Friday, April 17, 2015

ക്ഷേത്രം ജനിക്കുന്നു

(2011 മെയ് 5, ബ്രഹ്മസ്ഥാന ക്ഷേത്രപ്രതിഷ്ഠ, കണ്ണൂർ)

 മനുഷ്യനെ ക്ഷയത്തില്‍ നിന്നും ഉദ്ധരിക്കുന്നതത്രേ ക്ഷേത്രങ്ങള്‍ അങ്ങിനെയുള്ള ക്ഷേത്രങ്ങള്‍ക്ക് ജീവന്‍ പകരലാണ് ക്ഷേത്രപ്രതിഷ്ഠ ഇന്നിതാ ഞാനും ഒരു പ്രതിഷ്ഠക്ക് സാക്ഷിയാകുന്നു . ഭാഗ്യവശാല്‍ മുന്‍പുംക്ഷേത്ര പ്രതിഷ്ഠകള്‍ കാണാന്‍ സാധിച്ചിട്ടുണ്ട് എന്നാല്‍ ഇത് അവയില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു .ഇവിടെ പ്രതിഷ്ഠ ഒരു മൂര്‍ത്തിക്കല്ല നാല് വ്യത്യസ്ത ദേവതകള്‍ക്ക് ഒരേ സമയം ഒരേ ശ്രീ കോവിലില്‍, ശിവനും ശക്തിയും ഗണേശനും മുരുകനും എല്ലാം ഒരു വിഗ്രഹത്തില്‍ (മുരുകരൂപം വിഗ്രഹത്തില്‍ കൊത്തിയിട്ടില്ല , പകരം നാഗ രൂപിയായ രാഹു വിന്റെ രൂപമാണ് ഉള്ളത് ഇത് സുബ്രഹ്മണ്യനെയും പ്രതിനിഥാനം ചെയ്യുന്നു  )ശിവ കുടുംബം !. നാല് എന്ന സംഖ്യ ഭാരതീയ സംസ്കാരത്തില്‍ വളരെ പ്രാധാന്യം ഉള്ളതാണ് നാന്മുഖനായ ബ്രമാവും ചതുര്‍വേദങ്ങളും,ചതുര്‍ ധാമങ്ങളും,ചാതുര്‍ വര്‍ണ്യവും, ചതുരാശ്രമങ്ങളും ഒക്കെ നാല് എന്ന സംഖ്യയുടെ മഹത്വംകാണിക്കുന്നു. ഇവിടെ ഉപാസകനായ തന്ത്രിയല്ല പ്രതിഷ്ടനിര്‍വഹിക്കുന്നത് ജനകോടികളുടെ ഉപാസനാ മൂര്‍ത്തിയായ ഒരു മഹാത്മാവാണ്. അദ്വൈതത്തിന്റെ അപാരതകള്‍ അനുഭവിച്ചറിഞ്ഞ, മഹാവാക്യങ്ങള്‍ അനുഭൂതിയായ ഒരു മഹാഗുരു: ശ്രീ മാതാ അമൃതാനന്ദമയി ദേവി . മറ്റേതു പ്രവര്‍ത്തികളും പോലെ സംസാരികളായ സാധാരണക്കാരെ ഈ ഭാവസാഗരം കടത്തുവാന്‍തന്നെയത്രേ  ജഗദ്ഗുരുവിന്റെ ഈ വരദാനവും.

             കോടിലിംഗപുരമെന്നു പുകള്‍പെറ്റ കൊടുങ്ങല്ലൂരിലാണ് അമ്മ ആദ്യമായി ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയത് . ഇന്നിതാ കണ്ണൻറെ ഊരായ കണ്ണൂരില്‍, കതിവന്നൂര്‍ വീരനും ,മാക്കപ്പോതിയും, ശ്രീമുത്തപ്പനും, മുച്ചിലോട്ടു ഭഗവതിയും ഉലഞ്ഞാടുന്ന ,തെയ്യത്തോറ്റങ്ങള്‍ ഉണര്‍ത്തു പാട്ട് പാടുന്ന, ദിവ്യഭൂവില്‍ അമ്മ പ്രതിഷ്ഠ നടത്താന്‍ പോകുന്നു .അതിനു സാക്ഷിയാകാന്‍ ഇവനും ഭാഗ്യമോ !

പ്രതിഷ്ഠാ മുഹൂര്‍ത്തത്തിനു വളരെ മുന്‍പുതന്നെ ഞങ്ങള്‍ ക്ഷേത്രത്തിൻറെ വടക്കേനടയിലായി നിലയുറപ്പിച്ചു.  ക്ഷേത്രപരിസ്സരം ഭക്തജനങ്ങളാല്‍ നിറഞ്ഞു, വിദേശികളും സ്വദേശികളും എല്ലാമുണ്ട് ആ കൂട്ടത്തില്‍. ഞെങ്ങി ഞെരുങ്ങി നില്‍ക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ പ്രഭാഷണം കേള്‍ക്കാമായിരുന്നു കുഷ്ഠരോഗിയെ മാറോടണച്ചു പുല്‍കിയ അമ്മയുടെ സ്നേഹ വാത്സല്യത്തെക്കുറിച്ചും,അവിടുത്തെ സന്ദേശങ്ങളെക്കുറിച്ചും  വളരെ ഹൃദയസ്പര്‍ശിയായി പ്രഭാഷകന്‍ പരാമര്‍ശ്ശിക്കുന്നുണ്ടായിരുന്നു .പ്രഭാഷണ ശേഷം പ്രതിഷ്ടക്ക് പ്രാരംഭമെന്നോണം പഞ്ചവാദ്യം മുഴങ്ങി .അമ്മയുടെ വരവിനെ പ്രതീക്ഷിച്ചു കൊണ്ട് ക്ഷേത്ര പരിസ്സരം മുഴുവന്‍ നിശബ്ദമായി മന്ദ്രജപങ്ങളില്‍ മുഴുകി, ഹൃദയ നിവാസ്സിനിയായ അമ്മയെ നേത്രങ്ങള്‍ തേടികൊണ്ടിരുന്നു , മേളം ഉച്ചസ്ഥായിയിലെത്തി അതാ അമ്മ വരികയായി .
'പൂര്‍ണബ്രഹ്മസ്വരൂപിണി' എന്നു ഓട്ടൂര്‍ പാടിപ്പുകള്‍ത്തിയ സമസ്ത ദേവതകളെയും തന്നില്‍ താനറിഞ്ഞ അമ്മ .ഇന്നിതാ ലോകകല്യാണാര്‍ത്ഥം ആഗതയായിരിക്കുന്നു തെൻറെ കേശഭാരം മുകളില്‍ കെട്ടിവച്ച് മഞ്ഞച്ചേലകൊണ്ട് മേല്‍വസ്ത്രം ധരിച്ചു കഴുത്തില്‍ സമൃദ്ധമായ പുഷപ്പഹാരമണിഞ്ഞു പ്രതിഷ്ടക്ക് തയാറായി അമ്മ എത്തിയപ്പോള്‍ മനസ്സില്‍ ഭക്തിയുടേയും ഭയത്തിൻറെയും ആനന്ദത്തിൻറെയുമൊക്കെ സമ്മിശ്ര വികാരങ്ങള്‍ ഒളിമിന്നി , "ശിവം ഭൂത്വാ ശിവം യജേത്" (ശിവനായ് തീര്‍ന്നു ശിവനെ പൂജിക്കുക ) എന്നുള്ളത് അന്വര്‍ത്ഥമാകുകയായിരുന്നു .അമ്മയുടെ മുഖം പ്രസന്ന ഗംഭീരമായിരുന്നു ശ്യാമ വര്‍ണമാര്‍ന്ന അവിടുത്തെ തിരു:മുഖം ഇപ്പോള്‍ കൂടുതല്‍ കമനീയമായ് തോന്നുന്നു .സന്യാസി ശ്രേഷ്ഠരാല്‍ ഭിരാവൃതയായി ഗംഭീര ഭാവത്തില്‍ നില്‍ക്കുന്ന അമ്മയെ കാണുമ്പോള്‍
ഉമാനാഥനായ പശുപതിയെ തന്നെയാണ് ഓര്‍മവരിക.
സൂര്യന്‍ തൻറെ തീവ്രതാപത്തെ തെല്ലോന്നോതുക്കി അമ്മക്ക് മംഗളമോതി, പതിവുപോലെ ശുഭ സൂചകമായി കൃഷ്ണപ്പരുന്തുകള്‍ നീലാകാശത്ത്‌ വട്ടമിട്ടു പറന്നു ,അമ്മ പ്രത്യേകമായി തയ്യാറാക്കിയ പടികള്‍ കയറി ക്ഷേത്രത്തിനു  മുകളില്‍ സജ്ജമാക്കിയ തട്ടിനു മുകളിലെത്തി. എല്ലാ ദിക്കുകളിലേക്കും പൂക്കള്‍ വര്‍ഷിച്ചു അനന്തരം അവിടുന്ന് അര്‍ത്ഥപത്മാസനത്തില്‍ ഉപവിഷ്ടയായി പൂജതുടങ്ങി. ധ്യാന നിമാഗ്നയായ അമ്മ ഓരോ കുംഭങ്ങളായി എടുത്തു പ്രതിഷ്ടിച്ചു അവയില്‍ ധാന്യങ്ങളും മറ്റും നിറച്ചു അതിനുശേഷം ഓരോ കലശങ്ങളായി അഭിഷേകം ചെയ്തു. താഴികക്കുടത്തിനു പൂജയും കര്‍പ്പൂര ആരതിയും ചെയ്തതിനു ശേഷം ശ്രീകോവിലില്‍ പ്രവേശിച്ച  അമ്മ നാല് വശവുമുള്ള വാതിലുകളിലൂടെ ഭക്തര്‍ക്ക്‌ നേരെ പുഷ്പവര്‍ഷം ചൊരിഞ്ഞു. പീഠപൂജക്ക്‌ ശേഷം നാല് നടകളും അടച്ചു ഭക്തര്‍ 'ഓം ശിവശക്ത്യൈക്യരൂപിണ്യ  നമ:'  എന്ന മന്ത്രം ജപിച്ചു കൊണ്ടേയിരുന്നു . സമയം ഏറെ നീങ്ങി "സമാനോ മന്ത്ര: സമിതി സമാനോ" എന്ന സുക്ത ഋക്കുകള്‍ പോലെ എല്ലാ ചുണ്ടുകളിലും ഒരേ മന്ത്രം എല്ലാ കണ്ണുകളും ഒരേ ലക്ഷ്യത്തില്‍ എന്തിന്, എല്ലാ ഹൃദയവും സ്പന്ദിക്കുന്നത് പോലും ഒരേ താളത്തില്‍ എന്നു തോന്നി പോകുന്നു 

മാതൃ ഗര്‍ഭത്തില്‍ ഉരുവം കൊള്ളുന്ന  കുട്ടിയെ പോലെ ഇവിടെ ഒരു ക്ഷേത്രം പിറന്നു വീഴുകയാണ്. ആത്മാംശം പകര്‍ന്നു നല്‍കുന്ന പിതാവും,ഉദരത്തില്‍ പേറുന്ന മാതാവും,ബ്രഹ്മത്വത്തിലെക്കുയർത്തുന്ന ഗുരുവും  ഇവിടെ ഒരാള്‍ തന്നെ. അതെ ശിലയെ പോലും ശിവനാക്കി മാറ്റുന്നവള്‍. മാനവനില്‍ മാധവത്വത്തെ ദര്‍ശിക്കുന്നവള്‍. മണി നാദവും മന്ത്രധ്വനികളും പഞ്ചവാദ്യവും ചേര്‍ന്ന് ഗംഭീരമായ പ്രണവ ശബ്ദമായി മാറി.  പ്രതിഷ്ഠ കഴിഞ്ഞു നാല് നടകളും ഒരുമിച്ചു തുറന്നു വിഗ്രഹത്തിൽ നീരാജ്ഞനം ഉഴിഞ്ഞ, അമ്മ കലശാഭിഷേകം നടത്തി.കര്‍പ്പൂരാരതി ചെയ്ത ശേഷം എല്ലാ നടയുടെയും മുന്‍പിലെത്തി തീര്‍ത്ഥം തളിച്ചു .
Amma doing abhisheka to the dietyAmma doing the Abhisheka to the Kalasha
ഇവിടെ ഒരു പ്രതിഷ്ടാ കര്‍മം പൂര്‍ത്തിയായിരിക്കുന്നു മാനവ രാശിക്ക് വേണ്ടി നിലനില്‍ക്കുന്ന ഒരു പുണ്യ സങ്കേതം. ജനങ്ങളെ ഭൗതികമായും,സാംസ്കാരികമായും, ആത്മീയമായും ഉയര്‍ത്താന്‍ സര്‍വ ഭേദബുദ്ധിയും വെടിഞ്ഞൊത്തു കൂടാനൊരു സങ്കേതം. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മത്തെ അറിയാന്‍ സാധിക്കാത്ത നമുക്ക് അതിനെ അറിയാന്‍ ഒരു സ്ഥാനം,  അതെ ഇതൊരു ക്ഷേത്രത്തിന്റെ പിറവി.. വിദഗ്ധനായ ഒരു ശില്പ്പിയെ പോലെ അമ്മ നാം ഓരോരുത്തരിലും ബ്രഹ്മസ്ഥാന  ക്ഷേത്രങ്ങള്‍ നിര്‍മിച്ചു  കൊണ്ടിരിക്കുന്നു,  ക്ഷയത്തില്‍ നിന്നും ക്ഷതത്തില്‍ നിന്നും പരനെ  കരകയറ്റുന്ന ബ്രഹ്മതത്വത്തിൻറെ വാസസ്ഥാനമായ ബ്രഹ്മസ്ഥാന ക്ഷേത്രങ്ങള്‍.

1 comment:

  1. Can you make money with money gambling? - Work Paper
    Many gambling methods have different benefits. In fact, the gambling method allows หาเงินออนไลน์ you to bet on other people's bets on an exchange.

    ReplyDelete