Tuesday, May 10, 2016

സാംസ്കാരിക പുനരുദ്ധാനത്തിലെ  ശാങ്കരപഥങ്ങൾ

വൈശാഖ ശുക്ലപക്ഷ പഞ്ചമി-ശ്രീ ശങ്കരാചാര്യ ജയന്തി 

സദാശിവ സമാരംഭാം 
ശങ്കരാചാര്യ മധ്യമാം 
അസ്മതാചാര്യ പര്യന്താം 
വന്ദേ ഗുരു പരമ്പരാം

സദാശിവനിൽ ആരംഭിച്ച് ശങ്കരാചാര്യനിലൂടെ കടന്നു വന്നു ഇന്നിതാ എൻറെ ഗുരുവിൽ എത്തി നിൽക്കുന്ന ഗുരുപരമ്പരയെ വന്ദിയ്ക്കുന്നു എന്നാണ് ഈ വന്ദന ശ്ലോകത്തിൻറെ താത്പര്യം. ശൈവ-വൈഷ്ണവാദി ഭേദം അനുസരിച്ച് ആദിഗുരുവിനു ദക്ഷിണാമൂർത്തിയുടെയോ, നാരായണൻറെയോ ഒക്കെ ഭാവം കൽപ്പിയ്ക്കപ്പെടുന്നു. പരമാത്മാവിനെ തന്നെയാണ് ദക്ഷിണാമൂർത്തിയായും, നാരായണനായുമൊക്കെ സങ്കൽപ്പിയ്ക്കപ്പിക്കുന്നത്. അങ്ങനെ പരമാത്മാവിൽ ആരംഭിച്ച് ശങ്കരാചാര്യരാദിയായ മഹാഗുരുക്കന്മാരിലൂടെ തുടർന്ന് തൻറെ സദ്ഗുരുവിലൂടെ പ്രവഹിക്കുന്ന ആർഷജ്ഞാനത്തിൻറെ അനുപമായ ചിത്രീകരണമാണ് ഈ വന്ദനശ്ലോകത്തിലൂടെ പ്രകടീകരിയ്ക്കപ്പെടുന്നത്. സദാശിവൻ പരമാത്മാവും സകല ശാസ്ത്രങ്ങളുടെയും ആദി കാരണവുമാണ്, സ്വഗുരുവാകട്ടെ ആ ആർഷജ്ഞാനത്തിൻറെ പ്രത്യക്ഷസ്വരൂപവുമാണ് അവർക്കൊപ്പം പരമ്പരയുടെ മധ്യമസ്ഥാനം നൽകി  ശ്രീ  ശങ്കരാചാര്യ സ്വാമികളെയും നാം ഭക്തിപൂർവ്വം സ്മരിയ്ക്കുന്നു. ഭാരതത്തിൻറെ ദാർശനികവും സാംസ്കാരികവുമായ  മേഖലകളിൽ ശ്രീ ശങ്കരനോളം വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വം വേറെയുണ്ടോ എന്ന് സംശയമാണ്.  ആചാര്യ സ്വാമികളും അവിടുത്തെ അനുപമമായ ജീവിത സപര്യയുയും ഓരോ ഭാരതീയൻറെയും നിത്യജീവിതത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്നും സ്വാധീനം ചെലുത്തുന്നു. 

കേരളത്തിലെ കാലടി എന്ന ഗ്രാമത്തിൽ ആര്യാംബാ-ശിവഗുരു ദമ്പതിമാരുടെ പുത്രനായ്‌ ശ്രീ ശങ്കരൻ പിറവിയെടുക്കുമ്പോൾ, ആഭ്യന്തരങ്ങളായ അനേക പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും കൊണ്ട് സംഘർഷഭരിതമായിരുന്നു ഭാരതത്തിൻറെ സംസ്കൃതി. 
ദാർശനികവും സാംസ്കാരികപരവുമായ ആർഷ സംസ്കൃതിയുടെ ഔന്നിത്യത്തെ മറന്നു ജന്തുബലിചെയ്യുന്നവരും, സ്വയം പീഡനാത്മകമായ തീവ്ര അഹിംസയുടെ വക്താക്കളും , ശൂന്യ വാദികളും , നിരീശ്വരവാദികളും, വേദനിന്ദകരുമൊക്കെയായി  കുതർക്കം ചെയ്തും പരസ്പരം മത്സരിച്ചും ഭാരതീയർ വലിയ അന്ധകാരത്തിൽ ആണ്ടു കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീ ശങ്കരൻറെ ആവിർഭാവം.

ശങ്കരാചാര്യ സ്വാമികളുടെ പ്രഥമ ഗണനീയമായ സംഭാവന പ്രസ്ഥാന ത്രയങ്ങളുടെ1 ഭാഷ്യരചനയാണെന്നത് അവിതർക്കമായ വസ്തുതയാണ്. ദാശോപനിഷത്തുകളുടെയും, ബ്രഹ്മസൂത്രത്തിൻറെയും, ശ്രീമദ്‌ ഭഗവദ് ഗീതയുടെയും ഭാഷ്യ രചന നിർവഹിക്കുക വഴി അദ്വൈത ദർശനത്തിൻറെ ആധികാരികത വർത്തമാന കാല ലോകത്തിനു മുന്നിൽ വെളിവാക്കുവാൻ സ്വാമികൾക്ക് സാധിച്ചു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇതര ദർശനങ്ങളെ  ഭാഷ്യരചനയിലൂടെ  തന്നെ ഖണ്ഡ്ി ച്ച ആചാര്യ സ്വാമികൾ പ്രമുഖ പണ്ഡിതരുമായി പ്രസ്തുതവിഷയത്തിൽ വാദപ്രതിവാദങ്ങൾ നടത്തി ദിഗ്വിജയം ചെയ്തു. കാൽനടയായി ഭാരതം മുഴുവൻ സഞ്ചരിച്ചു കൊണ്ട് അദ്വൈത ചിന്താ പദ്ധതിയുടെ വിജയ വൈജയന്തിയെ ശ്രീ ശങ്കരാചാര്യർ വീണ്ടുമുയർത്തി. 

എന്നാൽ അത്യധികം സൂക്ഷ്മ ബുദ്ധികൾക്ക് മാത്രം ഗ്രാഹ്യമായ ദാർശനിക ചർച്ചകൾ സാമാന്യജനത്തിൻറെ വികാസത്തിന് ഉപയുക്തമാകില്ല എന്ന ബോധ്യമുള്ളതിനാൽ അദ്വൈത ദർശനത്തെ തന്നെ ഭക്തിരസത്തിൽ പൊതിഞ്ഞ് ദക്ഷിണാമൂർത്തി സ്തോത്രം മുതലായ നിരവധി സ്തോത്രകൃതികൾ ആചാര്യൻ രചിച്ചു. വിവിധ ജനവിഭാഗങ്ങളെ കണക്കിലെടുത്ത്  സൗരം, ഗാണപത്യം, വൈഷ്ണവം, ശൈവം, ശാക്തേയം, സ്കാന്ദം എന്നിങ്ങനെ യഥാക്രമം സൂര്യൻ, ഗണപതി , വിഷ്ണു, ശിവൻ, സ്കന്ദൻ എന്നിങ്ങനെ ഇഷ്ടദേവതാരാധനയിൽ അധിഷ്ടിതമായി വിഭിന്ന ഭാവങ്ങളിൽ ഈശ്വരാരാധന ചെയ്യുന്നതിനായി ഷണ്‍മതസമ്പ്രദായം ആചാര്യൻ സ്ഥാപിച്ചു.

ഭാരതവർഷത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ സ്വാമികൾ കൃത്യമായ ആചാര പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഉത്തര ഭാരതത്തിലെ ബദരീനാഥ ക്ഷേത്രത്തിൽ മലയാളിപുരോഹിതരെയും   ദക്ഷിണഭാരതത്തിലെ രാമേശ്വരം ക്ഷേത്രത്തിൽ മഹാരാഷ്ട്രത്തിലെ ബ്രാഹ്മണരേയും ചുമതലപ്പെടുത്തിയതും മറ്റും രാഷ്ട്രത്തിൻറെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിക്കുകയായിരുന്നു ചെയ്തത്. ഭാരതത്തിൻറെ നാലു ദിക്കുകളിലുമായി; വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥത്തിൽ ജ്യോതിർമഠവും, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ ദ്വാരകാപീഠവും, കിഴക്ക് ഒറീസ്സയിലെ പുരിയിൽ ഗോവർദ്ധനമഠവും, തെക്ക്കർണാടകത്തിലെ ശൃംഗേരിയിൽ ശാരദാപീഠവും സ്ഥാപിച്ചു. ഈ നാല് മഠങ്ങളും ഭാരതത്തിൻറെ ആദ്ധ്യാത്മിക-സാംസ്കാരിക പാരമ്പര്യത്തെ കാത്തു സൂക്ഷിക്കണമെന്നും, അതിനായി ആചാര്യന്മാർ ജനങ്ങൾക്കിടയിൽ ധർമ്മപ്രചരണം ചെയ്യണമെന്നും സ്വാമികൾ വിഭാവനം ചെയ്തു. ആരണ്യ, പുരി, ഗിരി മുതലായ ദശനാമി സമ്പ്രദായം സംന്യാസികൾക്കിടയിൽ നടപ്പിലാക്കിയ ആചാര്യ സ്വാമികൾ മഠങ്ങളുടെയും സംന്യാസിസമൂഹങ്ങങ്ങളുടെയും പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുവാനായി  മഠാമ്നായം മുതലായവ രചിക്കുകയും ചെയ്തു.2 

 ഭാരതസംസ്കൃതിയുടെ സമൂലമായ പുനരുദ്ധാരണമാന് ശങ്കരാചാര്യ സ്വാമികൾ നടത്തിയത്. പുരാതന സംസ്കൃതിയെ പുനരുദ്ധരിച്ചു എന്നതിലുപരി ഭാവിയിൽ അത് അപ്രകാരം തുടരുവാൻ ഉതകുന്ന രീതിയിൽ അതിനെ ശക്തിപ്പെടുത്തുകയും ചെയ്തു എന്നത് ശ്രീ ശങ്കരാചാര്യ സ്വാമികളുടെ മഹത്വത്തെ വെളിവാക്കുന്നു.  ആദിഗുരുവായ സദാശിവനും, സ്വഗുരുവിനും ഒപ്പം മധ്യമ സ്ഥാനം കൽപ്പിച്ചു നൽകി ശ്രീ ശങ്കരാചാര്യ സ്വാമികളെ പ്രാതസ്മരണീയനാക്കിത്തീർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ആചാര്യ സ്വാമികളുടെ മഹത്വ പൂര്ണമായ ഈ ജീവിത സപര്യതന്നെയാണ്.

തൻറെ ജീവിതകാലഘട്ടത്തിൽ ഭാരതത്തിൻറെ സാംസ്കാരികവും, ദാർശനികവുമായ സത്തയെ വീണ്ടെടുത്ത ശ്രീ ശങ്കരാചാര്യ സ്വാമികളുടെ കൃതികളും, ശിഷ്യ പരമ്പരകളും, സമ്പ്രദായങ്ങളും ഈ വർത്തമാന കാലത്തും  ഭാരത സംസ്കൃതിയെ  ബാഹ്യവും ആന്തരികവുമായ വെല്ലുവിളികൾ നേരിടുവാൻ കരുത്തുറ്റതാക്കി തീർക്കുന്നു.

3 comments:

  1. Namami Bhagad Paada Sankaram Loka Sham Karam

    ReplyDelete
  2. ശങ്കര ചരിത്രത്തിന്റെ വാതിൽ തുറന്നു തന്നതിന് നന്ദി

    ReplyDelete
  3. This comment has been removed by the author.

    ReplyDelete