Monday, February 10, 2014

'ജാതിക്കുമ്മി' എന്ന ഉണർത്തു പാട്ട്

പണ്ഡിറ്റ്‌ കെ.പി കറുപ്പൻ 
കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒരാളാണ് പണ്ഡിറ്റ്‌ കറുപ്പൻ എന്നത് നിസ്തർക്കമാണ്. അതുപോലെ തന്നെ നാരായണ ഗുരുവിന്റെ ജാതി നിർണയം, ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണം, എന്നിവയെപ്പോലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഉണർത്തു പാട്ടായ് മുഴങ്ങിയ കൃതിയായിരുന്നു ജാതിക്കുമ്മി.

"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!"

എന്ന് 'ദുരവസ്ഥ'യിലൂടെ ആശാൻ ജാതിദുരിതത്തെ അവതരിപ്പിക്കുന്നതിനും ഒരു ദശാബ്ദം മുൻപ് പണ്ഡിറ്റ് കറുപ്പനാൽ വിരചിതമായ മഹത്തായ ഒരു കാവ്യശിൽപ്പമാണ് ജാതിക്കുമ്മി. അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനും മുൻപ് തന്നെ വാമോഴിയായ് ജനഹൃദയം 'ജാതിക്കുമ്മി'യെ ഏറ്റു വാങ്ങി. ഭാഷയിലെ ലാളിത്യവും ആശയത്തിലെ ഗാംഭീര്യവും ഈ കൃതിക്ക് മിഴിവേകി. ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ കണ്ടുമുട്ടുന്ന പ്രസിദ്ധമായ കഥയെ ആണ് ജാതിക്കുമ്മിക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

"ബ്രഹ്മത്തിൽ ആർക്ക് ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്"

എന്ന ആചാര്യരുടെ മനീഷാപഞ്ചകത്തിന്റെ സന്ദേശമാണ് ഈ കൃതിയിലും മുഖ്യമായും ചർച്ച ചെയ്യുന്നത്.ദുഷിച്ച സാമൂഹ്യ വ്യവസ്ഥക്ക് നേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു ജാതിക്കുമ്മി. ആ കാല ഘട്ടത്തിലെ ദുസ്ഥിതി ജാതിക്കുമ്മി ഇങ്ങനെ വെളിവാക്കുന്നു.

"മലയാളരാജ്യത്തെ ഹിന്തുക്കളിൽ
പലയാളുകളുമുണ്ടിസ്സാധുകളെ
വിലയാളുകളാക്കി വഴിയിൽ നടക്കുമ്പോൾ
വിലക്കിയകറ്റുന്നു യോഗപ്പെണ്ണേ!- എന്തു
കൊലക്കുടുക്കാണിതു ജ്ഞാനപ്പെണ്ണെ!"

വഴിനടക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ കഷ്ടപ്പെടുന്നവർക്കു വേണ്ടി ജാതിക്കുമ്മി സംവദിച്ചു.ആരെങ്കിലും അടിച്ചേൽപ്പിച്ച മേധാവിത്വം എന്നതിലുപരി മറ്റൊരു വശം കൂടി അനാവരണം ചെയ്യാൻ ശ്രമിക്കുന്നു.

"തീയ്യൻ കണക്കനെ കണ്ടെന്നാൽ
കയ്യോടെ ആട്ടിയകറ്റുന്നു,
അയ്യോ തടുക്കുവാൻ നായരില്ല, തന്റെ
കയ്യിലുമുണ്ടിതു യോഗപ്പെണ്ണേ!- അപ്പോൾ
വയ്യാതടുക്കുവാൻ ജ്ഞാനപ്പെണ്ണേ! 
കണക്കൻ പുലയനെ കണ്ടെന്നാൽ
കണക്കിൽ പുലമ്പിയകറ്റുന്നു
പിണക്കം വേണ്ടെന്നൊരു തിയ്യന്നുരക്കാമൊ?
വണങ്ങണ്ടെ കണക്കന്മാർ യോഗപ്പെണ്ണേ!- എന്തു
ഗുണം കെട്ടനാചാരം ജ്ഞാനപ്പെണ്ണേ!
പുലയൻ പറയനുമുള്ളാടനും
തലതല്ലിമരിക്കുന്നു തീണ്ടൽമൂലം,
ഫലമെന്താണിതുകൊണ്ടു ഹിന്തുവംശംകെട്ടു
ബലമില്ലാതാകുന്നു യോഗപ്പെണ്ണേ!- തീണ്ടൽ
നിലച്ചാലേ ഗുണമുള്ളൂ ജ്ഞാനപ്പെണ്ണേ!"

അവർണരും സവർണരുമായ വിവിധജാതികൾ തൊടീലും, തീണ്ടലും കാത്തു രക്ഷിക്കുവാൻ പെടുന്ന പെടാപ്പാടുകളെ കവി പരിഹസിക്കുന്നു.


അധപ്പതിച്ച ഈ സാമൂഹ്യ വ്യവസ്ഥയാണ് ഹിന്ദുമതത്തിന്റെ സത്ത എന്നും വൈദേശിക ആശയങ്ങളിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് കേരളത്തിൽ ഹൈന്ദവ നവോത്ഥാനം ഉണ്ടായത് എന്നുമുള്ള നിലപാടുകൾ ഇന്ന് കേരളത്തിൽ കാണാം. ഇടതു പക്ഷ ആശയങ്ങൾ ആണ് നവോത്ഥാനം വരാൻ കാരണം എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, മറ്റൊരു കൂട്ടർ വക്കം മൗലവിയുടെയും മറ്റും പേരുകള ഉദ്ധരിച്ച് ഇസ്ലാമിക തത്വ ചിന്തയാണ് ഹൈന്ദവ നവോത്ഥാനത്തിനു കാരണം എന്ന് പ്രചരിപ്പിക്കുന്നു. വേറെ ചിലവരാകട്ടെ അര്‍ണോസ് പാതിരിയുടെ കാൽക്കൽ നവോത്ഥാന ചരിത്രത്തെ സമർപ്പിക്കുന്നു. എന്നാൽ ജാതിയെ നിരാകരിക്കാൻ കേരളത്തിലെ പ്രമുഖ നേതാക്കളൊന്നും വൈദേശിക ആശയങ്ങളെയോ, ബുദ്ധ-ജൈന ദർശനങ്ങളെയോ ആശ്രയിച്ചില്ല എന്നത് വസ്തുതയാണ്.
ഹൈന്ദവ സംസ്കൃതിയുടെ ഗ്രന്ഥങ്ങളെ തന്നെ ഉദ്ധരിച്ച് ഇത്തരം അനാചാരങ്ങൾക്കെതിരെ അവർ പോരാടി. നാരായണ ഗുരുവും,അയ്യങ്കാളിയും, വൈകുണ്ഡ സ്വാമിയും , ചട്ടമ്പി സ്വാമിയും അടക്കമുള്ള നേതാക്കൾ ഹിന്ദുമതത്തിന്റെ ആശയങ്ങള ഈ ദുരാചാരങ്ങൾക്കെതിരാണെന്നു കണ്ടെത്തി പ്രചരിപ്പിച്ചു. ഇതുവരെ ജീവിക്കുകയും ആചരിക്കുകയും ചെയ്ത സംസ്കാരം ഉപേക്ഷിച്ച്, 'ബുദ്ധമതം' സ്വീകരിക്കാലോ വൈദേശിക ആശയങ്ങളിൽ ആശ്രയം തേടലൊ ആണ് ഒറ്റമൂലി എന്ന് കറുപ്പനും ചിന്തിച്ചില്ല.

"ആര്യപുരാതന ഹിന്ദുമത-
സാരങ്ങളൊക്കെപ്പരിശോധിച്ചാൽ
സാരമില്ല തീണ്ടലജ്ഞാനമൂർത്തിയെ-
ന്നാരും പറഞ്ഞിടും"

ആര്യ പുരാതന ഹിന്ദുമതം തീണ്ടലിനെ അംഗീകരിക്കുന്നില്ല എന്നത് കാര്യകാരണ സഹിതം പണ്ഡിറ്റ്‌ സമർത്ഥിക്കുന്നു.
ശ്രീരാമൻ അരയനായ ഗുഹനെ ആലിംഗനം ചെയ്തതും, ശിവൻ മധുരയിൽ മുക്കുവത്തിയായ ദേവിക്ക് പുടമുറി ചെയ്തതും , കാളിയരയത്തി വ്യാസനെ പെറ്റതും, സുബ്രഹ്മണ്യൻ കുറത്തിയെ വേട്ടതും അടങ്ങുന്ന പുരാണ സന്ദർഭങ്ങളെ കവി ചൂണ്ടിക്കാട്ടുന്നു.
കൂടാതെ
"ഭൂസുരപ്പൊയ്കയിൽ ചണ്ഡാളന്റെ
കാസാരത്തിങ്കലുമൊന്നുപോലെ
വാസരനായകബിംബമനുവേലം
ഭാസുരമാകുന്നു യോഗപ്പെണ്ണെ!- ഭേദ
വാസനയില്ലതിൽ ജ്ഞാനപ്പെണ്ണെ!"
എന്നിങ്ങനെ ചണ്ഡാളന്റെ കാസാരതതിലും ഭൂസുരൻറെ പൊയ്കയിലും ഭേദം കല്പ്പിക്കാതെ പ്രതിബിംബിക്കുന്ന സൂര്യനെ ഉദാഹരിച്ച് മനീഷാപഞ്ചകതിന്റെ ദർശനത്തെ മനോഹരമായി അവതരിപ്പിക്കുന്നു. നാൽക്കാലിയെ കാണുമ്പോൾ താണുവണങ്ങുന്നവർ തന്റെ സഹോദരരെ ജാതിയുടെ പേരിൽ അകറ്റി നിർത്തുന്നതിനെ പരിഹസിക്കുന്ന കവി അന്ത്യജൻ മതം മാറിയാൽ സ്വീകാര്യനാകുന്ന വിപര്യത്തെയും ചൂണ്ടിക്കാണിക്കുന്നു.
ഈ വിഷയത്തിൽ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ സ്മരണീയമാണ്.

"മലബാറിൽ ഞാൻ കണ്ടതിനേക്കാൾ ഏറ്റവും വലിയ വിഡ്‌ഢിത്തം ഇതിനുമുമ്പ്‌ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവർണ്ണർ നടക്കാറുള്ള തെരുവുകളിൽ പാവപ്പെട്ട പറയനു നടന്നുകൂടാ. പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ്‌ നാമം, അല്ലെങ്കിൽ മുഹമ്മദീയ നാമം സ്വീകരിച്ചാൽ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും."

ഇതേ കാര്യം ജാതിക്കുമ്മിയും മനോഹരമായി വരച്ചു കാണിക്കുന്നു.

"രാമായണങ്ങൾ പഠിച്ച തീയ്യൻ-
രാമനാർക്കും വഴിമാറിടേണം
തോമനായാലവൻ വഴിമാറിച്ചാകേണ്ട
കേമനായിപ്പോയി യോഗപ്പെണ്ണേ!- നോക്ക
റോമാ മാഹാത്മ്യങ്ങൾ ജ്ഞാനപ്പെണ്ണേ!"

"തൈലം മുതലായതശുദ്ധമായാൽ പൈലോത് തൊട്ടാലത് ശുദ്ധമാകും."
എന്ന് കരുതിയിരുന്ന ഒരു നികൃഷ്ട വ്യവസ്ഥിതി ഹിന്ദു മതത്തിൽ നിന്നും മതം മാറാൻ ജനങ്ങൾക്ക്‌ പ്രേരണയായി.

ഉത്തമ ഹിന്തു മത മതില-
ന്നുത്തമാംഗങ്ങളെന്നോതുന്നവർ,
ചിത്രവർണ്ണങ്ങളായിടുമപരാംഗ
വർത്തിലോകങ്ങളെ യോഗപ്പെണ്ണേ!- തെല്ലു
ശത്രുക്കളാക്കാമോ ജ്ഞാനപ്പെണ്ണേ!
എന്ന ചോദ്യശരം തൊടുക്കാനും പണ്ഡിറ്റ്‌ കറുപ്പൻ മറക്കുന്നില്ല.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഹിന്ദു സമൂഹത്തിലെ സഹോദരങ്ങളോടല്ല വേണ്ടത് മറിച്ച് മനസ്സിനെ ദുഷിപ്പിക്കുന്ന കാമം, ക്രോധം, അസൂയ മുതലായ ദുർഗ്ഗുണങ്ങളോടാണ് കാണിക്കേണ്ടത് എന്ന് കറുപ്പൻ ഉപദേശിക്കുന്നു.

പണ്ഡിറ്റ് കറുപ്പന്‍റെ നേതൃത്വത്തില്‍ 1913 ല്‍ എറണാകുളം കായല്‍പ്പരപ്പില്‍ വള്ളങ്ങള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ വേദിയില്‍ നടന്ന കായല്‍ സമ്മേളനത്തിന് ഈ വര്‍ഷം നൂറു വയസ് തികയുകയാണ്. ശതാബ്ദി സംഗമത്തിലൂടെ കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ ഈ സുപ്രധാന അധ്യായത്തിന്‍റെ ഒാര്‍മ പുതുക്കുന്ന ഈ വേളയിൽ ജാതിക്കുശുമ്പും, ഉച്ചനീചത്വവും ഇല്ലാതെ ഒരുമയോടെ മുന്നോട്ടു നീങ്ങാൻ ജാതിക്കുമ്മി നമുക്ക് പകർന്നു തന്ന ഊർജ്ജം ഇനിയും നമ്മെ നയിക്കട്ടെ.
"ശക്തിപോരെങ്കിലും ഹിന്ദുമത-
സക്തിമുഴക്കുക കൊണ്ടിവണ്ണം
യുക്തി പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ-തീർത്തു
മുക്തിയരുളുക യോഗപ്പെണ്ണേ! -പരാ-
ശക്തി തുണയ്ക്കുക ജ്ഞാനപ്പെണ്ണേ!"
No comments:

Post a Comment