Friday, March 11, 2016

ഭാരതം: മാനവകുലതതിന്റെ അഭയഭൂമി


യുദ്ധങ്ങളും, ആഭ്യന്തര കലഹങ്ങളും ബാക്കിവയ്ക്കുന്ന അനേകം ദുരന്തങ്ങളില്‍ ഒന്ന് മാത്രമാണ് കണ്ണീരിലും, രക്തത്തിലും കുതിർന്ന സ്വപ്നങ്ങളുമായി സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യർ. അതിജീവനത്തിനുതകുന്ന സാഹചര്യം തേടിയുള്ള ആ യാത്ര മനുഷ്യനെ കടലുകളും വന്മലകളും, താഴ്വരകളും താണ്ടാൻ പ്രേരിപ്പിക്കുന്നു. ഇത്തരം പലായനങ്ങൾക്കു ചിലപ്പോൾ മാസങ്ങളുടെയോ, വർഷങ്ങളുടെയോ ആയുഷ്‌ക്കാലത്തിൻറെ തന്നെയോ ദൈർഘ്യമുണ്ടാകാം. എന്നിരുന്നാലും ഈ പലായനങ്ങൾ എപ്പോഴും ശുഭപര്യവസാനിയായിരിക്കണമെന്നില്ല. പലപ്പോഴും വറചട്ടിയിൽ നിന്നും എരിതീയിലെയ്ക്ക് എന്നതുപോലെ മുൻപ് അനുഭവിച്ചതിലും വലിയ ദുരന്തങ്ങളിലെക്കായിരിക്കും അവർ നടന്നു നീങ്ങുന്നത്. .

സി.ഇ. 70കളിൽ ഇസ്രായേലിൽ  നടന്ന വിധ്വംസനങ്ങളിൽ യഹൂദരുടെ വിശുദ്ധക്ഷേത്രം തകർക്കപ്പെടുകയും യഹൂദജനതയുടെ ജീവിതം ദുസ്സഹമാകുകയും ചെയ്തു. അവിടെ നിന്നും പലായനം ചെയ്യുകയല്ലാതെ അവർക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. നിഷ്‌കരുണമായ തിരസ്‌കരണമോ, ക്രൂരമായ പീഡനങ്ങളോ ആണ് അഭയം തേടിയെത്തിയ പലരാജ്യങ്ങളിലും അവരെ കാത്തിരുന്നത്. എന്നാൽ  അവരെ ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുവാന്‍ ഇവിടെ ഒരു രാഷ്ട്രമുണ്ടായിരുന്നു. മലബാറിൻറെ തീരത്തെത്തിയ യഹൂദരെ ഭാരതം ഇരുകൈകളും ചേർത്ത് സ്വീകരിച്ചു. അവർക്ക് താമസിക്കുവാനും, ഉപജീവനം നടത്തുവാനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തു. വീടുകളും, ആരാധനാലയങ്ങളും പണിയുവാനായി കൊച്ചിയിൽ തൻറെ  കൊട്ടാരത്തോട് ചേർന്ന സ്ഥലം തന്നെ മഹാരാജാവ് യഹൂദജനതയ്ക്ക് നൽകി.

മതപീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്‌നാനായി തോമായുടെ(Thomas of Cana) നേതൃത്വത്തില്‍ സിറിയയിൽ നിന്നും പലായനം ചെയ്തത് നാലാം നൂറ്റാണ്ടിലാണ്. കപ്പൽ കയറി കൊടുങ്ങലൂർ തുറമുഖത്ത് വന്നിറങ്ങിയ ക്രൈസ്തവർക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. സൗജന്യമായി ഭൂമിനൽകി കൊടുങ്ങല്ലൂര്‍ പട്ടണത്തിൽ തന്നെ താമസിപ്പിച്ച ചേരമാൻ പെരുമാൾ അവർക്ക് വാണിജ്യത്തിനും, ആരാധനയ്ക്കുമോക്കെയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഈ ക്രൈസ്തവർ പിന്നീട് കൊടുങ്ങല്ലൂരിൽ നിന്നും കേരളത്തിൻറെ മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയും, വാണിജ്യവും കൃഷിയുമൊക്കെ ഉപജീവനമാക്കി ഈ നാടിൻറെ ഭാഗമായിത്തീരുകയും ചെയ്തു.

ഏഴാം നൂറ്റാണ്ടില്‍, ഇറാനിലെ അധിനിവേശങ്ങളെത്തുടർന്ന് തദ്ദേശീയരായ ജരദുഷ്ട്ര ജനത (Zoroastrians) അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. ജന്മനാട്ടിൽ നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ട അവർ അഭയാർത്ഥികളായി മാറി. ഭാരതത്തിലെത്തിയ പാർസികളെ നാം സ്വീകരിച്ചു. ഇതേ പറ്റി മനോഹരമായ ഒരു ചരിത്രകഥയുണ്ട്. ജരതുഷ്ട്രർ ഭാരതത്തിൻറെ അതിർത്തിയിൽ എത്തി,  അഭയം നൽകണം എന്ന് ആ പ്രവശ്യയുടെ മഹാരാജാവായ ജയ്ദി റാണ(Jadi Rana) മഹാരാജാവിന് സന്ദേശം അയച്ചു. എന്നാൽ കൃത്യമായ ഉത്തരത്തിന് പകരം ഒരുതളിക നിറയെ പാല്‍ ആണ് മഹാരാജാവ് ദൂദൻറെ കൈവശം തിരിച്ചു കൊടുത്തു വിട്ടത്. അതിലെ സന്ദേശം മനസ്സിലാക്കിയ ജരദുഷ്ട്രത്തലവൻ ആ പാലിൽ കുറച്ച് പഞ്ചസാര ചേർത്ത് തിരിച്ചു കൊടുത്തുവത്രേ. പഞ്ചസാര പാലിൽ അലിഞ്ഞു ചേരുകയും കൂടുതൽ മധുരം നൽകുകയും ചെയ്യുന്നത് പോലെ ഈ നാടിൻറെ സാംസ്‌കാരത്തിൽ അലിഞ്ഞു ചേരുമെന്നും അതിനെ കൂടുതൽ മഹത്വപൂർണമാക്കുമെന്നുമുള്ള വാഗ്ദാനമായിരുന്നു അത്. അങ്ങനെ ജരതുഷ്ട്രജനത ഭാരതത്തില്‍ സ്വീകരിക്കപ്പെട്ടു. ചൈനയടക്കമുള്ള പലരാജ്യങ്ങളിലും ജരതുഷ്ട്രർ കൂട്ടക്കൊലചെയ്യപ്പെട്ടപ്പോഴും, ഭാരതത്തില്‍ അവർക്ക് സംരക്ഷണയും സുരക്ഷിതത്വവും ലഭിച്ചു. അക്ഷരാർത്ഥത്തിൽ പാലിനെ മധുരതരമാക്കുന്ന പഞ്ചസാരപോലെ ഈ നാടിൻറെ സാംസ്‌കാരിക, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ട് ജരതുഷ്ട്രർ -പാർസികൾ ഇവിടെ ജീവിച്ചു. 

ഇതുപോലെ അഭയം തേടിയെത്തിയ ജനവിഭാഗങ്ങളെയൊക്കെ സ്വീകരിക്കുവാനും തദ്ദേശീയ ജനവിഭാഗങ്ങളോടൊപ്പം തന്നെ അവരെ പരിഗണിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനും ഭാരതത്തിനു സാധിച്ചത്, സർവലോകത്തിനും ശുഭമാശംസിച്ച മഹത്തായ ഒരു സംസ്‌കൃതിയിൽ ഈ രാഷ്ട്രത്തിന്റെ സ്വത്വം ഉറച്ചു നിന്നതുകൊണ്ട് മാത്രമാണ്. ബ്രഹ്മാവ് മുതൽ പുൽക്കൊടി വരെ സർവതിനെയും ഒരമ്മയുടെ മക്കളായി കാണാൻ പഠിപ്പിച്ച സംസ്‌കൃതി സജീവമായിരിക്കുന്ന ഒരു രാഷ്ട്രം സർവർക്കും അഭയഭൂമിയായി തീർന്നുവെന്നതിൽ എന്തത്ഭുതം ?

വന്ദേ മാതരം

2016 മാർച്ചിലെ മാതൃവാണിയിൽ പ്രസിദ്ധീകരിച്ചത്

1 comment: