Tuesday, October 1, 2013

നാന്തോസ്തി മമ ദിവ്യാനാം വിഭൂതീനാം


darshan-23

"ലോകത്തില്‍ എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം. എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം. ആക്രമണമോ ഹിംസയോ കാരണം ആരും ആശുപത്രിയില്‍ എത്താത്ത ഒരുദിവസം ഉണ്ടാകണം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുദിവസമെങ്കിലും നിസ്വാര്‍ത്ഥ സേവനം ചെയ്യണം."

    ഇത് കേവലം ഒരു ഉട്ടോപ്പിയൻ സങ്കല്പം അല്ല. ഇല്ലാത്ത ഒരു സുവർണ കാലഘട്ടത്തെക്കുറിച്ചുള്ള ദിവാ സ്വപ്നവും അല്ല. മറിച്ച് സേവനത്തെ ജീവശ്വാസമായ് കരുതുന്ന അമ്മയുടെ മനോഹരമായ ദർശനമാണിത്. മഹാത്മാക്കളുടെ സങ്കല്പങ്ങൾ സത്യം തന്നെയായ് ഭവിക്കുന്നു എന്നത് കേവലം ഒരു തത്വമോ അതിശയോക്തിയോ അല്ല എന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് ദാരിദ്ര്യത്തിന്റെയും, രോഗത്തിന്റെയും, ദുരന്തങ്ങളുടെയും ഒക്കെ മുൻപിൽ പകച്ചു നിൽക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണലുമായ് മാറിയ മാതാ അമൃ താനന്ദമയി മഠം എന്ന മഹാവൃക്ഷം. 

     60 ആം ജന്മദിനവും അമ്മയുടെ ആ മഹത്തായ ദർശനത്തിൽ അധിഷ്ടിതമായിരുന്നു. ഭാരതത്തിന്റെ 101 ഗ്രാമങ്ങളിൽ സ്വാശ്രയത്വത്തിന്റെ ദീപം തെളിക്കാൻ, കേദാർ നാഥിലെ 50 ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാൻ, വിദ്യാമൃതത്തിലൂടെ പുതുതലമുറയെ വാർത്തെടുക്കാൻ, ഹരിതാമൃതത്തിലൂടെ ഭൂമിയെ ഹരിതാഭമാക്കാൻ.അങ്ങനെ മറ്റേതുദിനത്തെയും പോലെ ഈ 60 ആം തിരുനാൾ ദിനവും അമ്മക്ക് സേവനത്തിന്റെതായിരുന്നു. മനുഷ്യ രാശിയെ നയിക്കാൻ കെൽപ്പുള്ള ഗവേഷണ ഫലങ്ങൾ, വിപുലമായ ജീവകാരുണ്യ പദ്ധതികൾ, അങ്ങനെ ആതിരുനാൾ ലോകത്തിനുള്ള ഒരുപഹാരമായി മാറുകയായിരുന്നു, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞത് പോലെ അമ്മയുടെ ജന്മദിനം നവഭാരതത്തിൻറെ ശിലാ സ്ഥാപനം ആയി മാറുകയായിരുന്നു. മാലിന്യ നിർമ്മാർജ്ജനത്ത്തിൻറെയും, സ്വയം പര്യാപ്തതയുടെയും പാഠങ്ങൾ 'അമൃതവർഷം 60' നിശബ്ദമായ് ലോകത്തോട്‌ സംവദിച്ചു.

     കഴിഞ്ഞ 60 വർഷങ്ങൾ ലോകം അമ്മയുടെ കൂടെ.കൈപിടിച്ചു നടന്നു തുടങ്ങുകയായിരുന്നു. നിശബ്ദയായ് പുഞ്ചിരിച്ചു കൊണ്ട് ഈ ഭൂമിയിൽ പിറന്നു വീണത്‌ മുതൽ അമ്മ മനുഷ്യരാശിയോടു മഹത്തായ ആശയങ്ങൾ സംവദിക്കുകയായിരുന്നു. ലളിതവും എന്നാൽ ശക്തവുമായ വാക്കുകളിലൂടെ അമ്മ മനുഷ്യരാശിയെ അതിന്റെ പൂർണമായ സാദ്ധ്യതകളിലെക്ക് നയിക്കുന്നു. സംസ്കാരവും സയൻസും ഊടും പാവും ആക്കി നെയ്ത് മനുഷ്യ രാശിയുടെ പുരോഗമന പാതകളിൽ അമ്മ പരവതാനികൾ വിരിക്കുന്നു. ഏതു പ്രശ്നം നേരിടുമ്പോഴും ഇന്ന് സമൂഹം ചിന്തിക്കുന്നത് മഠം ഇതിൽ എന്ത് ചെയ്യും എന്നാണ്. അമ്മയുടെ കരങ്ങൾ ഈ വിശ്വത്തോളം വലുതായിരിക്കുന്നു. ആയിരം തലകളും ബാഹുക്കളും ഉള്ള വിരാട് പുരുഷനെ പോലെ ലോകം എങ്ങും അമ്മ സേവാപ്രവർത്തനങ്ങളിൽ വ്യാപൃതയായിരിക്കുന്നു. "എല്ലാവരും സുഖമായിരിക്കട്ടെ, ആരും ദുഖിക്കാതിരിക്കട്ടെ, എല്ലാവർക്കും മംഗളം ഭവിക്കട്ടെ" എന്ന ആർഷ ദർശനത്തിലേക്ക്. അവിടുന്ന് മാനവരാശിയെ കൈപിടിച്ചു നടത്തുന്നു. 

     അമ്മയോടൊപ്പം ചിലവഴിക്കുന്ന ഏതൊരു ദിവസത്തെയും പോലെ അമൃതവർഷം 60ഉം ഭക്തർക്ക് നിസ്വാർത്ഥ സേവനത്തിന്റെയും, അനുപമമായ ആനന്ദത്തിന്റെയും, ആത്മീയ ഉത്കർഷത്തിൻറെയും ദിനങ്ങളായി രുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവർ, വിവിധ ഭാഷ സംസാരിക്കുന്നവർ, രൂപത്തിലും ഭാവത്തിലും വൈജാത്യമുള്ളവർ അങ്ങനെ ലോകം മുഴുവൻ അക്ഷരാർത്ഥത്തിൽ അമ്മയുടെ പരിരംഭണത്തിൽ അലിയുകയാ യിരുന്നു. അമ്മയ്ക്കും തൻറെ നിദാന്തമായ സേവനത്തിൽ കുറഞ്ഞ് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. തൻറെ അരികിലണഞ്ഞ ഓരോ ഭക്തനെയും ഹൃദയത്തോട് ചേർത്ത് കാതിൽ പ്രേമമന്ത്രം മൊഴിഞ്ഞ് അവൻറെ ദുഖങ്ങൾക്ക് സമാശ്വാസമേകി അമ്മ ഈ ദിവസങ്ങളിലൊക്കെയും മണിക്കൂറുകൾ നീണ്ടു നിന്ന ദർശനങ്ങൾ നല്കി. ദേവിയെ 'മീനാക്ഷി' എന്ന് വിളിക്കാറുണ്ട് പരൽ മീനുകളെ പോലെ മനോഹരമായ കണ്ണുകൾ ഉള്ളവൾ എന്നർത്ഥം. എന്നാൽ ഈ വാക്കിനു മറ്റൊരർത്ഥവും കൂടി പറയാറുണ്ട്. മീനുകളുടെ കണ്ണുകൾ പോലെയുള്ള കണ്ണുള്ളവൾ: മീനുകൾ കണ്ണടക്കാറി ല്ലത്രേ അതുപോലെ ദേവിയും തന്റെ ഭക്തരെ സദാ വീക്ഷിച്ചു കൊണ്ടി രിക്കുന്നു എന്ന് താത്പര്യം. അമ്മയുടെ കാര്യത്തിൽ ഇത് അക്ഷരാർത്ഥ ത്തിൽ ശരിയാണ്. രാവും പകലും അമ്മ തന്റെ മക്കൾക്ക്‌ വേണ്ടി ചിലവഴിക്കുന്നു. അവരുടെ സ്വപ്നങ്ങളും, ദുഖങ്ങളും കേൾക്കാൻ അമ്മ എപ്പോളും സന്നദ്ധയായിരിക്കുന്നു.27 ആം തീയതി രാവിലെ 9 മണിക്ക് വേദിയിലെത്തിയ അമ്മ, തന്നെ കാണാനെത്തിയ അവസാനത്തെ ഭക്തനും ദർശനം നല്കി എഴുന്നേൽക്കുമ്പോൾ 28ആം തീയതി രാവിലെ 11 മണി. എന്നിട്ടും അമ്മ പിന്നെയും ഭക്തരോട് മാതൃ സഹജമായ വാത്സല്യത്തോടെ സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ അമ്മ ദർശന വേദി വിട്ടു ഇറങ്ങുകയായി ചിലർ പോട്ടിക്കരയുന്നുണ്ടായിരുന്നു. മറ്റു ചിലർ അവിടുത്തെ കരവല്ലരിയുടെ ഒരു സ്പർശനത്തിനായ് തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.സുസ്മേര വദനയായ് അമ്മ തിരികെ പോകുന്നു.. സേവനത്തിനെ മധുരതരമാക്കി മാറ്റാൻ പഠിപ്പിച്ച മാതാവിനെ, പ്രതിസന്ധികളിൽ സന്തോഷം എന്ന തീരുമാനത്തെ കൈവിടരുതെന്നു പഠിപ്പിച്ച പ്രിയഗുരുവിനെ, ഒരിക്കൽ കൂടി പ്രണമിച്ച് പുരുഷാരം പലവഴിക്കായ് പിരിഞ്ഞുപോകാൻ ഒരുങ്ങുന്നു . ഇരവും പകലും മറന്നു സേവനം ചെയ്യുന്ന ഗുരുവിനെയും ശിഷ്യരെയും കരിമുകിൽ കണ്ണാൽ പ്രണമിച്ച് ആകാശവും മംഗളമോതി.. 

                                               

"ആരാണ് അമ്മ ? ഈശ്വരനോ, ഗുരുവോ, സാമൂഹ്യ പ്രവർത്തകയോ" ഈ ചോദ്യങ്ങളൊക്കെ നിരർത്ഥകമാകുന്നു. നാഴിപ്പാത്രം കൊണ്ട് കടലളക്കാൻ പോകുന്നതുപോലെ വങ്കത്തവും. അമ്മയുടെ അനന്തമായ വിഭൂതികളെ അളക്കാൻ ശ്രമിച്ചാൽ പരമാത്മാവിന്റെ തുടക്കവും ഒടുക്കവും തേടി പരാജയപ്പെട്ട വിഷ്ണു-വിരിജ്ഞൻമാരേ പോലെ. നാമും തളർന്നു പോകും. 'ഞാൻ അറിഞ്ഞെന്ന്' വിരിജ്ഞനെ പോലെ മേനി നടിക്കാം, അറിഞ്ഞതോന്നും അറിവല്ലായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴേക്കും നിയതിയുടെ കൈപ്പിടി യിൽ നാം ഒതുങ്ങി പോയിരിക്കും. അതിനാൽ വിഷ്ണുവേ പോലെ ശരണാ ഗതി ചെയ്യാം.
അമ്മയോടൊപ്പം നടക്കാൻ , അമ്മയുടെ ദിവ്യമായ സ്വപ്നം സാക്ഷാത്ക രിക്കാൻ , അമൃത വാണികൾ പകർത്താൻ നമുക്ക് ശ്രമിക്കാം. ഇനി അഥവാ അമ്മയെ മനസ്സിലാക്കിൽ തന്നെയും ഇതല്ലാതെ മറ്റെന്തു കരണീയം ?.
3 comments:

  1. This comment has been removed by the author.

    ReplyDelete
  2. നന്നായി എഴുതിയിരിക്കുന്നു ...

    ReplyDelete
  3. അമ്മ ഇതില്‍ ആരണന്ന് സമര്‍ത്തിക്കുന്നില്ല, ഓരോരുത്തരുടെയും മാനസിക സങ്കല്‍പം പോലെയാണ്‌ അമ്മ, ഈശ്വരന്‍, ഗുരു എന്നൊക്കെ ചിന്തിക്കുന്നത്,

    ReplyDelete