*




ഇതര മതങ്ങളെ അപേക്ഷിച്ച് സനാതന ധര്‍മം വളരെ വിശാലമായ ചിന്താ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുണ്ട്,ആസ്തികവും നാസ്തികവുമായ അനേകം ദര്‍ശനങ്ങള്‍ക്ക് ജന്മഭുമിയായ് ഭാരതം മാറിയത് അതുകൊണ്ടാണ്,അദ്വൈതിയും, ദ്വൈതിയും, വിശി ഷ്ടാദ്വൈതിയും, വൈഷ്ണവരും, ശൈവരും ശാക്തെയരും, ഗാണപത്യരും അങ്ങിനെ ഒരുപാട് ചിന്താ സരണികള്‍ ഈ പുണ്യ ഭൂമിയിലൂടെ ഒഴുകുന്നതും ഈ ചിന്താസ്വാതന്ത്രം നിമിത്തമാണ്. എന്നാല്‍ ചിന്താ സ്വാതന്ത്ര്യം എന്നാല്‍ വായില്‍ തോന്നിയ എന്തും പറയാനുള്ള സ്വാതന്ത്ര്യം അല്ല എന്നു മറന്നു പോകുന്നത് ഉചിതമല്ല.

കഴിഞ്ഞ ദിവസങ്ങളിലായി (ജനുവരി 21,22) മാതൃഭുമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ലേഖനം ആണ് ഈ വിഷയത്തില്‍ എഴുതാന്‍ പ്രേരിപ്പിച്ചത്.വാചക കസറത്തില്‍ പൊതിഞ്ഞു സന്ദീപന്‍ പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്ക്‌ നേരെ തൊടുത്തുവിടുന്ന മണ്ടത്തരങ്ങളും, ഒളിയജണ്ട വിടുവയാത്തരങ്ങളും ശ്രീ ശങ്കരന്റെ പിന്മുറക്കാരായ മലയാളികളെ തെല്ലും ബാധിക്കാതിരിക്കട്ടെ,മഹാഭാരതയുദ്ധം യഥാര്‍ത്ഥത്തില്‍ നടന്നതല്ലെന്നും മനസ്സിന്റെ ആഭ്യന്തര യുദ്ധം മാത്രമാണെന്നും സന്ദീപാനന്ദന്‍ തട്ടി വിട്ടത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്,

"മഹാഭാരതയുദ്ധം ബാഹ്യമായി നടന്ന ഒരു യുദ്ധമാണോ? നാളിതുവരെ ഒരു തര്‍ക്കവിഷയം പോലും അല്ലാതിരുന്ന ഈ വിഷയം ഇന്ന് ചില തെറ്റിദ്ധാരണകള്‍ക്കും രോഷപ്രകടനങ്ങള്‍ക്കും കാരണമായതിനാലാണ് ഇത്തരത്തില്‍ ഒരു വിശദീകരണം ആവശ്യമെന്ന് കരുതുന്നത്."
ഇങ്ങനെയാണ് സന്ദീപന്‍ ലേഘനം ആരംഭിക്കുന്നത്, എന്നാല്‍ ഈ വിഷയം ഇന്നോ ഇന്നലയോ ആരംഭിച്ചതല്ല , മഹാത്മാ ഗാന്ധിയുടെ അനാസക്തിയോഗം എന്ന വ്യാഖ്യാനത്തില്‍ ഗാന്ധിജി മഹാഭാരതം പൂര്‍ണമായും ആന്തരിക യുദ്ധം ആണെന്നും ചരിത്രമേ അല്ലെന്നും പ്രഖ്യാപിക്കുകയും, തുടര്‍ന്ന് ഗീതാപ്രസ്സിന്റെ കല്യാണ്‍ മാസികയുടെ വാര്‍ഷികപ്പതിപ്പായ് ഇറക്കിയ 'കൃഷ്ണാങ്ക്' ഇല്‍ മഹാത്മാ ഗാന്ധിയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുകയും, ചെയ്തു

"ഇത് ജ്യേഷ്ഠാനുജന്മാര്‍ ഒരുതുണ്ടു ഭൂമിക്കുവേണ്ടി നടത്തിയ കഥയായി ചുരുക്കിക്കാണുന്നതെങ്ങനെ? "
ആരാണ് അങ്ങിനെ ചുരുക്കി കണ്ടത് ?, എന്തായാലും ഗീതാഭാക്തര്‍ ആരും അങ്ങിനെ ചുരുക്കി കണ്ടിട്ടില്ല. പ്രസക്തമല്ലാത്ത പൂര്‍വ പക്ഷം സ്വയം ആരോപിച്ച് ഖണ്ടിക്കുന്നത് സ്വന്തം പൊള്ളത്തരത്തിന്റെ ലക്ഷണമാണ്.

ലേഘനത്തില്‍ സന്ദീപാനന്ദന്റെ പാണ്ഡിത്യം കൊട്ടിഘോഷിക്കുന്ന വരികള്‍ ഇതാണ്
"മഹാഭാരതയുദ്ധം ബാഹ്യമായി നടന്നതാണ് എന്ന് ശാഠ്യം പിടിക്കുന്നവരുടെ പക്ഷത്തുനില്‍ക്കാന്‍ ആ കൃതിയില്‍ ആഴത്തില്‍ ഇറങ്ങിയിട്ടുള്ള ആര്‍ക്കും സാധ്യമല്ല."

ശ്രീ ശങ്കരാചാര്യ സ്വാമികള്‍,രാമാനുചാചാര്യര്‍, മാധവാചാര്യര്‍, വല്ലഭാചാര്യര്‍, ശ്രീധരാചാര്യര്‍, നീലകണ്ഠചാര്യര്‍, മധുസൂദന സരസ്വതി( ഗൂഡാര്‍ത്ഥ ദീപിക) ,ഹനുമത് ആചാര്യര്‍() ( പൈശാചകീ ഭാഷ്യം) മുതലായവരൊക്കെ മഹാഭാരതയുദ്ധം ബാഹ്യമായ് നടന്നെതന്ന പക്ഷക്കാര്‍ തന്നെയായിരുന്നു, അവരെക്കാള്‍ ഒക്കെ ആഴത്തില്‍ ഇറങ്ങിച്ചെന്ന വ്യക്തിയാനെന്നാണ് സന്ദീപിന്റെ അവകാശവാദം!, ഇനി ആഴത്തില്‍ ഇറങ്ങിച്ചെന്നു മഹാഭാരത യുദ്ധം മനസ്സിന്റെ ഉള്ളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധം ആണെന്ന അപാര കണ്ടുപിടുത്തം നടത്തിയ സന്ദീപ്‌ താഴെപ്പറയുന്ന ശ്ലോകങ്ങള്‍ കണ്ടിട്ടില്ലേ എന്തോ ? എന്തായാലും സന്ദീപന്റെ   ആഴം നമുക്കൊന്ന് വെറുതെ നോക്കാം

"കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന

ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാർഹാവരിസൂദന "

(ശ്രീമത് ഭഗവത് ഗീത-2,4)

ഇവിടെ അര്‍ജുനന്‍ ചോദിക്കുകയാണ് പൂജാര്‍ഹര്‍ ആയ ദ്രോണരോടും ഭീഷ്മരോടും താന്‍ എങ്ങിനെ യുദ്ധം ചെയ്യും

ആഴത്തില്‍ ഇറങ്ങിയ സന്ദീപന്‍ പറഞ്ഞതുപോലെ ഭീഷ്മരും ദ്രോണരും ഒക്കെ മനസ്സിന്റെ ദുര്‍ഗുണങ്ങളും പാണ്ഡവര്‍ സത്ഗുണങ്ങളും ആണെങ്കില്‍ ഇവിടെ "പൂജാര്‍ഹാന്‍ " എന്ന പദം ഉപയോഗിക്കേണ്ട കാര്യം ഉണ്ടോ, അര്‍ജുനന്‍ എന്ന സത്ഗുണത്തിന്   ഭീഷ്മ-ദ്രോണാദികള്‍ ആകുന്ന ദുര്‍ഗുണങ്ങള്‍ എങ്ങിനെയാണ് പൂജാര്‍ഹാര്‍ ആവുക.
ഇനി ഭഗവാന്റെ വരികള്‍ നോക്കു..

സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി
ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോന്യത്ക്ഷത്രിയസ്യ ന വിദ്യതേ (31)

സ്വധ‍ര്‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധ‍ര്‍മ്മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.

യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം (32)

ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വര്‍ഗ്ഗവാതില്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.

അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി (33)

ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധ‍ര്‍മ്മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.

അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയ‍ാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ (34)

തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.

ഭയാദ്രണാദുപരതം മംസ്യന്തേ ത്വ‍ാം മഹാരഥാഃ
യേഷ‍ാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)

ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ല‍ാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.

അവാച്യവാദ‍ാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം (36)

നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.

"ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ"
- ശ്രീമത് ഭഗവത് ഗീത-2,37)

കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം നേടാം ജയിച്ചാല്‍ ഭൂമി അനുഭവിക്കാം ആയതുകൊണ്ട് യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു എഴുന്നേല്‍ക്കൂ കുന്തീ പുത്രാ എന്നാണ് ഭഗവാന്‍ പറയുന്നത്, ഇവിടെ ഭഗവാന്‍ 'ഹതോ' അഥവാ കൊല്ലപ്പെട്ടാല്‍ എന്നാണ് പ്രയോഗിച്ചിരിക്കുന്നത് അല്ലാതെ മരിച്ചാല്‍ എന്നോ പരാച്ചയപ്പെട്ടാല്‍ എന്നോ ഒന്നുമല്ല.

സത്ഗുണങ്ങളും ദുര്‍ഗുണങ്ങളും തമ്മിലുള്ള യുദ്ധം ആണ് എങ്കില്‍ ഇവിടെ എങ്ങിനെ ആരാണ് കൊല്ലപ്പെടുക ??

സാക്ഷാല്‍ ചിന്മയാനന്ദ സ്വാമിയും ഇവിടെ ബാഹ്യയുദ്ധം എന്ന നിലയില്‍ തന്നെയാണ് സമീപിച്ചിരിക്കുന്നത്,സ്വന്തം  ഗുരുദേവനെക്കാളും ആഴത്തില്‍ ഗീതയെ 'പഠിച്ച' സന്ദീപിന് പേരിനെങ്കിലും ഇത്തിരി സംസ്കൃതം മനസ്സിലാക്കി വക്കാമായിരുന്നു.

"മഹാഭാരതയുദ്ധം ബാഹ്യയുദ്ധമാണെന്നും സ്ഥാപിച്ച് മനുഷ്യഹൃദയങ്ങളില്‍ യുദ്ധാവേശം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തെ കാണാതെപോകരുത്"

ഹെന്റമ്മേ.. !! എന്നിട്ട് ശങ്കരഭാഷ്യവും, മേല്‍പ്പറഞ്ഞ മറ്റാചാര്യന്മാരുടെ ഭാഷ്യവും ഒക്കെ കേട്ട് എത്ര പേര്‍ യുദ്ധത്തിനിറങ്ങി ?

സന്ദീപന് ഭഗവത് ഗീത ഇനിയും മനസ്സിലായിട്ടില്ല, ഭഗവാന്‍ ഗീതയില്‍ പറയുന്നു ധര്‍മ സംസ്ഥാപനാര്‍ത്ഥം ആണ് താന്‍ അവതരിക്കുന്നത് എന്ന്, അവിടുന്ന് അര്‍ജുനനോട് ഉപദേശിക്കുന്നത് സ്വധര്‍മം ചെയ്യാന്‍ ആണ്, ഒരു ക്ഷത്രിയന് ആവാശ്യം വന്നാല്‍ ആയുധം എടുത്തു പോരാടേണ്ടി വരും അത് അയാളുടെ സ്വധര്‍മം ആണ്.  മാത്രമല്ല ഗീത ആകാശത്ത് നിന്നും പൊട്ടിവീണതല്ല മഹാഭാരതം വായിച്ചാല്‍ മനസ്സിലാക്കാം സമാധാനത്തിന്റെ ദൂതിന് വേണ്ടി ഭഗവാന്‍ ചെന്നതും പകുതിരാജ്യം, അഞ്ചു ഗ്രാമം എന്നിങ്ങനെ ക്ഷമയുടെ ഏറ്റവും അറ്റം വരെ ചെന്നിട്ടും, സൂചി കുത്താന്‍ പോലും ഇടം കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് യുദ്ധത്തിലേക്ക് സംഗതികള്‍ നീങ്ങിയത് ഭഗവാന്‍ ധര്‍മം ആണോ  ചെയ്തത് എന്ന് സന്ദീപാനന്ദനു ഇനിയും സംശയം  ഉണ്ടെങ്കില്‍ മഹാഭാരതം ഒന്ന് ശരിക്കും   വായിച്ചു നോക്കൂ എന്നെ പറയാനുള്ളൂ.

ഗീത പോരടിക്കാന്‍ അല്ല പറയുന്നത് സ്വധര്‍മം അനുഷ്ടിക്കാനാണ്, ഒരു ആധ്യാത്മികജീവിയുടെ സ്വധര്‍മത്ത്തില്‍ പ്രധാനം സ്വാദ്ധ്യായം ആണ്, അത് ചെയ്യാത്തതിന്റെ കുറവാണ് സന്ദീപന്റെ ഈ പുലമ്പല്കള്‍ക്കാധാരം.

"ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതികളാണ് മഹാഭാരതവും രാമായണവും. വേദങ്ങള്‍ അതിനും മുമ്പാണുണ്ടായത്. അന്ന് ഹിന്ദുമതം ഉണ്ടായിരുന്നുമില്ല."

ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനം മഹാഭാരതവും,രാമായണവും ആണെന്നാര് വിശേഷിപ്പിച്ചു ??

ഭാരതവും രാമായണവും ഉണ്ടാവുന്നതിനും മുന്‍പേ ഈ സംസ്കാരം ഇവിടുണ്ട്.

അന്ന് ഹിന്ദുമതം ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നെ ഏത് മതമായിരുന്നു ഉണ്ടായിരുന്നത് ? അന്ന് ഉണ്ടായിരുന്ന അതെ സംസ്കൃതിയെ തന്നെയാണ് പില്‍ക്കാലത്ത് വിദേശികള്‍ ഹിന്ദുമതം എന്നു വിളിച്ചത്. ഒരു ഹിന്ദുവിന്റെ ഹിന്ദുമതം വേദങ്ങളും ദര്‍ശനങ്ങളും തന്ത്ര ശാസ്ത്രങ്ങളും ഉപനിഷത്തുക്കളും ഒക്കെ അടങ്ങിയതാന് സന്ദീപ്‌ കണ്ടു പിടിച്ച 'ഹിന്ദു മതം' എന്താണാവോ ?

"ഭാരതകഥയിലൂടെയും അതിന്റെ മധ്യത്തില്‍ വിളക്കിവെച്ചിരിക്കുന്ന ഭഗവദ്ഗീതയിലൂടെയും വ്യാസന്‍ പറഞ്ഞുവെക്കുന്നതും ആത്മാന്വേഷണത്തിന്റെ മാര്‍ഗങ്ങളാണ്"

ഭാരതത്ത്തിന്റെയുടെയും ഗീതയുടെയും പരമ താത്പര്യം 'മോക്ഷം' ആണെങ്കിലും, ധര്‍മ ശാസ്ത്രങ്ങളും, അര്‍ത്ഥ ശാസ്ത്രങ്ങളും, കാമ ശാസ്ത്രവും ഒക്കെ മഹാ ഭാരതത്തില്‍ അടങ്ങിയിട്ടുണ്ട്, സന്ദീപ്‌ ഉദ്ധരിച്ച്ച ശ്ലോകത്തിന്റെ പൂര്‍വഭാഗം കൂടി വായിച്ചിരുന്നെങ്കില്‍ ഇത് മനസ്സിലാക്കാമായിരുന്നു

ധര്‍മ്മേ ചാര്‍ത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര യന്നേഹാസ്തി നതത് ക്വചിത്

“ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ വിഷയങ്ങളില്‍ ഇതിലുള്ളതു മാത്രമേ മറ്റെവിടെയും കാണുകയുള്ളൂ. ഇതിലില്ലാത്തത് മറ്റെവിടെയും ഉണ്ടാവുകയുമില്ല”.

സ്വധര്മാനുഷ്ടാനം ആത്മാന്വേഷനത്ത്തിന്റെ ഭാഗം തന്നെയാണ്, ധര്മിഷ്ടന്‍ അല്ലാത്ത ഒരാള്‍ക്ക് മോക്ഷം ലഭിക്കില്ല എന്നാണു ഹിന്ദുവിന്റെ ഹിന്ദുമതം പറയുന്നത്.

ശാസ്ത്രങ്ങള്‍ ഒന്നും വേണ്ടപോലെ പഠിക്കാതെ, ഒന്നോ രണ്ടോ വര്‍ഷം എന്തൊക്കയോ അവിടേം ഇവിടേം കുറച്ച് വായിച്ച് പിന്നെ വാചക കസറത്തും ഹിമാലയന്‍ യാത്രയും ഒക്കെയായ് നടന്നപ്പോള്‍ കുറച്ചു സംസ്കൃതമോ, ഭഗവത് ഗീതയോ ഒക്കെ പഠിച്ചിരുന്നെങ്കില്‍ ഇതുമാതിരി ഹിമാലയന്‍ മണ്ടത്തരങ്ങള്‍ താങ്കള്‍ പറയില്ലായിരുന്നു.


"അന്ധേനൈവ നീയമാനാഃ യഥാന്ധാഃ"
-കഠോപനിഷത്
"അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെ പോലെ"
ഈ ശ്ലോകം സന്ദീപാനന്ദന്റെ ഗീതാ പ്രവചനം കേള്‍ക്കാന്‍ പോണവരും, സന്ദീപന്‍ എഴുതുന്നതൊക്കെ വായിച്ചു വിശ്വസിച്ചിരിക്കുന്നവരും മറക്കാതിരുന്നാല്‍ കൊള്ളാം .


പാണ്ഡവര്‍ ദേവന്മാരുടെ മക്കള്‍ ആയതു കൊണ്ട് അത് യുക്തിക്ക് നിരക്കാത്തതാണെന്നും അവര്‍ പഞ്ചഭൂതങ്ങള്‍ ആണ് എന്നും പറഞ്ഞ സന്ദീപന്‍ ഇതു പാണ്ഡവന്‍ ഇതു ഭൂതം എന്ന് കൂടി പറയണം, ഇനി സൂര്യപുത്രനായ കര്‍ണന്‍ ഇതു 'ഭൂതം  ആണ് ?  കൂടാതെ കന്യകാത്വം നഷ്ടപ്പെടാതെ തന്നെ ദൈവത്താല്‍ ഗര്‍ഭം ധരിച്ച് പ്രസവിച്ച്ചുണ്ടായ  പുത്രനായ യേശുദേവന്‍, കൂടാതെ മരിയയും ജോസഫും ബന്ധപ്പെടുന്നതിന് മുന്‍പേ ജനിച്ച യേശുദേവന്‍ ജീവിച്ച്ചിരുന്നില്ലാ എന്നും സന്ദീപ്‌ പറയുമോ ?   അതോ സന്ദീപാനന്ദന്റെ  അഭിപ്രായത്തില്‍ യേശു ഇനി ഏതുതരം 'ഭൂതം' ആണ് ?

സന്ദീപാനന്ദയുടെ ലേഘനത്തില്‍ പ്രമാണമായ് നല്‍കിയിരിക്കുന്നത് മഹാത്മാ ഗാന്ധിയുടെ വചനങ്ങള്‍ ആണ്, അദ്ദേഹത്തിനു സംകൃത പരിജ്ഞാനം വളരെ കുറവായിരുന്നു എന്നും അതിനാല്‍ സംസ്കൃത ഗ്രന്ഥങ്ങളെ വേണ്ട വിധം മനസ്സിലാക്കാതെ പോയി എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, മറ്റു പല മേഖലകളിലും ഗാന്ധിജി അദ്വിതീയനും, പണ്ഡിതനും ആയിരിക്കാം എന്നാല്‍ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഗീതയെ സംബദ്ധിച്ച് പ്രമാണം ആയി സ്വീകരിക്കാന്‍ കഴിയില്ല,

"എന്റെ ഗീതാ വ്യാഖ്യാനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തവരുടെ നിലപാട് എനിക്കു മനസ്സിലാകുന്നു. എന്റെ ജോലി ഞാന്‍ നല്‍കുന്ന വ്യാഖ്യാനം ശരിയെന്നു സ്ഥാപിക്കാന്‍ സമരം ചെയ്യുകയാണ്. സ്വാമിയും അതാവര്‍ത്തിക്കുന്നു. ഏതു പ്രതിരോധം ആരുതന്നെ സൃഷ്ടിച്ചാലും"
മേലുന്നയിച്ച്ച്ച പ്രശ്നങ്ങള്‍ക്ക് ഉത്തരം 'സ്വാമി' പറയട്ടെ അതിനു ശേഷം തീരുമാനിക്കാം 'സ്വാമി' ചര്‍ച്ചക്ക് യോഗ്യനാണോ എന്ന്.

ഒരു വശത്ത് മഹാഭാരതം കെട്ടുകഥ ആണെന്ന് പ്രസംഗിക്കുകയും മറുവശത്ത് ആള്‍ക്കാരെ കൃഷന്‍ ജനിച്ച സ്ഥലവും, യുദ്ധം നടന്ന സ്ഥലവും ഒക്കെ കാണിക്കാന്‍ പണം വാങ്ങി ടൂറുകള്‍ നടത്തുകയും ചെയ്യുന്നവരെ കാണുമ്പോള്‍ നിങ്ങളെഴുതിയതുപോലെ "ഉദരനിമിത്തം ബഹുകൃത വേഷം " എന്ന് മാത്രം പറഞ്ഞാല്‍ പോര, ഓര്‍മവരുന്നത്   ഒരു മലയാളം പഴം ചൊല്ലാണ്.

"നാണമില്ലാത്തവന്റെ.............................. ആല് മുളച്ചാല്‍ അതും ഒരു തണല്."
































*ഹൃദയപൂര്‍വത്തിലെക്ക് ശ്രീ ആര്യ നാഥ് അയച്ച കമന്റ്


കാര്യങ്ങള്‍ വിശദമായ് പ്രതിപാതിച്ച്ചിരിക്കുന്നതിനാല്‍ പോസ്റ്റ്‌ ചെയ്യുന്നു .

Sunday, January 15, 2012

സന്ദീപാനന്ദയുടെ വെളിപാടുകള്‍

കാവി വസ്ത്ര ധാരിയായ ഒരു വ്യക്തിയെ കുറിച്ച് ഇങ്ങനെ ഒരു ലേഘനം എഴുതേണ്ടി വന്നതില്‍ അതീവ ദുഃഖം ഉണ്ട് എന്നാല്‍ കാവിയോ രുദ്രാക്ഷമോ മറ്റു ബാഹ്യ ലിംഗങ്ങളോ അല്ല സംന്യാസത്തിന്റെ അളവ് കോല്‍ എന്നതിനാലും, സീതാ ഹരണാര്‍ത്ഥം വന്ന രാവണനും ഇതേ വേഷമാണ് ധരിച്ചിരുന്നത് എന്നത് കൊണ്ടും ശ്രീ സന്ദീപിനെക്കുറിച്ച് എഴുതാതിതിരിക്കാന്‍ നിര്‍വാഹം ഇല്ലാത്തതുകൊണ്ടും ചില കാര്യങ്ങള്‍ പങ്കുവക്കട്ടെ..

ഫയല്‍ ചിത്രം 



കഴിഞ്ഞ ദിവസം സന്ദീപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ വിചിത്രവും അത്ഭുതാവഹവും അതിലുപരി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ വിളിച്ചോതുന്നതും ആയിരുന്നു..മഹാഭാരത യുദ്ധം മനസ്സിന്റെ ആഭ്യന്തര യുദ്ധം മാത്രമാണെന്നുള്ള വിചിത്രമായ അഭിപ്രായം ആണ് ഏറ്റവും രസകരം. എവിടെ നിന്നാണ് ഇത്തരം മഹത്തായ ആശയം സന്ദീപിനു കിട്ടിയത് എന്തോ ? പൂര്‍വാചാര്യന്മാര്‍ ആരെങ്കിലും ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടോ ?, അതോ ചരിത്രപരമായി ഈ വാദത്തെ പിന്താങ്ങാന്‍ ഉതകുന്ന തെളിവുകള്‍ എന്തെങ്കിലും ഉണ്ടോ ? പറയുന്ന വസ്തുതകള്‍ക്ക് എന്തെങ്കിലും പ്രമാണം ഉണ്ടോ ? നാലാളെ കൊണ്ട് കയ്യടിപ്പിക്കണം ഊണ് തരാക്കണം അല്ലാണ്ടെന്തു പ്രമാണം ??

സന്ദീപ് തുടരുന്നു
"മഹാഭാരതത്തില്‍ പറയുന്നതെല്ലാം തന്റെ ഭാവനയില്‍നിന്ന് സൃഷ്ടിച്ചതാണെന്ന് രചയിതാവായ വേദവ്യാസന്‍ തന്നെ പറയുന്നുണ്ട്. "
വേദവ്യാസന്‍ എവിടെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത് ? മഹാഭാരതം വെറുതെയെങ്കിലും ഒന്ന് വായിച്ചു നോക്കിയാല്‍ നന്നായിരുന്നു സന്ദീപ്, മൂലം വായിക്കാന്‍ കഴിവില്ലെങ്കില്‍ കിളിപ്പാട്ടെങ്കിലും വായിച്ചിട്ട് ഈ പണിക്കിറങ്ങൂ.. നീലകണ്ഠി പോലുള്ള മഹാ വ്യാഖ്യാനങ്ങളുടെ പുറം പേജ് എങ്കിലും ഒന്ന് മറിച്ചു നോക്കിയാല്‍ നന്നായിരിക്കും..


"ധര്‍മ്മബോധം ഉണര്‍ത്താന്‍ ചമച്ച കഥകളാണ് ഇതെല്ലാം"
ഹോ ഹോ ഇതെവിടുന്നാനവോ ഈ കണ്ടുപിടുത്തം 'ഇതിഹാസം' 'പുരാണം' എന്നിവ തമ്മിലുള്ള വ്യത്യാസം പോലും പഠിക്കാതെയാണോ ഭഗവത് ഗീത പഠിപ്പിച്ച് ലോകത്തെ മുഴുവന്‍ ഉദ്ധരിക്കാന്‍ ഇറങ്ങിയത് ?? അപാരം തന്നെ !!
"അയോദ്ധ്യ എന്നാല്‍ ആയുധം ഇല്ലാത്ത സ്ഥലം എന്നാണ് അര്‍ത്ഥം" സ്വാമിയുടെ സംസ്കൃത പാണ്ഡിത്യം വളരെ ശ്ലാംഘനീയം തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അയോദ്ധ്യ- എന്നാല്‍ യോദ്ധ്യം അല്ലാത്തത് എന്നര്‍ത്ഥം അതായത് യുദ്ധം ചെയ്യാന്‍/ ആക്രമിക്കാന്‍ കഴിയാത്തത് എന്നാണ് അര്‍ത്ഥം അല്ലാതെ ആയുധം ഇല്ലാത്തത് എന്നല്ല.


"ഭഗവത് ഗീത മത ഗ്രന്ഥം അല്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു" വിരോധം ഒന്നുമില്ല ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് പക്ഷെ ഒരു ചോദ്യം ഭഗവത് ഗീത എങ്ങനെ മതഗ്രന്ഥങ്ങളില്‍ പെടാതെയാകും ?
 ഭഗവത് ഗീത ഓരോ അദ്ധ്യായവും പൂര്‍ത്തിയായി കഴിയുമ്പോള്‍ ഇതി "ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാംയോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ" എന്നു ചൊല്ലിതന്നെയാണല്ലോ താങ്കളും  പൂര്‍ത്തീകരിക്കുന്നത് ?  ഭഗവത് ഗീത മഹത്തായ ഉപനിഷത്തായതിനാലും  ,സ്വയം വേദസ്വരൂപന്‍ ആയ ശ്രീ കൃഷ്ണനാല്‍ ഉപദേശിക്കപ്പെട്ടതിനാലും ബ്രഹ്മ വിദ്യയായതിനാലും, ഭഗവത് ഗീത പ്രാമാണികമായ മതഗ്രന്ധം തന്നെയാണ്. ഭഗവാന്‍ ഭാഷ്യകാരന്‍ ശ്രീ ശങ്കരാചാര്യര്‍ ഭാഷ്യം ചമച്ച പ്രസ്ഥാന ത്രയിയില്‍ ഒന്നാണ് ഭഗവത് ഗീത എന്നുള്ള വസ്തുത. പേരിന്റെ വാലായി 'ഗിരി' തിരുകി കേറ്റിയ സന്ദീപ് മറക്കരുതായിരുന്നു.


ശ്രീ സന്ദീപ് ഒരുകാര്യം കൂടി താങ്കള്‍ ഈ വസ്ത്രം ഇട്ടുകൊണ്ട് അപമാനിക്കുന്നത്  ജ്ഞാനാഗ്നിയില്‍ സ്വയം ശുദ്ധീകരിചെടുത്ത് ലോക കല്യാണാര്‍ത്ഥം   ജീവിച്ച- ജീവിക്കുന്ന മഹത്തായ സന്യാസി പരമ്പരയെ മുഴുവനായും ആണ്, ആ വസ്ത്രം ധരിച്ച വിവേകാനന്ദനും ശങ്കരനും അടക്കമുള്ള മഹത്തായ ജ്ഞാന സൂര്യന്മാരെയാണ്,
താങ്കളുടെ വിഡ്ഢി പ്രയോഗങ്ങള്‍ താങ്കള്‍ക്ക് ബ്രഹ്മചര്യ ദീക്ഷ നല്കിപ്പോയ ചിന്മയാ മിഷനോടും സാക്ഷാല്‍ ഗുരുദേവ് ചിന്മയാനന്ദ സ്വാമിയോടും ഉള്ള അനാദരവ് തന്നെയാണ്, സര്‍വോപരി ഒരുപറ്റം ജനങ്ങളില്‍ വാക്ചാതുരിയുടെ ബലം കൊണ്ട് വിഡ്ഢിത്തങ്ങള്‍ നിറക്കുന്നതിലൂടെ അവരോടും ഉള്ള വഞ്ചനയാണ്, വാചകതൊഴിലാളിയായി കാലം കഴിക്കാതെ കേരളത്തില്‍ വര്‍ഷങ്ങളോളം ഗീതയും ഉപനിഷത്തുകളും സാമ്പ്രദായികമായി പഠിച്ച ആചാര്യന്മാര്‍ ഉണ്ട് അവരെ ഒക്കെ ആശ്രയിച്ചു ഗീത പഠിക്കൂ..


പിന്നെ ഒരു ചോദ്യം കൂടി കൃഷ്ണന്‍ ജനിച്ച സ്ഥലവും, കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലവും ഒക്കെ കാണാന്‍ ആണെന്ന് പറഞ്ഞു താങ്കള്‍ ആയിരക്കണക്കിന് രൂപ വാങ്ങി ടൂര്‍ സംഘടിപ്പിക്കാരുണ്ടല്ലോ?? മഹാഭാരതം ഭാവനയാനെങ്കില്‍, കൃഷ്ണന്‍ സങ്കല്‍പ്പ കഥാപാത്രം ആണെങ്കില്‍ അതൊക്കെ ആള്‍ക്കാരോട് ചെയ്യുന്ന വഞ്ചനയല്ലേ ??


ഒരുകാര്യം കൂടി ആരുടേയും മനസ്സ് വേദനിപ്പിക്കാന്‍ വേണ്ടി അല്ല ഇതെഴുതിയത്, ഗീതയയൂം, സനാതന ധര്മാതെയും ഒക്കെ പറ്റി ആര്‍ക്കും എന്തും പറയാം എന്നുള്ള ധാര്‍ഷ്ട്യം നന്നല്ല അതുകൊണ്ട് പറഞ്ഞെന്നു മാത്രം, സന്തീപ് വളരെ ആവശ്യം ഉള്ള ഘടകം തന്നെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും, വീട്ടമ്മമാര്‍ക്കും സമയം ചിലവാക്കാന്‍ നല്ലോരുപാധി തന്നെയാണ് അങ്ങയുടെ ഗീതാജ്ഞാന യജ്ഞങ്ങള്‍ എന്നത് നിസ്തര്‍ക്കം തന്നെയാണ്, മോക്ഷ ശാസ്ത്രമായ ഭഗവത് ഗീതയെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ലെങ്കിലും സന്തീപിന്റെ 'കഞ്ഞി കുടിയെ' ഓര്‍ത്ത് ഗീതാ മാതാവും, ശ്രീ കൃഷ്ണ പരമാത്മാവും, ഭാഷ്യകാരനും ചിന്മയാനന്ദ സ്വാമിയും ഒക്കെ മാപ്പ് നല്‍കട്ടെ എന്നു ഹൃദയ പൂര്‍വ്വം പ്രാര്‍ഥിക്കുന്നു.


 "ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ 
കാഷായാംബര ബഹുകൃത വേഷഃ 
പശ്യന്നപി ച ന പശ്യതി മൂഢോ 
ഉദരനിമിത്തം ബഹുകൃത വേഷഃ "